Image

നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ്: ഓണ്‍ലൈന്‍ സംവിധാനമൊരുക്കി വെല്‍ഫെയര്‍ കേരള കുവൈത്ത്

Published on 05 July, 2018
നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ്: ഓണ്‍ലൈന്‍ സംവിധാനമൊരുക്കി വെല്‍ഫെയര്‍ കേരള കുവൈത്ത്

കുവൈത്ത്: നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡിന് അപേക്ഷ നല്‍കിയവര്‍ക്ക് അപേക്ഷകരുടെ വിവരങ്ങള്‍ അറിയുവാനും കാര്‍ഡിന്റെ വിതരണം സുഗമമാക്കുന്നതിനുമായി ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയതായി വെല്‍ഫെയര്‍ കേരള കുവൈത്ത് ഭാരവാഹികള്‍ അറിയിച്ചു.

വെല്‍ഫെയര്‍ കേരള നോര്‍ക്ക ഹെല്പ് ഡെസ്‌ക്കുകള്‍ വഴി അപേക്ഷ നല്‍കിയവര്‍ക്ക് www.welfarekeralakuwait.comഎന്ന വെബ്‌സൈറ്റില്‍ നോര്‍ക്ക കാര്‍ഡിന്റെ നിലവിലെ അവസ്ഥ അറിയാന്‍ സാധിക്കും. സൈറ്റില്‍ അപേക്ഷകന്റെ സിവില്‍ ഐഡി നന്പര്‍ കൊടുത്ത് സേര്‍ച്ച് ചെയ്താല്‍ കാര്‍ഡ് റെഡിയായ വിവരവും കാര്‍ഡ് കരസ്ഥമാക്കാന്‍ ബന്ധപ്പെടേണ്ട നന്പരും ലഭിക്കും. 

17 ഘട്ടങ്ങളിലായി കുവൈത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കാര്‍ഡ് വിതരണം നടത്തിയെങ്കിലും നിരവധി അപേക്ഷകര്‍ ഇതുവരെ കാര്‍ഡ് കൈപറ്റാത്തത് സംഘാടകരെ കുഴയ്ക്കുന്നുണ്ട്. നാട്ടില്‍ നോര്‍ക്ക ഓഫീസുകളിലെ തിരക്കു കാരണം അപേക്ഷ നല്‍കി മാസങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് നോര്‍ക്ക കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് ലഭിച്ചു തുടങ്ങിയത്. പ്രവാസികള്‍ക്കുള്ള ആനുകല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി വെല്‍ഫെയര്‍ കേരള നടത്തിയ ബോധവല്‍ക്കരണ കാന്പയിന്റെ ഫലമായി ആയിരക്കണക്കിന് പേരാണ് നോര്‍ക കാര്‍ഡിനായി അപേക്ഷ നല്‍കിയത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കൂട്ടത്തോടെ വന്ന അപേക്ഷകള്‍ പരിശോധന നടത്തി കാര്‍ഡുകള്‍ പ്രിന്റ് ചെയ്യാന്‍ മതിയായ ഉദ്യോഗസ്ഥരുടെ അഭാവം കാരണം മാസങ്ങളോളം വിവിധ നോര്‍ക്ക ഓഫീസുകളില്‍ അപേക്ഷകള്‍ കെട്ടികിടന്ന വാര്‍ത്ത മുന്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രവാസികളുടെ നിരന്തര സമ്മര്‍ദ്ദം മൂലം കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ കാര്‍ഡുകള്‍ പ്രിന്റ് ചെയ്യാന്‍ നോര്‍ക്ക സംവിധാനമുണ്ടാക്കിയതോടെയാണ് കാര്‍ഡുകള്‍ ലഭിച്ചു തുടങ്ങിയത് . 

നോര്‍ക്ക റൂട്‌സ് വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന സംവിധാനം അടുത്തിടെ ആരംഭിച്ചെങ്കിലും നടപടിക്രമങ്ങളുടെ സങ്കീര്‍ണതമൂലം സാധാരണക്കാരായ പ്രവാസികള്‍ സാമൂഹിക സംഘടനകളെയാണ് അപേക്ഷ സമര്‍പ്പിക്കാനായി ആശ്രയിക്കുന്നത്. 

അബാസിയ,ഫര്‍വാനിയ,സാല്‍മിയ,ഫഹഹീല്‍ എന്നീ മേഘലകളില്‍ ഇതിനോടകം മൂവായിരത്തോളം കാര്‍ഡുകള്‍ വിതരണം ചെയ്തതായി വെല്‍ഫെയര്‍ കേരള കുവൈത്ത് ഭാരവാഹികള്‍ അറിയിച്ചു.

അപേക്ഷ നല്‍കുന്ന സമയത്തെ മൊബൈല്‍ നന്പരുകളില്‍ പലതും മാറിയതിനാല്‍ കാര്‍ഡ് ഉടമകളെ ബന്ധപ്പെടാനുള്ള പ്രയാസവും സംഘാടകര്‍ പങ്കുവയ്ക്കുന്നു . വാട്‌സ്ആപ്പ്, ഇമെയില്‍ വഴി സന്ദേശമയച്ചും കാര്‍ഡ് വിതരണത്തിന്റെ അറിയിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയും അപേക്ഷകരെ അറിയിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും പല കാര്‍ഡുകളും കൈപ്പറ്റാന്‍ ഇതുവരെ അപേക്ഷകര്‍ എത്താത്തത് സംഘാടകരെ ആശങ്കയിലാക്കുകയാണ്. ഈ അവസ്ഥ മറികടക്കാനാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയിരിക്കുന്നതെന്നും അപേക്ഷകര്‍ പ്രയോജനപ്പെടുത്തണമെന്നും വെല്‍ഫെയര്‍ കേരള ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക