Image

വേലി തന്നെ വിളവു തിന്നുമ്പോള്‍: അഗസ്റ്റിന്‍ കണിയാമറ്റം (റിട്ട. ജഡ്ജി)

Published on 29 June, 2018
വേലി തന്നെ വിളവു തിന്നുമ്പോള്‍:  അഗസ്റ്റിന്‍ കണിയാമറ്റം (റിട്ട. ജഡ്ജി)
സീറോ മലബാര്‍ സഭ:ശ്ലൈഹീക പാരമ്പര്യക്കാര്‍ കുഞ്ഞാടുകളെ പാപ്പരാക്കി സഭയെ 'പരിശുദ്ധമാക്കുന്നു'

രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള സീറോ-മലബാര്‍ സഭയില്‍ ലജ്ജാകരമായ ഒരു ഭൂമി വിവാദമുണ്ടാകുന്നത് ഈയടുത്ത കാലത്താണ്. സഭാ വിശ്വാസികളാകമാനം ലജ്ജിച്ചു തലതാഴ്ത്തിയ ഒരു സംഭവമായിപ്പോയി അത്.

എന്താണ് ഇപ്രകാരമുള്ള ഒരു പാളിച്ചക്ക് കാരണം? ഇത്രയും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ സഭയില്‍ പതിനായിരക്കണക്കിന് അഭിവന്ദ്യ വൈദീകരും, കന്യാസ്ത്രീകളും, ഡസന്‍ കണക്കിന് അഭിവന്ദ്യ മെത്രാന്മാരും ഉണ്ടായിട്ടുണ്ട്. ഇവരുടെയെല്ലാം കാലത്ത് ആയിരക്കണക്കിന് വസ്തു ഇടപാടുകളും നടന്നിട്ടുണ്ട്. അന്നൊന്നും ഉണ്ടാകാത്ത ഒരു വസ്തു ഇടപാട് വിവാദം ഈ 21-ാം നൂറ്റാണ്ടില്‍ എന്തുകൊണ്ടുണ്ടായി?

സഭക്ക് തെറ്റ് പറ്റിയെന്നു സൂചിപ്പിക്കുന്നതാണല്ലോ അടുത്തകാലത്തു എറണാകുളം അങ്കമാലി രൂപതയില്‍ പുതിയ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററെ റോമില്‍ നിന്ന് നേരിട്ട് നിയമിച്ചുകൊണ്ട് ഉത്തരവായത്. സീറോ മലബാര്‍ സഭയുടെ സ്വതന്ത്ര അധികാരത്തെ മറികടന്നു കൊണ്ടാണ് ഇത്തരമൊരു നിയമനമെന്നതും ശ്രദ്ധേയമാണ്.

കുടിയേറ്റക്കാരുടെ പിതാവെന്നറിയപ്പെടുന്ന, തലശ്ശേരി രൂപതയുടെ ഭാഗ്യസ്മരണാര്‍ഹനായ പ്രഥമ മെത്രാന്‍ അഭിവന്ദ്യ സെബാസ്റ്റ്യന്‍ വള്ളാപ്പള്ളി പിതാവ് മൂന്നു പതിറ്റാണ്ടിലേറെക്കാലം വിസ്തൃതമായ ആ രൂപതയെ വളരെ സ്തുത്യര്‍ഹമായ രീതിയില്‍ നയിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഭരണകാലത്തും നൂറുകണക്കിന് വസ്തു ഇടപാടുകള്‍ ആ രൂപതയില്‍ നടന്നിട്ടുണ്ട്. ഒരിക്കല്‍പ്പോലും യാതൊരു വിവാദവും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ഓരോ ഇടപാടും രൂപതകളുടെയും ജനങ്ങളുടെയും സര്‍വ്വതോന്മുഖ വികസനത്തിന് വിത്തുപാകുകയും ചെയ്തു.

അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവ് എപ്പോഴും തന്റെ കീഴിലുള്ള വൈദീകര്‍ക്ക് കൊടുത്തിരുന്ന നിര്‍ദ്ദേശമിതാണ്- ഓരോ വസ്തു ഇടപാടും തികച്ചും സുതാര്യമായിരിക്കണം. ആധാരത്തില്‍ വാങ്ങുന്ന വിലയിലും, വില്‍ക്കുന്ന വിലയും അണാ പൈസ വ്യത്യാസമില്ലാതെ കൃത്യമായി കാണിച്ചിരിക്കണം. സര്‍ക്കാരിനു കൊടുക്കേണ്ട നികുതികളും ഫീസുകളും കൃത്യമായി അടച്ചിരിക്കണം. കണക്കുകള്‍ കൃത്യമായി എഴുതി സൂക്ഷിച്ചിരിക്കണം. ദൈവത്തിനുള്ളതു ദൈവത്തിനും സീസറിനുള്ളതു സീസറിനും അതായിരുന്നു അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവിന്റെ രീതി. ഇപ്രകാരമുള്ള കര്‍ശനവും, സുതാര്യവുമായ ഒരു രീതി അഭിവന്ദ്യ ആലഞ്ചേരി പിതാവ് സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്രകാരമുള്ള ഒരു നാണക്കേട് ഈ 21-ാം നൂറ്റാണ്ടില്‍ സീറോ-മലബാര്‍ സഭയ്ക്കും ഉണ്ടാകുമായിരുന്നില്ല എന്നാണ് സഭാ വിശ്വാസികളുടെ ദൃഢമായ വിശ്വാസം.

ഒരു രൂപയുടെ സാമ്പത്തിക കാര്യങ്ങള്‍ പോലും നിയന്ത്രിക്കാനുള്ള അധികാരമുള്ള വ്യക്തികള്‍ രൂപതാ തലവനും, അദ്ദേഹം നിയമിക്കുന്ന പ്രൊക്കുറേറ്റര്‍ അഥവാ ഫൈനാന്‍സ് ഓഫീസറുമാണ്. ഈ ലേഖകന്‍ അറിയുന്നിടത്തോളം അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവ് നിയമിച്ച പ്രൊക്കുറേറ്റര്‍മാരായ എല്ലാവരും തന്നെ നിയമ പണ്ഡിതന്മാരോ, ചാര്‍ട്ടേര്‍സ് അക്കൗണ്ടന്‍മാരോ ഒന്നുമായിരുന്നില്ല-വെറും സാധാരണക്കാരായ വൈദീകര്‍ മാത്രം. അക്കാലത്തൊന്നും ഇത്രമാത്രം ലജ്ജാകരമായ സംഭവങ്ങള്‍ ഉണ്ടായതായി അറിവില്ല.

അഭിവന്ദ്യ ആലഞ്ചേരി പിതാവിന്റെ കാലത്ത്രൂപതാ പ്രൊക്കുറേററ്റായി നിയമിച്ചത് ഒരു സാധാരണ വൈദീകനേയല്ല പ്രത്യുത നിയമം അരച്ചുകലക്കി കുടിച്ച എല്‍.എല്‍.എം.ബിരുദധാരിയും, രൂപതയുടെ മാനേജ്മെന്റിലുള്ള നിയമ കലാലയത്തിന്റെ ഡയറക്ടറുമായ റവ.ഫാ. ജോഷ്വാ പുതുവയെന്ന ഒരു അസാമാന്യ പ്രതിഭാശാലിയെയാണ്. ഫാദര്‍ ജോഷ്വാ പുതുവയെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ കീഴില്‍ വിദഗ്ധനായ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടിന്റെയും, ആവശ്യത്തിലധികം അക്കൗണ്ടന്റ്മാരെയും നിയമിച്ചിട്ടുണ്ടായിരുന്നു.

ആലഞ്ചേരി പിതാവാണെങ്കില്‍ ലോകമാസകലമുള്ള സീറോ-മലബാര്‍ രൂപതകളെയും, നിരവധി മെത്രാന്മാരെയും, ആയിരക്കണക്കിന് അച്ചന്മാരെയും പ്രഗത്ഭമായി നിയന്ത്രിക്കുന്ന വന്ദ്യ വ്യക്തിയും.. എന്നിട്ടും ഈ പ്രഗത്ഭമതികളെല്ലാം കൂടി നയിച്ച എറണാകുളം-അങ്കമാലി രൂപതയില്‍ ആഗോള സീറോ-മലബാര്‍ സഭയെ മുഴവന്‍ ലജിപ്പിച്ച ഭൂമി വിവാദമുണ്ടായി.

വെറും സാധാരണക്കാരായ അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവും, അച്ചന്മാരും ദശാബ്ദങ്ങളോളംസാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിട്ടും, തലശ്ശേരി രൂപതയിലോ , അക്കാലത്തെ അതുപോലുള്ള മറ്റു രൂപതകളിലോ ഇപ്രകാരമുള്ള ഒരു വിവാദവും സാങ്കേതിക സൗകര്യങ്ങള്‍ താരതമ്യേന കുറവായിരുന്ന കഴിഞ്ഞ നൂറ്റാണ്ടില്‍ പോലുമുണ്ടായിട്ടില്ല. എന്താണ് കാരണം?

ഫാദര്‍ ജോഷി പുതുവാ ഡയറക്ടറായി ജോലി ചെയ്യുന്ന എറണാകുളം-അങ്കമാലി രൂപതയുടെ ലോ കോളേജില്‍ അദ്ധ്യാപകരെ നിയമിക്കുമ്പോള്‍ നിയമനോത്തരവു പോലും നല്‍കാതെ നിയമനം നടത്തുകയും, അപ്രകാരം നിയമിക്കപ്പെട്ട അദ്ധ്യാപകരില്‍ ചിലര്‍ക്ക് ശമ്പളം പോലും നല്‍കുകയും ചെയ്തിട്ടില്ലാത്ത സംഭവങ്ങള്‍ ഈ ലേഖകനറിയാം. സര്‍ക്കാരിന്റെ നിയമത്തിലോ, സഭയുടെ നിയമത്തിലോ ഇതിന്ന്യായീകരികരണമുണ്ടോയെന്ന് ഉന്നത നിയമ പണിഡതമായ ഫാ.ജോഷി പുതുവക്കു മാത്രമേ അറിയൂ.

ഇപ്രകാരമുള്ള ഒരു വന്ദ്യ വൈദികന്‍ തന്നെയാണ് തന്റെ കീഴില്‍ രൂപതയുടെ ഫൈനാന്‍സ് ഓഫീസറും കൂടി ആയിരിക്കാന്‍, സര്‍വ്വ യോഗ്യന്‍ എന്ന് അഭിവന്ദ്യ ആലഞ്ചേരി പിതാവിനു തോന്നാന്‍ കാരണമെന്ത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

അഭിവന്ദ്യ ആലഞ്ചേരി പിതാവിന്റെ നിയമബോധവും അപാരം തന്നെ. ബഹു. കേരളാ ഹൈക്കോടതിയില്‍ ആലഞ്ചേരി പിതാവ് വാദിച്ചത് രൂപതയുടെ സ്വത്തുക്കള്‍ തന്റെ ഇഷ്ടം പോലെ കൈക്കാര്യം ചെയ്യാന്‍ തനിക്കു അധികാരമുണ്ടെന്നാണല്ലോ. അതെന്താ രൂപതാ സ്വത്തുക്കള്‍ അദ്ദേഹത്തിന്റെ തറവാട്ടു സ്വത്താണോ? എങ്കില്‍ അത് സഭാ സ്വത്തുക്കളില്‍ എത്രവരും? അങ്ങനെയെങ്കില്‍ വിശ്വാസികള്‍ രൂപതയ്ക്ക് പണം നല്‍കണ്ടേ?

വിശ്വാസികളുടെ സ്വത്താണ് രൂപതാ സ്വത്തെങ്കില്‍ അതു കൈക്കാര്യം ചെയ്യുന്ന ബിഷപ്പിനും, അച്ചന്മാര്‍ക്കും പാവം കുഞ്ഞാടുകളോട് ഉത്തരം പറയാന്‍ യാതൊരു ബാദ്ധ്യതയുമില്ലേ? കുഞ്ഞാടകളോടുള്ള ബാദ്ധ്യത മറക്കുക, തന്റെ കീഴിലുള്ള വൈദീകരോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ യോഗം വിളിച്ചു കൂട്ടിയിട്ട് ഒന്നോ രണ്ടോ അല്‍മേനികള്‍ തന്നെ തടഞ്ഞു വെച്ചിരിക്കുന്നു എന്ന് ഒഴിവു പറഞ്ഞ് തടിതപ്പുന്നത്മുന്നാംകിട മുട്ടായുക്തിയല്ലേ? തന്റെ അവകാശം സ്ഥാപിച്ചു കിട്ടാന്‍ സുപ്രീംകോടതിവരെ പോയി കേസു നടത്തിയ അഭിവന്ദ്യ ആലഞ്ചേരിയുടെ മേല്‍പ്രകാരമുള്ള ഒരു ദുര്‍ന്യായം സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ? സഭക്കും സഭാവിശ്വാസികള്‍ക്കും നേരിട്ട നഷ്ടം ആരു നികത്തും?

പണം പിരിച്ചിട്ട്, ശ്ലൈഹീക പാരമ്പര്യക്കാര്‍ ഇഷ്ടം പോലെ അതു ചിലവഴിച്ച് കുഞ്ഞാടുകളെ പാപ്പരാക്കിയശേഷം സഭ പരിശുദ്ധമാണെന്ന് അവകാശപ്പെട്ട് വീണ്ടും പണപിരിവ് നടത്തുന്നതിന്റെ നൈയ്യാമിക വശം എന്താണെന്നറിയാന്‍ ഫാദര്‍ ജോഷി പുതുമയെയും, വന്ദ്യനായ ആലഞ്ചേരി പിതാവിനെയും തന്നെ നമുക്ക് സമീപിക്കാം.

Join WhatsApp News
Joseph Padannamakkel 2018-06-30 08:06:24
റിട്ട.ജഡ്ജി അഗസ്റ്റിൻ കണിയാമറ്റത്തിന്റെ ഈ ലേഖനത്തിൽ സത്യങ്ങൾ മാത്രം നിറഞ്ഞിരിക്കുന്നു. ഭൂമി വിവാദത്തിൽ കർദ്ദിനാൾ ആലഞ്ചേരിയുടെ മുഖം രക്ഷിക്കാനായി എത്രമാത്രം പ്രചരണങ്ങൾ നടത്തിയാലും സഭയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ ഇനി വീണ്ടെടുക്കണമെങ്കിൽ തലമുറകൾ തന്നെ കടന്നുപോവേണ്ടി വരും. ഇന്ത്യൻ ഭരണഘടനയെ ധിക്കരിച്ച് കാനോൻ നിയമത്തിന്റെ മഹത്വം ഹൈക്കോടതിയിൽ അവതരിപ്പിച്ച ആലഞ്ചേരി സ്വയം പരിഹാസപാത്രമായതും സഭയുടെ കറുത്ത പേജുകളിൽ ഇടം തേടിക്കഴിഞ്ഞു. 

സീറോ മലബാർ സഭയുടെ സ്വത്തുക്കൾ പത്ത് അമ്പാനിമാരുടെ സ്വത്തുക്കളെക്കാൾ പതിന്മടങ്ങുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ സ്വത്തുക്കളെല്ലാം കർദ്ദിനാളിന്റെയും സൂത്രശാലികളായ ചില പുരോഹിതരുടെയും ബിഷപ്പുമാരുടെയും നിയന്ത്രണത്തിലെന്നുള്ളതാണ് വാസ്തവം. കണക്കില്ലാത്ത ഈ സ്വത്തുക്കളെല്ലാം ഒരു മെത്രാന്റെയും തറവാട്ടിൽ നിന്നും കൊണ്ടുവന്നതല്ല. പാവപ്പെട്ടവന്റെ പിടിയരിയും വിധവയുടെ കൊച്ചു കാശും വരെ ഇവർ അനുഭവിക്കുന്ന സൗധങ്ങളിലുണ്ട്. 

ഏതെങ്കിലും ദരിദ്രന് സൗജന്യ വിദ്യാഭ്യാസമോ സൗജന്യമായി ഹോസ്പിറ്റൽ ചിലവുകൾ വഹിക്കുകയോ സഭ ചെയ്യാറില്ല. സുനാമി, കൊടുങ്കാറ്റ് ഒക്കെ വന്നാൽ പണം പിരിവുകൾ തകൃതിയായി നടത്തും. പക്ഷെ ആ പണം ദുരിതാശ്വസത്തിന് ഉപയോഗിച്ച ചരിത്രമില്ല. താമസിയാതെ അങ്ങനെയുള്ള ഫണ്ടുകൾ സഭയുടെ രഹസ്യ സങ്കേതങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്യും. സഭയിന്ന് ആർക്കും ഉപയോഗമില്ലാത്ത കൊഴുത്ത ഒരു വെള്ളാന മാത്രമാണ്. വിവരമില്ലാത്ത അല്മെനികളുള്ളടത്തോളം കാലം ഈ വെള്ളാനകൾ കൊഴുത്തുതന്നെയിരിക്കും. സ്വത്തുക്കളിലുള്ള അധികാരം നഷ്ടപ്പെടുമോയെന്ന ഭയത്താൽ ഇവർ ചർച്ച് ആക്റ്റിനെ എതിർക്കുന്നു. 

കർദ്ദിനാൾ ആലഞ്ചേരിയും മെത്രാന്മാരും പിതാവെന്ന വിളികൾക്ക് അർഹരാണോ? അല്മേനി എന്ന വാക്കിന്റെ അർത്ഥം വിവരമില്ലാത്തവനെന്നാണ്. അല്മെനിയുടെ വിവരമില്ലായ്‌മയെ ചൂഷണം ചെയ്തുകൊണ്ട് ഇവർ പിതാക്കന്മാരായി രാജകീയ ജീവിതവും നയിക്കുന്നു. 'ഭൂമിയിൽ ആരെയും പിതാവെന്ന് വിളിക്കരുതെന്ന' ബൈബിൾ വാക്യവും ധിക്കരിച്ചുകൊണ്ടു പിതാവെന്ന ബഹുമാന്യ പദവിയിൽ ആനന്ദിക്കുകയും ചെയ്യുന്നു. 

ബിഷപ്പ് വള്ളോപ്പള്ളിയെപ്പറ്റിയെ ലേഖകൻ പറഞ്ഞത് വളരെ സത്യമാണ്. ഞങ്ങളുടെ കുടുംബ സുഹൃത്തെന്ന നിലയിൽ എന്റെ ചെറുപ്പകാലം മുതൽ വള്ളോപ്പള്ളി ബിഷപ്പിനെ എനിക്ക് വ്യക്തിപരമായും അറിയാമായിരുന്നു. അവസാന കാലത്ത് തലശേരിയിൽ കൃഷ്ണയ്യരോടു മേടിച്ച അരമനയിൽ ഒരു ചെറിയ മുറിയിൽ ഒതുങ്ങി കഴിഞ്ഞിരുന്ന അദ്ദേഹത്തെ ഞാൻ സന്ദർശിച്ചതും ഓർക്കുന്നു. കിടക്കാൻ ഒരു ചെറിയ കട്ടിലും രണ്ടു പഴയ കസേരകളും ഒരു പഴഞ്ചൻ മേശയുമായിരുന്നു, അദ്ദേഹം വസിച്ചിരുന്ന മുറിയിലുണ്ടായിരുന്നത്. മലബാറിലെ കുടിയേറ്റക്കാരുടെ കണ്ണുനീർ നേരിട്ടു കണ്ട മഹാനായ ഒരു മെത്രാനായിരുന്നു അദ്ദേഹം. വെറും വള്ളി ചെരിപ്പിട്ടുകൊണ്ടു കുന്നും മലകളും നടന്നു കയറി അദ്ദേഹം സ്ഥാപിച്ച ബ്രഹത്തായ സ്ഥാപനങ്ങളാണ് മലബാർ രൂപതയ്ക്കുള്ളത്. കുടിയേറ്റകാരുടെ ക്ഷേമത്തിനു വേണ്ടി അദ്ദേഹം അരമനയിൽ കുത്തിയിരിക്കാതെ അലഞ്ഞു നടക്കുമായിരുന്നു. വളരെ ലളിതമായ ജീവിതമായിരുന്നു ഈ വന്ദ്യ പുരോഹിതൻ നയിച്ചിരുന്നത്.   

ബിഷപ്പ് വള്ളോപ്പള്ളിയും ആലഞ്ചേരിയും തമ്മിൽ വളരെ വ്യത്യാസമുണ്ട്. തലമുറകളായി മണ്മറഞ്ഞ കാരണവന്മാർ പിടിയരി പിരിച്ചും അദ്ധ്വാനിച്ചും നേടിയ സഭാ സ്വത്തുക്കളുടെ നിയന്ത്രണം കൈ നനയാതെ ആലഞ്ചേരിയുടെ അധീനതയിലായി. അംശവടിയും തൊപ്പിയും കിട്ടിയപ്പോൾ ആരാന്റെ സ്വത്തിന്റെ രാജാവുമായി. കണക്കില്ലാത്ത ഈ സ്വത്തുക്കൾ ഒരു സർക്കാരിനെയും ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യവുമില്ല. നേർച്ചപ്പണം മാത്രം കൊടുക്കാൻ വിധിച്ചിരിക്കുന്ന അല്മെനിയെ സഭാസ്വത്തുക്കൾ ബോധിപ്പിക്കേണ്ട ആവശ്യവുമില്ല. അങ്ങനെയുള്ള ഒരു സ്വേച്ഛാധിപതീയുടെ നിയന്ത്രണത്തിലാണ് സീറോ മലബാർ സഭ. 
Francis Thadathil 2018-06-30 14:05:26
Beautiful reply Mr.joseph Padannamakkal
I simply love the way yoh have narrated in the comment. You said the truth which is untold by anybody. Hats off to the writer and commentator.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക