മലങ്കര സഭയിലെ പിതാക്കന്മാരെ സമൂഹ മാധ്യമങ്ങളിലൂടെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തികച്ചും തരംതാണ രീതികള്‍ കുറച്ചു നാളുകളായി ചിലര്‍ പിന്തുടരുന്നു. ഇക്കൂട്ടര്‍ ഉപയോഗിക്കുന്ന പദങ്ങള്‍, പരിഹാസം, കുത്തുവാക്കുകള്‍, ഇരട്ടപ്പേരുകള്‍, ഏഷണി, വിളിക്കുന്ന നാമങ്ങള്‍ പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല. സോഷ്യല്‍ മീഡിയകളായ വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് ഇക്കൂട്ടര്‍ ഇവ പ്രചരിപ്പിക്കുന്നത്. പിതാക്കന്മാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും, വാര്‍ത്തകളുടെ നിജസ്?ഥിതി മനസിലാക്കാതെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് തികഞ്ഞ വ്യാജപ്രചരണമാണെ ന്നത് ജനങ്ങള്‍ തിരിച്ചറിയണം. അതേസമയം
ഒരാള്‍ തെറ്റുചെയ്തു എന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശനമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കുവാനും സഭ തയാറായിട്ടുണ്ട്. അത് ഇനിയും പിന്തുടരുക തന്നെ ചെയ്യും. വാര്‍ത്തകള്‍ കേള്‍ക്കുന്ന മാത്രയില്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് അത് യാഥാര്‍ത്ഥ്യമാണോ എന്ന് അന്വേഷിക്കുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക വഴി ഒരാള്‍ സമൂഹത്തോടും ദൈവത്തോടും ചെയ്യുന്ന കുറ്റകൃത്യമായത് മാറുമെന്നതില്‍ തര്‍ക്കമില്ല.
കിട്ടുന്നതെന്തും ഷെയര്‍ ചെയ്യുന്നത് കളവു പറയുന്നതിന് തുല്യമാണ്. ആധികാരികത ഉറപ്പു വരുത്തിയതിനു ശേഷം മാത്രം അത് മറ്റുള്ളവരുമായി പങ്കുവെക്കുക. ഉപകാരമില്ലാത്ത പോസ്റ്റുകളും കമന്റ്റുകളും ഒഴിവാക്കുവാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം. മനുഷ്യന്റെ വിലപ്പെട്ട സമയം അനാവശ്യ വാര്‍ത്തകള്‍ പരത്തുന്നതില്‍ നിന്നും ഒഴിവാകുകയാണ് ഉത്തമം. പൊതു ഇടങ്ങളില്‍ ചില മര്യാദകള്‍ കാണിക്കുവാന്‍ മനുഷ്യന് ബാധ്യത ഉണ്ട് എന്നത് വിസ്മരിക്കരുത്. നിമിഷ നേരം കൊണ്ട് ലക്ഷങ്ങളിലേക്ക് പരത്തുന്ന വാര്‍ത്തകള്‍ ആര്‍ക്കൊക്കെ ഹാനി സംഭവിപ്പിക്കുന്നു എന്ന് നാം ചിന്തിക്കാറില്ല. നിരുപദ്രവം എന്ന് തോന്നുമെങ്കിലും മുറിവേല്‍ക്കുന്ന അനേകം മനസുകള്‍ ഉണ്ടെന്ന കാര്യം നാം വിസ്മരിക്കരുത്.
സഭയിലെ ചില നേതാക്കളെ വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടി മാത്രം നിരന്തരം തെറ്റായ വാര്‍ത്തകള്‍ കൊടുക്കുക, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പരത്തുക, തെറ്റായ ഉദ്ദേശ്യത്തോടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക ഇത് ചിലരുടെ ഹോബിയായി മാറിയിരിക്കുന്നു. രാജ്യത്തെ നിലവിലുള്ള നിയമമനുസരിച്ചു സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ലഭിക്കുവാന്‍ വേണ്ട നിയമ നടപടികളിലേക്ക് പ്രവേശിക്കുവാന്‍ മലങ്കര സഭ നേതൃത്വം ഇനിയും അമാന്തം കാട്ടരുത്. അതേസമയം കുറ്റകൃത്യം ചെയ്യുന്നവരെ അവര്‍ എത്ര ഉന്നതരായാലും അവരെ സഭയില്‍ നിന്ന് മാറ്റി നിര്‍ത്തണം. യാതൊരുവിധ പരിരക്ഷയും ഇക്കൂട്ടര്‍ക്ക് നല്‍കേണ്ടതില്ല. ഏത് സമൂഹത്തിലും ചില പുഴുക്കുത്തുകള്‍ കാണും. അത് സഭയിലും ഉണ്ട്. ഇവിടെ വ്യക്തികള്‍ ചെയ്യന്ന കുറ്റം മൂലം സഭ അപമാനിക്കപ്പെടുന്നു. പുഴുക്കുത്തായ കൊമ്പുകള്‍ വെട്ടിക്കളയുക മാത്രമാണ് അഭികാമ്യം. നിന്റെ കൈ നിനക്ക് ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളക: അംഗവൈകല്യമുള്ളവനായി ജീവനില്‍ കടക്കുന്നത് രണ്ടു കയ്യുമുള്ളവന്‍ ആയി കെടാത്ത തീയായ നരകത്തില്‍ പോകുന്നതിനേക്കാള്‍ നിനക്ക് നല്ലത്. നിന്റെ കാല് നിനക്ക് ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളക: മുടന്തനായി ജീവനില്‍ കടക്കുന്നത് രണ്ടു കാലുമുള്ളവന്‍ ആയി നരകത്തില്‍ എറിയപ്പെടുന്നതിനേക്കാള്‍ നിനക്ക് നല്ലത്. നിന്റെ കണ്ണ് നിനക്ക് ഇടര്‍ച്ച വരുത്തിയാല്‍ അതിനെ ചൂഴ്ന്നുകളയുക; രണ്ടുകണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള അഗ്നിനരകത്തില്‍ എറിയപ്പെടുന്നതിനേക്കാള്‍ ഒറ്റക്കണ്ണനായി ദൈവരാജ്യത്തില്‍ കടക്കുന്നത് നിനക്ക് നല്ലത്.