Image

പ്രശസ്ത തിരക്കഥാകൃത്ത് ടി.ദാമോദരന്‍ അന്തരിച്ചു

Published on 27 March, 2012
പ്രശസ്ത തിരക്കഥാകൃത്ത് ടി.ദാമോദരന്‍ അന്തരിച്ചു
കോഴിക്കോട് : പ്രശസ്ത തിരക്കഥാകൃത്ത് ടി.ദാമോദരന്‍ (77) അന്തരിച്ചു. ഹൃദയാഘാതത്തെ ത്തുടര്‍ന്ന് കോഴിക്കോട് സ്വവസതിയില്‍ രാവിലെ പത്തുമണിയോടെയായിരുന്നു അന്ത്യം. ഹരിഹരന്‍ സംവിധാനം ചെയ്ത 'ലൗ മാര്യേജ്' എന്ന ചിത്രത്തിന് തിരക്കഥയെഴുതിയാണ് അദ്ദേഹം തിരക്കഥാരംഗത്തേക്ക് കടന്നുവന്നത്.

ടി.ദാമോദരന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടി, ഈ നാട്, വാര്‍ത്ത, ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, 1921, അടിമകള്‍ ഉടമകള്‍, അബ്കാരി, നാല്‍ക്കവല, തുഷാരം, നാണയം, കാന്തവലയം എന്നീ ചിത്രങ്ങള്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍പ്പെടുന്നു. 2006ല്‍ പുറത്തിറങ്ങിയ വി.എം.വിനു സംവിധാനം ചെയ്ത യെസ് യുവര്‍ ഓണര്‍ ആണ് അദ്ദേഹത്തിന്റെ അവസാന തിരക്കഥ. പ്രിയദര്‍ശനുമൊന്നിച്ച് അദ്ദേഹം ചെയ്ത ആര്യന്‍, അദൈ്വതം, അഭിമന്യു, കാലാപാനി മണിരത്‌നത്തിന്റെ ഏക മലയാള ചിത്രം ഉണരൂ, ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട്, ഇത്തിരി പൂവെ ചുവന്ന പൂവെ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

1936 സെപ്റ്റംബര്‍ 15ന് കോഴിക്കോട്ട് ചോയിക്കുട്ടിയുടെയും മാളുവിന്റെയും മകനായി ബേപ്പൂരിലായിരുന്നു ടി.ദാമോദരന്റെ ജനനം. മീഞ്ചന്ത എലിമെന്ററി സ്‌കൂള്‍, ബേപ്പൂര്‍ ഹൈസ്‌കൂള്‍, ചാലപ്പുറം ഗണപത് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ഗുരുവായൂരപ്പന്‍ കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നെങ്കിലും അവിടെനിന്ന് പുറത്താക്കപ്പെട്ടു. ഫാറൂഖ് കോളജിലും പഠനം പൂര്‍ത്തിയാക്കാനായില്ല. അതിനാല്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജില്‍ ചേര്‍ന്നു. കോഴ്‌സ് പാസായതോടെ മാഹി അഴിയൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഡ്രില്‍ മാസ്റ്ററായി ജോലി ലഭിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് ബേപ്പൂര്‍ സ്‌കൂളിലെത്തി. അവിടെ 29 വര്‍ഷക്കാലം ഡ്രില്‍ മാസ്റ്ററായി ജോലി ചെയ്തു.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കായികകലാ മത്സരങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന ടി.ദാമോദരന്‍ യുക്തി വാദ പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു. സ്‌കൂള്‍ മാസ്റ്റര്‍ ആയിരിക്കെ നിരവധി നാടകങ്ങള്‍ എഴുതി. യുഗസന്ധിയാണ് ആദ്യ പ്രൊഫഷണല്‍ നാടകം. ഉടഞ്ഞ വിഗ്രഹങ്ങള്‍, ആര്യന്‍, അനാര്യന്‍, നിഴല്‍ തുടങ്ങിയവ ടി.ദാമോദരന്റെ ജനപ്രിയ നാടകങ്ങളാണ്.


പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം, രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.


ഭാര്യ: പുഷ്പ. മക്കള്‍ : ദീദി (തിരക്കഥാകൃത്ത്), സിന (കോഴിക്കോട് വിദ്യാകേന്ദ്ര), അഡ്വ. രശ്മി (ഹൈക്കോടതി). മരുമക്കള്‍ ‍: പി. പ്രേംചന്ദ് (ചിത്രഭൂമി സീനിയര്‍ എഡിറ്റര്‍), അഡ്വ. രാജീവ് ലക്ഷ്മണ്‍ (കോഴിക്കോട്), മോഹന്‍ (ബ്ലൂ മൗണ്ട് ടീ ആന്‍ഡ് കമോഡിറ്റി ടീ ടേസ്റ്റര്‍).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക