Image

രാജിവച്ച നടിമാര്‍ക്ക്‌ പൂര്‍ണപിന്തുണയുമായി പൃഥ്വിരാജ്‌

Published on 29 June, 2018
രാജിവച്ച നടിമാര്‍ക്ക്‌ പൂര്‍ണപിന്തുണയുമായി പൃഥ്വിരാജ്‌


ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു നടിമാര്‍ `അമ്മ'യില്‍ നിന്നു രാജി വച്ചതു മുതല്‍ ഏവരും ഉറ്റുനോക്കുന്ന ഒന്നായിരുന്നു ഈ വിഷയത്തില്‍ പൃഥ്വിരാജിന്റെ പ്രതികരണം. ഒടുവില്‍ പൃഥ്വി തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. രാജിവച്ച നടിമാര്‍ക്ക്‌ പൂര്‍ണപിന്തുണയും പൃഥ്വിരാജ്‌ അറിയിച്ചു.


ഗീതു മോഹന്‍ദാസ്‌, രമ്യ, റിമ കല്ലിങ്കല്‍, ഭാവന എന്നിവരെ പൂര്‍ണമായും മനസിലാക്കിയ ഒരു വ്യക്തിയാണ്‌ താന്‍. അമ്മയില്‍ നിന്നു രാജി വയ്‌ക്കാനുള്ള അവരുടെ തീരുമാനത്തെ താന്‍ അഭിനന്ദിക്കുന്നു. ഞാന്‍ അവര്‍ക്കൊപ്പമാണ്‌. അവരെ വിമര്‍ശിക്കുന്ന പലരും ഉണ്ടാകും. അതൊക്കെ അവരുടെ കാഴ്‌ചപ്പാടുകളാണ്‌. അതാണ്‌ അവരുടെ തെറ്റും ശരിയും.


എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മിണ്ടാതിരിക്കുന്ന സ്വഭാവം എനിക്കില്ല.പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത്‌ പറഞ്ഞിരിക്കും. ഷൂട്ടിങ്ങ്‌ തിരക്കുകള്‍ മൂലമാണ്‌ അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്‌. എന്റെ സമ്മര്‍ദ്ദം മൂലമല്ല, ദിലീപിനെ പുറത്താക്കിയത്‌. ആ ക്രെഡിറ്റ്‌ എനിക്കു വേണ്ട. ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനം അമ്മയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ചെടുത്തതാണ്‌.


മലയാള സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിവുള്ള സംഘടനയാണ്‌ അമ്മ. ഞാന്‍ അമ്മയില്‍ അംഗമാണെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരുപാട്‌ നടന്‍മാരെയും നടിമാരെയും അമ്മ സഹായിച്ചിട്ടുണ്ട്‌. ഇതു വരെ ദിലീപനൊപ്പം അഭിനയിക്കാന്‍ എന്നെയാരും ക്ഷണിച്ചിട്ടില്ല. അങ്ങനെയൊരു അവസരം വന്നാല്‍ ആലോചിച്ചു തീരുമാനിക്കും.


എന്റെ ജീവിതത്തില്‍ തന്നെ ഏറ്റവും സങ്കടകരമായ സംഭവമാണ്‌ അത്‌. ഇപ്പോഴും ആ വേദനയില്‍ നിന്നു മുക്തനായിട്ടില്ല. എന്റെ അടുത്ത സുഹൃത്താണ്‌ ആക്രമിക്കപ്പെട്ടത്‌. അവരുടെ ധൈര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു. `ദ്‌ വീക്കി'നു നല്‍കിയ അഭിമുഖത്തിലാണ്‌ പൃഥ്വിരാജ്‌ ഇക്കാര്യം തുറന്നു പറഞ്ഞത്‌.












Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക