Image

മോഹന്‍ നായര്‍: വ്യവസായ വിജയത്തിന്റെ രസതന്ത്രം അറിഞ്ഞ പ്രവാസി (പി. ശ്രീകുമാര്‍)

പി. ശ്രീകുമാര്‍ Published on 29 June, 2018
മോഹന്‍ നായര്‍: വ്യവസായ വിജയത്തിന്റെ രസതന്ത്രം അറിഞ്ഞ പ്രവാസി (പി. ശ്രീകുമാര്‍)
റോഡ നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നന്ദേശ്വരി വ്യവസായ പാര്‍ക്ക് ഗുജറാത്തിന്റെ വ്യവസായ മുഖങ്ങളില്‍ ഒന്നാണ്. കെമിക്കല്‍ കമ്പനികളുടെ ആസ്ഥാനം. ചെറുതും വലുതുമായി 200 ലധികം കമ്പനികളാണ് ഇവിടെ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വ്യവസായം നടത്തുന്നത്.

ഗുജറാത്തില്‍, പ്രത്യേകിച്ച് ബറോഡയില്‍ ആവശ്യങ്ങളുമായി എത്തുന്ന മലയാളികള്‍ക്ക് ഒഴിവാക്കാനാവാത്ത യാത്രയാണ് നന്ദേശ്വരിയിലേക്ക്. ഗുജറാത്ത് മലയാളികളുടെ അഭിമാനമായ മോഹന്‍ നായരെ കാണുക മാത്രമാകും പലരുടേയും ലക്ഷ്യം. സാംസ്കാരിക നായകന്മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ആദ്ധ്യാത്മിക ഗുരുക്കന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍.... ഗുജറാത്തില്‍ മോഹന്‍ നായരുടെ ആതിഥേയത്വം സ്വീകരിക്കാത്തവര്‍ ചുരുങ്ങും. പ്രശ്‌നം എന്തായാലും പ്രതിവിധിയും സഹായവും ഉറപ്പ്. അതിനാലാണ് എല്ലാവരും നന്ദേശ്വരിയില്‍ എത്തുന്നത്.
ഗുജറാത്തിലെ മറ്റൊരു മലയാളി വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹരി ഭായി നായര്‍ക്കൊപ്പം അഹമ്മദാബാദില്‍നിന്ന് കാര്‍ മാര്‍ഗ്ഗമായിരുന്നു നന്ദേശ്വരിയിലേക്കുള്ള യാത്ര. 144 കിലോമീറ്റര്‍ രണ്ട് മണിക്കുര്‍കൊണ്ട് എത്തുമെന്നാണ് ഗൂഗിള്‍ മാപ്പ് പറഞ്ഞത്. 10 മിനിറ്റെങ്കിലും നേരത്തെ എത്തുമെന്ന് ഹരി. നരേന്ദ്ര മോദിയുടെ ഗുജറാത്ത് വികസന മാതൃകയുടെ മാതൃകയായി ചൂണ്ടിക്കാട്ടാറുള്ള അഹമ്മദാബാദ്ബറോഡ ഹൈവെയെ വിശ്വാസത്തിലെടുത്താണ് ഹരി ഉറപ്പുപറഞ്ഞത്. പതിറ്റാണ്ടായി ഒപ്പമുള്ള സാരഥി ജഗദീഷിന്റെ സൂക്ഷ്മതയില്‍ ഉറപ്പുള്ളതിനാല്‍ കാറില്‍ കയറിയ ഉടന്‍ ഹരിഭായി ഉറക്കത്തിലേക്ക് പോയി. സ്ഥലം അടുക്കാറാകുമ്പോള്‍ വിളിച്ചാല്‍ മതി എന്ന മുന്നറിയിപ്പോടെ. 

നന്ദേശ്വരിലെത്തിയപ്പോള്‍ വിളിക്കേണ്ടിവന്നില്ല. സ്ഥലം എത്തിയല്ലേ എന്നുപറഞ്ഞ് ഹരി ഉണര്‍ന്നു. രാസപദാര്‍ത്ഥങ്ങളുടെ മണമാണ് ഹരിയെ അര്‍ധമയക്കത്തില്‍നിന്ന് ഉണര്‍ത്തിയത്.അതെ, രാസവസ്തുക്കളുടെ രൂക്ഷഗന്ധമാണ് നന്ദേശ്വരിയിലേക്ക് എത്തുന്നവരെ സ്വീകരിക്കുക. പറഞ്ഞതുപോലെ 10 മിനിറ്റ് മുന്‍പുതന്നെ എത്തി. നിരനിരയായി നില്‍ക്കുന്ന കമ്പനികള്‍. ഗേറ്റുകള്‍ക്കു മുന്നിലെ ചെറിയ ബോര്‍ഡുകള്‍ക്കപ്പുറം തിരിച്ചറിയല്‍ സൂചികകള്‍ ഒന്നുമില്ല. എന്നാല്‍ ഒരു കമ്പനിയുടെ മാത്രം പേരെഴുതിയ കൂറ്റന്‍ ബോര്‍ഡ് വളരെ ദൂരെനിന്നുതന്നെ കാണാം ശബരി കെമിക്കല്‍സ്.
നന്ദേശ്വരിയിലെ തലയെടുപ്പുള്ള സ്ഥാപനം. മൂന്നര പതിറ്റാണ്ടായി ഗുജറാത്തിലെ കെമിക്കല്‍ വ്യവസായ രംഗത്തെ വിശ്വസ്ത നാമധേയം. ടൈപ്പിസ്റ്റായി തുടങ്ങി കോടികളുടെ ആസ്തിയുള്ള വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായി മാറിയ മോഹന്‍ നായര്‍, പിന്നിട്ട പ്രാരബ്ധ വഴികളും വിജയപാഥയും് പങ്കുവയ്ക്കുന്നു.

ശമ്പളത്തിന്റെ നൂറിരട്ടി സമ്മാനം
കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിയായ അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍, ഗുജറാത്തില്‍ മഫത്ത്‌ലാല്‍ കമ്പനിയിലെ ചെറിയ ജോലിക്കാരനായിരുന്നു. അമ്മ ശാരദ കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിയും. മൂന്നു സഹോദരിമാര്‍ ഉള്‍പ്പെട്ട അഞ്ചംഗ കുടുംബം അച്ഛന്‍ അയച്ചുതരുന്ന ചെറിയ തുകകൊണ്ട് ഞെങ്ങി ഞെരുങ്ങിയാണ് കഴിഞ്ഞിരുന്നത്. സ്ക്കൂളുകള്‍ മാറി മാറിയായിരുന്നു പഠനം. ഫീസിളവായിരുന്നു പലപ്പോഴും സ്ക്കൂള്‍ മാറ്റത്തിന് അടിസ്ഥാനം. പത്താം ക്ലാസ് പാസാകാന്‍ കോഴിക്കോട്ടും കോട്ടയത്തുമായി പഠിച്ചത് ഏഴ് സ്ക്കൂളുകളില്‍! പത്താം ക്ലാസിനുശേഷം പഠനം അഹമ്മദാബാദിലേക്ക്. അച്ഛനൊപ്പം താമസിച്ച് പഠിക്കുന്നതിനിടെ ചെറിയ ജോലി ചെയ്ത് വരുമാനം നേടുകയായിരുന്നു ലക്ഷ്യം.
നല്ല ഒരു കമ്പനിയില്‍ ടൈപ്പിസ്റ്റായി പണികിട്ടി. മാസശമ്പളം 150 രൂപ. പഠനത്തിനും ഭക്ഷണത്തിനും ധാരാളം. ബികോം മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ പരീക്ഷയ്ക്ക് തയ്യാറാകാനായി കുറച്ചു മാസത്തെ അവധി ചോദിച്ചപ്പോള്‍, മദ്രാസി എന്തിന് കൂടുതല്‍ പഠിക്കണം. ടയര്‍ ഒട്ടിക്കാനും ടൈപ്പ് ചെയ്യാനും പഠനം വേണോ എന്നായിരുന്നു സ്ഥാപന മേധാവിയുടെ മറുചോദ്യം. ജോലി രാജിവച്ച് പഠനത്തില്‍ മുഴുകി. ഫലം വന്നപ്പോള്‍ ബികോം പരീക്ഷയില്‍ സംസ്ഥാനത്തെ ഒന്നാം റാങ്ക്. ആ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി. പത്രങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍, അവധി നിഷേധിച്ച സ്ഥാപന ഉടമ വിളിച്ചു. കമ്പനി അനുമോദന യോഗം ചേരുന്നു. എത്തണം എന്നുപറഞ്ഞു. രാജിവച്ചിറങ്ങിയ സ്ഥാപനത്തിലേക്ക് അഭിമാനത്തോടെ ചെന്നു. അനുമോദനങ്ങള്‍ക്കുശേഷം, സമ്മാനമെന്നു പറഞ്ഞ് കൈയിലേക്ക് ഒരു കവര്‍ നീട്ടി. പഠിക്കാന്‍ എന്താവശ്യം വന്നാലും ചോദിക്കാന്‍ മടിക്കേണ്ട എന്ന വാക്കുകളും. വീട്ടിലെത്തി കവര്‍ പൊട്ടിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്. 15000 രൂപ. ശമ്പളത്തിന്റെ നൂറിരട്ടി. മറ്റൊരു കണക്കില്‍ പറഞ്ഞാല്‍ ഏഴുവര്‍ഷത്തെ ശമ്പളം ഒന്നിച്ച്. വിദ്യാഭ്യാസത്തിന്റെ ശക്തി, ഗുജറാത്തികളുടെ മഹത്വം എന്നിവ ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. എംകോമും സിഎയും മികച്ച രീതിയില്‍ പാസായി,

ഒരു നൈജീരിയന്‍ ദുരന്തം
സിഎ പഠിച്ചറങ്ങിയ ഉടന്‍ സീമാ ബള്‍ബ്‌സ് കമ്പനിയില്‍ കോമേഴ്‌സ്യല്‍ മാനേജരായി ജോലിയില്‍ പ്രവേശിച്ചു. നൈജീരിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബ്രിട്ടീഷ് കമ്പനിക്ക് സീമാ ബള്‍ബ്‌സിന്റെ ഒരു പ്രോജക്ട് കോപ്പി വേണം. അച്ഛന്റെ ശുപാര്‍ശയോടെ എന്നെ സമീപിച്ചു. കമ്പനിയുടെ പ്രോജക്ടിന്റെ പകര്‍പ്പ് കൊടുക്കുക സാധ്യമല്ലായിരുന്നു. പ്രോജക്ട് വായിച്ചശേഷം സ്വന്തമായി ഒരു പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊടുത്തു. പ്രോജക്ട് ഇഷ്ടപ്പെട്ടു എന്നുമാത്രമല്ല, നൈജീരിയയില്‍ എത്തി കമ്പനിയുടെ ഫിനാന്‍സ് മാനേജരായി ജോലി ചെയ്യണമെന്ന ആവശ്യവും ഉണ്ടായി. സ്വപ്നം കാണാനാകാത്ത ശമ്പളമായിരുന്നു വാഗ്ദാനം. പിന്നെ നൈജീരിയിലേക്ക്. പറഞ്ഞ ശമ്പളത്തിനു പുറമെ 100 ഡോളര്‍ അലവന്‍സ്, കൊട്ടാരം പോലുള്ള വീട്, പരിചാരകര്‍, രണ്ട് കാര്‍. രാജകീയ ജീവിതം. പക്ഷേ ഏറെനാള്‍ നീണ്ടില്ല. ആഭ്യന്തര പ്രശ്‌നങ്ങള്‍ അവിടുത്തെ പൊതുജീവിതത്തെ കലുഷിതമാക്കി. ക്രമസമാധാനം തകര്‍ന്നു. അരാജകത്വം ഉടലെടുത്തു. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടിക്കുന്ന രണ്ട് സംഭവങ്ങള്‍.
''പണമിടപാടെല്ലാം കാശായിട്ടാണ്. ഫിനാന്‍സ് മാനേജര്‍ എന്ന നിലയില്‍ കാശ് കൈകാര്യ ചെയ്യുന്നത് ഞാനും. ജോലി ചെയ്യുന്ന സ്ഥലത്ത് സുരക്ഷിതത്വം കുറവുണ്ടെന്നു തോന്നി കമ്പനിയുടെ മറ്റൊരു ഓഫീസിലാണ് പണം സൂക്ഷിക്കുക. എല്ലാ ദിവസവും അവിടെ പോയി പണം എടുത്തുകൊണ്ട് വരും. കാറില്‍ എപ്പോഴും പണം അടങ്ങിയ പെട്ടി കാണും. െ്രെഡവര്‍ക്കും എനിക്കുമേ ഇതറിയാവു. ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങവേ ഗുണ്ടാ സംഘം കാര്‍ വളഞ്ഞു. തോക്കു ചൂണ്ടി പണപ്പെട്ടി എടുക്കാന്‍ ആവശ്യപ്പെട്ടു. പേഴ്‌സിലും പോക്കറ്റിലുമുണ്ടായിരുന്ന പണം കൊടുത്തപ്പോള്‍ എന്നെ വലിച്ചിറക്കി റോഡില്‍ കമഴ്ത്തി കിടത്തി. പുറത്ത് തോക്ക് കുത്തിപ്പിടിച്ചിട്ടുണ്ട്. കാറു മുഴുവന്‍ പരതി. അവര്‍ക്ക് പണപ്പെട്ടി കിട്ടിയില്ല. അന്ന് ഓഫീസില്‍ ജോലി അല്‍പം കൂടുതലുണ്ടായിരുന്നതിനാല്‍ പണപ്പെട്ടി െ്രെഡവര്‍ വശം നേരത്തെ കൊടുത്തുവിട്ടിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും സംഭവം വലിയ മാനസിക ആഘാതമാണ് ഏല്‍പ്പിച്ചത്. വീട്ടിലെത്തി കതകുകളും ജനലുകളും അടച്ച് അകത്തിരുന്നു. പുറത്തേക്കു നോക്കാന്‍ പോലും ഭയം. പനിയും പിടിച്ചു. സാധാരണനിലയിലാകാന്‍ ഒരുമാസമെടുത്തു. നാട്ടിലേക്ക് തിരിച്ചുപോരണമെന്ന് ആഗ്രഹിച്ചെങ്കിലും കമ്പനി അധികൃതരുടെ നിര്‍ബന്ധത്തിനു വഴങ്ങി. പിന്നീട് ഒരിക്കല്‍ മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം വിമാനത്താവളത്തിലേക്ക് പോകവേ ഗുണ്ടാ സംഘം കാര്‍ വളഞ്ഞു. കാറിലുണ്ടായിരുന്ന 60000 രൂപയും എല്ലാവരുടേയും വാച്ചും പേഴ്‌സും കൊള്ളയടിച്ചു. ഇതിനുശേഷം ഒന്നും ആലോചിച്ചില്ല. മോഹിപ്പിക്കുന്ന ശമ്പളമല്ല, വിലപ്പെട്ട ജീവനാണ് പ്രധാനമെന്ന് തീരുമാനിച്ച് നാട്ടിലേക്ക് മടങ്ങി.''

ശബരി കെമിക്കല്‍സ്
സഹോദരീ ഭര്‍ത്താവാണ് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ കര്‍മ്മരംഗം കെമിക്കല്‍സ് ആയതിനാല്‍ കെമിക്കല്‍ ഫാക്ടറി തുടങ്ങാന്‍ തീരുമാനിച്ചു. മൂന്നു ലക്ഷം രൂപയുടെ മൂലധനവുമായി 1983ല്‍ ശബരി കെമിക്കല്‍സിന് തുടക്കം കുറിച്ചു. സാക്ഷാല്‍ ശബരീനാഥന്റെ പേരില്‍. ബെന്‍സെയിന്‍ അസറ്റെറ്റ് എന്ന ഉല്‍പ്പന്നം മാത്രം നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം. പെര്‍ഫ്യൂം, മരുന്ന്, കൃഷി എന്നിവയ്ക്കായുള്ള 22 ഇനം രാസപദാര്‍ത്ഥങ്ങളാണ് കമ്പനി ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. അമേരിക്ക, ഈജിപ്റ്റ്, വിയറ്റ്‌നാം ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലെ കമ്പനികള്‍ ഇന്ന് ശബരിയുടെ പങ്കാളികളാണ്. കോടികളുടെ ആസ്തിയും, ശതകോടികളുടെ ബിസിനസ്സുമായി ശബരി തലയുയര്‍ത്തി നില്‍ക്കുന്നതിനുപിന്നില്‍ ഗുണനിലവാരത്തില്‍ പുലര്‍ത്തിവരുന്ന വിട്ടുവീഴ്ചയില്ലായ്മയാണെന്ന് മോഹന്‍ നായര്‍ പറയുന്നു. ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധനയും, ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനവും കമ്പനിയുടെ ഉയര്‍ച്ചയ്ക്ക് കാരണമായി. ശബരി കെമിക്കല്‍സിനു പുറമെ ശബരി അരോമാറ്റിക്‌സ്, എ ആന്‍ഡ് എഞ്ചിനീയറിംഗ്, കംഫോര്‍ട്ട് സോണ്‍, കംഫോര്‍ട്ട് കോര്‍പ്പറേഷന്‍, സ്പാര്‍ക്ക് പ്ലഗ് എന്നീ കമ്പനികളും മോഹന്‍ നായര്‍ സ്ഥാപിച്ചു. വഡോദര വിഷ്വല്‍ ആര്‍ട് സെന്റര്‍ എന്ന അഭിമാന സ്ഥാപനത്തിനു പിന്നിലും മോഹന്‍ നായരാണ്. കലാകാരനായ മകന്‍ വിനീത് നായര്‍ക്കു വേണ്ടിയായിരുന്നു അത്.

സംഘാടകന്‍, ഭാരവാഹി
ഗുജറാത്ത് വ്യവസായ വികസന കോര്‍പ്പറേഷനിലേക്ക് സര്‍ക്കാര്‍ നിയമിച്ച ഏക മലയാളിയാണ് മോഹന്‍ നായര്‍. സര്‍ക്കാരിന്റെ ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രോജക്ട് സമിതിയിലും വഡോദര കോര്‍പ്പറേഷന്റെ മെട്രോപോളിറ്റന്‍ കമ്മറ്റിയിലും അംഗമായി. ഗുജറാത്ത് എംപ്ലോയേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്, ഫെഡറേഷന്‍ ഓഫ് ഗുജറാത്ത് ഇന്‍ഡസ്ര്ട്രീസ് വൈസ് പ്രസിഡന്റ്, ഗുജറാത്ത് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി അംഗം തുടങ്ങി വിവിധ പദവികള്‍ വഹിച്ചിട്ടുള്ള മോഹന്‍ നായര്‍ ഇപ്പോള്‍ നന്ദേശ്വരി ഇന്‍ഡസ്ര്ടീസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ്, നന്ദേശ്വരി പരിസ്ഥിതി നിയന്ത്രണ ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി ചുമതലകള്‍ വഹിക്കുന്നു. മലയാളികളുമായി ബന്ധപ്പെട്ട നിരവധി ആധ്യാത്മിക സാംസ്കാരിക സംഘടനകളുടെ സാരഥിയും വഴികാട്ടിയുമാണ്. ബറോഡ നായര്‍ അസോസിയേഷന്റെ സ്ഥാപകനും, 24 വര്‍ഷമായി അതിന്റെ പ്രസിഡന്റുമാണ്. വഡോദര മാതാ അമൃതാന്ദമയീ മഠം, വഡോദര ശ്രീ അയ്യപ്പ ട്രസ്റ്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഗുജറാത്ത് മേഖല), ആള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍, ബറോഡ കേരള സമാജം, നന്ദേശ്വരി എഡ്യുക്കേഷന്‍ ട്രസ്റ്റ്, ഫെഡറേഷന്‍ ഓഫ് ഗുജറാത്ത് മലയാളി അസോസിയേഷന്‍ തുടങ്ങിയവയുടെ അധ്യക്ഷന്‍, ബിജെപി അന്യഭാഷ സെല്‍ കണ്‍വീനര്‍.... ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ഏറെ. ടൈംസ് ഗ്രൂപ്പിന്റെ നാഷണല്‍ ഗ്ലോറി ഓഫ് ഇന്ത്യാ അവാര്‍ഡ് ഉള്‍പ്പെടെ ഏറെ അംഗീകാരങ്ങളും അവാര്‍ഡുകളും ഈ പ്രവാസി മലയാളിയെ തേടിയെത്തി.

ഗുജറാത്തിലെ കമ്പനിയില്‍ ജോലി ചെയ്യവേ പ്രണയത്തിലായ ഗുജറാത്തി സ്വദേശിനി ഇളയാണ് സഹധര്‍മ്മിണി. രണ്ട് മക്കള്‍ വിനോദും വിനീതും. വിനോദ് കമ്പനികളുടെ കാര്യങ്ങള്‍ നോക്കുമ്പോള്‍, വിഷ്വല്‍ ആര്‍ട് സെന്ററുമായി വിനീത് മുന്നോട്ടുപോകുന്നു.
മോഹന്‍ നായര്‍: വ്യവസായ വിജയത്തിന്റെ രസതന്ത്രം അറിഞ്ഞ പ്രവാസി (പി. ശ്രീകുമാര്‍)മോഹന്‍ നായര്‍: വ്യവസായ വിജയത്തിന്റെ രസതന്ത്രം അറിഞ്ഞ പ്രവാസി (പി. ശ്രീകുമാര്‍)മോഹന്‍ നായര്‍: വ്യവസായ വിജയത്തിന്റെ രസതന്ത്രം അറിഞ്ഞ പ്രവാസി (പി. ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക