Image

സുനന്ദയുടെ മരണം-തരൂറിന് ചുറ്റുമുള്ള കുരുക്ക് മുറുകുന്നു.- (ഡല്‍ഹികത്ത്:പി.വി.തോമസ്)

പി.വി.തോമസ് Published on 06 July, 2018
സുനന്ദയുടെ മരണം-തരൂറിന് ചുറ്റുമുള്ള കുരുക്ക് മുറുകുന്നു.- (ഡല്‍ഹികത്ത്:പി.വി.തോമസ്)
സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണം കഴിഞ്ഞ് (2014 ജനുവരി 17) നാലര വര്‍ഷത്തിനുശേഷം വിചാരണ ആരംഭിക്കുമ്പോള്‍ ഭര്‍ത്താവ് ശശിതരൂര്‍ എന്ന കോണ്‍ഗ്രസ് എം.പി.യും(തിരുവനന്തപുരം) മുന്‍ വിദേശകാര്യ ഉപമന്ത്രിയും കുറ്റാരോപിതനായി പ്രതിക്കൂട്ടില്‍ ആണ്. ആദ്യം കൊലപാതകകുറ്റ വകുപ്പുപ്രകാരം(302 ഇന്‍ഡ്യന്‍ പീനല്‍ കോഡ്) കേസ് ചാര്‍ജ്ജ് ചെയ്‌തെങ്കിലും ഇപ്പോള്‍ തരൂര്‍ നേരിടുന്ന ആരോപണങ്ങള്‍ ആത്മഹത്യ പ്രേരണയും(306 പീനല്‍ കോഡ്) ഗാര്‍ഹിക പീഢനവും(498 എ-ഐ.വി.സി.) ആണ്. ഇതില്‍ ആത്മഹത്യ പ്രേരണക്കുറ്റം തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും ജനപ്രതിനിധി ആകുവാനും അയോഗ്യത കല്പിക്കപെടാം. വിചാരണയും ന്യായവിധിയും കഴിഞ്ഞാലും ഈ ദാരുണ മരണം സംബന്ധിച്ചുള്ള ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിക്കും. കാരണം ആത്മഹത്യ പ്രേരണയും, ഗാര്‍ഹീക പീഡനവും സംബന്ധിച്ചുള്ള ആരോപണങ്ങള്‍ക്ക് അതീതം ആണ് തരൂര്‍-സുനന്ദ കേസ്.

ഓരോ ആത്മഹത്യയും ഓരോ കൊലപാതകം ആണെന്ന ഒരു തിയറി ഉണ്ട്. ഇത് ഒര്‍ത്ഥത്തില്‍ ശരിയാണു താനും.  ഇത് ഒരര്‍ത്ഥത്തില്‍ ശരിയാണു താനും. ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നതില്‍ ആ കുടുംബത്തിനും സമൂഹത്തിനും പങ്കുണ്ട്. അന്ധമായ ചില മതാചാരങ്ങള്‍ ഇതില്‍പെടുന്നില്ല. സുനന്ദയുടെ കേസ് അതല്ല. പക്ഷേ, ആത്മഹത്യ പ്രേരണ തെളിയിക്കപ്പെടുവാന്‍ പ്രയാസം ഉള്ള ഒന്നാണെന്നാണ് നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

തരൂര്‍-സുനന്ദ കേസ് വിചാരണ ചെയ്യുന്ന ദല്‍ഹി അഡീഷ്ണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് സമര്‍ വിശാല്‍ പോലീസിന്റെ ചാര്‍ജ്ജ് ഷീറ്റ് വളരെ ഗൗരവമായി എടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് ജൂണ്‍ അഞ്ചാം തീയതി കേസ് കേട്ട അദ്ദേഹം തരൂറിനെ ജൂലൈ ഏഴാം തീയതി(ശനിയാഴ്ച) കോടതിയില്‍ ഹാജരാകുവാന#് ആജ്ഞാപിച്ചത്. തരൂറിന് മുന്‍കൂര്‍ ജാമ്യം ജൂലൈ അഞ്ചിന് ലഭിച്ചുവെങ്കിലും കാര്യങ്ങള്‍ അവിടെ തീരുന്നില്ല.

തരൂറിന് എതിരായിട്ടുള്ള ആരോപണങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് പറഞ്ഞത് ആത്മഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും ആയി അദ്ദേഹത്തിനെതിരായി വിചാരണ നടത്തുവാന്‍ വേണ്ടത്ര അടിസ്ഥാനം ഉണ്ടെന്നാണ്. ഞാന്‍ ഈ പോലീസ്-ചാര്‍ജ്ജ് ഷീറ്റും അതിന് ഉപോല്‍ബലകമായ രേഖകളും കൂലങ്കഷം ആയി പഠിച്ചതിന്റെ വെളിച്ചത്തില്‍ ഡോ.ശശി തരൂറിനെതിരെ ആത്മഹത്യ പ്രേരണക്കും ഗാര്‍ഹീകപീഡനത്തിനും വിചാരണ നടത്തുവാന്‍ തീരുമാനിക്കുകയാണ്. തെളിയിക്കപ്പെട്ടാല്‍ മൂന്നുവര്‍ഷവും(ഗാര്‍ഹിക പീഡനം) പത്തുവര്‍ഷവും(ആത്മഹത്യ പ്രേരണ) ജയില്‍ ശിക്ഷക്ക് അദ്ദേഹം അര്‍ഹന്‍ ആയിരിക്കും.

പോലീസ് തരൂറിനെ കുറ്റാരോപിതന്‍ ആക്കിയിരിക്കുന്നത് പ്രധാനമായും അദ്ദേഹത്ിതന്റെ വീട്ട് ജോലിക്കാരന്റെ സാക്ഷിമൊഴിയുടെയും സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെയും അടിസ്ഥാനത്തില്‍ ആണ്. തരൂറും സുനന്ദയും പതിവായി കലഹിക്കുമായിരുന്നുവെന്ന് വീട്ടുജോലിക്കാരന്‍ സാക്ഷ്യപ്പെടുത്തി. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം സുനന്ദയുടെ ശരീരത്തില്‍ പീഡനത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ചും മുഖത്തും കൈപ്പത്തിയിലും. ഒപ്പം സുനന്ദയുടെ ഒരു ഇ-മെയില്‍ സന്ദേശവും പോലീസ് തെളിവായിട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം സുനന്ദക്ക് ജീവിക്കുവാന്‍ ആഗ്രഹം ഇല്ലെന്നും മരണത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞിരുന്നു. സുനന്ദയുടെ മുറിയില്‍ നിന്നും വിഷാദരോഗചികിത്സയ്ക്കായിട്ടുള്ള അല്‍പ്രാക്‌സ് ഗുളികകള്‍(27), കണ്ടെടുത്തതും പോലീസിന്റെ തെളിവ് ആണ്. തരൂറും സുനന്ദയും തമ്മില്‍ വളരെ കലുഷിതമായ ദാമ്പത്യ ബന്ധം ആണ് ഉണ്ടായിരുന്നത് എന്നതിന് തെളിവായി പോലീസിന് സാക്ഷിമൊഴികള്‍ ഉണ്ട്. ഇതില്‍ തരൂറിന്റെതും പെടും. മൂവായിരം പേജുകള്‍ ആണ് ചാര്‍ജ്ജ് ഷീറ്റിന് ഉള്ളത്.
തരൂര്‍ ഇതിനെയെല്ലാം നിരാകരിച്ചുകൊണ്ട് ട്വിറ്ററിലൂടെ പ്രതികരിച്ചു. പോലീസ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതം ആണെന്ന് തരൂര്‍ പ്രസ്താവിച്ചു. ഓരോ ആരോപണത്തെയും അദ്ദേഹം നിരാകരിച്ചു. അവയുടെ പൊള്ളത്തരം തെളിയിക്കുമെന്നും പറഞ്ഞു. സുനന്ദയെ അടുത്തറിയുന്ന ആരും അവര്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുകയില്ലെന്നും താന്‍ അതിന് പ്രേരിപ്പിക്കുമെന്ന് ഒട്ടും വിശ്വസിക്കുകയില്ലെന്നും തരൂര്‍ പറഞ്ഞു. ദല്‍ഹി പോലീസിന്റെ അന്വേഷണ രീതികളെയും നിഗമനത്തിലുള്ള വൈരുദ്ധ്യതയെയും തരൂര്‍ വിമര്‍ശിച്ചു. ആദ്യം സുനന്ദയുടേത് വധം ആണെന്നും പിന്നീട് പ്രതികളായി ആരെയും കണ്ടില്ലെന്നും അതിനുശേഷം അത് ആത്മഹത്യ ആണെന്ന് സ്ഥാപിച്ചതും അതിനു പിറകില്‍ തരൂര്‍ ആണെന്ന് ആരോപിച്ചതും വൈരുദ്ധ്യാത്മകമായ അന്വേഷണ-നിഗമനങ്ങള്‍ ആയും തരൂര്‍ ചൂണ്ടികാട്ടി.

എന്താണ് സത്യം എന്നത് ഒരു പക്ഷെ വിചാരണയും വിധിയും വെളിച്ചത്തു കൊണ്ടു വന്നേക്കാം. ഒരു പക്ഷേ സത്യം അപ്പോഴും അപ്രാപ്യം ആയിരിക്കാം. ഏതായാലും സുനന്ദ മരിച്ചു. അല്ലെങ്കില്‍ കൊല്ലപ്പെട്ടു. അല്ലെങ്കില്‍ ആത്മഹത്യ ചെയ്തു. അല്ലെങ്കില്‍ അമിതമായ ഡ്രഗ് ഉപയോഗത്തിലൂടെ അപകടപ്പെട്ട് മരിച്ചു. അങ്ങനെ യക്ഷി കഥപോലെയുള്ള ഒരു പ്രേമകഥക്ക് തിരശീലയും വീണു.

സുനന്ദ പുഷ്‌ക്കര്‍ നാഥ് ദാസ്(51) വളരെ മനോഹരിയായ ഒരു സ്ത്രീ ആയിരുന്നു. തരൂറും വളരെ സുന്ദരനും വര്‍ണ്ണപ്പകിട്ടും ഉള്ള പുരുഷനും. 2010-ല്‍ നടന്ന അവരുടെ വിവാഹം 2014 വരെ മാത്രമെ നീണ്ടു നിന്നുള്ളൂ. എന്തു സംഭവിച്ചു? എവിടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്? ഇന്‍ഡ്യയിലെ രാഷ്ട്രീയ-സാമൂഹിക-കുടുംബവൃത്തങ്ങളില്‍ മുഴങ്ങി കേള്‍ക്കുന്ന ചോദ്യങ്ങള്‍ ആണ് ഇവ. തരൂര്‍ വളരെയധികം വിജയം പ്രാപിച്ച ഒരു നയതന്ത്രജ്ഞന്‍ ആയിരുന്നു. ഐക്യരാഷ്ട്രസഭയില്‍ വളരെക്കാലം ഉണ്ടായിരുന്നു. അതിന്റെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റെങ്കിലും അദ്ദേഹത്തിന്റെ ബുദ്ധിശക്തിയെയും വാഗ്ചാതുര്യത്തെയും ആരും ചോദ്യം ചെയ്യുകയില്ല. കൊല്‍ക്കട്ടയില്‍ ജനിച്ച മലയാളിയായ തരൂര്‍ ദല്‍ഹിയിലും ഓക്‌സ്‌ഫോഡിലും പഠിച്ചതിന് ശേഷം ആണ് ഐക്യരാഷ്ട്രസഭയില്‍ ജോലിക്ക് ചേരുന്നത്. ഓക്‌സ്‌ഫോഡില്‍ നിന്നും പി.എച്ച്.ഡി. എടുക്കുമ്പോള്‍ വയസ് 21. ഐക്യരാഷ്ട്രസഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അദ്ദേഹം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവം ആയി. രണ്ട് പ്രാവശ്യം തിരുവനന്തപുരം ലോകസഭ തെരഞ്ഞെടുപ്പില്‍ ജയിച്ചു. വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒരു ലോകസഭ അംഗവും ആണ് അദ്ദേഹം. സുനന്ദ കാശ്മീരി ആയിരുന്നു. ഒരു പട്ടാള ഉദ്യോഗസ്ഥന്റെ മകള്‍. ദുബൈ ആസ്ഥാനമായുള്ള ഒരു ബിസിനസ് എക്‌സിക്യൂട്ടീവ്. സാമ്പത്തീകമായിട്ടുള്ള അവരുടെ വളര്‍ച്ച പെട്ടെന്ന് ആയിരുന്നു. റൊണ്‍ഡിവ്യൂ സ്‌പോര്‍ട്ട്‌സ് വേള്‍ഡും ഇന്‍ഡ്യ പ്രീമിയര്‍ ലീഗും ആയിട്ടുള്ള ബന്ധവും കൊച്ചി ടസ്‌ക്കേഴ്‌സ് കേരളയിലെ പങ്കാളിത്തവും അതില്‍ 700 മില്യന്‍ രൂപ സ്വെറ്റ് മണിയായി തരൂര്‍ നല്‍കിയതും ഒടുവില്‍ തരൂറിന് മന്ത്രിസ്ഥാനം ര്ാജിവയ്‌ക്കേണ്ടി വന്നതും വിവാദം ആയിരുന്നു. സുനന്ദ തരൂറിന്റെ അപര ആയിരുന്നുവെന്നും ആരോപണം ഉണ്ടായിരുന്നു. മരിക്കുന്നതിന്റെ മുമ്പ് സുനന്ദ പറഞ്ഞത്രെ ഇന്‍ഡ്യ പ്രീമിയര്‍ ലീഗിലെ തരൂറിന്റെ എല്ലാ കാപട്യങ്ങളും സുനന്ദക്ക് ഏറ്റെടുക്കേണ്ടതായി വന്നുവെന്ന്. ഇതെല്ലാം വെളിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞിരുന്നതായി ചില സ്വകാര്യ സ്ത്രീസുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ഉദാഹരണം ആയി നളിനിസിംങ്ങ്(അരുണ്‍ ഷൂറിയുടെ സഹോദരി). സുനന്ദയുടെ പാക്ക്ചാര ഏജന്‍സി ഐ.എസ്.ഐ.യുമായുള്ള ബന്ധവും ആരോപണവിധേയം ആയിട്ടുണ്ട്. മെഹര്‍ തരൂര്‍ എന്ന പാക്കിസ്ഥാന്‍ വനിത മാധ്യമപ്രവര്‍ത്തക്ക് തരൂറുമായിട്ടുള്ള ബന്ധം സുനന്ദയെ വല്ലാതെ ഉലച്ചിരുന്നു. സുനന്ദയും തരൂറും തമ്മിലുള്ള ട്വിറ്റര്‍ യുദ്ധം കുപ്രസിദ്ധം ആണ്. തരൂര്‍ ഐ.എസ്.ഐ. ഏജന്റ് ആണെന്ന് സുനന്ദ ആരോപിച്ചിരുന്നു.

തരൂരും സുനന്ദയും മുമ്പ് രണ്ടു പ്രാവശ്യം വിവാഹം കഴിച്ചിരുന്നു.  ഇവരുടെയും മൂന്നാമത്തെ വിവാഹം ആയിരുന്നു ഇത്. പുറമെ നിന്ന് നോക്കുമ്പോള്‍ എല്ലാം സുന്ദരം മംഗളം എന്ന് തോന്നിയിരുന്നു. പക്ഷേ, സംഭവങ്ങള്‍ അങ്ങനെ ആയിരുന്നില്ല. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുന്ന്ദ പരസ്യമായി തരൂറിന്റെ ചെകിട്ടത്തടിച്ചതായി വാര്‍ത്ത ഉണ്ടായിരുന്നു. ദല്‍ഹി വിമാനതാവളത്തില്‍ അപ്പോള്‍ യു.പി.എ.യുടെ മുന്‍ വാര്‍ത്താ വിതരണമന്ത്രി മനീഷ് തിവാരിയും ഉണ്ടായിരുന്നു.  തരൂറിന്റെ പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകയുമായി ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന ബന്ധം സുനന്ദ ഒട്ടും അംഗീകരിച്ചിരുന്നില്ല. ഇവരെ ഒരുമിച്ച് ദുബൈയില്‍ കണ്ടതായി സുഹൃത്തുക്കള്‍ പറഞ്ഞതായും സുനന്ദ വെളിപ്പെടുത്തിയിരുന്നു. കാരണം ദുബൈ സുനന്ദക്ക് സ്വന്തം വീടുപോലെ ആണത്രെ. ഒട്ടേറെ സ്‌ഫോടനാത്മകമായ  വിഷയങ്ങള്‍ ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. തരൂറും ഐ.പി.എല്ലും ചിലത് മാത്രം ആയിരിക്കാം. ഒരു പക്ഷേ, ഐ.എസ്.ഐ.മറ്റൊരു പ്രധാനഘടകവും. ഇതെല്ലാം ഒരിക്കല്‍ വെളിച്ചത്ത്് വരുമോ? ഏതായാലും ഇപ്പോഴത്തെ വിചാരണയില്‍ അവയൊന്നും വെളിച്ചത്ത് വരുവാന്‍ സാധ്യതയില്ല. അവയെല്ലാം വച്ച് നോക്കുമ്പോള്‍ ആത്മഹത്യ പ്രേരണകുറ്റം എത്ര നിസാരം. ഏതായാലും തല്‍ക്കാലം തരൂര്‍ വിഷമാവസ്ഥയില്‍ ആണ്.

സുനന്ദയുടെ മരണം-തരൂറിന് ചുറ്റുമുള്ള കുരുക്ക് മുറുകുന്നു.- (ഡല്‍ഹികത്ത്:പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക