Image

കള്ളനോട്ടടി: സീരിയല്‍ നടിയടക്കമുള്ള പ്രതികള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍

Published on 05 July, 2018
കള്ളനോട്ടടി: സീരിയല്‍ നടിയടക്കമുള്ള പ്രതികള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍

കൊച്ചി: കള്ളനോട്ട്‌ കേസില്‍ കൊല്ലത്ത്‌ നിന്ന്‌ പിടിയിലായ സീരിയല്‍ നടിയേയും ബന്ധുക്കളേയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റി. കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ ഉടന്‍ പിടിയിലാകുമെന്നാണ്‌ സൂചന. പ്രതികളുടെ ബേങ്ക്‌ നിക്ഷേപം ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്രോതസ്സുകള്‍ ഇടുക്കിയില്‍ നിന്നുള്ള അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്‌.

കൊല്ലം രാമന്‍കുളങ്ങര മുളങ്കാടകം മനയില്‍ കുളങ്ങരയില്‍ സീരിയില്‍ നടി സൂര്യ ശശി, ഇവരുടെ മാതാവ്‌ രമാ ദേവി, സഹോദരി ശ്രുതി എന്നിവരാണ്‌ പിടിയിലായത്‌. സ്വാമി ബിജു എന്നറിയപ്പെടുന്ന ബിജുവാണ്‌ കേസിലെ മുഖ്യപ്രതി. ബിജുവിന്റെ നിര്‍ദേശപ്രകാരമാണ്‌ കഴിഞ്ഞ എട്ട്‌ മാസമായി വീട്ടില്‍ കള്ളനോട്ട്‌ അഠിച്ചിരുന്നതെന്നാണ്‌ പ്രതികള്‍ നല്‍കിയ മൊഴി.

ഇടുക്കിയില്‍ കള്ളനോട്ട്‌ കേസില്‍ പിടിയിലായവരില്‍ നിന്ന്‌ പോലീസിന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അതീവ രഹസ്യമായി പ്രത്യേക അന്വേഷണ സംഘമാണ്‌ പുലര്‍ച്ചെ മൂന്നോടെ കൊല്ലം നഗരത്തിന്‌ സമീപം മുളങ്കാടകത്തെ നടിയുടെ വീട്ടില്‍ പരിശോധന നടത്തിയത്‌.
സംഘമെത്തുമ്പോള്‍ നടി വീട്ടിലില്ലായിരുന്നു. പുറത്ത്‌ നിന്നുള്ള സംഘത്തെ എത്തിച്ചാണ്‌ നടിയുടെ കുടുംബം കള്ളനോട്ട്‌ അടിച്ചിരുന്നത്‌. കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്‌, നോട്ടടിക്കുന്നതിനുള്ള പ്രത്യേക പ്രിന്റിംഗ്‌ മെഷീന്‍, പുറം രാജ്യത്ത്‌ നിന്ന്‌ ഇറക്കുമതി ചെയ്‌ത ലേസര്‍ ഷീറ്റ്‌, റിസര്‍വ്‌ ബേങ്കിന്റെ വ്യാജ സീല്‍, മൊബൈല്‍ ഫോണുകള്‍, രണ്ടര ലക്ഷം രൂപയുടെ കള്ള നോട്ട്‌ എന്നിവ നടിയുടെ വീട്ടില്‍ നിന്ന്‌ പിടിച്ചെടുത്തു.

സീരിയല്‍ ബന്ധങ്ങളുപയോഗിച്ചാണ്‌ നടിയുടെ കുടുംബം ഇടപാടുകാരെ കണ്ടെത്തിയിരുന്ന്‌. ഇടപാടുകാരുടെ വിശ്വസ്‌തതക്കനുസരിച്ച്‌ രണ്ട്‌ മുതല്‍ മൂന്ന്‌ ലക്ഷം രൂപ വരെ കള്ള നോട്ട്‌ കൊടുത്ത്‌ ഒരു ലക്ഷം രൂപയുടെ ഒറിജിനല്‍ കറന്‍സി തിരികെ വാങ്ങുന്ന തരത്തിലായിരുന്നു സംഘം ഇടപാടുകള്‍ നടത്തിയിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക