Image

അഭിമന്യു, എന്റെ സഖാവേ..നിനക്ക് പിന്‍ഗാമികളെയുണ്ടാകാതിരിക്കട്ടെ

Published on 03 July, 2018
അഭിമന്യു, എന്റെ സഖാവേ..നിനക്ക് പിന്‍ഗാമികളെയുണ്ടാകാതിരിക്കട്ടെ
Hansa Shahitha Gypsi

പച്ചനിറത്തിലൊരു സ്വെറ്റര്‍ കണ്‍മുന്നിലുണ്ട്. എറണാകുളത്തെ കൊടുംചൂടിലും അഴിക്കാത്തത്. 'നാന്‍ പെറ്റ കിളിയേ' എന്ന ചീന്തിമുറിഞ്ഞ കരച്ചിലാണതില്‍. നവാഗതരെ സ്വാഗതം ചെയ്യാന്‍ കാംപസൊരുക്കാന്‍ നാട്ടില്‍ നിന്നും പച്ചക്കറി വണ്ടി കേറി കോളേജിലേക്ക് തിരിച്ച മകനാണ് അനക്കമറ്റ് കിടക്കുന്നത്. എത്രയെത്ര യുക്തികളാലോചിച്ചാലും വൈകാരികതയില്‍ നിന്ന് രക്ഷപ്പെടാനാകില്ല. കണ്ണ് നിറയാതെ അവന്റെ നിശ്ചലതയെ കുറിച്ച് ആലോചിക്കാനും.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സംഘടന സ്വാതന്ത്രം വേണമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അത്തരം ഒരു തര്‍ക്കത്തിനൊടുവില്‍ കതിര് പോലൊരുത്തന്റെ നെഞ്ചിലേക്ക് കത്തിയാഴ്ത്തുന്നവര്‍ എന്ത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് കലാലയങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത് എന്നതാണ് സംശയം. എസ്.എഫ്.ഐക്കാര്‍ അടിക്കുന്നുണ്ടാകും. തിരിച്ച് അടി മേടിക്കുന്നുണ്ടാകും. ഭൂരിപക്ഷത്തിന്റെ അധികാരം പ്രകടിപ്പിക്കുന്നുണ്ടാകും. പക്ഷേ അതിനെ പ്രതിരോധിക്കാന്‍ കാംപസ് ഫ്രണ്ട് കാണുന്ന മാര്‍ഗ്ഗം ഉയിരെടുക്കലാണെങ്കില്‍, എന്ത് കൊണ്ടാണ് നിങ്ങളെ അവിടെ കയറ്റേണ്ടെന്ന് എസ്.എഫ്.ഐക്കാര്‍ തീരുമാനിക്കുന്നത് എന്നതില്‍ അവരോടൊപ്പം ആലോചിക്കേണ്ടി വരും. ആ തീരുമാനത്തിലുള്ള ജാഗ്രതയും കരുതലും ഇത്തരം അപകടങ്ങളെ മുന്‍കൂട്ടി കണ്ടിട്ടല്ലേ എന്ന് ചിന്തിക്കേണ്ടി വരും.

ആദിവാസിയാണ്, ഭാഷാ ന്യൂനപക്ഷമാണ്, തോട്ടം തൊഴിലാളികളായ ഒരു കുടുംബവും നാടും കണ്ട പ്രതീക്ഷയാണ്. വട്ടവടയില്‍ നിന്ന് മഹാരാജാസിലേക്കുള്ള നാം അളക്കുന്നതിലുമേറേയുള്ള ദൂരം . താണ്ടിയെത്തിയവനാണ്. നെഞ്ച് പൊളിച്ചിട്ടു! അവനെ രക്ഷിക്കാനെത്തിയ സഖാവിന്റെയാണ് കരള് മുറിയുന്ന ആഴത്തില്‍ കുത്തിയത്. രക്ഷിക്കാനെത്തിയവരെയൊക്കെയാണ് കത്തിവീശി മുറിപ്പെടുത്തിയത്. പാവപ്പെട്ട വിദ്യാര്‍ത്ഥികളെ കൊന്നിടുമ്പോള്‍, കലാലയ രാഷ്ട്രീയം ചോരയില്‍ മുക്കുമ്പോള്‍ ആരോടൊപ്പം നിക്കലാണ് കാംപസ് ഫ്രണ്ടിന്റെ രാഷ്ട്രീയ അജണ്ടയെന്ന് വീണ്ടും ചോദ്യം ചെയ്യപ്പെടും.

ഈ നേരത്തും എസ്.എഫ്.ഐ പോസ്റ്റര്‍ ഒട്ടിക്കാന്‍ അനുവദിക്കാത്തത് മാത്രം വിഷയമാകുന്നവരുടെ വിവേചന ബുദ്ധിക്ക് യാതൊരു കുഴപ്പവുമില്ലെന്നറിയാം. നിങ്ങള്‍ക്ക് വെള്ള പൂശേണ്ടത് ഒരു പാവത്തിന്റെ ചോരയുടെ ഒട്ടലുണങ്ങും മുമ്പ് ചെയ്ത് കൊള്ളുക. ചുവരെഴുത്ത് അനുവദിക്കാത്തത് കൊണ്ടല്ലേ അവനെ കൊന്നതെന്ന ന്യായം, ഞങ്ങള്‍ക്ക് ഇടം തന്നില്ലെങ്കി അത് കൊടുവാളു കൊണ്ട് വരച്ചെടുക്കുമെന്ന ഭീഷണിയായി വായിക്കാനുള്ള ബോധം ഇവിടങ്ങളിലെ മനുഷ്യര്‍ക്ക് ഉണ്ടായാല്‍ മതി.

അഭിമന്യു മഹാരാജാസിന്റെ ഓഡിറ്റോറിയത്തില്‍ ചെങ്കൊടി പുതച്ച് കിടക്കുമ്പോള്‍ കരഞ്ഞത് അവന്റെ രാഷ്ട്രീയത്തില്‍ വിശ്വസിച്ചിരുന്നവര്‍ മാത്രമല്ല. അദ്ധ്യാപകരും മറ്റു സംഘടനാ പ്രവര്‍ത്തകരും ആണും പെണ്ണും ട്രാന്‍സ് ജെന്‍ഡറും ഒരു പോലെ നനഞ്ഞ കണ്ണുമായി നില്‍ക്കുന്നു. ഇരുപത് കൊല്ലത്തെ ജീവിതം കൊണ്ട്, ഏതാനും വര്‍ഷത്തെ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് അത്രയും ആഴത്തില്‍ അടയാളങ്ങളവശേഷിപ്പിച്ച ഒരുവനെ കൊന്ന് കളഞ്ഞല്ലോ.

പുറത്ത് നിന്നുള്ള, വിദ്യാര്‍ത്ഥികള്‍ പോലുമല്ലാത്ത സംഘടന പ്രവര്‍ത്തകരെ, ആയുധം കൊടുത്ത് ഒരു കലാലയത്തിലേക്ക് വിടുന്ന രാഷ്ട്രീയധാര, നീതിയേയും ഇരയാക്കലിനേയും പറ്റി ആധികാരികമായി സംസാരിക്കാന്‍ ഇനിയും എത്തണം. ഭംഗിയുള്ള വാചകങ്ങളില്‍ , നന്നായി ഡിസൈന്‍ ചെയ്ത പോസ്റ്ററുകളില്‍, ദളിത് ന്യൂനപക്ഷ ഇടങ്ങളില്‍ ,സ്വാതന്ത്ര്യത്തെയും അവകാശങ്ങളേയും കുറിച്ച് പറഞ്ഞ് കേറുമ്പോള്‍ അവിടെയൊക്കെ അഭിമന്യുവിന്റെ ചോരയുടെ മണവും നിറവുമുണ്ടാകും. ജോസഫ് മാഷിന്റെ അറ്റുവീണ കൈ മറയ്ക്കാനുണ്ടാക്കിയ ഒരായിരം സൈദ്ധാന്തിക ന്യായീകരണങ്ങളെ പോലും അത് നനക്കും..

ഇവര്‍ ഞങ്ങള്‍ക്ക് വേണ്ടിയല്ല, ഞങ്ങളല്ല, ഞങ്ങളുടെ പേരിലല്ല എന്ന് പറയാനുള്ള ബാധ്യത ഒരോ തവണയും ഇക്കൂട്ടര്‍ ഇന്നാട്ടിലെ മുസ്ലീങ്ങള്‍ക്ക് ഉണ്ടാക്കി കൊടുക്കുക കൂടി ചെയ്യുന്നുണ്ട്. ചോരയുടെ ഭാഷ സംസാരിക്കുന്ന ഈ രാഷ്ട്രീയത്തെ തള്ളിപ്പറയുന്നത് ഇസ്ലാമിനോടുള്ള ഭയമാണെന്ന് സ്ഥാപിക്കാനുള്ള മിടുക്ക് കൂടി പരിഗണിച്ച് കൊണ്ട് പറയട്ടെ. നിങ്ങളോടുള്ള ഭയം ഇസ്‌ളാമിനോടുള്ള ഭയമല്ല, ഏത് നിമിഷവും പുറത്ത് ചാടാനിടയുള്ള ഹിംസാത്മകതയോടുള്ള ഭയമാകുന്നു.

അഭിമന്യു, എന്റെ സഖാവേ..നിനക്ക് പിന്‍ഗാമികളെയുണ്ടാകാതിരിക്കട്ടെ. നീ വീണിടത്ത് നിന്ന് ചിന്തകളുടേയും സ്‌നേഹത്തിന്റെയും മുദ്രാവാക്യങ്ങളുയരട്ടെ. നീ സ്വപ്നം കണ്ട കാലം പുലരട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക