മെല്‍ബണ്‍: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന് ഓസ്ട്രേലിയന്‍ മലയാളി ലിറ്റററി അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ചു.
സിനിമാ ലോകത്തെ പുരുഷാധിപത്യ പ്രവണതകളും സ്ത്രീവിരുദ്ധതയും മറയില്ലാതെ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെതിരെ പ്രതികരിക്കുക എന്നത് ഓസ്ട്രേലിയന്‍ മലയാളി സാഹിത്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അംല യുടെ ധാര്‍മിക ഉത്തരാവാദിത്വമാണ്. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ ആക്രമിക്കപ്പെട്ട വനിതാ താരത്തോടൊപ്പം നില്‍ക്കുകയോ അവര്‍ക്ക് സംരക്ഷണം നല്‍കുകയോ ചെയ്തില്ലെന്ന് മാത്രമല്ല, മറിച്ച് സംഭവത്തില്‍ പ്രതിയെന്ന് ആരോപിക്കുന്ന നടനൊപ്പം കൈകോര്‍ക്കുകയുമാണ് ചെയ്തിരിക്കുന്നത്. മലയാളിയുടെ സാംസ്കാരിക പ്രതലത്തില്‍ ഏറെ പ്രസക്തമായ ഒരു സംഘടനയില്‍ നിന്നും അതിനു നേതൃത്വം നല്കുന്ന അഭിനേതാക്കളില്‍ നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത സ്ത്രീ വിരുദ്ധ, മനുഷ്യത്വ വിരുദ്ധ സമീപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ നാല് അഭിനേത്രികള്‍ പ്രസ്തുത സംഘടനയില്‍ നിന്ന് രാജിവച്ചതും അവര്‍ ഉയര്‍ത്തിയ പ്രതിഷേധവും ലിംഗ സമത്വം ആഗ്രഹിക്കുന്ന, തുല്യ നീതി ആഗ്രഹിക്കുന്ന ഏതൊരു മലയാളിയേയും ആവേശം കൊള്ളിക്കുന്നതാണെന്ന് അംല ഭാരവാഹികളായ ജോണി സി. മറ്റവും സന്തോഷ് ജോസഫും പ്രസ്താവനയില്‍ പറഞ്ഞു.