Image

`അഭിമന്യൂ വധം; പ്രതികളില്‍ ആറുപേര്‍ കൊച്ചി സ്വദേശികള്‍`

Published on 06 July, 2018
`അഭിമന്യൂ വധം;  പ്രതികളില്‍ ആറുപേര്‍ കൊച്ചി സ്വദേശികള്‍`


കൊച്ചി: എറണാകുളം മഹാരാജാസ്‌ കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ ഇടുക്കി ജില്ലാക്കമ്മറ്റി അംഗവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചെന്ന്‌ പോലീസ്‌. പ്രതികളില്‍ ആറു പേര്‍ കൊച്ചി നെട്ടൂര്‍ സ്വദേശികളാണെന്ന്‌ പോലീസ്‌ അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഇവര്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ തെരച്ചില്‍ നടക്കുന്നതെന്നുമാണ്‌ വിവരം.
അഭിമന്യുവിനെ കൊന്നത്‌ 15 അംഗ സംഘമാണെന്ന്‌ എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട 14 പേരും പുറത്തുനിന്നുള്ളവരാണെന്നും കൊല നടത്തിയതു കറുത്ത മുഴുക്കയ്യന്‍ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണെന്നുമാണ്‌ പോലീസ്‌ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌.

കോളജ്‌ വിദ്യാര്‍ഥിയായ മുഹമ്മദാണ്‌ കേസില്‍ ഒന്നാം പ്രതി. 15 പ്രതികളില്‍ രണ്ട്‌ മുഹമ്മദുമാര്‍ ഉണ്ടെന്നും പോലീസ്‌ വ്യക്തമാക്കിയിരുന്നു. ഒരാള്‍ കോളജിലെ വിദ്യാര്‍ഥിയും മറ്റേയാള്‍ പുറത്തുനിന്നെത്തിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ട ആളുമാണ്‌. അഭിമന്യുവിനെ കൊലപ്പെടുത്തുന്നതിനു മുമ്പായി അക്രമിസംഘം രണ്ടു തവണ മഹാരാജാസ്‌ കോളജ്‌ കാമ്പസ്‌ പരിസരത്ത്‌ എത്തിയിരുന്നതായും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.

തിങ്കളാഴ്‌ച പുലര്‍ച്ചെയാണ്‌ കോളജില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്‌ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ഒരു സംഘമാളുകള്‍ കുത്തിക്കൊലപ്പെടുത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക