Image

അഭി .. നീയെന്നും ഞങ്ങളിലുണ്ടാകും

Anurag Sasindran:FB Published on 04 July, 2018
അഭി ..  നീയെന്നും ഞങ്ങളിലുണ്ടാകും

അഭി ...

നമ്മുടെ ഹോസ്റ്റല്‍ ഇപ്പോള്‍ നിശബ്ദമാണ് കഴിഞ്ഞ രാത്രി പന്ത്രണ്ട് മണിവരെ നിന്റെ ഉച്ചത്തിലുള്ള ശബ്ദവും കളിയാക്കലുകളും പാട്ടും നിലച്ച് ഒരു സ്മശാനമെന്നോണം എം സി ആര്‍ വി വിറങ്ങലിച്ച് നില്‍ക്കുകയാണെടാ...

നമ്മള്‍ ഒന്നിച്ചിരുന്ന് ലോകകപ്പ് കാണുമ്പോള്‍ നീയുണ്ടാക്കുന്ന ആവേശം. നിന്റെ കളിയാക്കല്‍ ഭയന്നാണ് ഒരോരുത്തരും സ്വന്തം ടീം ജയിക്കാനാഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം പോര്‍ച്ചുഗല്‍ തോറ്റപ്പോള്‍ നീ നാട്ടിലായിരുന്നതില്‍ ഞാന്‍ ആശ്വസിച്ചിരുന്നു നാട്ടില്‍ ചേച്ചിയുടെ കല്യാണ ഒരുക്കവും ഡീ വൈ എഫ് ഐ സമ്മേളനവും കഴിഞ്ഞ് സ്റ്റീല്‍ ബോബിനെ കളിയാക്കാന്‍ ഞാന്‍ വരാം ഞാനില്ലാത്തതിന്റെ പേരില്‍ അധികം ആശ്വസിക്കണ്ട എന്ന് തലേന്ന് പറഞ്ഞാണ് നീ പോയത് .. 

ഞായര്‍ രാത്രി നിന്റെ കളിയാക്കല്‍ പേടിച്ച് ഞാന്‍ നിന്റെ മുന്നില്‍പെടാതെ മാറി നില്‍ക്കുകയായിരുന്നു പക്ഷെ ആ ഒളിച്ച്കളിക്ക് അധിക നേരം ആയുസ്സുണ്ടായിരുന്നില്ല നീ എന്നെ കണ്ടെത്തി വയറു നിറച്ച് തന്നാണ് വിട്ടത് . അന്ന് ഞാന്‍ നിന്റെ ടീമായ കൊളുബിയതോറ്റുപോകണേയെന്ന് പ്രാകിയിരുന്നു.. ഇന്ന് നിന്റെ ടീമിന്റെ കളിയുണ്ടെടാ കാണാന്‍ നീയില്ലാ... ഇന്ന് നിനക്ക് വേണ്ടി നിന്റെ ടീം ജയിക്കണം അത് കണ്ടെങ്കിലും ഞങ്ങള്‍ക്ക് സന്തോഷിക്കാലോ ..

ഉള്ളു നിറയെ സ്‌നേഹം നിറച്ച നിന്റെ നെഞ്ച് കുത്തി കീറിയ ക്രൂരതയിക്ക് പക്ഷെ നിന്റെയുള്ളിലെ സ്‌നേഹത്തിനെ നന്‍മ്മയെ ഒരു പോറല്‍പോലും ഏല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെടാ.. നീ പോയ രാത്രി, ആ ആശുപത്രിക്ക് പുറത്ത് പെയിത മഴമുഴുവന്‍ നനഞ്ഞാണ് ഞങ്ങള്‍ നിന്നത് അന്ന് പെയിതത് നീ തന്നെയാണ് നിന്റെയുള്ളിലെ നന്‍മ്മയാണ് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത് .

കോളേജ് വിട്ട് വൈകുന്നേരം ഹോസ്റ്റല്‍ ഗേറ്റില്‍ നീ പാടിക്കൊണ്ടിരുന്ന വൈകുന്നേരങ്ങള്‍.ഹോസ്റ്റലിലെ നടുമുറ്റത്ത് നമ്മള്‍ മഴ നനഞ്ഞ് പാടിയ കാലം ...

മെസ്സില്ലാത്ത അവധികാലത്ത് കഞ്ഞിവെച്ച് കുടിച്ച് കഴിച്ചു കൂട്ടിയ രാത്രി .. അവധിക്ക് എല്ലാരും നാട്ടില്‍പോയപ്പോള്‍ ട്രെയിനില്‍ യാത്ര ചെയ്യാനാഗ്രഹിച്ച് കോഴിക്കോടെയും മലപ്പുറത്തേ സുഹൃത്തുകളുടെ വീട്ടിലും സന്ദര്‍ശ്ശിച്ച്. അവസാനം എന്റെ വീട്ടിലുമെത്തി ആ അനുഭവങ്ങള്‍ മുഴുവന്‍ പറഞ്ഞ് ഇനി നാട്ടിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിപോയത് ഇപ്പഴും ഓര്‍മ്മകളില്‍ അലയടിക്കുന്നുണ്ട് ...

നിനക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു നിന്റെ നാട്ടില്‍ നിലനില്‍ക്കുന്ന ജാതി വിവേചനം ഇല്ലായ്മ ചെയ്യണം. നാട്ടിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി വരും തലമുറയെ മുഴുവന്‍ ആ വിപത്തില്‍ പുറത്തെത്തിക്കണം എന്നൊക്കെ നീ ആഗ്രഹിച്ചിരുന്നല്ലോ.. മഹാരാജാസില്‍ ഡിഗ്രിയിലും പീജിയിലും പഠിക്കുന്ന പലരോടും തന്റെ നാട്ടില്‍ വന്ന് ക്ലാസെടുക്കാന്‍ നീ ക്ഷണിച്ചിരുന്നു .. ഒരിക്കല്‍ എന്നോടും വരണമെന്ന് നീ പറഞ്ഞിരുന്നു അതൊക്കെ സാധിച്ചെടുക്കാന്‍ നീ ഇപ്പോള്‍ ഈ ഭൂമിയിലില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെടാ..

നിന്നെകുറിച്ച് എഴുതിയാലും എഴുതിയാലും തീരില്ല ഇന്നലെ രാത്രി മുഴുവന്‍ നീ ഉറങ്ങുന്ന ജനറല്‍ ഹോസ്പിറ്റലിന്റെ പുറത്ത് ഞങ്ങളെല്ലാം കഴിഞ്ഞുപോയ നശിച്ച നിമിഷത്തെ പഴിച്ച് കാത്തിരുന്നു എല്ലാം ഒരു ദുസ്വപ്നമാകണെയെന്ന് ആഗ്രഹിച്ച് നിന്റെ തിരിച്ച് വരവ് കൊതിച്ച്

നീ ഞങ്ങള്‍ക്കൊക്കെ പ്രിയപ്പെട്ടവനായിരുന്നു വരാനിരിക്കുന്ന ചേച്ചിയുടെ കല്യാണത്തിന് മുഴുവന്‍ എം സി ആര്‍ വി കാരെയും കൊണ്ടുപോകാന്‍ വണ്ടിയേര്‍പ്പാടാക്കുമെന്നും ആ നാട് മുഴുവന്‍ നിങ്ങളെ ഞാന്‍ കാണിക്കുമെന്നും പറഞ്ഞ് ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു നീ നിന്റെ സ്വര്‍ഗ്ഗത്തിലേക്ക് ആഘോഷപൂര്‍വ്വം വരാന്‍ ഞങ്ങളും ...

ഇന്നലെ നീ പറഞ്ഞ ആ മനോഹരമായ നാട്ടിലേക്ക് ഞങ്ങള്‍ വന്നിരുന്നു പക്ഷെ ആ യാത്രക്ക് നിന്റെ പാട്ടുകളുടെ അകമ്പടിയില്ലായിരുന്നു നിന്റെ തമാശകളും നിര്‍ദ്ദേശങ്ങളുമ്മില്ലായിരുന്നു പകരം തളംകെട്ടി നില്‍ക്കുന്ന മൗനവും ഘനീര്‍ഭവിച്ച ദുഖവും ചിതയിലേക്കെടുക്കുമുന്‍ബ് നിനക്കായി നെഞ്ചുതട്ടി ഉറക്കെ വിളിക്കാന്‍ മനസ്സില്‍ കെട്ടി നില്‍ക്കുന്ന മുദ്രാവാക്യങ്ങളും മാത്രമായിരുന്നു കൂട്ട്

അഭി .. 
നീയെന്നും ഞങ്ങളിലുണ്ടാകും നിന്റെ ശബ്ദം നമ്മുടെ ക്യാമ്പസില്‍ ഇപ്പഴും അലയടിക്കുന്നുണ്ടാകും മതേതര യൗവ്വന മഹാ സ്മാരകമായ മഹാരാജാസില്‍ വര്‍ഗ്ഗീയതയുടെ വിഷവിത്തുപാകാനെത്തിയ നരബോജികളെ ഇടനെഞ്ചുകൊണ്ട് നീ ചെറുത്ത ഈ ദിനം നിന്റെ ഉജ്വല രക്തസാക്ഷിത്വത്തിന്റെ പേരില്‍ എന്നും ഓര്‍മ്മിക്കപ്പെടും...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക