Image

സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഇടയ ശ്രേഷ്ഠരെ മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സില്‍ ആദരിക്കുന്നു.

ഷാജി രാമപുരം Published on 04 July, 2018
സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഇടയ ശ്രേഷ്ഠരെ മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സില്‍ ആദരിക്കുന്നു.
ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ മൂന്നു ശ്രേഷ്ഠ ഇടയന്മാര്‍ അഭിവന്ദ്യരായ ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോഥിയോസ്, ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് മേല്‍പ്പട്ടത്ത ശുശ്രൂഷയില്‍ 2018 ഒക്ടോബര്‍ 2ന് കാല്‍നൂറ്റാണ്ടു പൂര്‍ത്തീകരിക്കുകയാണ്.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ഇടയ ശ്രേഷ്ഠരെയും ഹൂസ്റ്റണ്‍ ഇന്റര്‍ നാഷ്ണല്‍ എയര്‍പോര്‍ട്ടിനു സമീപമുള്ള ഹോട്ടല്‍ ഹില്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്ന മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സിന്റെ 32-മത് സമ്മേളനത്തോടനുബന്ധിച്ച് ജൂലൈ 7 ശനിയാഴ്ച ഉച്ചക്ക് ശേഷം 2.30- ന് മാര്‍ത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ മഹനീയ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ ആദരിക്കുന്നു.

പ്രസാദ മധുരമായ പെരുമാറ്റം, ലളിത സുന്ദരമായ ജീവിതശൈലി, സമ്പന്നമായ സുഹൃത് ബന്ധങ്ങള്‍, സുറിയാനി സഭാ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നതില്‍ അതീവ തല്പരനായ പ്രബോധനത്തിന്റെ പുത്രന്‍(ബര്‍ണബാസ്) എന്ന പേരില്‍ അറിയപ്പെടുന്ന കോട്ടയം അഞ്ചേരി സ്വദേശിയായ ബിഷപ് ജോസഫ് മാര്‍ ബര്‍ണബാസ് തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപനും മാര്‍ത്തോമ്മ സണ്ടേസ്‌കൂള്‍ സമാജം പ്രസിഡന്റും ആണ്.
ചൈതന്യവക്തായ വ്യക്തിപ്രഭാവവും, ശാന്തസുന്ദരമായ പെരുമാറ്റവും, കര്‍മ്മ കുശലതയും സൗമ്യതയും ഒത്തിണങ്ങിയ വ്യക്തിത്വത്തിന്റെ ഉടമ, ചിട്ടയോടുള്ള ജീവിതശൈലി, ആയുസ്സിന്റെ ദശാംശം കര്‍ത്താവിനുവേണ്ടി എന്ന ആശയത്തിന് ഊന്നല്‍ നല്‍കി അതിനായി സഭാജനങ്ങളെ സജ്ജരാക്കുന്ന കര്‍മ്മയോഗിയാണ് ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശിയായ ബിഷപ് തോമസ് മാര്‍ തിമൊഥിയോസ്. ഇപ്പോള്‍ ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനാധിപനും മാര്‍ത്തോമ്മ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, CARD എന്നിവരുടെ അദ്ധ്യക്ഷനും ആണ്.

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്ന് വൈഷ്ണവ ഫിലോസഫിയും ക്രിസ്ത്യന്‍ തീയോളജിയും എന്ന വിഷയത്തെ അധികരിച്ച് നടന്ന പഠനത്തിന് പിഎച്ച്ഡി ബിരുദം നേടിയ പ്രതിഭാധനവും ശുശ്രൂഷാ സരണിയിലെ കര്‍മ്മോജ്ജ്വല വ്യക്തിത്വവും, അദ്ധ്യാത്മികതയും സാമൂഹിക സേവനവും കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധനും ലൈറ്റ് ടൂ ലൈഫ് എന്ന പേരില്‍ പുതിയതായി ആരംഭിച്ച പ്രോജെക്റ്റിലൂടെ ഇന്ന് ഭാരതത്തിലെ ആയിരകണക്കിന് കുട്ടികള്‍ക്ക് ആശയവും ആവേശവും ആയി മാറിയ മാവേലിക്കര സ്വദേശിയായ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് നോര്‍ത്ത്  അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപനും, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും, സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് പ്രസിഡന്റും ആണ്.

സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഇടയ ശ്രേഷ്ഠരെ മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സില്‍ ആദരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക