Image

പാലക്കാട്ട് ഇന്ന് ഹര്‍ത്താല്‍; സ്‌കൂള്‍പരീക്ഷകള്‍ക്ക് മാറ്റമില്ല

Published on 28 March, 2012
പാലക്കാട്ട് ഇന്ന് ഹര്‍ത്താല്‍; സ്‌കൂള്‍പരീക്ഷകള്‍ക്ക് മാറ്റമില്ല
പാലക്കാട്: ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആവശ്യപ്പെട്ട് മെഡിക്കല്‍കോളേജ് ആക്ഷന്‍കമ്മിറ്റി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പാലക്കാട്ജില്ലയില്‍ ബുധനാഴ്ച നടക്കും. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് ബി.ജെ.പി.യും പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സും യു.ഡി.എഫും ഹര്‍ത്താലില്‍നിന്ന് വിട്ടുനില്‍ക്കും.

ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് നേരത്തെ സി.പി.എം. ആഹ്വാനംചെയ്തിരുന്നു. സ്‌കൂള്‍പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. മുന്‍നിശ്ചയിച്ചതനുസരിച്ച് പരീക്ഷകള്‍ നടത്തുമെന്ന് പാലക്കാട് ഡി.ഡി.ഇ. വി. രാമചന്ദ്രന്‍ അറിയിച്ചു.


കാലിക്കറ്റ് സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. സ്വകാര്യബസ്സുകള്‍ ഓടിക്കാനായിരുന്നു ബസ്സുടമകളുടെ സംഘടനതീരുമാനിച്ചിരുന്നത്. എന്നാല്‍, ഒരുവിഭാഗം തൊഴിലാളികള്‍ പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുമൂലം സ്വകാര്യബസ്സോട്ടം മുടങ്ങിയേക്കും. കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ പതിവുപോലെ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.


ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി തീരുമാനിച്ചു. ഹര്‍ത്താല്‍ അനവസരത്തിലുള്ളതാണെന്നും സാമ്പത്തികവര്‍ഷാവസാനമായതിനാല്‍ കടകള്‍ അടച്ചിടുന്നത് അനവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ്പ്രസിഡന്‍റ് ജോബി വി.ചുങ്കത്ത് പറഞ്ഞു.


സ്‌കൂള്‍വിദ്യാര്‍ഥികളുമായി യാത്രചെയ്യുന്ന വാഹനങ്ങള്‍, ബസ്, പാല്‍, പത്രം, മരുന്നുഷാപ്പ്, ആസ്പത്രികള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ആക്ഷന്‍കമ്മിറ്റി അറിയിച്ചു. സ്‌കൂള്‍വാഹനങ്ങള്‍ തടയില്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്‍റ് സി. കൃഷ്ണകുമാര്‍ പറഞ്ഞു.


ഹര്‍ത്താലിന് ധാര്‍മികപിന്തുണ മാത്രമാണ് നല്‍കുന്നതെന്ന് വെല്‍ഫെയര്‍പാര്‍ട്ടി ഓഫ് ഇന്ത്യ പത്രക്കുറിപ്പില്‍ പറഞ്ഞു. ഹര്‍ത്താല്‍ദിനം പ്രതിഷേധദിനമായി ആചരിക്കാനും ജില്ലാക്കമ്മിറ്റി തീരുമാനിച്ചു.


അതേസമയം ഒറ്റപ്പാലംനഗരസഭയില്‍ ചൊവ്വാഴ്ചയുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒറ്റപ്പാലം നഗരസഭാപരിധിയില്‍ യു.ഡി.എഫിന്റെ നേതൃത്വത്തിലും ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക