Image

ജോജു ജോര്‍ജ്: കിട്ടുന്നതെല്ലാം ബോണസ്

മീട്ടു റഹ്മത്ത് കലാം Published on 04 July, 2018
ജോജു ജോര്‍ജ്: കിട്ടുന്നതെല്ലാം ബോണസ്
'മാന്‍ വിത്ത് എ സ്കാര്‍' എന്ന ടാഗ്ലൈനുമായി എത്തുന്ന ജോസഫ് എന്ന ചിത്രത്തിലൂടെ ജോജു ജോര്‍ജ് ആദ്യമായി നായകവേഷം ചെയ്യുകയാണ്. തന്റെ കരിയറില്‍ തന്നെ മായാത്ത അടയാളമാകാവുന്ന സിനിമയെക്കുറിച്ച് ജോജു സംസാരിക്കുന്നു...

2006 ല്‍ വാസ്തവം എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്ത ആള്‍ ഈ വര്‍ഷം അതേ സംവിധായകന്റെ ചിത്രത്തില്‍ നായകന്‍. ഈ മാറ്റത്തെ എങ്ങനെ കാണുന്നു ?

എം. പദ്മകുമാര്‍ എന്ന സംവിധായകന്‍ ഐ.വി.ശശി, ഷാജി കൈലാസ്, രഞ്ജിത്ത് തുടങ്ങി മുന്‍നിര സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ആളാണ്. സിനിമയില്‍ മുഖം കാണിക്കുക എന്ന ആഗ്രഹവുമായി നടക്കുമ്പോള്‍ മുതലുള്ള പരിചയമാണ് ഞാനും പപ്പേട്ടനും തമ്മില്‍. ഷാജി സാറിന്റെ പല സിനിമകളിലേക്കും സ്‌നേഹത്തിന്റെ പേരില്‍ അദ്ദേഹമെനിക്ക് അവസരങ്ങള്‍ വാങ്ങിത്തന്നിട്ടുണ്ട്. സ്വതന്ത്ര സംവിധായകന്‍ ആയപ്പോള്‍ 'വാസ്തവത്തിലും' ഒരുവേഷം തരാന്‍ മറന്നില്ല. എന്റെ അഭിനയ ജീവിതത്തിലെ വളര്‍ച്ചയുടെ ഓരോ ഘട്ടവും സസൂക്ഷ്മം നിരീക്ഷിച്ച് ഒരു സഹോദരനെപ്പോലെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ആളാണ് പപ്പേട്ടന്‍. എങ്കിലും ജോസഫിലേക്ക് നായകനായി കാസ്‌റ് ചെയ്തത് അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു.

ഹാസ്യത്തിന്റെ മേമ്പൊടിയോടെ ആക്ഷന്‍ ഹീറോ ബിജുവിലും ഇന്‍സ്‌പെക്ടര്‍ ആയി പൂമരത്തിലും തിളങ്ങി. ഇപ്പോള്‍ തീയറ്ററില്‍ തകര്‍ത്തോടുന്ന ഞാന്‍ മേരിക്കുട്ടിയിലെ വില്ലന്‍ കഥാപാത്രവും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുന്നുണ്ട്. ജോസഫ് എന്ന റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ ഇവരില്‍ നിന്ന് എങ്ങനെ വ്യത്യസ്തനാകുന്നു ?

റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ എന്നുപറയുമ്പോള്‍ ഗെറ്റപ്പില്‍ തന്നെ വ്യത്യാസമുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തീര്‍ച്ചയായും, ഇതുവരെ ചെയ്ത പോലീസ് കഥാപാത്രങ്ങളുമായി സാദൃശ്യം തോന്നാത്ത ഒന്നായിരിക്കും ജോസഫ്.

ഈ റോള്‍ ഏറ്റെടുക്കുമ്പോള്‍ എനിക്കതിന് സാധിക്കും എന്ന ധൈര്യം ഉണ്ടായെങ്കില്‍ എന്തായിരിക്കും കാരണം ?

നായക പരിവേഷമുള്ള കഥാപാത്രമല്ല ജോസഫ്. അയാളെ കേന്ദ്രീകരിച്ച് കഥ മുന്നോട്ടു പോകുന്നതു കൊണ്ട് ആ വേഷം ചെയ്യുന്ന എന്നെ നായകന്‍ എന്ന് വിശേഷിപ്പിക്കാം എന്ന്മാത്രം. മറ്റുചിത്രങ്ങളെ സമീപിക്കുന്നതു പോലെ തന്നെ ഏല്‍പ്പിച്ച ഭാഗം കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തി മെച്ചമാക്കുക എന്നേ ഈ റോള്‍ ഏറ്റെടുക്കുമ്പോഴും കരുതിയിട്ടുള്ളു. സംവിധായകന്‍ എന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിനോട് നീതി പുലര്‍ത്തണം എന്നതാണ് സിനിമ സീരിയസ് ആയി കണ്ടു തുടങ്ങിയത ുമുതല്‍ ചെയ്യുന്നത്. ഈ ചിത്രത്തിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്.

കാല്‍നൂറ്റാണ്ടിനോട് അടുക്കുന്ന സിനിമാ ജീവിതത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ് സഹനടന്‍ നായകന്‍ നിര്‍മാതാവ് അങ്ങനെ പലറോളുകള്‍ ചെയ്തതില്‍ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന അനുഭവങ്ങള്‍ ?

സിനിമ എന്താണെന്ന് ഒരു ധാരണയുമില്ലാതെ സിനിമാ നടനാകാന്‍ ഇറങ്ങിത്തിരിച്ച ആളാണ് ഞാന്‍. മമ്മൂക്കയോ ലാലേട്ടനോ ആകാനുള്ള ആഗ്രഹുമായല്ല നടന്നത്. ജൂനിയര്‍ ആര്ടിസ്‌റ് ആകുക, സ്ക്രീനില്‍ തലകാണിക്കുക, അതിനു വേണ്ടിയായിരുന്നു ആദ്യശ്രമം. സര്‍ക്കാര്‍ ജോലി കിട്ടുമ്പോള്‍ ആദ്യ പോസ്റ്റിങ്ങ് പ്യൂണിന്റെതായിപ്പോയി എന്ന് വിലപിക്കുന്നതില്‍ അര്‍ത്ഥമില്ല. പരിശ്രമവും ഭാഗ്യവും കൊണ്ട് പ്രൊമോഷന്‍ കിട്ടി ഗസറ്റഡ് ഓഫിസറായി റിട്ടയര്‍ ചെയ്യുന്ന എത്രയോ പേരുണ്ട്. അത്തരത്തില്‍, ആഗ്രഹിച്ചതിനപ്പുറം ദൈവം ബോണസ്സായി അനുഗ്രഹങ്ങള്‍ തന്നെന്ന് വിശ്വസിക്കുന്ന എന്നെ സംബന്ധിച്ച് ഇങ്ങനൊക്കെ തന്നെ മുന്നോട്ടു പോകണം എന്നല്ലാതെ വലിയ സ്വപ്നങ്ങളൊന്നുമില്ല.

സംവിധായകന്‍ ആകാന്‍ താല്പര്യമുണ്ടോ?

എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് മാര്‍ട്ടിന്‍ പ്രക്കാട്ടും എബ്രിഡ് ഷൈനും. ഒരു സംവിധായകന്റെ കഷ്ടപ്പാട് എത്രത്തോളമാണെന്ന് അടുത്തറിഞ്ഞ ഒരാളെന്ന നിലയ്ക്ക് അഭിനയം നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സംവിധായകനാകാന്‍ പ്രാപ്തി ഉണ്ടെന്ന് സ്വയം തോന്നിയാല്‍, തീര്‍ച്ചയായും ഒരുകൈ നോക്കും. എന്നെ സംബന്ധിച്ച് സിനിമ തന്നെയാണ് ജീവശ്വാസം. അത് ഏത് മേഖലയില്‍ ആയിരുന്നാലും.

ഏറ്റവും വലിയ പിന്തുണ?

അപ്പന്‍, അമ്മ, ഭാര്യ, മൂന്ന് മക്കള്‍, അനിയത്തി, അളിയന്‍, അനിയന്‍, അനിയന്റെ ഭാര്യ അങ്ങനെ സ്‌നേഹത്തില്‍ പൊതിഞ്ഞ കുടുംബാന്തരീക്ഷമാണ് ഏറ്റവും വലിയ ശക്തിയും പിന്തുണയും. സൗഹൃദങ്ങള്‍ക്കും എന്റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട് . ചലച്ചിത്ര രംഗത്തുള്ളവരില്‍ നിനായാലും നല്ല അനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ.
കടപ്പാട്: മംഗളം
ജോജു ജോര്‍ജ്: കിട്ടുന്നതെല്ലാം ബോണസ്ജോജു ജോര്‍ജ്: കിട്ടുന്നതെല്ലാം ബോണസ്ജോജു ജോര്‍ജ്: കിട്ടുന്നതെല്ലാം ബോണസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക