Image

ഗരം ഗരം വടാപാവ് (എഴുതാപ്പുറങ്ങള്‍ -24: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 25 June, 2018
ഗരം ഗരം  വടാപാവ് (എഴുതാപ്പുറങ്ങള്‍ -24: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
"മുബൈ വാടാപാവ് സെന്റര്‍" കേരളത്തത്തില്‍ അവിടവിടെയായി കാണപ്പെട്ട ഈ ബോര്‍ഡ് എന്നില്‍ കൗതുകമുണര്‍ത്തി. മുബൈക്കാരന്റെ പ്രിയ ഭക്ഷണം കൊച്ചുകേരളത്തിലെ ആളുകളുടെ നാക്കിലും രുചി പകര്‍ന്നുവോ!! അതോടൊപ്പം മുംബൈയില്‍ താമസിയ്ക്കുന്ന എനിയ്ക്ക് 'ഞാന്‍ ഇത് എത്രയോ പ്രാവശ്യം കഴിച്ചിരിയ്ക്കുന്നു' എന്ന ഒരു അഭിമാനവും.

"ഖരം ഖരം വടാപാവ്" (ചൂടുള്ള വടാപാവ് ) കേള്‍ക്കുമ്പോള്‍ തന്നെ മുംബൈക്കാരന് വിശപ്പ് തനിയെ വരും . മുബൈ കണ്ടവന് വടാപാവിനെയും പരിചയമുഇണ്ടാകും. ഏതു സാമ്പത്തിക നിലവാരത്തില്‍ ഉള്ളവനും മുംബൈയില്‍ ജീവിയ്ക്കാം എന്ന് പറയാറുണ്ട്. ഇവിടെ അധികം ആളുകളും പരസ്പരം താരതമ്യം ചെയ്യാറില്ല. അവനവനു കഴിയുന്ന രീതിയിലുള്ള ജീവിതം നയിച്ചുപോരുന്നു. എന്നാല്‍ ഇതില്‍ ഒരു പ്രധാന പങ്ക് വടാപാവിനും ഉണ്ടെന്നു വേണമെങ്കില്‍ പറയാം. ഒരു വടാപാവിനു ഒരുനേരത്തെ വിശപ്പടക്കാനുള്ള കഴിവുണ്ട്. ജോലി കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ മാസത്തിലൊരിയ്ക്കലെങ്കിലും വടാപ്പാവ് കഴിയ്ക്കാത്ത മുംബൈക്കാരന്‍ ഉണ്ടാകില്ല. ഇത് വിശപ്പടക്കാന്‍ മാത്രമല്ല സാധാരണക്കാരന്‍ സന്തോഷം പങ്കുവയ്ക്കുന്ന വേളകളിലും, കൂട്ടുകാര്‍ തമ്മില്‍ ഒത്തു ചേരുമ്പോഴും, ഓഫീസുകളില്‍ സഹപ്രവര്‍ത്തകര്‍ പിറന്നാളും മറ്റു സന്തോഷവേളകളും പങ്കുവയ്ക്കുമ്പോഴും, കടല്‍ തീരങ്ങളിലും പുന്തോട്ടങ്ങളിലും തീയ്യറ്ററുകളിലും കമിതാക്കള്‍ ഒരുമിച്ച് സമയം ചെലവഴിയ്ക്കുമ്പോഴും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍, എന്തിനു മഹാരാഷ്ട്രയുടെ പ്രധാന ഉത്സവമായ ഗണപതി ഉത്സവത്തില്‍ പോലും വടാപാവിന്റെ സാമീപ്യം വളരെ പ്രധാനപ്പെട്ടതാണ്. . ദരിദ്രനെന്നോ, പണക്കാരനെന്നോ, ജോലിയ്ക്കാരനെന്നോ, വേലക്കാരനെന്നോ ഒരു വ്യത്യാസവും വടാപാവിനു മുന്നിലില്ല. എട്ടുമണിക്കൂര്‍ ജോലി കഴിഞ്ഞു വിശക്കുന്ന വയറുമായി തിരിയ്ക്കുമ്പോള്‍ ഏത് വലിയവനാണെങ്കിലും സൂട്ടും, കോട്ടും ഊരി വഴിയരികില്‍ കാണുന്ന തട്ടുകടയില്‍ നിന്നും വടാപാവ് വാങ്ങി കഴിച്ചാസ്വദിയ്ക്കുന്നതില്‍ മുംബൈക്കാരന്‍ ആഹ്ലാദം കാണുന്നു.

ഇത്രയും പ്രാധാന്യമുള്ള വിഭവം എന്നുവച്ചാല്‍ ഇതിന്റെ തയ്യാറാക്കല്‍ വളരെ ബുദ്ധിമുട്ടുള്ളതാണെന്നു തോന്നാം. എന്നാല്‍ ഇത് നിര്‍മ്മിയ്ക്കാന്‍ എളുപ്പവും അതേസമയം ഇത് സമ്പൂര്‍ണ്ണ ആഹാരവുമാണ്. ഉരുളക്കിഴങ്ങു നല്ലതുപോലെ വേവിച്ച് തൊലികളഞ്ഞു നല്ലതുപോലെ ഉടച്ച് അതില്‍ പച്ചമുളകും, മല്ലിത്തലയും, വെളുത്തുള്ളിയും ഇട്ട് ഉരുളയാക്കി കടലമാവില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുന്നു. പിന്നീട് അതിനെ പാവ് (മധുരമില്ലാത്ത ബണ്ണു) രണ്ടായി പിളര്‍ന്ന് അതില്‍ വാച്ചമര്‍ത്തി, ചുവന്ന മുളകും ചേര്‍ത്ത് നിര്‍മ്മിച്ച ചട്ണി വച്ച് കഴിയ്ക്കുന്ന ഒരു ലഘുഭക്ഷണമാണ് ഇത്. ഇതിന്റെ കുട്ടത്തില്‍ ഉപ്പിടാതെ എണ്ണയില്‍ വറുത്തെടുത്ത പച്ചമുളക് കടിച്ചു കഴിയ്ക്കുന്നതും സാധാരണമാണ്.

ഇതിന്റെ ഉത്ഭവത്തെകുറിച്ചറിയുന്നതും രസകരമാണ് . ക്യാറ്ററിംഗില്‍ ബിരുദം നേടിയവനോ, പ്രത്യേക പഠനം നടത്തിയവനോ അല്ല ഈ വിഭവം കണ്ടെത്തിയത്. 1966 ല്‍ ദാദര്‍ റെയില്‍വേ സ്റ്റേഷനടുത്ത് അശോക് വൈദ്യ എന്ന ഒരാളിന്റെ ധര്‍മ്മപത്‌നി ഉപജീവനത്തിനായി, വിറ്റഴിയ്ക്കാന്‍ തന്റെ ഭര്‍ത്താവിന്റെ കയ്യില്‍ തയ്യാറാക്കി കൊടുത്തിരുന്ന ഒരു ലഘുഭക്ഷണമായാണ് ഇതിന്റെ ഉത്ഭവം എന്ന് പറയപ്പെടുന്നു പിന്നീട് ഇതിന്റെ സ്വാദ് ജനങ്ങള്‍ അംഗീകരിയ്ക്കുകയും, അശോക് വൈദ്യ ഈ കച്ചവടത്തിനെ വിപുലീകരിയ്ക്കുകയും ചെയ്തു. ഇന്നുവരെ ഈ വിഭവത്തിന്റെ സ്വാദില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അന്ന് കാലത്ത് മുംബൈയിലെ സാധാരണ കുടുംബത്തിലെ ജനങ്ങളുടെ വരുമാന മാര്‍ഗ്ഗം തുണിമില്ലുകളിലെ തൊഴിലായിരുന്നു. ഇതില്‍ മിക്കാവാറും ജനങ്ങള്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്നവരായിരുന്നു. തുച്ഛവരുമാനത്തില്‍ കുടുംബം പുലര്‍ത്തികൊണ്ടിരുന്ന ഈ തൊഴിലാളികളുടെ ഒരു നേരത്തെ വിശപ്പടക്കിയിരുന്നത് വടാപാവായിരുന്നു. വടാപാവിന്റെ ഭൂരിഭാഗവും ഉപഭോക്താക്കള്‍ ഈ തുണിമില്ലുകളില്‍ ജോലിചെയ്തിരുന്നവരായിരുന്നു. പിന്നീട് ഇതിന്റെ സ്വാദ് മുംബൈ തെരുവുകളില്‍ സ്ഥാനം പിടിച്ചു. വടാപാവ് ലഭിയ്ക്കാത്ത വീഥികള്‍ മുംബൈയ്ക്ക് ഇന്ന് അന്യമാണ്.

ഈ വിഭവത്തിനെന്താണിത്രയും പ്രത്യേകത? മുംബൈയിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഈ വടാപാവ് കച്ചവടത്തെ ഉപജീവന മാര്‍ഗ്ഗമായി തെരഞ്ഞെടുത്തിരിയ്ക്കുന്നു എന്നത് ശ്രദ്ധേയമായ ഒന്നാണ്. ചില ചെറുകിട കച്ചവടക്കാര്‍ സ്വന്തമായി വീട്ടില്‍ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു വഴികളില്‍ വച്ച് വില്‍ക്കുകളയും, ചിലര്‍ തെരുവുകളില്‍ നടന്നു വില്‍ക്കുകയും ചെയ്യുന്നു. ഉന്തുവണ്ടികളില്‍ വില്‍ക്കുന്നവരും, സ്വന്തമായി തട്ടുകടകളില്‍ വില്‍ക്കുന്നവരും ഉണ്ട്. അതില്‍ നിന്നും ഒരല്‍പം വിപുലമായി ചെയ്യുന്നവര്‍ പല സ്ഥലങ്ങളിലായി സ്റ്റാളുകള്‍ സ്ഥാപിയ്ക്കുകയും അവ കച്ചവടത്തിന് മറ്റുള്ളവര്‍ക്ക് നല്‍കി മാസത്തില്‍ ഒരു തുക ഈടാക്കുന്നവരും ഉണ്ട്. റെയില്‍വേ സ്‌റേഷനുകളിയില്‍ നനടത്തുന്ന സ്റ്റാളുകള്‍ ഇത്തരം കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നടത്തുന്നവയാണ്. ഇത് കൂടാതെവലിയ തോതില്‍ ഉത്പാദനം നടത്തി ആകര്‍ഷകമായ കവറുകളില്‍ കമ്പനിയുടെ പേര് നല്‍കി കച്ചവടം ചെയ്യുന്ന വന്‍കിട കച്ചവടക്കാരും ഉണ്ട്. വന്‍തോതില്‍ നിര്‍മ്മിയ്ക്കുന്ന ഇവര്‍ നിര്‍മ്മാണ സ്ഥലത്ത് ഒരുപാട് പേര്‍ക്ക് ദിവസവേതനം നല്‍കി ജോലി നല്‍കുന്നു. അതും മാത്രമല്ല തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന പലരും കൂടുതല്‍ സാമ്പത്തിക ഭദ്രതയ്ക്കായി ജോലി സമയത്തിനുശേഷം വടാപാവ് കച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ശിവസേന ഈ കച്ചവടത്തെ പ്രോത്സാഹിയ്ക്കാനെന്നോണം ഒരു മത്സരം നടത്തുകയും അതില്‍ അംഗീകരിയ്ക്കപ്പെട്ട വടാപാവിനു 'ശിവ പാവ് ' എന്ന് പേര് നല്‍കുകയും ചെയ്തു. പത്തുവര്ഷങ്ങള്ക്കുമുമ്പ് വെറും 2 രൂപയ്ക്ക് ലഭ്യമായിരുന്ന ഈ വിഭവം ഇന്ന് സാധാരണ തട്ടുകടകളില്‍ 10 രൂപയ്ക്കാണ്. ലഭിയ്ക്കുന്നത്. സാധാരണ തട്ടുകടയില്‍ സ്വന്തമായി നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ഒരു കച്ചവടക്കാരന്‍ ഒരു ദിവസം ശരാശരി 2000 രൂപ ലാഭമുണ്ടാക്കുന്നു. എന്നാല്‍ പലയിടത്തും സ്റ്റാളുകള്‍ വച്ച് വിപുലമായി വടാപാവ് വിറ്റഴിയ്ക്കുന്ന സ്ഥാപനങ്ങള്‍ ഈ ബിസിനസ്സില്‍ നിന്നുമാത്രം കോടികളാണ് സമ്പാദിയ്ക്കുന്നത്. 'ജംബോ കിംഗ് ' ഗോലി വടാപാവ് എന്നിവയും ഇതില്‍ കച്ചവട കുത്തക സ്ഥാപിച്ചിരിയ്ക്കുന്ന പ്രധാന കമ്പനികളാണ്. തെരുവുകളില്‍ 10 രൂപയ്ക്കു ലഭ്യമാകുന്ന അതെ വടാപാവ് പ്രത്യേക കൂടിനുള്ളില്‍ കുറച്ചും കൂടി സ്വച്ഛമായി നല്‍കി 10 മുതല്‍ 20 വരെ രൂപ ഈടാക്കുന്ന ഒരുപാട് കമ്പനികളും ഇന്ന് കമ്പോളത്തിലുണ്ട്. ഉരുളക്കിഴങ്ങു വടക്കു പകരം സമോസയും, മറ്റു പച്ചക്കറികള്‍ വേവിച്ച്ച്ചു വച്ചും 'സമോസ പാവ്', 'ഡബിള്‍ റൊട്ടി' എന്നിങ്ങനെ ഇതിനെ പല രൂപങ്ങളിലും വിപുലപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും വടാപാവിന്റെ സ്ഥാനം പിടിച്ചെടുക്കാന്‍ ഈ വിഭവങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. 1966 ല്‍ ജനങ്ങളിലെത്തിയ വിഭവം ഇന്നും അതെ സ്വാദില്‍ കമ്പോളത്തില്‍ കുതിച്ചു കയറിക്കൊണ്ടിരിയ്ക്കുകയാണ്.

മുംബൈയിലെ ശ്രദ്ധേയമായ ഈ ലഘു ഭക്ഷണത്തിന്റെ കേരളത്തിലേയ്ക്കുള്ള പ്രവേശനം തീര്‍ച്ചയായും നനന്മയെ കെപ്രതീക്ഷിച്ചു കൊണ്ടാകാം. ഇതിന്റെ പുറകിലുള്ള വളര്‍ച്ചയുടെ കഥകളും കുതിച്ചു കേറ്റവും നമ്മുടെ കൊച്ചുകേരളത്തിലും ശ്രദ്ധേയമായി, ഒരു പണിയും ഇല്ലാതെ വെള്ള കോളര്‍ ജോലിയെയും സ്വപ്നം കണ്ട നടക്കുന്ന ഇന്നത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ഒരു പ്രചോദനമായി മാറട്ടെ. അതുപോലെ തന്നെ ഈ വിഭവത്തിന്റെ ഘടനയില്‍ മാറ്റം വരുത്തി ഇനിയും ഇത്തരം സ്വാദിഷ്ട്ടമായ ഭക്ഷണം പൊതു ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാനും നമ്മുടെ കേരളീയന് കഴിയട്ടെ.

അപ്പോള്‍ ബോംബയില്‍ വരാന്‍ അവസരം കിട്ടുന്ന ഒരാളും ഇവിടുത്തെ ഈ വിഭവത്തെ നഷ്ടപ്പെടുത്തരുത്. നിങ്ങളും ഇതിന്റെ സ്വാദ് നുണഞ്ഞറിയണം. "ഖരം ഖരം വടാപാവ്" നിങ്ങള്‍ക്കും ഒരു പ്രത്യേക അനുഭവമാകട്ടെ.
Join WhatsApp News
Sudheer Kumaran 2018-06-26 03:03:24
ഈ ആർട്ടിക്കിൾ വാഴിച്ചപ്പോൾ എന്റെ ആ മുംബയിൽ ഉണ്ടായിരുന്ന പഴയ കാലത്തേക്കു ഓർമകളെ കൂട്ടികൊണ്ടുപോയി. അന്ന് ജ്യോലി കഴിഞ്ഞു വിശന്നു റയില്വേസ്റ്റേഷനിൽ എത്തുമ്പോൾ ഒരു വടാപാവ് കഴിയ്ക്കുക പതിവായിരുന്നു ഇന്നും അതിന്റെ രുചി നാവിൽ നിൽക്കുന്നപോലെ. ലസൂണ് ചട്നിയും കൂട്ടി വടാപാവ് കഴിക്കാൻ ഇന്നും കൊതിതോന്നുന്നു.
Sudhir Panikkaveetil 2018-06-26 06:33:18
മുംബയ് നഗരത്തിന്റെ രുചി വാക്കുകളിലൂടെ വിളമ്പിയിരിക്കുന്നു,
ഹോട്ട് ഡോഗിനൊപ്പം ന്യുയോർക്ക് നഗരത്തിലും 
ഗരം ഗരം വടാപ്പാവ് വിൽക്കുന്നതിനെക്കുറിച്ച് 
കച്ചവടക്കർക്ക് ചിന്തിക്കാവുന്നതാണ്. 
Mathew V. Zacharia, New Yorker 2018-06-26 10:12:31
God willing, to my next visit to India , I intend to have this Vadaprav Vada in Kerala. Your description of Vada  brought saliva . Simple but excellent description. Mathew V. Zacharia, New Yorker

Jyothylakshmy Nambiar 2018-06-27 01:17:34
Shri. Mathew Zacharia, Shri Sudhir Panikaveetil and Shri. Sudhir Kumaran
Thanks for your comments. Shri Mathew Zacharia Sir please try 'Vadapav' in your next visit to Kerala. I am sure, It will be a different experience for you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക