Image

എന്താവണം അസോസിയേഷന്‍, എങ്ങനെയാവണം നേതാക്കന്മാര്‍ (റോയ് ആന്റണി)

Published on 04 July, 2018
എന്താവണം അസോസിയേഷന്‍, എങ്ങനെയാവണം നേതാക്കന്മാര്‍ (റോയ് ആന്റണി)
ഫൊക്കാന കണ്‍വന്‍ഷന്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ അമേരിക്കന്‍ മലയാളി അസോസിയേഷനുകള്‍ കൊണ്ട് നിങ്ങള്‍എന്തുനേടി ? മലയാളികളുടെ ക്ഷേമവും ഉന്നമനവും സംസ്കാരവും ലക്ഷ്യമാക്കി ആരംഭിച്ച മഹത്തായ സംഘടനാ നേതാക്കന്‍മാരുടെ താന്‍പോരിമ കൊണ്ടും അഭിപ്രായ ഭിന്നത കൊണ്ടും രണ്ടായി തീര്‍ന്നു . എന്നിട്ടും നേതാക്കന്മാര്‍ പഠിച്ചില്ല . ആങ്ങള ചത്താലും വേണ്ടില്ല , നാത്തൂന്റെ കണ്ണീരുകാണണം എന്ന വാശിയോടെ ഇലെക്ഷനുകളില്‍ വീണ്ടും വീണ്ടും മത്സരിച്ചു സംഘടനകളില്‍ ഭിന്നപ്പു വളര്‍ത്തികൊണ്ടിരുന്നു . സംഘടനാ ഇലക്ഷനുകളില്‍ അധികാര സ്ഥാനങ്ങള്‍ക്ക് വേണ്ടി വ്യസ്ത്യസ്ത പാനലുകളില്‍ നീല കുറുക്കന്മാരായി പലരും പ്രത്യക്ഷപ്പെട്ടു .

നേതൃത്വം മലയാളിക്കൊരു ശാപമാകുന്ന അവസ്ഥയാണ് അമേരിക്കന്‍ മലയാളി അസ്സോസിയേഷനുകളില്‍ കാണാനാവുക . ഒരിക്കല്‍ ഒരു സ്ഥാനത്തു എത്തപ്പെട്ടു കഴിഞ്ഞാല്‍ അവിടെ നിന്നും മാറണമെങ്കില്‍ ആരെങ്കിലും പിടിച്ചിറക്കണം .

അതുവരെ സ്ഥാനങ്ങള്‍ മാറി മാറി കളിച്ചുകൊണ്ടിരിക്കും
ഫോമയില്‍നിന്നും വ്യസ്തമായി , ഫൊക്കാനയില്‍ ഒരേ ആളുകള്‍ കഴിഞ്ഞ പത്തിരുപതു വര്ഷങ്ങളായി എക്‌സിക്യൂട്ടീവില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു പോരുന്നു . ഇപ്രാവശ്യവും അവര്‍ മുന്തിയ സ്ഥാനങ്ങള്‍ക്കായി മത്സര രംഗത്തുണ്ട് . കഴിഞ്ഞ കാലങ്ങളില്‍ തങ്ങള്‍ ഉള്‍പ്പെട്ട കമ്മറ്റികളുടെ തീരുമാനത്തെ തള്ളിപ്പറയുന്ന ഇരട്ടത്താപ്പുമായാണ് പുതിയ അഭിനയം . ഇതവരുടെ വിശ്വസ്യത തന്നെ തകര്‍ത്തു കളയുന്നു . എത്ര വര്‍ഷങ്ങള്‍ സ്ഥാനമാനങ്ങള്‍ വഹിച്ചു എന്നതല്ല , എങ്ങനെ പ്രവര്‍ത്തിച്ചു എന്നതാവണം സംഘടനാ ഇലെക്ഷനുകളില്‍ വിലയിരുത്തപ്പെടേണ്ടത് . അതിനു ഇന്നലെ വന്നവര്‍ , പഴയവര്‍ എന്ന വേര്‍തിരിവ് പാടില്ല . കഴിവുള്ളവര്‍ രംഗത്ത് വരട്ടെ , ഒപ്പം പ്രവര്‍ത്തിക്കാനുള്ള മനസ്സും സമയവും വേണ്ടുവോളം ഉള്ളവരും . സ്വന്തം പോക്കറ്റില്‍ നിന്നും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കാന്‍ സന്നദ്ധരായാല്‍ നന്ന്

സത്യസന്ധരും അര്‍ഹരും ആയിരിക്കണം നേതാക്കന്മാരായി തിരഞ്ഞെടുക്കപ്പെടേണ്ടത് . പുഴുക്കുത്തുകളെ നമുക്ക് മാറ്റി നിര്‍ത്താം. വ്യക്തി ജീവിതത്തില്‍ സംശുദ്ധി ഇല്ലാത്തവര്‍ , തട്ടിപ്പ് , പണാപഹരണം നടത്തിയവര്‍ എന്നിവരെ ഒഴിവാക്കാന്‍ പാനലുകള്‍ക്കു നേതൃത്വം നല്‍കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അവരുടെ തന്നെ തോല്‍വിക്ക് കാരണമാവും . സ്വഭാവ ശുദ്ധി ഇല്ലാത്തവര്‍ നവ മാധ്യമങ്ങളിലൂടെ നടത്തുന്ന വാചാടോപം തോല് പൊട്ടിയ ചെണ്ടയുടെ പ്രതിധ്വനിയായിട്ടേ ആളുകള്‍ ശ്രവിക്കൂ .

അമേരിക്കന്‍ മലയാളി സംഘടനകളുടെ അലിഖിത നിയമം നമ്മുടെ ഭാഷയും സംസ്കാരവും വരും തലമുറയ്ക്ക് കൈമാറുക എന്നതാവണം . യുവതലമുറയെ പ്രമോട്ട് ചെയ്യുന്ന കാര്യത്തില്‍ ഫൊക്കാനയെക്കാള്‍ ഭേദം ഫോമതന്നെ . കഴിവും നേതൃപാടവവും ഉള്ള യുവജങ്ങള്‍ കടന്നു വരട്ടെ. അതിനു ദോഷൈകദൃക് ആവാതിരിക്കുക .
ഭൂരിപക്ഷ വര്‍ഗീയത എന്നതുപോലെ ന്യൂനപക്ഷ വര്‍ഗീയതയേയും ചെറുത്തു തോല്പിക്കേണ്ടതാണ് . മതേതര സംഘടനകളില്‍ ഇന്ന് മതാധിപത്യത്തിനാണ് കൂടുതല്‍ സ്ഥാനം . കേരളത്തില്‍ ഭൂരിപക്ഷ ഹിന്ദു വര്‍ഗീയതയാണെങ്കില്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഭൂരിപക്ഷ െ്രെകസ്തവ വര്‍ഗീയതയാണ് നിറയുന്നത് . ഇത് രണ്ടും മലയാളിക്ക് ഭൂഷണമല്ല . മത സംഘടനകളില്‍ പ്രവര്‍ത്തിക്കാത്ത ചുരുക്കം ചില നേതാക്കളെ അമേരിക്കന്‍ സംഘടനാ നേതൃത്വത്തില്‍ കണ്ടാലായി . മത സംഘടനകളില്‍ പ്രവര്‍ത്തിച്ചു എന്ന ഒറ്റ കാരണത്താല്‍ നമ്മള്‍ ആരെയും വര്‍ഗീയവാദി എന്നു വിളിക്കാറില്ല, അങ്ങനെ ആരെങ്കിലും വിളിക്കുന്നു എങ്കില്‍ അവരുടെ അജണ്ട വേറെയാണ് , അത് മനസ്സിലാക്കാന്‍ വിവേകമുള്ള അമേരിക്കന്‍ മലയാളിക്കാവും.

വര്‍ഗീയത പോലെ തന്നെ ഒഴിവാക്കേണ്ടതാണ് പ്രാദേശികത വാദവും . ന്യൂയോര്‍ക്കിനു വേണ്ടിയുള്ള മുറവിളി ഫോമാ കണ്‍വന്‍ഷനില്‍ സൃഷ്ടിച്ച ചേരിതിരിവ് നമ്മള്‍ കണ്ടിട്ട് നാളേറെ ആയിട്ടില്ല . ഇലക്ഷന്‍ ചെറുതോ വലുതോ ആവട്ടെ , അത് വിഭാഗീയതക്കും വിരോധത്തിനും കാരണമാവും . ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും സുഹൃത്തുക്കള്‍ ശത്രുക്കളായി മാറുന്ന കാഴ്ചകള്‍ നമ്മുടെ സമൂഹത്തില്‍ ധാരാളം . പിന്തിരിഞ്ഞുനോക്കുമ്പോള്‍ ഒരു ചോദ്യം നാവിന്‍ തുമ്പില്‍ ‘അമേരിക്കന്‍ മലയാളീ സംഘടനാ പ്രവര്‍ത്തനത്തിലൂടെ നീ എന്തു നേടി ? ‘ നഷ്ട സൗഹൃദത്തിന്റെ ശവകൂനയിലാണ് നിന്റെ ജീവിതം .

മഹാനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ ന്റ് ഉപ്പാപ്പക്കൊരാന ഉണ്ടാര്‍ന്നു ‘ എന്ന കഥയിലെ കുഞ്ഞുപാത്തുമ്മമാര്‍ ആവാതെ പഴയകാല പ്രതാപം പറഞ്ഞു നടക്കാതെ വര്‍ത്തമാന കാലഘട്ടത്തില്‍ നടക്കാനും സംഘടനയെ ശരിയായ ദിശയില്‍ നയിക്കാനും കഴിവുള്ളവര്‍ വിജയിക്കട്ടെ .ജയമോ തോല്‍വിയോ അല്ല, സംഘടനയുടെ കെട്ടുറപ്പാണ് ശക്തി എന്ന തിരിച്ചറിവ് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രതിനിധികള്‍ക്കും ഉണ്ടാവുമ്പോള്‍ ഫൊക്കാന ഇനിയും ഉയരത്തിലെത്തും എന്നു നിസ്സംശയം പറയാം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക