Image

മുട്ടത്തു വര്‍ക്കിയുടെ 'ആനിയമ്മ അമേരിക്കയിലേക്ക്' (ജോണ്‍ മാത്യു)

Published on 30 June, 2018
മുട്ടത്തു വര്‍ക്കിയുടെ   'ആനിയമ്മ അമേരിക്കയിലേക്ക്' (ജോണ്‍ മാത്യു)
എഴുപതികളുടെ തുടക്കത്തിലെന്നോ മുട്ടത്തു വര്‍ക്കി എഴുതിയ ഒരു ചെറു നോവലിന്റെ പേരാണ് 'ആനിയമ്മ അമേരിക്കയിലേക്ക്'. ഈ പുസ്തകം ഞാനിതുവരെ വായിച്ചിട്ടില്ല. 

സാഹിത്യകാരനായ മുട്ടത്തു വര്‍ക്കി അമേരിക്കയില്‍ വന്നിട്ടില്ലായിരിക്കാം, മറുനാടന്‍ മലയാളിയും ആയിരുന്നില്ല. എങ്കിലും ആ കാലത്തെ കേരളത്തിന്റെ സാമൂഹിക ജീവിതപ്രശ്‌നങ്ങളും, മറുരാജ്യങ്ങളിലേക്കുള്ള യാത്രകളുടെ പ്രതീക്ഷയും ആശങ്കയും തീര്‍ച്ചയായും ഈ നോവലിലെ പ്രതിപാദ്യ വിഷയമായിരുന്നിരിക്കണം. 

ഒരു ദിവസം ആനിയമ്മ പറഞ്ഞു 'എന്റെ പേരിലും ഒരു പുസ്തകമുണ്ട്.'
എനിക്ക് ആകാംക്ഷയായി.
''ഞാന്‍ അമേരിക്കയിലേക്ക് പോകുന്നതറിഞ്ഞ് എന്റെ അയല്‍ക്കാരനായ വര്‍ക്കി സാര്‍ ഒരു സൗഹാര്‍ദ്ദ സന്ദര്‍ശനത്തിന് വീട്ടില്‍ വന്നു. പിന്നീട് അദ്ദേഹം എഴുതിയ പുസ്തകമാണ് 'ആനിയമ്മ അമേരിക്കയിലേക്ക്.' 
അഭിമാനപൂര്‍വ്വം ആനിയമ്മ അങ്ങനെ പറഞ്ഞെങ്കിലും ആ കൃതി അവരും വായിച്ചിരുന്നില്ല, കേട്ടിട്ടേയുള്ളൂ!

ഡല്‍ഹിയിലെ ക്വിദ്ദ്വായ്‌നഗര്‍ മുതല്‍ ആനിയമ്മയും ജോര്‍ജും ഞങ്ങളുടെ അയല്‍ക്കാരും കുടുംബസുഹൃത്തുക്കളായിരുന്നു. 

കുടിയേറ്റ ഭേദഗതി നിയമം അംഗീകരിച്ചതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ആ കുടിയേറ്റത്തിന്റെ മാതൃകയായി ഞാന്‍ തെരഞ്ഞെടുത്തത് ഈ ആനിയമ്മ ജോര്‍ജ് ദമ്പതികളെയാണ്. കാരണം അമേരിക്കയിലേക്കുള്ള കുടിയേറ്റം സ്വപ്നം കാണുന്നതിനു മുന്‍പു മുതല്‍ ഇവരുമായി പരിചയം, മറുനാടന്‍ മലയാളികളുടെ വിവിധ പ്രശ്‌നങ്ങളുമായി ഇണങ്ങിച്ചേരാന്‍ ഇവര്‍ക്കുണ്ടായിരുന്ന തുറന്ന മനസ്സ്. 

മറുനാടന്‍ മലയാളി ജീവിതത്തിന്റെ ക്ലൈമാക്‌സും പിന്നീട് ആഘോഷപരമായ വിദേശകുടിയേറ്റത്തിന്റെ തുടക്കവും അന്നായിരുന്നു. 

പില്‍ക്കാല വിദേശയാത്രകളുടെ 'ദൈവാനുഗ്രഹം' ആയിരുന്നില്ല അത്. ആഗ്രഹിച്ചും പ്രാര്‍ത്ഥിച്ചും ഉപവസിച്ചും നേര്‍ച്ച കാഴ്ചകള്‍കൊണ്ടുമുള്ള നേട്ടവും ആയിരുന്നില്ല. അതുകൊണ്ടാണ് ആഘോഷപൂര്‍വ്വമായ കുടിയേറ്റം എന്ന് ഞാനിതിനെ വിശേഷിപ്പിക്കുന്നത്. പ്രകൃത്യാ ഉണ്ടായ ഒരൊഴുക്ക്, അതിന്റെ ധൃതിയും ആശങ്കയും ഇവിടെ മറക്കുന്നുമില്ല. 

ട്രാവല്‍ ഏജന്റ് പറയുന്നു 'അമേരിക്കയിലേക്കുള്ള പെറ്റീഷന്‍ അപ്രൂവ്ഡ്.' അപ്പോഴാണ് മറുചോദ്യം 'എവിടെയാണ് അമേരിക്ക?' അന്ന് ആരോ പറഞ്ഞു 'പേര്‍ഷ്യയുടെ അപ്പുറത്ത്.' അപ്പോള്‍ പേര്‍ഷ്യ എവിടെ? അറിയാമ്മേല!
നാട്ടിന്‍പുറത്ത് വാര്‍ത്തയായിരുന്നു ആനിയമ്മ അമേരിക്കയിലേക്ക് പോകുന്നത്. അന്ന് പ്രമുഖ ജന്മിമക്കള്‍ക്ക് അപൂര്‍വ്വമായിക്കിട്ടുന്ന അവസരമാണ്. ഒരു അമേരിക്കന്‍ യാത്ര! ഹൈസ്‌കൂള്‍ കഴിഞ്ഞ് ആര്‍ക്കും വേണ്ടായിരുന്ന നേഴ്‌സിംഗും പഠിച്ച ആനിയമ്മക്ക് ഇത് എങ്ങനെ വന്നുചേര്‍ന്നു?

നാട്ടിന്‍പുറത്തിന്റെ ഞെട്ടലും, സഫ്ദര്‍ജംങിന്റെ ആളിക്കത്തലും, കാസ്‌കൊറിഡോറിന്റെ പെരുമഴയും!
യാത്രക്ക് ഒരുങ്ങി നില്ക്കുമ്പോള്‍ അയല്‍പക്കത്തെ വല്യമ്മ ചോദിക്കുന്നു. 'കൊച്ച് ഇനി എന്നാ വരുന്നേ?' അവര്‍ക്ക് അറിയാം 'കൊച്ച്' എവിടെയോ ദൂരെ പോകുകയാണെന്ന്. വര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിവരുമ്പോള്‍ താനിവിടെ ഉണ്ടായിരിക്കില്ലെന്നും. നിറകണ്ണുകളോടെ യാത്രാമംഗളം, അനുഗ്രഹം!

ഐ.എന്‍.എ. മാര്‍ക്കറ്റ് ആളിക്കത്തുകതന്നെയായിരുന്നു. പാക്കിസ്ഥാനില്‍ നിന്നു വന്ന അഭയാര്‍ത്ഥികളായ കച്ചവടക്കാര്‍ക്ക് അറിയില്ല എന്താണ് സംഭവിക്കുന്നതെന്ന്. എന്തിന് ഈ 'മദ്രാസി' പെണ്‍കുട്ടികള്‍ ഇത്ര വിലപിടിപ്പുള്ള തുണിത്തരങ്ങള്‍ വാങ്ങിക്കൂട്ടുന്നു?

വൈകുന്നേരങ്ങളില്‍ ചെറുകൂട്ടങ്ങളുണ്ട്. പട്ടാള ക്യാമ്പുകളില്‍ നിന്നെത്തുന്ന 'ത്രീഎക്‌സ് റം' ഒപ്പവും! അപ്പോള്‍ പെണ്ണുങ്ങള്‍ക്ക് സംഭാഷണ വിഷയം ആദ്യവിമാനയാത്രക്ക് ഉടുക്കാനുള്ള പട്ടുസാരിയുടെ നിറം, വീണ്ടും മണവാട്ടിയായി, അഭിനയിച്ച്! ആണുങ്ങള്‍ അമേരിക്കന്‍ കാറുകളെപ്പെറ്റി വാചാലരായി, എല്ലാവരും വിദഗ്ദ്ധര്‍!

മറ്റൊരു കൂട്ടര്‍ പ്രാര്‍ത്ഥനായോഗങ്ങളിലായിരുന്നു, സ്വയം അവരോധിക്കപ്പെട്ട ഉപദേശിയും ട്രാവല്‍ ഏജന്റും നേതൃത്വം നല്‍കുന്ന ഉണര്‍വിന്റെ ഗാനങ്ങള്‍! അപ്പോള്‍ ട്രാവല്‍ ഏജന്റ് പതിവുവാചകങ്ങളില്‍: 'ധൈര്യമായി പോകൂ, അവിടെ നമ്മുടെ ആളുകളുണ്ട്, ഉടനെ ജോലിയും.' നാടകത്തിന്റെ അടുത്ത രംഗം കാസ്‌കൊറിഡോറില്‍. പീറ്റര്‍ബറോയും കാസ്‌റോഡും ചേരുന്ന ജംഗ്ഷന്‍. ഇവിടെയും ആനിയമ്മ-ജോര്‍ജുമാര്‍ ഞങ്ങള്‍ക്ക് തൊട്ടടുത്ത്. ഏതാനും മാസങ്ങളിലെ മാറ്റം. ജോര്‍ജിന് ഒരു മോട്ടോര്‍ കമ്പനിയില്‍ ജോലി. ഇംബാല കാറ് സ്വന്തം. ആനിയമ്മ മെമ്മോറിയല്‍ ഹോസ്പിറ്റലിലും. ഐ.എന്‍.എ. മാര്‍ക്കറ്റിനു പകരം അത്ഭുതപ്പെടുത്തുന്ന എ ആന്‍ഡ് പി സൂപ്പര്‍‌സ്റ്റോര്‍!
മുന്‍ പട്ടാളക്കാരുടെയും ഗുമസ്തരുടെയും വീരകഥകള്‍ ചീട്ടുകള്‍ക്കൊപ്പം നിരത്താന്‍. സ്റ്റീം ഹീറ്ററിന്റെ പേടിപ്പെടുത്തുന്ന ഞരക്കം. പുറത്ത് ഒരിക്കലും അവസാനിക്കാത്തതുപോലെ മഞ്ഞുവീഴ്ച, പുതുമഞ്ഞ്. അകമ്പടിക്ക് ജോണിവാക്കറും. ഇംബാല പോലെ തന്നെ മറ്റൊരു മലയാളി ബ്രാന്‍ഡ്! 

ഡിട്രോയ്റ്റ് കാസ്‌റോഡിലെ ആ 'മലയാളിപ്പെരുമഴ' കാണാന്‍ കഴിഞ്ഞതാണ് എന്റെ ഭാഗ്യം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞതും. ഇരുമ്പു പഴുക്കുന്നതും നോക്കി ചൂളയുടെ വക്കത്ത് കാവലിരുന്ന നിമിഷങ്ങള്‍!

എന്റെ എഴുത്തുകളിലൂടെ കാസ് ഇടനാഴിയെ ഒരു മലയാളിത്തറവാടായി ഞാന്‍ കണക്കാക്കുന്നു. ഇതായിരുന്നു ഇടത്താവളം, ഇവിടെ നിന്നാണ് ഞങ്ങള്‍ അമേരിക്ക എന്ന വലിയ രാജ്യം സ്വപ്നം കണ്ടത്. ഇന്നും ഞാന്‍ ഡിട്രോയ്റ്റില്‍ പോകുമ്പോള്‍ കാസ്‌റോഡ് പീറ്റര്‍ബറോ ജംഗ്ഷന്‍ സന്ദര്‍ശിക്കാന്‍ മറക്കാറില്ല, കുട്ടികള്‍ അക്ഷരം പഠിച്ച ബര്‍ട്ടന്‍ സ്‌കൂളിന്റെ മുന്നില്‍ ഒരു നിമിഷം നില്ക്കാനും.
അംബാസഡര്‍ പാലം കടന്ന് കാനഡായിലെ പോയ്ന്റ് പീലിയിലേക്ക് രാവിലെ മീന്‍ വാങ്ങാന്‍ പോകുമ്പോള്‍ കാറിനുള്ളില്‍ മലയാളഗാനങ്ങള്‍, കാനഡയുടെ നാട്ടിന്‍പുറങ്ങളിലൂടെ! പോയ്ന്റ് പീലിയില്‍ നിന്ന് അപ്പോള്‍ പിടിച്ച, പിടയ്ക്കുന്ന, വെസ്റ്റ് ബാസുമായി മടങ്ങിയെത്തുന്നു, ഈ ലോകം പിടിച്ചടക്കിയെന്ന തോന്നലോടെ. 

വാരാന്ത്യങ്ങളില്‍ ചിക്കാഗോ, ടൊറാന്റോ അല്ലെങ്കില്‍ സാള്‍ട്ട് സെന്റ് മേരി യാത്രകളും. 

അമ്പതു വര്‍ഷം മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ഒപ്പുവച്ച നിയമഭേദഗതി നമ്മുടെ സമൂഹത്തെ മാറ്റിമറിച്ചു. അതിന്റെ ഒന്നാം ദിവസം മുതല്‍ ഈ പരിവര്‍ത്തനങ്ങള്‍ക്കൊപ്പം നടക്കാന്‍ കഴിഞ്ഞവര്‍ ഇന്നും നമ്മുടെയൊപ്പമുണ്ട്. അഭിവാദ്യങ്ങള്‍, തങ്ങള്‍ക്കു വന്നുചേര്‍ന്ന അവരം പ്രയോജനപ്പെടുത്തിയ അന്നത്തെ മലയാളി യുവതികള്‍ക്കും.

പ്രസിഡന്റ് ലിന്‍ഡന്‍ ജോണ്‍സന്‍ ആയിരുന്നു ആ നിയമത്തില്‍ ഒപ്പ് വച്ചതെങ്കിലും പ്രസിഡന്റ് കെന്നഡിയും അതിനായി പ്രവര്‍ത്തിച്ചിരുന്നു.

അതിനു മുന്‍പ് നാഷനല്‍ ഒറിജിന്‍ നോക്കി ആയിരുന്നു ഇമ്മിഗ്രേഷന്‍ ക്വാട്ട തീരുമാനിച്ചിരുന്നത്. ജര്‍മ്മന്‍കാര്‍ക്ക് ഒരു വര്‍ഷം 51000 ക്വാട്ട ഉള്ളപോള്‍ ഗ്രീക്കുകാര്‍ക്ക്100. ഏഷ്യാക്കാര്‍ക്കും ആഫ്രിക്കക്കാര്‍ക്കും ഒന്നുമില്ല. ഈ വിവേചനം ആണു ഇല്ലാതായത്.

ഈ നിയമം മൂലം അമേരിക്കയില്‍ ഒരു ശതമാനത്തില്‍ കൂടുതല്‍ ഏഷ്യാക്കാരും മറ്റും വരുമെന്ന് അന്ന് കരുതിയതല്ല. എന്നാല്‍ ഇന്ന് ജനസംഖ്യയുടെ 5.6 ശതമാനം കുടിയേറ്റക്കാരാണു. നല്ലൊരു പങ്ക് ഏഷ്യാക്കാരും. 

അടിക്കുറിപ്പ്:
ജോര്‍ജ് പോള്‍ ഇപ്പോളില്ല. ആനിയമ്മയാകട്ടെ മിഷിഗണില്‍ എവിടെയോ ആശുപത്രിയില്‍ കഴിയുന്നു. 
മുട്ടത്തു വര്‍ക്കിയുടെ   'ആനിയമ്മ അമേരിക്കയിലേക്ക്' (ജോണ്‍ മാത്യു)മുട്ടത്തു വര്‍ക്കിയുടെ   'ആനിയമ്മ അമേരിക്കയിലേക്ക്' (ജോണ്‍ മാത്യു)മുട്ടത്തു വര്‍ക്കിയുടെ   'ആനിയമ്മ അമേരിക്കയിലേക്ക്' (ജോണ്‍ മാത്യു)മുട്ടത്തു വര്‍ക്കിയുടെ   'ആനിയമ്മ അമേരിക്കയിലേക്ക്' (ജോണ്‍ മാത്യു)
Join WhatsApp News
BENNY KURIAN 2018-07-01 18:39:55
മനോഹരം.....
George Neduvelil, Florida 2018-07-02 10:07:10


Mr.John Mathew,

 The hero of the story, George(Neelathummukkil)was my neighbor and school mate in Changanacherry. Thanks for the informative and interesting writeup. I would like to contact you. My email is anniegn2@comcast.net.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക