Image

കാത്തിരിപ്പ് (കവിത: സദന്‍ തോപ്പില്‍)

Published on 24 June, 2018
കാത്തിരിപ്പ് (കവിത: സദന്‍ തോപ്പില്‍)
നടുമുറ്റത്തു നിന്നും,
മച്ചകത്തേയ്‌ക്കെന്ന പോലെ
സ്മരണകളില്‍ നിന്ന്,
ഇടനെഞ്ചിലേയ്ക്ക്
കാറ്റു വാരിയെടുത്ത്...
ചാറ്റിത്തെളിച്ച
മഴത്തുള്ളിക്കനം!
പനിച്ചൂടിലേക്ക്
മൊരിഞ്ഞലിയുന്ന
മൊഴിക്കിലുക്കങ്ങള്‍!
തലോടിയകലുന്ന
കരസ്പര്‍ശങ്ങളില്‍
മുടിയുടക്കി വലിക്കുന്ന
കുളിരിണക്കങ്ങള്‍!
സ്‌നേഹം മൂടിപ്പുതച്ച
നമ്മുടെ കൊച്ചുലോകം!
മനസ്സകങ്ങളില്‍...
കൈക്കുടന്നയില്‍
കോരിയെടുക്കാന്‍
കൊതിച്ചു വെച്ച ആശകള്‍!
ഒടുവിലായൊരു പുഴ പോലെ
കരകവിഞ്ഞ രോദനങ്ങള്‍!

തികട്ടിവരുന്നുണ്ട് വീണ്ടും...
ചുട്ടുപൊള്ളുന്ന
ചുണ്ടുകളാല്‍
മൊത്തിയടുപ്പിച്ച
ചുക്കുകാപ്പിയുടെ ഗന്ധം!

കാത്തിരിക്കുന്നുണ്ട്...
കയറഴിച്ചിട്ട തുടിയിലെ
ഒരു കാക്കയുടെ
കാല്‍ പെരുമാറ്റം !

വെറുതെ...
ഒന്നു പനിച്ചിരുന്നെങ്കില്‍ !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക