Image

628 പ്രതിഷേധ പരിപാടിയുമായി ഫാമലീസ് ബിലോംഗ് ടുഗെദര്‍

ഏബ്രഹാം തോമസ് Published on 28 June, 2018
628 പ്രതിഷേധ പരിപാടിയുമായി ഫാമലീസ് ബിലോംഗ് ടുഗെദര്‍
ഡാലസ് : ഈ വാരാന്ത്യത്തില്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ കുടിയേറ്റ കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്നതിനെതിരെ 628 പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്കും ശക്തമായ സന്ദേശം നല്‍കുമെന്ന് ഫാമലീസ് ബിലോംഗ് ടു ഗെദര്‍ എന്ന പ്രസ്ഥാനം അറിയിച്ചു.

കുടിയേറ്റ കുട്ടികള്‍ക്കും പൗരാവകാശത്തിനു വേണ്ടി വാദിക്കുന്ന ഈ പ്രസ്ഥാനത്തില്‍ പങ്കാളിത്തം വഹിക്കുന്നത് അമേരിക്കന്‍ സിവില്‍, ലിബര്‍ട്ടീസ് യൂണിയന്‍, മൂവ് ഓണ്‍, യുണൈറ്റഡ് വിഡ്രീം, വിമന്‍സ് മാര്‍ച്ച്, വൈഡബ്ല്യയുസിഎ എന്നിവയാണ്. ഡാലസില്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് സിറ്റി ഹാളില്‍ റാലി ഉണ്ടാവും. 11 മണിക്ക് മാര്‍ച്ചും മാതാപിതാക്കളില്‍ നിന്ന് അകറ്റുമ്പോള്‍ കുട്ടികള്‍ക്ക് സംഭവിക്കുന്ന മാനസികാഘാതത്തെക്കുറിച്ച് ഒരു സൈക്കോളജിസ്റ്റിന്റെ പ്രഭാഷണവും നടക്കും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരു പ്രതിനിധി ഹാജരായി ജനങ്ങളെ വോട്ടു ചെയ്യാന്‍ റജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിക്കും.

ഡാലസ് മാര്‍ച്ച് ആസൂത്രണം ചെയ്യുന്ന മിഷെല്‍ വെന്റ്റ്‌സ് 1,500 മുതല്‍ 2,000 പേരെ മാര്‍ച്ചിലേക്ക് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. ഈ കുടിയേറ്റ പ്രശ്‌നത്തില്‍ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന വികാരം അവിശ്വസ നീയമാണെന്ന് ഇവര്‍ പറഞ്ഞു. സീറോ ടോളറന്‍സ് ഒരു മാനുഷികാവകാശലംഘനമാണെന്നും വിശേഷിപ്പിച്ചു. ഡാലസ് സിറ്റി ഹാളില്‍ മറ്റ് ചില സംഘാടകര്‍ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മറ്റൊരു റാലി സംഘടിപ്പിക്കുന്നുണ്ട്.

സ്തനപാനം നടത്തിക്കൊണ്ടിരുന്ന ഒരു കുട്ടിയെ മാതാവില്‍ നിന്നകറ്റി എന്ന വാര്‍ത്തയാണ് പ്രതിഷേധവുമായി സഹകരിക്കുവാന്‍ ടെക്‌സസ് വുമണ്‍സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി സജ ഡേവിസിനെ പ്രേരിപ്പിച്ചത്. ഡെന്റണില്‍ മറ്റാരും റാലി നടത്തുന്നില്ല എന്നറിഞ്ഞ അവര്‍ സ്വയം ഒരു റാലി സംഘടിപ്പിച്ചു. ചരിത്ര പ്രധാനമായ കോര്‍ട്ട് ഹൗസില്‍ നിന്ന് അവരുടെ മാര്‍ച്ച് ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. നാലു ലക്ഷം പേര്‍ വിവിധ മാര്‍ച്ചുകളില്‍ പങ്കെടുക്കുകയും ജനപ്രതിനിധികളുടെ ഓഫിസുകളില്‍ ഫോണ്‍ ചെയ്തു പ്രതിഷേധിക്കുകയും നവംബറിലെ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് അനുകൂലമായി വോട്ടു ചെയ്യുകയില്ലെന്നും പറഞ്ഞാല്‍ ജനപ്രതിനിധികള്‍ അവരുടെ നിലപാട് മാറ്റുവാന്‍ ബധ്യസ്ഥരാവുമന്ന് ഡേവിസ് പറഞ്ഞു.

മക്കെനിയിലെ ഷെറി ക്രിസ്റ്റിയാന്‍സ് അവിടെ റാലി സംഘടിപ്പിക്കുകയാണ്. 12 മണിക്കൂറിനുള്ളില്‍ 40 പേര്‍ ഒപ്പിട്ട് പിന്തുണ അറിയിച്ചു എന്ന് ഇവര്‍ പറഞ്ഞു. പ്രാദേശിക സംഘടനകളും പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. ശനിയാഴ്ച രാവിലെ 10 മണിക്ക് ഡോക്ടര്‍ ഗ്ലെന്‍ മിച്ചല്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ നടക്കുന്ന പ്രതിഷേധ റാലിയില്‍ 300 മുതല്‍ 500 പേരെ വരെ പ്രതീക്ഷിക്കുന്നതായി ക്രിസ്റ്റിയാന്‍സ് പറഞ്ഞു.

റാലികള്‍ക്ക് മുന്നോടിയായി അല്‍പാസോ കോര്‍ട്ട് ഹൗസിന് മുന്നില്‍ പ്രതിഷേധ പ്രവര്‍ത്തക ചൊവ്വാഴ്ച രാവിലെ സമ്മേളിച്ചു. പിന്നീട് ഇവര്‍ ബസില്‍ യാത്ര ചെയ്ത് ടോര്‍ണിലോയിലെ ടെന്റ്‌സിറ്റിയിലെത്തി തടഞ്ഞ് വച്ച കുടിയേറ്റ കുട്ടികള്‍ക്ക് വസ്ത്രങ്ങളും പുസ്തകങ്ങളും മറ്റ് ആവശ്യ സാധനങ്ങളും നല്‍കാന്‍ പുറപ്പെട്ടു. ബ്രൗണ്‍സ് വില്ലില്‍ വ്യാഴാഴ്ച നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ സജീവ പ്രവര്‍ത്ത കനും എച്ച്ബിഒയിലെ ഇന്‍സെക്വയറിലെ നടനുമായ ജെയ് എല്ലിസ് പങ്കെടുക്കും. ഫാമിലീസ് ബിലോംഗ് ടു ഗെദറിന്റെ പ്രാദേശിക പരിപാടികള്‍ ഫാമിലീസ് ബിലോംഗ് ടു ഗെദര്‍ ഡോട്ട് ഓര്‍ഗിലൂടെ അറിയുവാന്‍ കഴിയും.

ഇതിനിടയില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സ്വന്തം രാജ്യത്തെ തകരുന്ന സംവിധാനത്തില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന വെനീസുവേലക്കാരെ ബ്രസീല്‍ സ്വീകരിക്കുന്നതിന് നന്ദി പറഞ്ഞു. അതേസമയം, അക്രമം ഭയന്ന് സ്വന്തം നാടുകളില്‍ നിന്ന് പലയാനം ചെയ്യുന്ന മധ്യഅമേരിക്കക്കാരോട് യുഎസിലേയ്ക്ക് പ്രവേശിക്കുവാന്‍ ശ്രമിക്കരുതെന്ന് പറയുകയും ചെയ്തു. വെനീസുവേലന്‍ കുടിയേറ്റക്കാര്‍ക്ക് അധികമായി 10 മില്യന്‍ ഡോളര്‍ നല്‍കുമെന്ന് പറഞ്ഞു. ഇതില്‍ 1.2 മില്യന്‍ ഡോളര്‍ ബ്രസീലിനായിരി ക്കും. മധ്യ അമേരിക്കക്കാര്‍ അവരുടെ സ്വന്തം നാട്ടില്‍ ജീവിതം മെച്ചപ്പെടുത്തണം.

ബ്രസീലിയന്‍ പ്രസിഡന്റ് മിച്ചല്‍ ടെമറുമായി കുടിക്കാഴ്ച നടത്തിയതിനുശേഷം താന്‍ തന്റെ ഹൃദയത്തില്‍ നിന്ന് മധ്യ അമേരിക്കക്കാരോട് സംസാരിക്കുകയാണ്. അമേരിക്കയിലേയ്ക്ക് കടക്കുവാന്‍ ശ്രമിച്ച് നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും ജീവന്‍ അപകടത്തിലാക്കരുത്. അതിര്‍ത്തി കടക്കുവാന്‍ ശ്രമിക്കുമ്പോള്‍ മയക്കുമരുന്ന്, മനുഷ്യക്കള്ളക്കടത്തുകാരുടെ കൈയില്‍ പെടാനാണ് സാധ്യത. നിയമപരമായി വരാന്‍ കഴിയില്ലെങ്കില്‍ വരേണ്ട എന്ന് വയ്ക്കുക-പെന്‍സ് ഉപദേശിച്ചു. സാവോ പൗലോയില്‍ നിന്ന് പെന്‍സ് നേരെ പോകുന്നത് ഇക്വഡോറിലേയ്ക്കാണ്. ഇവിടെ നിന്നും ധാരാളം പേര്‍ പലായനം നടത്തുന്നതി നാല്‍ ഉപദേശം ആവര്‍ത്തിച്ചു എന്നുവരാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക