Image

ഗൗരി ലങ്കേഷിന്റെ കൊലയാളി സംഘം ഇന്ത്യയിലൊട്ടാകെ 36 പേരെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു

Published on 02 July, 2018
ഗൗരി ലങ്കേഷിന്റെ  കൊലയാളി സംഘം ഇന്ത്യയിലൊട്ടാകെ 36 പേരെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു


ബെംഗളൂരു: മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലയാളി സംഘം ഇന്ത്യയിലൊട്ടാകെ 36 പേരെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഗൗരി ലങ്കേഷിന്റെ കൊലയാളികളില്‍ നിന്ന്‌ പിടിച്ചെടുത്ത ഡയറികളില്‍ നിന്നാണ്‌ ഇക്കാര്യം വ്യക്തമായിരിക്കുന്നത്‌.

ഇന്ത്യയില്‍ ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്ന എല്ലാവരെയും കൊന്നുതള്ളാനായിരുന്നു പദ്ധതി. 36 പേരാണ്‌ ഇവരുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടായിരുന്നത്‌. ഇതില്‍ കൂടുതല്‍ പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരും പത്ത്‌ പേര്‍ കര്‍ണാടകയില്‍ നിന്നുള്ളവരുമാണ്‌. ഭൂരിഭാഗവും വനിതാ ആക്ടിവിസ്റ്റുകളാണ്‌. ഇവരാകുമ്പോള്‍ കൊല്ലാന്‍ എളുപ്പമാകുമെന്നും ഇവര്‍ കരുതിയിരുന്നു.
കര്‍ണാടകയില്‍ നിന്നുള്ള പ്രമുഖരെ കൊല്ലാന്‍ ഹിന്ദുത്വ സംഘടനകള്‍ ശ്രമിച്ചിരുന്നതായി പ്രത്യേക അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. കെ എസ്‌ ഭഗവാനും ഗിരീഷ്‌ കര്‍ണാടും വരെ ഈ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഇതിനപ്പുറത്തേക്ക്‌ നീങ്ങുന്നതാണ്‌ ഇവര്‍ തയ്യാറാക്കിയ കൊലപ്പട്ടികയെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

ഈ ഡയറി കണ്ടെത്തിയിരുന്നില്ലെങ്കില്‍ ഇവരൊക്കെ കൊല്ലപ്പെട്ടേക്കുമെന്നും പോലീസ്‌ പറയുന്നു. ബി ജെ പിയുടെ കീഴില്‍ ഈ സംഘടനകള്‍ക്ക്‌ വലിയ രീതിയിലുള്ള ധനസഹായവും ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. ഗൗരി ദീര്‍ഘകാലമായി ഹിന്ദുത്വ സംഘടനകളുടെ കണ്ണിലെ കരടായിരുന്നു. ഇവര്‍ ഹിന്ദുത്വ വിരുദ്ധയാണെന്ന്‌ വ്യാപകമായി പ്രചാരണവുമുണ്ടായിരുന്നു. ഇതാണ്‌ ഇവരുടെ കൊലയിലേക്ക്‌ നയിച്ചത്‌. അറസ്റ്റിലായ പൂനെ സ്വദേശി അമോല്‍ കാലെയുടെ ഡയറിയിലാണ്‌ ഈ വിവരമുള്ളത്‌.

ഡയറി കോഡ്‌ ഭാഷയിലാണ്‌ എഴുതിയിരുന്നത്‌. ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ ഡയറിയില്‍ നിന്ന്‌ അറിഞ്ഞതെന്ന്‌ പോലീസ്‌ പറഞ്ഞു. ഇരകളെ കൊല്ലുന്നതിന്‌ 50 ഷാര്‍പ്പ്‌ ഷൂട്ടര്‍മാരെ ഈ ഗ്രൂപ്പുകള്‍ റിക്രൂട്ട്‌ ചെയ്‌തിരുന്നു. മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ്‌ ഇവരെ റിക്രൂട്ട്‌ ചെയ്‌തിരിക്കുന്നത്‌. ഇവരില്‍ പലര്‍ക്കും പിസ്റ്റള്‍, എയര്‍ ഗണ്‍, പെട്രോള്‍ ബോംബ്‌ നിര്‍മാണം എന്നിവയില്‍ സംഘടന പരിശീലനവും നല്‍കിയിരുന്നു. ബെല്‍ഗാവി, ഹൂബ്ലി, പൂനെ എന്നിവിടങ്ങളില്‍ വെച്ചായിരുന്നു പരിശീലനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക