Image

ആണവായുധമുക്ത ലോകം എന്ന സ്വപ്നം !!(പകല്‍ക്കിനാവ്- 106-ജോര്‍ജ് തുമ്പയില്‍ )

ജോര്‍ജ് തുമ്പയില്‍ Published on 25 June, 2018
ആണവായുധമുക്ത ലോകം എന്ന സ്വപ്നം !!(പകല്‍ക്കിനാവ്- 106-ജോര്‍ജ് തുമ്പയില്‍ )
കഴിഞ്ഞയാഴ്ചയത്രയും കേരളത്തിലായിരുന്നു. കേരളത്തില്‍ വച്ചാണ് ട്രംപിന്റെ സമാധാന ഉടമ്പടിയെക്കുറിച്ച് ഞാന്‍ കേട്ടത്. വിശദമായി തന്നെ അതു വായിക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്തു തുടങ്ങാന്‍ ട്രംപ് ശീലിച്ചിരിക്കുന്നു. ഇതിനെ നിറഞ്ഞ കൈയടിയോടെ തന്നെ ആദരിക്കുന്നു. മുന്‍പ് പല തവണ ഈ കോളത്തിലൂടെയും അല്ലാതെയും സമാധാനം ആഗ്രഹിക്കുന്നവരാണ് ഞങ്ങളെന്ന് പലവട്ടം ആവര്‍ത്തിച്ചിരുന്നു. അതു സാധ്യമായതില്‍ വലിയ ചാരിതാര്‍ത്ഥ്യം ഉണ്ട്. ഇനിയൊരു യുദ്ധം ലോകത്തെവിടെയും ഉണ്ടാകരുതെന്നും അറിയാതെ പ്രാര്‍ത്ഥിച്ചു പോകുന്നു. ഇത് സിറിയയിലായാലും ഇറാനിലായാലും പലസ്തീനിലായാലും എന്തിന് ടര്‍ക്കിയില്‍ പോലും ഒരു യുദ്ധവും ഉണ്ടാകരുതെന്നും തീവ്രവാദികളോടുള്ള നിലപാടില്‍ മാറ്റം വരണമെന്നുമാണ് ഒരു മനഷ്യസ്‌നേഹി എന്ന നിലയില്‍ എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ചര്‍ച്ചകളിലൂടെ വിട്ടുവീഴ്ചകളിലൂടെ പരിഹാരം കാണാവുന്ന പ്രശ്‌നമേ ലോകത്തില്‍ എന്നുമുള്ളു. അല്ലാതെ, എലിയെ പേടിച്ച് ഇല്ലം ചുടുന്ന രീതി ഒട്ടും ശരിയല്ല.

എന്റെ അഭിപ്രായത്തില്‍, ലോകം ഇത്രമേല്‍ കണ്ണുനട്ടിരുന്നൊരു കൂടിക്കാഴ്ച സമീപകാല ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സിംഗപ്പുരിലെ സെന്റോസ ദ്വീപില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെയും ഉത്തരകൊറിയന്‍ ഭരണാധികാരിയുടെയും കൂടിക്കാഴ്ച ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു. കരാറിലെ ഉടമ്പടികള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇരുരാജ്യങ്ങളും പുലര്‍ത്തുന്ന ജാഗ്രതയും പ്രതിബദ്ധതയുമാകും ഇനി സമാധാനപ്രക്രിയയുടെ ഭാവി നിര്‍ണയിക്കുക. ഉച്ചകോടിയില്‍ ഒപ്പുവച്ച രേഖകളുടെ വിശദാംശങ്ങള്‍ പൂര്‍ണമായും പുറത്തുവന്നിട്ടില്ല. കണക്കെടുപ്പ് രാഷ്ട്രീയനിരീക്ഷകര്‍ വിശകലനം തുടങ്ങുന്നതേയുള്ളൂ. അത് ആ വഴിക്ക് നടക്കട്ടെ. ആണവായുധമുക്തം ലോകം എന്ന സ്വപ്നത്തിലേക്ക് നമുക്ക് കടന്നിരിക്കാന്‍ കഴിഞ്ഞല്ലോ, അതാണ് വലിയ കാര്യം !

ഉത്തര കൊറിയ ഇനിയൊരു ആണവ ഭീഷണിയല്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുമ്പോള്‍ ഇത്രയും നാള്‍ നാം ചങ്കിടിപ്പോടെ നോക്കിക്കണ്ടത് എന്തിനെയായിരുന്നുവെന്ന സംശയം ബാക്കി. നാലു കോടി പേരുടെ ജീവനിട്ട് അമ്മാനമാടിയതിനു ശേഷം ഒരു സുപ്രഭാതത്തില്‍ എല്ലാം ശരിയായി ഞങ്ങള്‍ ഇനി ഒന്ന് എന്ന സാംഗത്യമില്ലായ്മക്കാണ് ഇപ്പോള്‍ എന്തായാലും സിംഗപ്പൂര്‍ ഉച്ചകോടി സാക്ഷ്യം വഹിച്ചതെന്നു പറയാതെ വയ്യ. എങ്കിലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്, ആശങ്ക ഒഴിഞ്ഞല്ലോ. അതു വലിയൊരു കാര്യം തന്നെ. ലോകം ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായ ഇടമായിരിക്കുന്നുവെന്നും കൊറിയയില്‍നിന്ന് ഇനി ആണവ ഭീഷണിയില്ലെന്നും കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നുമൊക്കെയാണ് ട്രംപ് പറയുന്നത്. എന്നാല്‍ ഒഴിഞ്ഞു മാറയത് ഒരു കൊറിയ മാത്രമാണ്. മുഖത്തിനു നേരെ ചേര്‍ത്തു പിടിച്ചിരിക്കുന്ന എ.കെ. 47 തോക്ക് പോലെ ഇപ്പോഴും ഇറാന്‍ എന്ന ഭീഷണി മുന്നിലുണ്ട്. അതൊരു വലിയ ആശങ്കയാണെന്നു ട്രംപിന് അറിയാം. അതു കൊണ്ട് തന്നെ ഉത്തരകൊറിയന്‍ മോഡല്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കണമെന്നു സമാധാനപ്രിയര്‍ കാംക്ഷിക്കുന്നു. 

ഉത്തര കൊറിയയിലെ മിസൈല്‍ പരീക്ഷണ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുന്നതു സംബന്ധിച്ചു വരുംദിവസങ്ങളില്‍ കിം ജോങ് ഉന്‍ പ്രഖ്യാപനം നടത്തിയാല്‍ ഉച്ചകോടി ഒരു വിജയമാണെന്നു നമുക്ക് പറയാം. ഇപ്പോഴുണ്ടായിരിക്കുന്നത് ഒരു താത്ക്കാലിക വെടിനിര്‍ത്തല്‍ മാത്രമാണ്. അതിനി എത്രനാളെന്നു പറയാനാവില്ല. അങ്ങനെ നിശബ്ദമായ നല്ല നാളുകള്‍ വരണമെങ്കില്‍ മിസൈല്‍ പരീക്ഷണപരിപാടിയില്‍ നിന്നും ഉത്തര കൊറിയ പിന്‍മാറേണ്ടിയിരിക്കുന്നു. ടിവി വാര്‍ത്തകളില്‍ കണ്ടിരുന്ന ഒരു പ്രധാനസംഗതി, തങ്ങളുടെ വലിയൊരു മിസൈല്‍ പരീക്ഷണകേന്ദ്രം തകര്‍ത്തതായി കിം സിംഗപ്പൂരില്‍ പറഞ്ഞതാണ്.  രാജ്യത്തെ ആണവായുധ മുക്തമാക്കുന്ന നടപടി ഉടന്‍ തുടങ്ങുമെന്നും കിം  പറഞ്ഞിരിക്കുന്നു. അതൊക്കെയും ശുഭോദാര്‍ക്കമായ കാര്യമാണ്.
ആയുധങ്ങള്‍ എന്നും യുദ്ധത്തിലേക്കുള്ള ചൂണ്ടുപലക തന്നെയാണ്. യുദ്ധം ഒഴിവാകണമെങ്കില്‍ ആയുധങ്ങള്‍ ഒഴിവായേ തീരു. തങ്ങള്‍ക്കുള്ള ഭീഷണിയില്‍ നിന്നുള്ള പ്രതിരോധമാണ് വിലയേറിയ ആയുധങ്ങളെന്നു ഉത്തര കൊറിയയ്ക്കു നന്നായി അറിയാം. അതു കൊണ്ടു തന്നെ അവയൊന്നും ഒറ്റയടിക്ക് ഒഴിവാക്കുമെന്നും വിചാരിക്കേണ്ടതില്ല.  എന്തായാലും, ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള അന്തരം കുറഞ്ഞിരിക്കുന്നുവെന്നു വേണം കരുതാന്‍. അരനൂറ്റാണ്ടിലേറെയായി നിതാന്ത ശത്രുവായിരുന്ന അമേരിക്കയുടെ നേതാവിനൊപ്പം ചിരിച്ചുകൊണ്ടു നില്‍ക്കുന്ന കിം ജോങ് ഉന്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പു വരെ ഉത്തര കൊറിയക്കാര്‍ക്കു ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ആര്‍ക്കു വേണമെങ്കിലും യുദ്ധം കൊണ്ടുവരാന്‍ കഴിയും, എന്നാല്‍ ധൈര്യമുള്ളവര്‍ക്കു മാത്രമേ സമാധാനം കൊണ്ടു വരാന്‍ സാധിക്കൂ എന്നു ട്രംപ് പറഞ്ഞത് ഒരര്‍ത്ഥത്തില്‍ ശരിയാണ്. കിമ്മിനെ ഇരുത്തിച്ചിന്തിപ്പിച്ചതും ഇതു തന്നെയാവണം. ആണവഭീഷണി ഇല്ലാതായെന്നും എല്ലാവരും സുഖമായി കിടന്ന് ഉറങ്ങിക്കൊള്ളുവെന്നുവാണ് ട്രംപ് ലോകത്തോട് പറഞ്ഞത്. ആണവഭീഷണി തത്ക്കാലം ഇല്ലാതായെങ്കിലും വീണ്ടും അത് ഉയിര്‍ത്തെഴുന്നേല്‍ക്കില്ലെന്ന് ഉറപ്പാക്കാന്‍ ട്രംപിന് കഴിയണം. എങ്കില്‍ മാത്രമേ സിംഗപ്പൂര്‍ ഉച്ചകോടി വിജയം കണ്ടുവെന്നു പറയാനാവൂ. അതിനു മുന്നോടിയെന്നോണം, ദക്ഷിണകൊറിയയുമായി ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കാന്‍ അമേരിക്ക സമ്മതിച്ചത് വലിയൊരു കാര്യമായി തന്നെ മുഖവിലക്കെടുക്കേണ്ടിയിരിക്കുന്നു. അധിനിവേശത്തിനുള്ള റിഹേഴ്‌സലെന്ന് വിശേഷിപ്പിച്ച സൈനികാഭ്യാസം നിര്‍ത്തണമെന്ന് ഉത്തരകൊറിയ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. അതേസമയം, ദക്ഷിണകൊറിയയില്‍ ഉള്‍പ്പെടെ മേഖലയിലെ അമേരിക്കയുടെ സൈനികസാന്നിധ്യം പൂര്‍ണമായി അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കരാറില്‍ വ്യക്തതയില്ല. നടപടികളില്‍ പുരോഗതി വ്യക്തമാകുന്നതുവരെ ഉത്തരകൊറിയക്കെതിരായ ഉപരോധം തുടരുമെന്നും ട്രംപ് പറയുന്നുണ്ട്. ഇവിടൊക്കെയും വിട്ടുവീഴ്ച ഉണ്ടാകണം. യുദ്ധത്തടവുകാരെയും കാണാതായവരെയും കണ്ടെത്താനും കൈമാറാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി.

ഉത്തരകൊറിയക്കൊപ്പം ദക്ഷിണകൊറിയയുടെയും ചൈനയുടെയും കൂടി വിജയമാണ് സിംഗപ്പുരിലെ ഉച്ചകോടി. മൂവരും ചേര്‍ന്നു പൊതുശത്രുവിനെ തന്ത്രപരമായി നേരിട്ടു. ആ നേരിടല്‍ അമേരിക്കയ്ക്ക് ഉണ്ടാക്കിയത് നഷ്ടമോ ലാഭമോ എന്നു വൈകാതെ അറിയാം. എന്തായാലും, ആണവായുധമുക്ത ലോകമെന്ന സ്വപ്നത്തിലേക്ക് ട്രംപ് മാനവജനതയെ കൊണ്ടെത്തിച്ചുവെന്നത് വലിയ കാര്യം തന്നെ.

ആണവായുധമുക്ത ലോകം എന്ന സ്വപ്നം !!(പകല്‍ക്കിനാവ്- 106-ജോര്‍ജ് തുമ്പയില്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക