Image

നായര്‍ ബനവലന്റ്‌ അസോസ്സിയേഷന്‍ 2011ലെ ഗ്രാഡ്വേറ്റ്‌സിനെ അനുമോദിച്ചു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 01 July, 2011
നായര്‍ ബനവലന്റ്‌ അസോസ്സിയേഷന്‍ 2011ലെ ഗ്രാഡ്വേറ്റ്‌സിനെ അനുമോദിച്ചു
ന്യൂയോര്‍ക്ക്‌: നായര്‍ ബനവലന്റ്‌ അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26 ഞായറാഴ്‌ച ന്യൂയോര്‍ക്കിലെ ജെറീക്കോ ടേണ്‍പൈക്കിലുള്ള കൊടിലിയണ്‍ റസ്റ്റോറന്റില്‍ വച്ച്‌
സംഘടിപ്പിച്ച 2011ലെ ഗ്രാഡ്വേറ്റ്‌സ്‌ അനുമോദനച്ചടങ്ങ്‌ വമ്പിച്ച വിജയമായിരുന്നു എന്ന്‌ ജനറല്‍ സെക്രട്ടറി ജയപ്രകാശ്‌ നായര്‍ അറിയിച്ചു.

കുട്ടികളുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. തുടര്‍ന്ന്‌ പ്രസിഡന്റ്‌ ശ്രീ സുനില്‍ നായരും, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ ശ്രീ അപ്പുക്കുട്ടന്‍ നായരും ഗ്രാഡ്വേറ്റ്‌സിനെ അനുമോദിക്കുകയും അവര്‍ക്ക്‌ ആശംസകളര്‍പ്പിക്കുകയും ചെയ്‌തു. യുവതലമുറയുടെ പ്രതിനിധിയെന്ന നിലയില്‍ സഞ്‌ജയ്‌ നായര്‍ ഗ്രാഡ്വേറ്റ്‌സിനോട്‌ തന്റെ കോളേജ്‌ ജീവിതത്തെക്കുറിച്ച്‌ വിവരണം നല്‍കി.

മുഖ്യാതിഥി ശ്രീ വി.പി. നായര്‍ ഗ്രാഡ്വേറ്റ്‌സിന്‌ ഉപദേശങ്ങള്‍ നല്‍കുകയും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്‌തു. നായര്‍ ബനവലന്റ്‌ അസോസ്സിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ പ്രസിഡന്റുമായ അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ അസോസ്സിയേഷന്റെ ആരംഭകാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അനുസ്‌മരിച്ചു. യൂത്ത്‌ കമ്മിറ്റി ചെയര്‍മാന്‍ കിരണ്‍ പിള്ളയും, ടീനേജ്‌ കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ കൃഷ്‌ണാ സതീശും ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.

അസോസ്സിയേഷന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീറിന്റെ ഒരു പ്രതി എക്‌സ്‌ ഒഫീഷ്യോ ശ്രീ ഗോപിനാഥ കുറുപ്പ്‌ മുഖ്യാതിഥി ശ്രീ വി.പി. മേനോന്‌ നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. സുവനീറിലേക്ക്‌ പരസ്യങ്ങളും രചനകളും നല്‍കി സഹായിച്ച എല്ലാ സുമനസ്സുകള്‍ക്കും ചീഫ്‌ എഡിറ്റര്‍ ജയപ്രകാശ്‌ നായര്‍ നന്ദി പറഞ്ഞു.

ജുലൈ 23 മുതല്‍ 30 വരെ എന്‍.ബി.എ. സെന്ററില്‍ നടക്കുന്ന മഹാ ഭാഗവത സപ്‌താഹയജ്ഞത്തിന്റെ ആചാര്യനായി സ്വാമി ഉദിത്‌ ചൈതന്യജി സന്നിഹിതനാകുമെന്നും, ഏഴുദിവസവും മൂന്നു നേരം അദ്ദേഹത്തിന്റെ പ്രഭാഷണം ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ്‌ ശ്രീ സുനില്‍ നായര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ നേരിട്ട്‌ കേള്‍ക്കുവാന്‍ കൈവരുന്ന ഈ സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തരുതെന്നും, ഭാഗവത സപ്‌താഹയജ്ഞത്തിലേക്ക്‌ എല്ലാ ഹൈന്ദവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വിഭസമൃദ്ധമായ ഉച്ചഭക്ഷണത്തിനു ശേഷം സജ്ഞയ്‌ നായരും രേഷ്‌മ സതീശും നേതൃത്വം നല്‍കിയ കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരങ്ങളും ക്വിസ്‌ മത്സരങ്ങളും നടന്നു. വൈസ്‌ പ്രസിഡന്റ്‌ ശ്രീമതി വനജാ നായരുടെ കൃതജ്ഞതാ പ്രസംഗത്തോടുകൂടി ചടങ്ങുകള്‍ പര്യവസാനിച്ചു.

നായര്‍ ബനവലന്റ്‌ അസോസ്സിയേഷന്‍ 2011ലെ ഗ്രാഡ്വേറ്റ്‌സിനെ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക