Image

നിപ്പാ പോരാളികളെ സര്‍ക്കാര്‍ ആദരിച്ചു

Published on 01 July, 2018
നിപ്പാ പോരാളികളെ സര്‍ക്കാര്‍ ആദരിച്ചു


മലപ്പുറവും കോഴിക്കോടും നിപ്പാ രഹിത ജില്ലകളായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രഖ്യാപിച്ചു. കോഴിക്കോട്‌ നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ്‌ ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. രണ്ട്‌ മാസത്തോളം കോഴിക്കോടേ്‌ നിപ്പാ ഭീതിയിലായിരുന്നു. എന്നാല്‍ മെയ്‌ 30 നുശേഷം നിപ്പാ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

ജൂണ്‍ മുപ്പത്‌ വരെയായിരുന്നു ജാഗ്രത സമയം.ഈ കാലയളവില്‍ നിപ്പാ ഉണ്ടായില്ലെന്ന്‌ സ്ഥിരീകരിച്ചു. ഇതിന്റ അടിസ്ഥാനത്തില്‍ ജൂലൈ ഒന്ന്‌ കോഴിക്കോട്‌ മലപ്പുറം ജില്ലകളെ നിപാരഹിത ജില്ലകളായി പ്രഖ്യാപിക്കുകയാണെന്ന്‌ ആരോഗ്യ മന്ത്രി ചടങ്ങില്‍ പറഞ്ഞു.
രോഗിയെ ചികിത്സിക്കുന്നതിനിടെ നിപ്പാ ബാധയേറ്റ്‌ മരിച്ച പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയിലെ നഴ്‌സ്‌ ലിനിക്കുള്ള ആദരം ഭര്‍ത്താവ്‌ സജീഷ്‌ ഏറ്റുവാങ്ങി. നിപ്പ നിയന്ത്രണവിധേയമാക്കുന്നതിന്‌ പ്രവര്‍ത്തിച്ചവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആദരവും ചടങ്ങില്‍ വിതരണം ചെയ്‌തു.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്യാംപ്‌ ചെയ്‌ത്‌ മുഴുവന്‍ സമയവും തങ്ങളുടെ സേവനം നല്‍കിയ ഡോക്ടര്‍മാരെയും മറ്റ്‌ പ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു. രണ്ട്‌ മരണങ്ങള്‍ സംഭവിച്ച ആദ്യഘട്ടത്തില്‍ സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ വിമര്‍ശനമുന്നയിച്ചെങ്കിലും സംഭവങ്ങളുടെ ഗൗരവം മനസിലായപ്പോള്‍ എല്ലാ പിന്തുണയും മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായി.

ഒരേ സമയം ഉത്‌ഘണ്‌ഠ നിറഞ്ഞതും കര്‍മ്മനിരതവുമായ നാളുകളാണ്‌ കടന്നുപോയത്‌. എല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകാന്‍ ജില്ലാ കളക്ടര്‍ നടത്തിയ ശ്രമവും പ്രത്യേകം തന്നെ എടുത്തുപറയേണ്ടതാണ്‌. അദ്ദേഹം ജനങ്ങളുമായി നേരിട്ട്‌ സംസാരിച്ച്‌ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ചു. ലിനിയുടെ കുടുംബം അനാഥമാകില്ലെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക