Image

കന്യാസ്ത്രീയുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്ന് ഇടവക വികാരി

Published on 03 July, 2018
കന്യാസ്ത്രീയുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്ന് ഇടവക വികാരി
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയ കന്യാസ്ത്രീയുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്ന് ഇടവക വികാരി.

ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ കന്യാസ്ത്രീയുടെ പക്കലുണ്ടെന്ന് ഇടവക വികാരിയായ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി.

ഫോണ്‍കോളുകളും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും കന്യാസ്ത്രീയുടെ പക്കലുണ്ട്. അതുകൊണ്ടു തന്നെയാണ് അവര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതെന്നും ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ വ്യക്തമാക്കി.

പ്രശ്‌നപരിഹാരത്തിനായി ബിഷപ്പിന്റെ പ്രതിനിധി തന്നെ സമീപിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനാല്‍ ഇടനിലക്കാരനായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.

കന്യാസ്ത്രീയും മഠത്തിലെ മറ്റുള്ളവരുമായും ഇക്കാര്യം സംസാരിച്ചിരുന്നു. പരാതി നല്‍കി, കഴിഞ്ഞ 30-ാം തിയതിക്കകം പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ മാധ്യമങ്ങളെ സമീപിക്കുമെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നതായും വികാരി വെളിപ്പെടുത്തി.

ജലന്ധര്‍ ബിഷപ്പിന്റെ ബന്ധുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരായ വൈദികരില്‍ നിന്നും ഭീഷണിയുണ്ടെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി. മാതൃഭൂമി ന്യൂസിനോടാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

വിധവയായ സഹോദരിയുടെ മകനെയും സഹോദരനെയും ഇല്ലായ്മ ചെയ്യുമെന്നായിരുന്നു ഭീഷണി. കേസ് അവസാനിപ്പിക്കാത്തതിനാല്‍ തനിക്കെതിരെ കള്ളകേസ് നല്‍കിയെന്ന് കന്യാസ്ത്രീയുടെ സഹോദരനും ആരോപിച്ചു. സഭയ്ക്ക് പണവും സ്വാധീനവും ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയതായും സഹോദരി പറഞ്ഞു.

നാല് സഹോദരങ്ങളില്‍ നിന്ന് രണ്ട് പേര്‍ കന്യാസ്ത്രീകളായി മാറിയ കുടുംബമാണ് ഇവരുടേത്. പൗരോഹിത്യവും സന്യസ്തജീവിതവും സ്വീകരിച്ച അര ഡസനോളം പേര്‍ കുടുംബത്തിലുണ്ട്.

കടുത്ത വിശ്വാസികളായതിനാല്‍ സഭയ്ക്കുള്ളില്‍ തന്നെ പ്രശ്നം തീര്‍ക്കാന്‍ പരമാവധി ശ്രമിച്ചു. ഇതിനിടെയാണ് ഭീഷണിയും കള്ളപ്പരാതികളും ഉണ്ടായത്. ബിഷപ്പിനെതിരായി കന്യാസ്ത്രീ സ്വീകരിച്ച നിലപാട് മാറ്റിയെടുക്കാന്‍ കുടുംബത്തിലെ മറ്റുള്ള സന്യസ്തര്‍ക്കും സമ്മര്‍ദമുണ്ട്.

ജലന്ധര്‍ രൂപത പി.ആര്‍.ഒ. ഫാദര്‍ പീറ്റര്‍ കാവുംപുറമാണ് കന്യാസ്ത്രീയുടെ സഹോദരനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നാളെ ജലന്ധര്‍ സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുന്ന കത്ത് മാതൃഭൂമി ന്യൂസിന് ലഭിച്ചു. അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. 
ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തിയത്.

പീഡനം നടന്നുവെന്ന് പറയുന്ന മുറി, കന്യാസ്ത്രീ മഠത്തിലെ രേഖകള്‍ തുടങ്ങിയവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മഠത്തിലെ 20-ാം നമ്പര്‍ മുറിയിലാണ് പീഡനം ആദ്യം നടന്നതെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത്. ഇവിടെനിന്ന് ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ലഭിക്കുമോ എന്നാണ് ഫോറന്‍സിക് സംഘം പരിശോധിക്കുന്നത്.

ഫോറന്‍സിക് സംഘത്തോടൊപ്പം വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഇവിടെ എത്തിയിട്ടുണ്ട്. കേസില്‍ കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്താനാണ് പോലീസ് സംഘമെത്തിയിരിക്കുന്നത്. 
(Mathrubhumi) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക