Image

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുത്തതിനെതിരേ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി ഡോ. തോമസ് ഐസക്

ആശ എസ്. പണിക്കര് Published on 28 June, 2018
ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുത്തതിനെതിരേ രൂക്ഷ വിമര്‍ശനവുമായി                                   ധനമന്ത്രി ഡോ. തോമസ് ഐസക്
ആക്രമിക്കപ്പെട്ട നടിയും മറ്റ് മൂന്നു നടിമാരും അമ്മയില്‍ നിന്നുരാജി വച്ചതിനെ പിന്തുണച്ച് ധനമന്ത്രി ഡോ.തോമസ് ഐസക്. സംഘടനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് മന്ത്രി ഉന്നയിച്ചത്. വലിയ ശിക്ഷ നല്‍കാവുന്ന കുറ്റങ്ങളാണ് നടന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്. അതില്‍ കോടതി വിധി വരുന്നതിനു മുമ്പ് നിരപരാധിയെന്ന നിയമനത്തില്‍ നടനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള നിലപാടെടുക്കുന്നതെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

മലയാള സിനിമയിലെ പുരുഷാധിപത്യം ഏറ്റവും അശ്ലീലമായ ഒരു ഭാവം പ്രകടിപ്പിക്കുകയാണ്. വളരെ പ്രസക്തമായ ചോദ്യങ്ങളാണ് താരസംഘടനയോട് സിനിമയിലെ സ്ത്രീകൂട്ടായ്മ ചോദിച്ചത്. ആ ചോദ്യങ്ങളോടു പ്രതികരിക്കാനുള്ള ബാധ്യത താരസംഘടനയെ നയിക്കുന്നവര്‍ക്കുണ്ട്. നിര്‍ഭാഗ്യവശാല്‍ ആ ചോദ്യങ്ങള്‍ക്കൊന്നും മറുപടി ലഭിച്ചിട്ടില്ല.  നടിയും മറ്റു മൂന്നു പേരും 'അമ്മ'യില്‍ നിന്നും രാജി വച്ചതിനെ കുറിച്ച് ആത്മപരിശോധന നടത്തണമെന്നും ഐസക് ആവശ്യപ്പെട്ടു. സാമൂഹ്യമൂല്യങ്ങളെ വെല്ലുവിളിക്കുന്ന നടപടികള്‍ക്കെതിരേ താരസംഘടനയില്‍ നിന്നുള്ള രാജിയിലൂടെ പ്രതികരിച്ചവര്‍ക്ക് ജനാധിപത്യ കേരളത്തിന്റെ പിന്തുണയുണ്ടാകുമെന്നും ഐസക് വ്യക്തമാക്കി. 

ഡോ.തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം.  

ആക്രമണത്തിന് ഇരയായ നടിക്ക് സംഘടനയില്‍ നിന്നും രാജി വയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. ഈ സാഹചര്യം എങ്ങനെ ഉണ്ടായി എന്ന് അമ്മ ആത്മ പരിശോധന നടത്തണം. ഹീനമായ ആക്രമണത്തിന് ഇരയായിട്ടും താനടങ്ങുന്ന സംഘടനയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും യാതൊരു വിധ പിന്തുണയും ലഭിച്ചില്ലെന്നാണ് അവര്‍ സമൂഹത്തോട് തുറന്നു പറയുന്നത്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് താരസംഘടനയുടെ ഉദ്ദേശശുദ്ധി തന്നെയാണ്. 

സ്ത്രീവിവേചനത്തിനെതിരെയും തുല്യനീതിക്കു വേണ്ടിയും വലിയ പോരാട്ടങ്ങള്‍ നടക്കുന്ന കാലമാണിത്. ആ ഘട്ടത്തിലാണ്, സമൂഹത്തെ ഏറ്റവും ശക്തമായ രീതിയില്‍ സ്വാധീനിക്കാന്‍ കഴിയുന്ന കലാരൂപമായ സിനിമയുടെ തലപ്പത്തിരിക്കുന്നവര്‍ ഏറ്റവും ഹീനമായ ആക്രമണത്തിനു കുട പിടിക്കുന്നവരാണെന്ന ആരോപണം ഉയരുന്നത്. സിനിമാസ്വാദകരും തങ്ങളുടെ ആരാധകരുമായ ഒരു വലിയ സമൂഹത്തിനു അവര്‍ നല്‍കുന്ന തെറ്റായ സന്ദേശമാണിത്. 

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ഗുരുതരമായ ആരോപണം നേരിടുന്ന നടന് യില്‍ നിന്നും താരസംഘടനപരസ്യമായ പിന്തുണ നല്‍കുകയും ആക്രണത്തിന് ഇരയാക്കപ്പെട്ട നടിക്ക് തുടര്‍ച്ചയായി അവഹേളനം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുന്നത് പൊതു സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. ആ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെ മുന്നോട്ടു പോകുന്നത് ഒട്ടേറെ പോരാട്ടങ്ങളിലൂടെ വളര്‍ന്നു വന്ന നവോത്ഥാന സമൂഹം പൊറുക്കുകയില്ല. 

താരസംഘടന ഒരു ഷോയില്‍ അവതരിപ്പിച്ച സ്‌കിറ്റിനെതിരെയും ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. സ്ത്രീശാക്തീകരണത്തെ അവഹേളിക്കുന്ന ഇത്തരം പേക്കൂത്തുകള്‍ എങ്ങനെയാണ് ഒരു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുക? ചിന്താശേഷിയുള്ളവരും ഇതൊക്കെ കാണുന്നുണ്ടെന്ന വിചാരം ഇതിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഇല്ലാതെ പോകുന്നത് വളരെ കഷ്ടമാണ്. 

ഇവിടെ ഞാന്‍ ആരെയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍  കോടതിയില്‍ ഒരു കുറ്റവിചാരണ നടക്കുന്നുണ്ട്. വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നടന്റെ മേല്‍ ചുമത്തിയിട്ടുള്ളത്. അക്കാര്യത്തില്‍ വിധി പറയേണ്ടത് കോടതിയാണ്. അതാണ് നമ്മുടെ നിയമവ്യവസ്ഥ. ആ വിധി വരുന്നതിനു മുമ്പ് പ്രശസ്തമായ താരസംഘടന, എങ്ങനെയാണ് നിരപരാധിയെന്ന് വിധിച്ച് നടന് അനുകൂലമായ നിലപാടെടുക്കാന്‍  കഴിയുന്നത്. താന്‍ ഉള്‍പ്പെട്ട താരസംഘടനയില്‍ നിന്നുള്ള ഈ പ്രവൃത്തി അതിക്രമത്തിന് ഇരയാക്കപ്പെട്ട, നടിയില്‍ ഏല്‍പ്പിക്കുന്ന മാനസികാഘാതം എന്തുകൊണ്ടാണ് സംഘടനയെ നയിക്കുന്നവരുടെ പരിഗണനാവിഷയമാകാത്തത്? 

ഗുരുതരമായ കുറ്റാരോപണങ്ങള്‍ക്കു വിധേയനായി നിയമവ്യവസ്ഥയുടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ആളിന് സംഘടനയില്‍ നിന്നും ലഭിക്കുന്ന പിന്തുണയെ സാമൂഹ്യമൂല്യങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാന്‍ കഴിയൂ. താരസംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് അത് ഭൂഷണമല്ല. അതുകൊണ്ട് താരസംഘടനയും നേതാക്കളും ആത്മപരിശോധന നടത്തണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. 

സാമൂഹ്യമൂല്യങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള നടപടികള്‍ക്കെതിരേ താരസംഘടനയില്‍ നിന്നുള്ള രാജിയിലൂടെ പ്രതികരിച്ചവര്‍ക്ക് ജനാധിപത്യ കേരളത്തിന്റെ പിന്തുണയുണ്ടാകും. തുല്യനീതിക്കും അവസര സമത്വത്തിനും വേണ്ടിയുള്ള സമരത്തില്‍ ഏറ്റവും അനിവാര്യമാണ് ഇത്തരം പ്രതികരണങ്ങള്‍. ജനാധിപത്യകേരളത്തിന്റെ എല്ലാ പിന്തുണയും അവര്‍ക്കുണ്ടാകണം. ഉണ്ടാകും.  
                              
ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുത്തതിനെതിരേ രൂക്ഷ വിമര്‍ശനവുമായി                                   ധനമന്ത്രി ഡോ. തോമസ് ഐസക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക