Image

മുന്‍ റേഡിയോ ജോക്കിയും അവതാരകനുമായിരുന്ന രാജേഷിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Published on 02 July, 2018
മുന്‍ റേഡിയോ ജോക്കിയും അവതാരകനുമായിരുന്ന രാജേഷിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
മുന്‍ റേഡിയോ ജോക്കിയും അവതാരകനുമായിരുന്ന രാജേഷിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 12 പ്രതികള്‍ക്കെതിരെ ആറ്റിങ്ങല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രാജേഷുമായി സൗഹൃദമുണ്ടായിരുന്ന പ്രവാസി വീട്ടമ്മയുടെ ഭര്‍ത്താവ് അബ്ദുള്‍ സത്താറാണ് ഒന്നാം പ്രതി. അബ്ദുള്‍ സത്താറിന്റെ ഭാര്യയായിരുന്ന യുവതിയുമായി രാജേഷിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.

മുഖ്യപ്രതിയായ സത്താര്‍ ഇപ്പോഴും വിദേശത്താണ്. ഇയാളുടെ സുഹൃത്ത് അലിഭായിയാണ് രണ്ടാം പ്രതി. അപ്പുണ്ണി മൂന്നാം പ്രതിയും തന്‍സീര്‍ നാലാം പ്രതിയുമാണ്. രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് കൊലപാതകം നടന്നത്. ഒരു ഗാനമേളയ്ക്ക് ശേഷം മടവൂരിലെ സ്റ്റുഡിയോയില്‍ എത്തി വിശ്രമിക്കുകയായിരുന്ന രാജേഷിനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവ സമയം രാജേഷ് സത്താറിന്റെ മുന്‍ ഭാര്യയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

രാജേഷുമായി യുവതി സൗഹൃദത്തിലായതിനെച്ചൊല്ലി സത്താറിന്റെ വിവാഹബന്ധം തകരുകയും പിന്നീട് ഇരുവരും വേര്‍പിരിയുന്നതിലേക്ക് എത്തുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സുഹൃത്തിന് വേണ്ടി കൊട്ടേഷന്‍ ഏറ്റെടുത്ത അലിഭായി കൃത്യം നടത്തിയ ശേഷം വിദേശത്തേക്ക് തന്നെ മടങ്ങുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ഏപ്രില്‍ 10 കീഴടങ്ങാനെത്തിയ ഇയാളെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക