Image

ഏറിയാലൊരു രണ്ടാഴ്ച; അതിനുള്ളില്‍ ബി.ഉണ്ണികൃഷ്ണന്‍റെ ചിറകരിയും. സിനിമയിലെ പവര്‍ ബ്രോക്കര്‍ ഉണ്ണികൃഷ്ണനെ പിന്തുടരുന്നത് തിലകന്‍റെയും വിനയന്‍റെയും ശാപം

Published on 01 July, 2018
ഏറിയാലൊരു  രണ്ടാഴ്ച; അതിനുള്ളില്‍ ബി.ഉണ്ണികൃഷ്ണന്‍റെ ചിറകരിയും.  സിനിമയിലെ പവര്‍ ബ്രോക്കര്‍ ഉണ്ണികൃഷ്ണനെ പിന്തുടരുന്നത് തിലകന്‍റെയും വിനയന്‍റെയും ശാപം
മലയാള സിനിമയിലെ വിവാദനായകന്‍മാര്‍ മോഹന്‍ലാല്‍, മുകേഷ്, ഇടവേള ബാബു, ഗണേഷ്കുമാര്‍ തുടങ്ങിയ പേരുകളാണെങ്കിലും ഇവര്‍ക്കെല്ലാം പിന്നിലിരുന്ന് പവര്‍ ബ്രോക്കര്‍ പരിപാടി നടത്തുന്ന വ്യക്തി മറ്റാരുമല്ല ഫെഫ്കയുടെ നേതാവ് സാക്ഷാല്‍ ബി.ഉണ്ണികൃഷ്ണനാണ്. 
ബി.ഉണ്ണികൃഷ്ണനെക്കുറിച്ച് മലയാള സിനിമയിലെ ന്യൂജെന്‍ സംവിധായകരുടെ ഇടയില്‍ രസകരമായൊരു തമാശയുണ്ട്. ' ഏതൊ ഒരു വരാനിരിക്കുന്ന കാലത്ത് താനൊരു മികച്ച സിനിമ ചെയ്തുകളയും എന്ന് ഇന്നേ അഹങ്കരിച്ചു നടക്കുന്നയാളാണ് ഉണ്ണികൃഷ്ണന്‍'. കാര്യമിതൊരു തമാശയാണെങ്കിലും ഇതില്‍ ചില്ലറകാര്യമില്ലാതെയില്ല. ഇന്നേവരെ നിലവാരമുള്ള ഒരു സിനിമ എഴുതുകയോ സംവിധാനം ചെയ്യുകയോ ഉണ്ണികൃഷ്ണന്‍ ചെയ്തിട്ടില്ല. പക്ഷെ എല്ലാവര്‍ഷവും മോഹന്‍ലാലിന്‍റെ ഒരു ഡേറ്റ് ഉറപ്പ്. അതാണ് ഉണ്ണികൃണന്‍. വില്ലന്‍,മിസ്റ്റര്‍ ഫ്രോഡ് തുടങ്ങി എത്ര പടങ്ങള്‍ പൊട്ടിയാലും ഉണ്ണികൃഷ്ണന് ലാലിന്‍റെ ഡേറ്റ് റെഡി. 
എന്നാല്‍ പൃഥ്വിരാജ് തുടങ്ങി ഫഹദ് ഫാസിലും ദുല്‍ക്കറും അടക്കം ആസിഫ് അലി പോലും ഉണ്ണികൃഷ്ണന്‍റെ ഫോണ്‍ പോലും എടുക്കില്ല. കാരണം ഡേറ്റ് ചോദിക്കുമോ എന്ന ഭയം. 
പക്ഷെ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരുപോലെ പ്രീയങ്കരനാണ് ഉണ്ണികൃഷ്ണന്‍. മാക്ട പിളര്‍ത്തി ഫെഫ്ക രൂപീകരിച്ച ബുദ്ധിജീവി. നിഘണ്ടുവിലെ സകല വാക്കുകളുമെടുത്ത് അമ്മാനമാടിയുള്ള സംസാര ശൈലി. ഒരേ സമയം തൊഴിലാളി സംഘടനയായ ഫെഫ്കയുടെ തലപ്പത്ത് ഇരിക്കുമ്പോഴും തീയറ്റര്‍ ഉടമയായി തീയറ്റര്‍ ഉടമകളുടെ സംഘടനയുടെ തലപ്പത്തും സ്വയം അവരോധിച്ച മുതലാളി നേതാവ്. 
ഇതിനെല്ലാം ഉപരിയായി മറ്റൊരു വിശേഷണം കൂടിയുണ്ട് ബി.ഉണ്ണികൃഷ്ണന്. സാക്ഷാല്‍ പിണറായി വിജയന്‍റെ കൂട്ടുകാരന്‍. സിപിഎം ഔദ്യോഗിക വിഭാഗത്തിന്‍റെ അടുപ്പക്കാരന്‍. ഇത്രയും മതിയല്ലോ സൂപ്പര്‍താരങ്ങളുടെ ഇഷ്ടക്കാരന്‍. 
അമ്മയെ സംരക്ഷിച്ചുകൊണ്ട് സിപിഎം കഴിഞ്ഞ ദിവസം പത്രക്കുറിപ്പ് ഇറക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രവും മറ്റൊരാളല്ല. സാക്ഷാല്‍ ബി.ഉണ്ണികൃഷ്ണന്‍ തന്നെ. 
ഉണ്ണികൃഷ്ണനെങ്ങനെ പിണറായി വിജയന്‍റെ അടുപ്പക്കാരനായി എന്ന് ചോദിച്ചാല്‍ അതിന്‍റെ പിന്നിലെ കഥ അധികമാര്‍ക്കും അറിയില്ല. പക്ഷെ തന്നെ ആറന്‍മുളയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം താത്പര്യപ്പെട്ടു എന്ന് ഉണ്ണികൃഷ്ണന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് കഴിഞ്ഞ ഇലക്ഷന്‍ സമയത്തിന് ശേഷം. എം.എല്‍.എ സ്ഥാനാര്‍ഥിയായി പരിഗണിക്കത്തക്ക സ്വാധീനമാണ് സിപിഎമ്മില്‍ ഉണ്ണിക്കെന്ന് ചുരുക്കം. 
ഫെഫ്കയുടെ രൂപീകരണത്തോടെയാണ് ബി.ഉണ്ണികൃഷ്ണന്‍റെ വളര്‍ച്ച ആരംഭിക്കുന്നത്. അതിന് മുമ്പ് മലയാള സിനിമയിലെ തൊഴിലാളി സംഘടന വിനയന്‍റെ നേതൃത്വത്തിലുള്ള മാക്ടയായിരുന്നു. വിനയന്‍ സിപിഐക്കാരനായതിനാല്‍ തന്നെ ഒരു സിപിഐ ചായ്വ് മൊത്തത്തില്‍ മാക്ടക്കുണ്ടായിരുന്നു. എന്നാല്‍ സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ചുവെന്നകുറ്റത്തിന് വിനയനെതിരെ കളികള്‍ തുടങ്ങി. അവസാനം മാക്ട പിളര്‍ന്നു. ഫെഫ്കയുണ്ടായി. ബി.ഉണ്ണികൃഷ്ണന്‍ അതിന്‍റെ ജനറല്‍ സെക്രട്ടറിയായി. തൊഴിലാളി വര്‍ഗ നേതാവായി. പതിയെ തിരുവനന്തപുരത്ത് മറ്റൊരുമുതലാളിയുടെ പാട്ണറായി. വമ്പന്‍ തീയറ്റര്‍ തുടങ്ങി. ഹോട്ടല്‍ തുടങ്ങി. അങ്ങനെ മുതലാളിയായി. മുതലാളി സംഘടനയിലും നേതാവായി. 
ഈ ഉണ്ണികൃഷ്ണനെതിരെയാണ് ഇപ്പോള്‍ സാക്ഷാല്‍ മറ്റൊരു ഇടതുപക്ഷക്കാരനായ മഹാരാജാസിലെ പഴയ എസ് എഫ് ഐക്കാരനായ ആഷിക് അബു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ കാപട്യക്കാരനാണെന്നും ദിലീപിനൊപ്പമാണെന്നും ദിലീപിന്‍റെ ഡേറ്റ് നേടിയിട്ടുണ്ടെന്നും ആഷിക് തുറന്നടിക്കുന്നു. തൊട്ട് പിന്നാലെ രാജീവ് രവിയുടെയും വിമര്‍ശനം വന്നു.  ഇതോടെ ഉണ്ണികൃഷ്ണനും സംഘവും ഒന്ന് നടുങ്ങിയെന്ന് തീര്‍ച്ച. ആഷികിനെതിരെ തന്ത്രപരമായ വിശദീകരണവും നിലപാടുമായി ഫെഫ്ക എത്തുകയും ചെയ്തു. 
എന്നാല്‍ കഴിഞ്ഞ ദിവസം ഒരാള്‍ തന്നെ തൊഴിലാളി സംഘടനയിലും മുതലാളി സംഘടനയിലും പ്രവര്‍ത്തിക്കുന്നതിന്‍റെ വൈരുദ്ധ്യം ഫെഫ്കയില്‍ തന്നെയുള്ള ചിലര്‍ തുറന്നുകാട്ടി. ഇത് ഉണ്ണികൃഷ്ണനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. ഇതിന് പിന്നാലെയാണ് കൂനിന്‍മേല്‍കുരു എന്നത് പോലെ ദിലീപ് വിഷയത്തില്‍ അമ്മയെ ന്യായീകരിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത് ഉണ്ണികൃഷ്ണനാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തിയത്. 
എന്തായാലും മലയാള സിനിമയിലെ സ്റ്റാര്‍ ബ്രോക്കറാണ് ഉണ്ണികൃഷ്ണന്‍ എന്ന സത്യം പതിയെ വെളിപ്പെട്ടു കഴിഞ്ഞു. ഉണ്ണികൃഷ്ണനെ വീഴ്ത്തിയാല്‍ ഫെഫ്കയും അമ്മയും പതിയെ വീഴും എന്ന യഥാര്‍ഥ്യം ആഷിക് അബുവിനും സംഘത്തിനും നന്നായിട്ടറിയാം. അതുകൊണ്ടു തന്നെ ഉണ്ണികൃഷ്ണനെ ആവും വിധം അക്രമിക്കുകയും തുറന്നുകാട്ടുകയും ചെയ്യുക എന്നതാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്ന നയം. വരും ദിവസങ്ങളില്‍ ഉണ്ണിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍ നടക്കും. ഫെഫ്കയില്‍ ശുദ്ധികലശം ആവശ്യപ്പെട്ടുകൊണ്ട് പുതു സംവിധായകര്‍ ഒന്നായി അണിനിരക്കാനും പ്ലാന്‍ തയാറായി കഴിഞ്ഞു. അങ്ങനെയെങ്കില്‍ മലയാള സിനിമയിലെ സ്റ്റാര്‍ ബ്രോക്കറുടെ വീഴ്ചയുടെ ദിവസങ്ങളായിരിക്കും ഇനി വരാന്‍ പോകുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക