Image

അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആന്റണി

Published on 27 March, 2012
അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആന്റണി
ന്യൂഡല്‍ഹി: അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി. ജനറല്‍ വി.കെ സിങ് ഉന്നയിച്ച കോഴ വിവാദത്തെക്കുറിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. 'രാഷ്ട്രീയ ജീവിതത്തിലുടനീളം അഴിമതിക്കെതിരെ പോരാടിയ ആളാണ് ഞാന്‍. സൈന്യത്തില്‍ ഒരു തരത്തിലുമുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ല'- പ്രസ്താവന നടത്തുന്നതിനിടെ ആന്റണി ഏറെ വികാരാധീനനായി.

ഏകദേശം ഒരു വര്‍ഷം മുമ്പാണ് വി.കെ സിങ് ഇക്കാര്യം എന്നോട് പറഞ്ഞത്. ജനറല്‍ തേജീന്ദര്‍ സിങ് കോഴ വാഗ്ദാനം ചെയ്തുവെന്ന് വി.കെ സിങ് പറഞ്ഞു. ഇതു കേട്ട് ഒരു നിമിഷം ഞാന്‍ തലയില്‍ കൈവെച്ച് ഇരുന്നുപോയി. തേജീന്ദര്‍ സിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് താന്‍ വി.കെ സിങ്ങിനോട് നിര്‍ദേശിച്ചിരുന്നു. ആരിലും സമ്മര്‍ദം ചെലുത്താനാകില്ലെന്ന് സൈനിക മേധാവി പ്രതികരിച്ചു.


പക്ഷേ രേഖാമൂലം പരാതി നല്‍കാന്‍ വി.കെ സിങ് തയാറായില്ല. നടപടിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് വി.കെ സിങ് അന്ന് തന്നെ പറയുകയുണ്ടായി. വീഴ്ചകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിദേശ കമ്പനികള്‍ ഉള്‍പ്പടെ ആറ് കമ്പനികളെ താന്‍ മന്ത്രിയായിരിക്കെ കരിമ്പട്ടികയില്‍ പെടുത്തി. വി.കെ സിങ്ങിന്റെ ആരോപണം വന്ന് തൊട്ടുപിന്നാലെ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നു. അതനുസരിച്ചാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതെന്നും ആന്റണി രാജ്യസഭയില്‍ വ്യക്തമാക്കി.


കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയാല്‍ തന്നെയും ശിക്ഷിക്കാമെന്ന് ആന്റണി പറഞ്ഞു. എനിക്കൊന്നും ഒളിക്കാനില്ല. സത്യമല്ലാതെ ഒന്നും പറയില്ല. അഴിമതി കണ്ടെത്തിയാല്‍ കരാര്‍ റദ്ദാക്കും-അദ്ദേഹം പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക