Image

കാവ്യമാധവന്‍റെ വ്യാജന്‍ ചതിച്ച് കുടുങ്ങിപ്പോയ ബംഗ്ലാദേശി കാമുകന്‍

Published on 06 July, 2018
കാവ്യമാധവന്‍റെ വ്യാജന്‍ ചതിച്ച് കുടുങ്ങിപ്പോയ ബംഗ്ലാദേശി കാമുകന്‍

വാരണം ആയിരം എന്ന ഗൗതം മേനോന്‍റെ സിനിമയില്‍ കാമുകിയെ നേടി അമേരിക്ക വരെയും റിസ്കെടുത്ത് യാത്ര പോകുന്ന നായകന്‍റെ കഥയുണ്ട്. കാമുകി അമേരിക്കയില്‍ എവിടെയാണെന്ന് പോലും അറിയാതെയാണ് കാമുകന്‍റെ തിരച്ചിലും യാത്രയും. ഈ സിനിമാ കഥയെ വെല്ലുന്ന ബ്ലാക്ക് കോമഡിയാണ് സഹിബുള്‍ഖാന്‍ എന്ന ബംഗ്ലാദേശിയുടെ ജീവിതത്തില്‍ സംഭവിച്ചത്. സഹിബുള്‍ഖാന് ഇപ്പോള്‍ പ്രായം 28. പെയിന്‍റിംഗ് തൊഴിലാളിയായ ഖാന് വെറും 25 വയസുള്ളപ്പോഴാണ് കഥ തുടങ്ങുന്നത്. സോഷ്യല്‍മീഡയയില്‍ ഖാന്‍ സജീവമായി വന്ന് തുടങ്ങിയ ആ പ്രായത്തിലാണ് ഇന്ത്യയില്‍ നിന്നൊരു കാമുകി സഹിബുളിന്‍റെ ജീവിതത്തിലേക്ക് എത്തുന്നത്. കാമുകിയുടെ നാട് ഇന്ത്യയിലെ കേരളത്തിലെ വയനാട്ടിലായിരുന്നു. കേരളത്തിലെ സ്ത്രീകള്‍ സുന്ദരികളാണെന്ന് സഹിബുള്‍ കേട്ടിട്ടുമുണ്ട്. എന്നാല്‍ പാവം കാമുകിയുടെ പ്രൊഫല്‍ പികചര്‍ കേരളത്തിലെ പ്രശസ്ത സിനിമാ നടി കാവ്യമാധവന്‍റേതാണെന്ന് മാത്രം സഹിബുള്‍ അറിഞ്ഞില്ല. കാവ്യയുടെ ചിത്രം തന്‍റെ കാമുകിയുടേതാണെന്ന് തെറ്റുദ്ധരിച്ച് പാവം ഫേസ്ബുക്ക് ചാറ്റിലൂടെ പ്രണയം തുടര്‍ന്നു. 
അവസാനം ബംഗ്ലാദേശില്‍ കാമുകിയെ കാണാന്‍ ഇന്ത്യയിലേക്ക് വരാന്‍ തീരുമാനമായി. ബംഗ്ലാദേശില്‍ നിന്നും നിരവധിപ്പേര്‍ ബംഗാളിലേക്ക് കടക്കുന്ന അതിര്‍ത്തി വെട്ടിച്ചുള്ള അനൗദ്യോഗിക മാര്‍ഗമാണ് സഹിബുളും സ്വീകരിച്ചത്. അങ്ങനെ റിസ്കെടുത്തുള്ള യാത്രയില്‍ അവസാനം വയനാട് വരെയെത്തി. കാമുകി തന്നെ തന്‍റെ വീട്ടിലേക്കുളള വഴിയെല്ലാം പറഞ്ഞു കൊടുത്തു. അവസാനം കാമുകിയുടെ വീട്ടിലെത്തി കാമുകിയെ കണ്ടപ്പോള്‍ സാക്ഷാല്‍ ഖാന്‍ ഞെട്ടി. താന്‍ കണ്ട കാവ്യമാധവന്‍റെ പടവും ഒറിജിനല്‍ കാമുകയും തമ്മില്‍ അജഗജാന്തര വിത്യാസം. മാത്രമല്ല ഖാന്‍റെ ഇരട്ടി പ്രായവുമുണ്ട് കാമുകിക്ക്. നിരാശനായ കാമുകന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് നാട്ടുകാര്‍ സംഘടിച്ച് സദാചാര പോലീസ് മുറ പ്രയോഗിക്കുന്നത്. നാട്ടുകാരുടെ കൈയ്യില്‍ നിന്ന് നല്ല ഇടി കിട്ടിയപ്പോഴേക്കും കാമുകിയും ഖാനെ കൈയ്യൊഴിഞ്ഞു. അവസാനം മേപ്പാടി പോലീസ് ഖാനെ അറസ്റ്റ് ചെയ്തു. 
കൈയ്യില്‍ രേഖകളൊന്നുമില്ലാത്തതിനാല്‍ അനധികൃതമായ കടന്നുകയറ്റത്തിന് രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞു. മൂന്ന് മാസം മുമ്പ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. നാട്ടിലേക്ക് പോകാനുള്ള നടപടിക്രമങ്ങള്‍ മേപ്പാടി പോലീസ് തന്നെ ബംഗ്ലാദേശ് എംബസിയുമായി സംസാരിച്ച് പൂര്‍ത്തീകരിച്ചു. എന്നാല്‍ പ്രശ്നങ്ങള്‍ അവിടെയും അവസാനിച്ചില്ല. എംബസിയില്‍ നിന്നും അയച്ചുകൊടുത്ത ഖാന്‍റെ രേഖകള്‍ തപാല്‍സമരം മൂലം നഷ്ടമായി. ഇപ്പോള്‍ മേപ്പാടി പോലീസിന്‍റെ കാരുണ്യത്തില്‍ പോലീസ് ക്വാര്‍ട്ടേഴ്സില്‍ കഴിയുകയാണ് ഖാന്‍. പോലീസുകാര്‍ തന്നെ ഭക്ഷണവും വാങ്ങി നല്‍കും. 
താന്‍ പടം കണ്ട് മോഹിച്ച കാമുകി കേരളത്തിലെ പ്രമുഖ സിനിമാതാരമാണെന്നൊക്കെ ഇപ്പോള്‍ ഖാന് നന്നായിട്ടറിയാം. പറ്റിയ മണ്ടത്തരം ഓര്‍ത്ത് ആകെ ദുഖത്തിലാണ് കക്ഷി. ഇനി എങ്ങനെയെങ്കിലും നാട്ടില്‍ തിരിച്ചെത്തിയാല്‍ മതി എന്ന ഒറ്റ പ്രതീക്ഷയിലാണ് ഖാന്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക