Image

മുതിര്‍ന്നവര്‍ മാതൃകകളാവണം (ഡി. ബാബുപോള്‍)

Published on 28 June, 2018
മുതിര്‍ന്നവര്‍ മാതൃകകളാവണം (ഡി. ബാബുപോള്‍)
ഒരു തഹശീല്‍ദാര്‍ ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ ധര്‍മ്മാരങ്ങള്‍ വീട്ടുവിശേഷങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ മക്കളുടെ പഠനത്തെക്കുറിച്ചും ഒരു അപ്‌ഡേറ്റ് നല്‍കി. “രാമന്‍കുട്ടിക്ക് ഇന്ന് രണ്ട് അടി കിട്ടി. നമ്മുടെ ആ കൃഷ്ണന്റെ മകന്‍ അര്‍ജ്ജുനന്റെ പെന്‍സില്‍ മോഷ്ടിച്ചതിന്.” തഹശീലദ്യം മകനെ വിളിച്ച് വിചാരണ ചെയ്തു. ഒടുവില്‍ പറഞ്ഞു: “മേലാല്‍ മോഷ്ടിക്കരുത്. അപ്പഴപ്പോള്‍ മക്കള്‍ അച്ഛനോട് പറഞ്ഞാല്‍ മതി. അച്ഛന്‍ ആഫീസില്‍ നിന്ന് എടുത്തുകൊണ്ടുവരാം, കേട്ടോ”.

ആ കുട്ടി എന്ത് പാഠമാണ് പഠിക്കുന്നത്? പിടിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് മോഷ്ടിക്കരുത്. സര്‍ക്കാരിലാവുമ്പോള്‍ പല പെന്‍സിലുകള്‍ ഉള്ളതില്‍ ഒന്ന് എടുത്താല്‍ ആരും ശ്രദ്ധിക്കാന്‍ പോകുന്നില്ല. ഒരു വ്യക്തിയുടെ മുതല്‍ മോഷ്ടിച്ചാല്‍ ഉടന്‍ പരാതിയും അന്വേഷണവും ഉണ്ടാകും. പൊതുമുതല്‍ ഒതുക്കത്തില്‍ മോഷ്ടിച്ചാല്‍ ആരും അറിയുകയില്ല.

ക്രിസ്തുഭഗവാന്‍ പണ്ടു പറഞ്ഞു, മനം തിരിഞ്ഞ് ശിശുക്കളെപ്പോലെ ആകാത്തവന്‍ മോക്ഷം പ്രാപിക്കയില്ല.

എന്താണ് ശിശുവിന്റെ പ്രത്യേകതകള്‍. ഒന്നാമത് അകന്മഷത, സംശുദ്ധമായ മനസ്സ്, ആരോടും പകയില്ല. രണ്ടാമത് അച്ഛനിലുള്ള പൂര്‍ണ്ണവിശ്വാസം. അച്ഛനെക്കാള്‍ ഉറപ്പുള്ള പാറയില്ല. മൂന്നാമത് അച്ഛനെ അനുകരിക്കുക.

നാം നിഷ്ക്കളങ്കത ലഭ്യമാക്കണം. എളുപ്പമല്ല എങ്കിലും ശ്രമിക്കണം. ഓരോ ദിവസവും രാവിലെ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുന്‍പ് പ്രാര്‍ത്ഥിക്കുക: “സകലത്തിന്റെയും ഉടയവന്‍ ആയ ഈശ്വരാ, ഈ ദിവസത്തില്‍ പാപമലിനതകള്‍ കൂടാതെ നീതിയില്‍ പരിപാലിക്കുവാന്‍ എന്നെ യോഗ്യനാക്കണമേ”. വൈകിട്ട് ഉറങ്ങുവാന്‍ പോകുമ്പോള്‍ ഈശ്വരനെ ധ്യാനിച്ച് കഴിഞ്ഞുപോയ പകല്‍ വിലയിരുത്തുക. അറിഞ്ഞുചെയ്ത തെറ്റുകളും അറിയാതെ വന്നുപോയ അബദ്ധങ്ങളും ഈശ്വരസന്നിധിയില്‍ സമര്‍പ്പിക്കുക. കുചേലന്റെ അവില്‍ കണക്കെ നമുക്ക് ചെയ്യാന്‍ കഴിഞ്ഞ സത്കൃത്യങ്ങളും ഓര്‍ക്കാം. ശേഷം ഈശ്വരസാന്നിദ്ധ്യം മനസ്സാ അനുഭവിച്ച് പ്രാര്‍ത്ഥിക്കുക: “ഈശ്വരാ ഇന്ന് അങ്ങ് എനിക്ക് അനുവദിച്ചുതന്ന ആയുസ്സിനെപ്രതി ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. ഈ ദിവസം അങ്ങയുടെ പ്രതിപുരുഷനായി ചില നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ അങ്ങ് എന്നെ അനുവദിച്ചുവല്ലോ. എന്നാല്‍ ഞാന്‍ ചില തെറ്റുകള്‍ ചെയ്തുപോയി. മാപ്പാക്കണം. ഇനി അങ്ങനെ ചെയ്യാതിരിക്കാന്‍ എന്നെ ബലപ്പെടുത്തണം. അറിയാതെ ചെയ്ത ചില അബദ്ധങ്ങളില്‍ ഞാന്‍ വീണുപോയി. ഇനി അങ്ങനെ സംഭവിക്കാതെ അങ്ങ് എന്റെ രക്ഷകര്‍ത്താവായിരിക്കണം”. ഇങ്ങനെ നിത്യവും ചെയ്തു ശീലിച്ചാല്‍ നാം നിഷ്ക്കളങ്കതയിലേക്കുള്ള തീര്‍ത്ഥാടനം തുടങ്ങിക്കഴിഞ്ഞു.

മോഷണത്തെക്കുറിച്ച് തെറ്റായ പാഠം പഠിപ്പിക്കുന്ന ഒരു തഹശീല്‍ദാരുടെ കഥ പറഞ്ഞുവല്ലോ. അത്തരം സംഗതികള്‍ ഒഴിവാക്കണം. ഒപ്പം നല്ല മാതൃകകള്‍ മക്കള്‍ക്ക് കൊടുക്കുകയും വേണം.

എന്റെ അച്ഛന്‍ പറയാതെ പറഞ്ഞുതന്ന രണ്ട് സംഗതികള്‍ കുറിക്കട്ടെ.

പൊതുവേ മാനംമര്യാദയായി കഴിഞ്ഞ ഒരു ബാല്യകാലം. സ്വാഭാവികമായും എനിക്ക് അടിയൊന്നും കൊള്ളേണ്ടി വന്നില്ല. ഒരിക്കലൊഴിച്ച്. അന്ന് ഏഴോ എട്ടോ വയസ്സ് പ്രായം. യുദ്ധം കഴിഞ്ഞ് ഏറെ ആയിട്ടില്ല. സ്വാതന്ത്ര്യം കിട്ടി. റിപ്പബ്ലിക് ആയില്ല. ദാരിദ്ര്യം നാട്ടില്‍ നടമാടിയിരുന്നു. സര്‍ക്കാരിന്റെ നെല്ലെടുപ്പും പൊതുവിതരണവും ഉണ്ട്. അത്യാവശ്യക്കാര്‍ക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റ് കൊടുക്കാന്‍ നാട്ടിലെ മാന്യന്മാരെ സര്‍ക്കാര്‍ അധികാരപ്പെടുത്തി. സര്‍ക്കാരിന് ശമ്പളം ലാഭം. എന്റെ അച്ഛന് ആ അധികാരം ഉണ്ടായിരുന്നു. അതുകൊണ്ട്, അച്ഛന്‍ ഞങ്ങളുടെ നെല്ല് സര്‍ക്കാരിലേക്ക് അളക്കുകയും സര്‍ക്കാരിന്റെ റേഷന്‍ കൊണ്ടു മാത്രം ജീവിക്കുകയും ചെയ്തുവന്നു. ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററും വൈദികനും ആയിരുന്നതിനാല്‍ സ്വാഭാവികമായും ചുറ്റുവട്ടത്തുള്ളവര്‍ക്ക് മാതൃക ആകാന്‍ ശ്രമിച്ചു അച്ഛന്‍.

ചോളക്കഞ്ഞി കുടിക്കേണ്ടു വന്നു ഒരിക്കല്‍. ഇന്നത്തെപ്പോലെ യന്ത്രങ്ങളൊന്നുമില്ല ചോളം പൊടിച്ചെടുക്കാന്‍. പുകയടുപ്പ് ഉപയോഗിച്ച് പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പ്രയാസം. അതുകൊണ്ടാവണം കഞ്ഞി വച്ചത്. അച്ഛന്‍ ഒരറ്റത്ത് കസേരയില്‍. അനിയനും (കെ. റോയ് പോള്‍ ഐ.എ.എസ്) ഞാനും ഓരോ സ്റ്റൂളില്‍ ഇരുവശത്തുമായി. അച്ഛന്റെ ഇടതുവശത്താണ് ഞാന്‍. ചോളക്കഞ്ഞി എനിക്ക് ഇഷ്ടപ്പെട്ടില്ല. ഞാന്‍ ചിണുങ്ങി. കരഞ്ഞോ, പരാതിപ്പെട്ടോ? ഓര്‍മ്മയില്ല. അച്ഛന്റെ കൈ എന്റെ തലയുടെ പിന്‍ഭാഗത്ത്. വടക്കന്‍ തിരുവിതാംകൂറിലെ വാക്ക് ‘കിഴുക്ക്’ എന്നാണ്. ഞാന്‍ പൊട്ടിക്കരഞ്ഞു. എനിക്ക് അച്ഛനെ വലിയ ഇഷ്ടമായിരുന്നു. അച്ഛന് എന്നെയും ഇഷ്ടമായിരുന്നില്ലേ? എന്നിട്ടും കിഴുക്ക്. വേദനയേക്കാള്‍ സങ്കടം ആയിരുന്നു കൂടുതല്‍. “ഈ നാട്ടില്‍ എല്ലാവര്‍ക്കും കഴിക്കാം. നിനക്കുമാത്രം വയ്യ. മിണ്ടാതിരുന്ന് കുടിച്ചിട്ട് എഴുന്നേറ്റ് പോടാ”.

രുചികരമായ ഭക്ഷണം ഇഷ്ടമാണെങ്കിലും മുന്നില്‍ കാണുന്നതെന്തും പിറുപിറുപ്പും പരാതിയും ഇല്ലാതെ കഴിക്കാന്‍ ഞാന്‍ പഠിച്ചത് ഈ സംഭവം മൂലമാണെന്ന് തോന്നുന്നു. മുപ്പത്തഞ്ച് വര്‍ഷം ഒരുമിച്ച് ജീവിച്ച സ്വര്‍ഗ്ഗസ്ഥ പത്‌നി ഒരിക്കല്‍പ്പോലും ഭക്ഷണത്തെക്കുറിച്ച് ഭര്‍ത്താവിന്റെ പരാതി കേട്ടിട്ടില്ല.

പഴയ ചോളക്കഞ്ഞിയുടെ പാഠം ഇന്നും എനിക്ക് ഗുണം ചെയ്യുന്നുണ്ട്. അമ്മയോ സഹോദരിയോ വേലക്കാരിയോ (തുണ സഹോദരി എന്ന് വിളിക്കണം) എത്ര പാടുപെട്ടാണ് ഓരോന്ന് ഉണ്ടാക്കി വിളമ്പുന്നത്? നന്നായാല്‍ അനുമോദിക്കണം. മോശമായാല്‍ പരിഭവവും പരാതിയും പറയരുത്.

മറ്റൊന്ന് കുറെക്കൂടെ മുതിര്‍ന്നിട്ടാണ് 1953. അച്ഛന്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന പെരുമ്പാവൂര്‍ കുറുപ്പംപടി എം.ജി.എം. ഹൈസ്കൂളില്‍ ആയിരുന്നു ഞാന്‍ പഠിച്ചുവന്നത്. പെരുമ്പാവൂരില്‍ കുറെക്കൂടെ പ്രശസ്തമായ ഒരു പള്ളിക്കൂടം ഉണ്ടായിരുന്നു. ഒരു ബോര്‍ഡിംഗ് സ്കൂള്‍. ആശ്രമം ഹൈസ്കൂള്‍ എന്ന് പേര്. എന്നോടൊപ്പം രണ്ടാംക്ലാസ് തൊട്ട് പഠിച്ചുവന്ന രാജുവിനെ ആ സ്കൂളിലേക്കാണ് മാതാപിതാക്കള്‍ അയച്ചത്. അപ്പോള്‍ എനിക്കും തോന്നി അങ്ങോട്ട് മാറണം എന്ന്. അച്ഛന്റെ മുന്‍പാകെ ആവശ്യം അവതരിപ്പിച്ചു. അച്ഛന്‍ പറഞ്ഞ മറുപടി: “നിന്നെ ആശ്രമത്തില്‍ പഠിക്കാന് വിട്ടിട്ട് പിന്നെ എന്ത് ന്യായത്തിലാണ് മറ്റ് കുട്ടികളെ ഞാന്‍ ഈ പള്ളിക്കൂടത്തില്‍ ചേര്‍ക്കുന്നത്?” സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളഇലെ അദ്ധ്യാപകരുടെ യോഗങ്ങളില്‍ ഞാന്‍ പലപ്പോഴും ഉയര്‍ത്താറുള്ള ഒരു വെല്ലുവിളിയാണ് ഇത്. മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും ഗുരുസ്ഥാനീയര്‍ക്കും വലിയ ഉത്തരവാദിത്തം ഉണ്ട് നല്ല മാതൃകകള്‍ ആയിരിക്കുക.

ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ ആണ് എഞ്ചിനീയറിംഗിന് മുന്‍പുള്ള രണ്ട് വര്‍ഷം ഞാന്‍ പഠിച്ചത്. പില്‍ക്കാലത്ത് രാഷ്ട്രപതിയായിരുന്ന രാധാകൃഷ്ണനൊപ്പം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ പഠിച്ച് ഒന്നാം റാങക് പങ്കിട്ട കെ.സി. ചാക്കോയും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് തുടങ്ങിയ സ്ഥാപനം. ക്രിസ്തുധര്‍മ്മ പ്രചോദിതം, ഭാരതീയതയില്‍ അധിഷ്ഠിതമായ ദേശീയ ബോധം, മാനുഷ്യകം അഥവാ മാനവികതയോടുള്ള പ്രതിബദ്ധത എന്നീ സംഗതികളാണ് ആ സരസ്വതീക്ഷേത്രത്തെ അടയാളപ്പെടുത്തിയിരുന്നത്. തുടക്കം മുതല്‍ ഇന്നും പ്രവേശനത്തിനും നിയമനത്തിനും കോഴ വാങ്ങിക്കാത്ത ധര്‍മ്മസ്ഥാനം. അവിടെ ഒരു അദ്ധ്യാപകന്‍. തോമസ്, ഒന്നാം ക്ലാസ്സും, ഒന്നാം റാങ്കും നേടിയ വ്യക്തി. പ്രശസ്തനായ ഒരു ക്രൈസ്തവ നേതാവിന്റെ പുത്രന്‍. സാഹിത്യത്തില്‍ കമ്പം ഉണ്ടായിരുന്ന ഒരു യുവനിരൂപകന്‍. എല്ലാംകൊണ്ടും വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥികളുടെ ആരാധനാപാത്രം. പിരിച്ചുവിട്ടു. എന്തിനെന്നോ? കാമ്പസില്‍ സിഗരറ്റ് വലിച്ചതിന്. ഇന്നാണെങ്കില്‍ കേസും പുക്കാറും ഒക്കെ ഉണ്ടായേനേ. പണ്ടും വിപ്ലവം കുറവായിരുന്നില്ല ആ കുന്നില്‍. കുറ്റിപ്പുഴ കൃഷ്ണപിള്ള അദ്ധ്യാപകനായും പി. ജി, പി. കെ. വി., ചിത്തരഞ്ജന്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളായും ഇടതുപക്ഷത്തിന്റെ മുദ്ര ചാര്‍ത്തിയ ഇടം. ഒരിലയും അനങ്ങിയില്ല. അദ്ധ്യാപകന്‍ മാതൃകയായിരിക്കണം എന്ന പാഠം എല്ലാവര്‍ക്കും അംഗീകരിക്കാനായി.

ചുരുക്കിപ്പറഞ്ഞാല്‍, മൂല്യങ്ങള്‍ പഠിക്കുന്നത് മാതൃകകള്‍ കണ്ടിട്ടാവണം. വിദ്യാഭ്യാസം വഴി പരിചയപ്പെടുത്താം. ആചാര്യാല്‍ പാദ്യമാദത്തേ. അറിവിന്റെ നാലിലൊന്ന് ആണ് ആ വഴി കിട്ടുക മാത്രമല്ല പുകവലിയുടെ ദോഷങ്ങള്‍ പാഠപുസ്തകം വഴി അറിയാന്‍ കഴിയും. അത് പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ പുക വലിച്ചാലോ? ഏട്ടിലപ്പടി വയറ്റിലിപ്പിടി എന്നാണ് തോന്നുക. അതുകൊണ്ട് മുതിര്‍ന്നവര്‍-മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, ഗുരുസ്ഥാനീയര്‍-മൂല്യാധിഷ്ഠിത സമീപനങ്ങളുടെ മാതൃകകളായി വര്‍ത്തിക്കാതെ സമൂഹത്തിന് മൂല്യബോധം കൈവരിക്കയില്ല.
Join WhatsApp News
MATHEW ALEX 2018-06-30 15:30:17
thank you very much for the information / article.  Appreciate you. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക