Image

എന്റെ മക്കളെ പോലെയാണ് എനിക്ക് എഴുത്തും; എന്റെ ജീവശ്വാസം:സ്വാതി ശശിധരന്‍

സപ്ന.ബി.ജോര്‍ജ് Published on 06 July, 2018
എന്റെ മക്കളെ പോലെയാണ് എനിക്ക് എഴുത്തും; എന്റെ ജീവശ്വാസം:സ്വാതി ശശിധരന്‍
(ഈ വര്‍ഷത്തെ, പതിനെട്ടാമത് ഫൊക്കാന, കമലദാസ് ആംഗലേയ സാഹിത്യ പുരസ്ക്കാരത്തിന് അര്‍ഹമായ RAINDROPS ON MY MEMORY YACHTഠ ന്‍റെ രചയിതാവ് സ്വാതി ശശിധരനുമായുള്ള അഭിമുഖം.)

ചോദ്യം:ഒരു പ്രവാസി മലയാളി , കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ , ഏഴും നാലും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മ താങ്കള്‍ എങ്ങനെയാണ് എഴുത്തില്‍ അതും ഇംഗ്ലീഷിലും മലയാളത്തിലും, എത്തിപ്പെട്ടത്?

ഉത്തരം:2005 ല്‍ അയര്‍ലണ്ടില്‍ വന്ന ശേഷം ബ്ലോഗിങ്ങിലൂടെയാണ് ഞാന്‍ എഴുത്തിനിണങ്ങിയ ഒരു പൊതുവേദി കണ്ടെത്തിയത്. അന്ന് ഉണ്ടായിരുന്ന ഥ360! ലൂടെ 2005 മുതല്‍ ബ്ലോഗ് സ്ഥിരമായി എഴുതിത്തുടങ്ങി. ബ്ലോഗിങ്ങിലൂടെയാണ് എന്റെ എഴുത്തുകള്‍ മറ്റുള്ളവരുടെ വായനക്കായി എത്തിച്ചേര്‍ന്നത്.

ചോദ്യം: പ്രവാസികളായ സ്ത്രീകള്‍ക്ക് എഴുത്തിന്റെ ലോകത്തില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ട് കൂടുതല്‍ അല്ലേ? പ്രത്യേകിച്ചും ജോലിയും കുടുംബവും ആയി നാട്ടില്‍ നിന്ന് വളരെ അകലെ താമസിക്കുമ്പോള്‍?

ഉത്തരം :ഒട്ടും എളുപ്പം അല്ല തന്നെ. ഞാന്‍ 11 വര്‍ഷം അയര്‍ലണ്ടില്‍ ടെലികോം മേഖലയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി നീണ്ട അവധിയിലാണ്. കുഞ്ഞുങ്ങള്‍ വളരെ ചെറുതായിരുന്നപ്പോള്‍ ക്രെഷില്‍ ചേര്‍ത്ത് ജോലിക്ക് പോയിരുന്നു. പിന്നെ അവര്‍ക്ക് അഞ്ചും ,മൂന്നും വയസ്സായപ്പോള്‍, അമ്മയുടെ ശ്രദ്ധ കൂടുതല്‍ വേണ്ട സമയം ആണെന്ന് തോന്നി.

ഞാന്‍ തന്നെയാണ് അവധിയെ പറ്റി ആദ്യം ചിന്തിച്ചത്. അവരുടെ ആ പ്രായത്തില്‍ അമ്മയുടെ സംരക്ഷണവും, വാത്സല്യവും ആവശ്യമായിരുന്നു. ജോലി രാജി വെക്കുന്നതിനോട് ഞങ്ങള്‍ രണ്ടു പേര്‍ക്കും താല്പര്യം ഇല്ലായിരുന്നു. അവരുടെ ഒരു പ്രായം കഴിഞ്ഞു തിരികെ ജോലിയില്‍ കയറാന്‍ ആണ് ഉദ്ദേശം.

ചോദ്യം:എങ്ങനെയാണ് എഴുത്തിലേക്ക് പ്രവേശിച്ചത് ?

ഉത്തരം:പതിനാറു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തിട്ട് വീട്ടമ്മ ആകാന്‍ ആദ്യമൊക്കെ നല്ല ബുദ്ധിമുട്ട് തോന്നി. ഞാന്‍ ചെറുപ്പത്തിലേ ധാരാളം പുസ്തകങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും വായിച്ചിരുന്നു.

പിന്നെ പഴയ ബ്ലോഗിങ്ങ്ന്‍റെ പിന്‍ബലത്തില്‍ ഫേസ്ബുക്കില്‍ 'പുസ്തക റിവ്യൂ എഴുതിയാണ് തുടങ്ങിയത്.
ഫൊക്കാന അവാര്‍ഡ് ലഭിച്ച സുരേഷ് .സി .പിള്ളയുടെ 'തന്മാത്രം' ത്തിനായിരുന്നു ആദ്യം ആസ്വാദനം എഴുതിയത് .പിന്നെ ,പട്രീഷ്യ മക് കോര്‍മാക് ന്റെ , കട്ട് എന്ന ഇംഗ്ലീഷ് പുസ്തത്തിന്റെ റിവ്യൂവിന് അവിചാരിതമായി സമ്മാനവും ലഭിച്ചപ്പോഴാണ് എഴുതാനുള്ള ആത്മവിശ്വാസം കൂടിയത്. അതോടൊപ്പം വായനക്കാരുടെ അഭിപ്രായവും.

ചോദ്യം: ഒരു പ്രവാസി മലയാളി വീട്ടമ്മയ്ക്ക് , പ്രത്യേകിച്ച് രണ്ടു ചെറിയ കുട്ടികള്‍ ഉള്ളപ്പോള്‍ , എപ്പോഴാണ് എഴുതാന്‍ സമയം കിട്ടുക?

ഉത്തരം:ചെറിയ മക്കളുള്ള സ്ത്രീകള്‍ക്ക് പ്രവാസി ആണെങ്കിലും അല്ലെങ്കിലും പൊതുവെ അവരുടെ കഴിവുകള്‍ പുറത്തറിയണമെങ്കില്‍, അവരുടെ കുടുംബം അതിനെ പരസ്യമായി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ മാത്രമെ സാധിക്കു!
എന്റെ ഭര്‍ത്താവിന്റെ പരിപൂര്‍ണ്ണ പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് ഞാന്‍ എഴുത്തിന്റെ ലോകത്ത് നിന്നത്.

പിന്നെ സ്ഥിരവരുമാനം ഉള്ള ഒരു ജോലിയില്‍ നിന്ന് എഴുത്തിലേക്ക് ഇറങ്ങി തിരിക്കണം എങ്കില്‍ അക്ഷരങ്ങളോട് അത്രയ്ക്ക് പ്രണയം വേണം.
ഞാന്‍ എഴുതാന്‍ സമയം കണ്ടെത്തുന്നത് കുട്ടികള്‍ ഉറങ്ങിയ ശേഷമോ, അവര്‍ സ്കൂളില്‍ ആയിരിക്കുമ്പോഴോ ആണ്. അവര്‍ക്കുള്ള സമയം ഞാന്‍ എഴുതാന്‍ ഇരിക്കില്ല.

ചോദ്യം:സ്വാതി ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നുണ്ട്?

ഉത്തരം:ഞാന്‍ ഇംഗ്ലീഷിലാണ് ചെറുപ്പത്തില്‍ എഴുതി തുടങ്ങിയത്, വായന വളര്‍ന്നപ്പോള്‍ മലയാളത്തിലും എഴുതിത്തുടങ്ങി.ആദ്യമൊക്കെ എന്റെ ദൈനംദിന അനുഭവങ്ങള്‍ അല്പം നര്‍മ്മത്തോടെ എഴുതിയിരുന്നു. ഇപ്പോള്‍ കഥകള്‍ ആണ് കൂടുതലും മലയാളത്തില്‍ എഴുതുന്നത് . ഇംഗ്ലീഷില്‍ ഞാന്‍ വീക്കിലി കോളം എഴുതി തുടങ്ങിയ “ടോപിക്”, ഐറിഷ് കുട്ടികളെ വളര്‍ത്തുന്ന മലയാളി അമ്മ നേരിടുന്ന പ്രശ്‌നങ്ങള്‍" ആണ്.

ചോദ്യം:പ്രവാസി മലയാളി സ്ത്രീ, എഴുത്തുകാരി, രണ്ട് പെണ്‍കുട്ടികളുടെ അമ്മ ഈ നിലകളില്‍ അയര്‍ലണ്ടിലെയും നാട്ടിലെയും ജീവിതം വളരെ വ്യത്യസ്തം അല്ലേ ?

ഉത്തരം:തീര്‍ച്ചയായും. അയര്‍ലണ്ടില്‍ ഞാനും എന്‍റെ മക്കളും അനുഭവിക്കുന്ന സ്വാതന്ത്ര്യം, ഒരിക്കലും നാട്ടില്‍ അവധിക്കു പോവുമ്പോള്‍ ഞങ്ങള്‍ക്ക് കിട്ടാറില്ല.

നാട്ടില്‍ തനിയെ െ്രെഡവ് ചെയ്തു പോവുകയാണെങ്കില്‍ ആറു മണിക്ക് മുമ്പ് തിരികെ എത്തിയില്ലെങ്കില്‍ വീട്ടുകാര്‍ക്ക് ഭയമാണ്.അയര്‍ലണ്ടില്‍ ഗൂഗിള്‍ മാപ്പ് വെച്ച് 200
kmഒറ്റയ്ക്ക് െ്രെഡവ് ചെയ്യുന്ന എനിക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യം.പക്ഷേ, നമ്മുടെ നാട് അങ്ങനെയാണ്. അമ്മയെയും അച്ഛനെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. അങ്ങനത്തെ വാര്‍ത്തകള്‍ അല്ലേ അവര്‍ ദിവസവും കേള്‍ക്കുന്നത്.

തിരക്കുള്ള ഇടങ്ങളിലും, ബസ്സുകളിലും എന്താണ് സംഭവിക്കുന്നത് എന്ന്, ഒരിക്കലെങ്കിലും അതില്‍ സഞ്ചരിച്ചിട്ടുള്ളവര്‍ക്കറിയാം. എനിക്ക് ഈ പ്രായത്തിലും കേരളത്തിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തില്‍ ഒറ്റക്ക് സഞ്ചരിക്കാന്‍ ഭയമാണ്.

ഇവിടത്തെ സ്കൂളുകളില്‍ അഞ്ചു വയസ്സില്‍ സ്വയരക്ഷ ഒക്കെ പഠിപ്പിക്കുന്നുണ്ട്.
Child abuse   തിരിച്ചറിയാനും, നോ എന്ന് പറയാനുമുളള ക്ലാസുകള്‍ ഉണ്ട്. Consent  എന്നതിന്റെ പ്രാധാന്യം എന്‍റെ ഏഴു വയസ്സുകാരിക്ക് പോലും അറിയാം.

ചോദ്യം:ഫൊക്കാനയുടെ അവാര്‍ഡിനെ പറ്റിയും, എഴുത്തിനെക്കുറിച്ചും ഒരടിക്കുറിപ്പ്.

ഉത്തരം:എന്നെ പോലെ വായനയിലും എഴുത്തിലും താല്‍പര്യം ഉള്ള പ്രവാസി വീട്ടമ്മമാര്‍ക്ക്(ജോലിക്ക് പോകുന്നവര്‍ക്കും) , വളരെ ആത്മവിശ്വാസം കൊടുക്കുന്നതാണ് ഫൊക്കാനയുടെ ലിറ്ററസി അവാര്‍ഡുകള്‍. കഴിവുള്ള എത്രയോ പ്രവാസി മലയാളികള്‍ അറിയപ്പെടാതെ പോകുന്നു.

കേരളത്തിനു വെളിയിലോ, ഇന്ത്യക്ക് വെളിയിലോ താമസിച്ചു കൊണ്ട്, ഒരു വീട്ടമ്മയ്ക്കു മക്കളെ ശ്രദ്ധിച്ചു കൊണ്ട് തന്നെ നമ്മുടെ പാഷന്‍ പിന്തുടരാന്‍ ഫോക്കാന പോലുള്ള അസോസിയേഷനുകള്‍ ഇങ്ങനെ മുന്‍കൈ എടുക്കുന്നത് വളരെ നല്ല കാര്യമാണ്.ഇത്തവണത്തെ ആംഗലേയ സാഹിത്യത്തിനുള്ള അവാര്‍ഡ് എനിക്ക് കിട്ടിയതില്‍ വളരെ നന്ദിയും, അഭിമാനവും ഉണ്ട്.

എഴുത്തിനെ പറ്റി പറഞ്ഞാല്‍ , എന്റെ മക്കളെ പോലെയാണ് എനിക്ക് എഴുത്തും. എന്റെ ജീവശ്വാസം. എഴുതാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ ഇഷ്ടവും ഇഷ്ടക്കേടും ചിന്തിച്ചല്ല ഇന്ന് ഞാന്‍ എഴുതുന്നത്.
ഒരുപക്ഷേ നാളെ ആ ചിന്താഗതി മാറിയേക്കാം. എന്റെ വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരേ ഒരു മാധ്യമം , എഴുത്താണെന്ന വിശ്വാസം കൊണ്ടാവാം, ഇങ്ങനെ .

തിരുവന്തപുരം സ്വദേശിയായ സ്വാതി കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി, അയര്‍ലണ്ടില്‍ സകുടുംബം ജീവിക്കുന്നു.
എന്റെ മക്കളെ പോലെയാണ് എനിക്ക് എഴുത്തും; എന്റെ ജീവശ്വാസം:സ്വാതി ശശിധരന്‍എന്റെ മക്കളെ പോലെയാണ് എനിക്ക് എഴുത്തും; എന്റെ ജീവശ്വാസം:സ്വാതി ശശിധരന്‍എന്റെ മക്കളെ പോലെയാണ് എനിക്ക് എഴുത്തും; എന്റെ ജീവശ്വാസം:സ്വാതി ശശിധരന്‍എന്റെ മക്കളെ പോലെയാണ് എനിക്ക് എഴുത്തും; എന്റെ ജീവശ്വാസം:സ്വാതി ശശിധരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക