Image

ഈമെയില്‍ ഉപയോഗം ഏറ്റവും കുറവ് സൗദിയില്‍, തൊട്ടടുത്ത് ഇന്ത്യ

Published on 27 March, 2012
ഈമെയില്‍ ഉപയോഗം ഏറ്റവും കുറവ് സൗദിയില്‍, തൊട്ടടുത്ത് ഇന്ത്യ
ഈമെയില്‍ വഴി ആശയവിനിമയം ഏറ്റവും കുറച്ച് നടക്കുന്നത് സൗദി അറേബ്യയിലാണെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. തൊട്ടടുത്ത സ്ഥാനം ഇന്ത്യയ്ക്കാണ്, അതുകഴിഞ്ഞാല്‍ ജപ്പാനും. മറ്റ് രാജ്യങ്ങളിലെല്ലാം പത്തില്‍ ഏട്ടോ ഒന്‍പതോ പേര്‍ വീതം ഈമെയില്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 

ഈമെയില്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയുടെ ഉപയോഗത്തെക്കുറിച്ച് നടത്തിയ 'ഇപ്‌സോസ്/റോയിട്ടേഴ്‌സ് സര്‍വ്വെ'യിലാണ് ഇക്കാര്യം പറയുന്നത്. സൗദിയില്‍ ഈമെയില്‍ വഴി ആശയവിനിമയം നടത്തുന്നത് 46 ശതമാനം പേര്‍ മാത്രമാണെന്ന് സര്‍വ്വെ പറയുന്നു. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ ഈമെയില്‍ ഉപയോഗമാണിത്. തൊട്ടടുത്ത സ്ഥാനത്തുള്ള ഇന്ത്യയില്‍ ഇത് 68 ശതമാനമാണ്, ജപ്പാനില്‍ 75 ശതമാനവും. 

അതേസമയം, ആഗോളതലത്തില്‍ 85 ശതമാനം പേര്‍ ആശയവിനിമയത്തിന് ഈമെയില്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ കൂടി ആശയങ്ങള്‍ കൈമാറുന്നവരുടെ ശതമാനം 62 ആണ്. 

ഇന്‍ഡൊനീഷ്യ, അര്‍ജന്റീന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇക്കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന ശതമാനമുള്ളത്. ഇന്‍ഡൊനീഷ്യയില്‍ പത്തില്‍ എട്ടുപേര്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുവെന്ന് സര്‍വ്വെയില്‍ പറയുന്നു. അര്‍ജന്റീന, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ 75 ശതമാനം പേര്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നു. 

ഈമെയിലുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും ലോകംമുഴുവന്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഈ സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 'ലോകത്ത് ഭൂരിപക്ഷം പേരും ഈ വിധത്തില്‍ ആശയവിനിമയം നടത്തുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്'ഇപ്‌സോസ് ഗ്ലോബല്‍ പബ്ലിക് അഫയേഴ്‌സിലെ റിസര്‍ച്ച് മാനേജര്‍ കിരെണ്‍ ഗോട്ട്‌െ്രെഫഡ് പറയുന്നു. 

ഈമെയില്‍ ഉപയോഗിക്കുന്നവരുടെ ശതമാനം ഏറ്റവും കൂടുതലുള്ള രാജ്യം ഹംഗറിയാണ്94 ശതമാനം. സ്വീഡന്‍, ബെല്‍ജിയം, ഇന്‍ഡൊനീഷ്യ, അര്‍ജന്റീന, പോളണ്ട് എന്നീ രാജ്യങ്ങളാണ് ഇതിന് അടുത്തുള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക