Image

ബിഗ് ബോസ് മലയാളം, ശ്വേത മേനോനും രഞ്ജിനിക്കും ലഭിക്കുന്നത് ലക്ഷങ്ങൾ

Published on 03 July, 2018
ബിഗ് ബോസ് മലയാളം, ശ്വേത മേനോനും രഞ്ജിനിക്കും ലഭിക്കുന്നത് ലക്ഷങ്ങൾ
ആകാംക്ഷയുടെ നിമിഷങ്ങള്‍ സമ്മാനിച്ചാണ്, ലോകത്തെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് കേരളത്തിലെ സ്വീകരണ മുറികളിലേക്ക് എത്തിയിരിക്കുന്നത്. വെള്ളിത്തിരയിലെ പ്രിയതാരം മോഹന്‍ലാല്‍, മിനി സ്‌ക്രീനില്‍ അവതാരകന്റെ റോളില്‍ കൂടി എത്തിയത് ബിഗ് ബോസ് മലയാളം ഷോയുടെ ആവേശം ഇരട്ടിയാക്കുന്നു. സസ്‌പെന്‍സും ട്വിസ്റ്റുകളും നിറഞ്ഞ നവ ദൃശ്യാനുഭവം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടില്‍ 100 ദിവസം ഒരുമിച്ചു ജീവിക്കുകയും അവസാന ദിവസം പുറത്താകാതിരിക്കുകയും ചെയ്യുന്നയാളാണ് മത്സരത്തില്‍ വിജയിക്കുക. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് പരിചിതരായ 16 സെലിബ്രിറ്റികളുമായി ജൂണ്‍ അവസാനവാരം ആരംഭിച്ച പരിപാടി ഇപ്പോള്‍ 14 പേരിലെത്തി നില്‍ക്കുകയാണ്. ശ്വേത മേനോന്‍, രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രന്‍, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി, തരികിട സാബു, അതിഥി റായ്, ശ്രീനീഷ് അരവിന്ദ്, ബഷീര്‍ ബഷി, തുടങ്ങി 14 പേരാണ് ഇപ്പോള്‍ മത്സരാര്‍ത്ഥികള്‍. മോഡലും നടനുമായ ഡേവിഡ് ജോണാണ് ആദ്യം പുറത്തായത്.

പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയതിനു പിന്നാലെ പരിപാടിയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. പരിപാടി തുടങ്ങിയത് മുതല്‍ ഇവരുടെ ഓരോ മത്സരാര്‍ത്ഥിയുടേയും ജനപ്രീതി കണക്കിലെടുത്താണ് പ്രതിഫലം നിശ്ചയിച്ചിട്ടുളളത്. പത്ത് ദിവസം കൂടുമ്പോഴാണ് ഇത് വിതരണം ചെയ്യുക. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. 

മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നത് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി ശ്വേത മേനോനാണ്. പ്രതിദിനം 1 ലക്ഷം രൂപ വീതം 7 ലക്ഷം രൂപയാണ് ശ്വേതയുടെ ഒരാഴ്ചത്തെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. ശ്വേത തന്നെയായിരുന്നു ബിഗ് ബോസ് ഹൗസിലെ ആദ്യ ക്യാപ്റ്റനും.

പ്രതിഫലത്തില്‍ തൊട്ടു പിന്നില്‍ മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ അവതാരകയായ രഞ്ജിനി ഹരിദാസും പേളി മാണിയുമാണ്. 80,000 രൂപയാണ് പ്രതിദിനം രഞ്ജിനിയ്ക്ക് നല്‍കുന്ന പ്രതിഫലം. നടന്‍ അനൂപ് ചന്ദ്രന് ആഴ്ചയില്‍ അഞ്ച് ലക്ഷത്തോളം രൂപയും പ്രതിഫലം ലഭിക്കുന്നുണ്ട്. ജനപ്രീതി ഏറെയുളള ടിവി അവതാരക പേളി മാണിക്ക് ദിനംപ്രതി 50,000 രൂപ വീതമാണ് പ്രതിഫലം.

പേളി കഴിഞ്ഞാല്‍ പിന്നെ വലിയ പ്രതിഫലം ലഭിക്കുന്നത് മിനിസ്‌ക്രീന്‍ താരം അര്‍ച്ചന സുശീലനാണ്. ഇരുപത്തിയയ്യായിരം രൂപയോളം വരും ഇവരുടെ ദിനം തോറുമുള്ള വരുമാനം. പ്രതിഫലത്തില്‍ അര്‍ച്ചനയ്ക്ക് തൊട്ടു പിന്നില്‍ സിനിമ, നാടക നടി ഹിമ ശങ്കറാണ്. 22,000 രൂപയാണ് ഹിമ ശങ്കറിന് ഒരു ദിവസത്തില്‍ ലഭിക്കുന്നത്. 

സീരിയല്‍ നടന്‍ ദീപന്‍ മുരളി, തരികിട സാബു എന്നിവര്‍ക്ക് ഇരുപതിനായിരം രൂപയില്‍ താഴെയാണ് ഒരു ദിവസത്തെ പ്രതിഫലം. ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ഷോയില്‍ നിന്നും പുറത്തുപോയ വ്യവസായി മനോജ് വര്‍മ്മയ്ക്ക് ആഴ്ചയില്‍ 75,000 രൂപയാണ് ലഭിച്ചിരുന്നത്. അതേസമയം മറ്റു മത്സരാര്‍ഥികളായ ശ്രീലക്ഷ്മി, ദിവ്യ സനാ, അരിസ്‌റ്റൊ സുരേഷ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി എന്നിവരുടെ പ്രതിഫലം സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക