Image

മുഖ്യമന്ത്രി അമേരിക്കക്ക് പോകുമ്പോള്‍ (മുരളി തുമ്മാരുകുടി)

Published on 08 July, 2018
മുഖ്യമന്ത്രി അമേരിക്കക്ക് പോകുമ്പോള്‍ (മുരളി തുമ്മാരുകുടി)
നമ്മുടെ മുഖ്യമന്ത്രി രണ്ടാഴ്ച അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ആണല്ലോ. കേരളത്തിലെ മന്ത്രിമാരും എം എല്‍ എ മാരും മേയര്‍മാരും ഒക്കെ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രണ്ടാഴ്ച ഏതെങ്കിലും ഒക്കെ ഒരു വിദേശരാജ്യം നിര്‍ബന്ധമായി സന്ദര്‍ശിക്കാന്‍ ഉള്ള പദ്ധതികള്‍ ഉണ്ടാക്കണം എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. ലോകം അതിവേഗത്തില്‍ മാറുകയാണ്, മാറുന്ന ലോകത്ത് നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട്, നമ്മള്‍ മാറിയാലും ഇല്ലെങ്കിലും ലോകം അതിന്റെ വഴിക്ക് പോകും അപ്പോള്‍ മാറ്റങ്ങള്‍ മനസ്സിലാക്കി വേണ്ടത് സ്വാംശീകരിച്ച്, അല്ലാത്തവയോട് ഒരുമിച്ചു ജീവിച്ചുപോകാന്‍ (മറമു)േ ഒക്കെ നമ്മുടെ നേതൃത്വം തയ്യാറാവണം. കേരളം ലോകത്തിന്റെ കേന്ദ്രമാണെന്നും നമുക്ക് മാത്രമായി സാമ്പത്തിക സാമൂഹ്യ പോളിസികള്‍ സാധ്യമാണെന്നും ഒക്കെ ചിന്തിച്ചിരിക്കുന്ന ജനങ്ങളെ പറഞ്ഞു മനസ്സിലാക്കണം. അതിനൊക്കെ നമ്മുടെ നേതൃത്വത്തിന് കൂടുതല്‍ എക്‌സ്‌പോഷര്‍ ഉണ്ടായേ പറ്റൂ. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി അമേരിക്കക്ക് പോകുന്നതും സമയം ചെലവഴിക്കുന്നതും സന്തോഷമുള്ള കാര്യമാണ്. അതിന് ചിലവാകുന്ന ഏത് തുകയും നമ്മുടെ നികുതി പണത്തിന്റെ നല്ല ഇന്‍വെസ്റ്റ്‌മെന്റ് ആണ്.

നമ്മുടെ മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ യാത്ര ഉദ്ദേശത്തെ തൊട്ടു വസ്ത്രത്തെ വരെ കളിയാക്കി ഒക്കെ പോസ്റ്റുകള്‍ കാണുമ്പോള്‍ കഷ്ടം തോന്നും. എന്തിനാണ് നമ്മള്‍ ഇത്രമാത്രം രാഷ്ട്രീയത്തില്‍ മുങ്ങിക്കിടക്കുന്നത് ?. കഴിഞ്ഞ മുഖ്യമന്ത്രി പോയപ്പോള്‍ ഈ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ ചെയ്തു എന്നോ പ്രധാനമന്ത്രി പോകുമ്പോള്‍ മറ്റെല്ലാവരും ചെയുന്നുണ്ടെന്നോ ഒക്കെ ന്യായീകരണം നല്‍കാം. നമ്മുടെപാര്‍ട്ടിക്കാരന്‍ അല്ലെങ്കിലും, നമുക്ക് ഇഷ്ടപ്പെട്ട ആളല്ലെങ്കിലും നമ്മുടെ പ്രധാനമന്ത്രി ആണെങ്കിലും മുഖ്യമന്ത്രി ആണെങ്കിലും രാജ്യത്തിന് പുറത്ത് പോകുന്നത് മൊത്തം രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഒക്കെ പ്രതിനിധി ആയിട്ടാണ്.അതുകൊണ്ടു തന്നെ അതിനെയൊക്കെ പോസിറ്റീവ് ആയി കാണാന്‍ നാം പഠിച്ചു തുടങ്ങണം. ഇനിയും ഇന്നലെത്തെ കാര്യം പറഞ്ഞിരിക്കരുത്, ഇപ്പോള്‍ നാം ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ആണ്.

മുഖ്യമന്ത്രിക്ക് അമേരിക്കയില്‍ കിട്ടിയത് അനുമോദനം ആണോ അവാര്‍ഡ് ആണോ എന്നൊക്കെയാണ് വേറൊരു വിവാദം. എന്തൊരു കഷ്ടമാണിത് ?. നിപ്പ ദുരന്തത്തെ മാതൃകാപരമായിട്ടാണ് നമ്മുടെ സംസ്ഥാനം നേരിട്ടത് എന്നതില്‍ ഒരു സംശയവും ഇല്ല. ആരോഗ്യമന്ത്രിയും വകുപ്പിലെ മറ്റുദ്യോഗസ്ഥരും സര്‍ക്കാര്‍ മേഘലയിലും സ്വകാര്യമേഖലയിലും ഒക്കെ ഉള്ള ആരോഗ്യപ്രവര്‍ത്തകരും ഒക്കെ നന്നായി പ്രവര്‍ത്തിച്ചത് നാം കണ്ടതാണ്. അവര്‍ ഒക്കെ അനുമോദനത്തിനും അവാര്‍ഡിനും അര്‍ഹരും ആണ്.

ഒരു ദുരന്തമുണ്ടായാല്‍ അങ്ങോട്ട് ഓടി എത്തുന്ന ഒരാളല്ല നമ്മുടെ മുഖ്യമന്ത്രി. വാസ്തവത്തില്‍ ദുരന്ത മുഖത്തേക്ക് ഓടിയെത്തുക എന്നതല്ല ശരിക്കും മുഖ്യമന്ത്രി ചെയ്യേണ്ട കാര്യം. ദുരന്ത നിവാരണം നടത്തുന്നവര്‍ക്ക് വേണ്ട വിഭവങ്ങള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക, പണത്തിന്റെ അഭാവമോ ബ്യൂറോക്രസിയോ ഒന്നും അതിനെ തസ്സപ്പെടുത്താതെ നോക്കുക, വിവിധ വകുപ്പുകള്‍ തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുക എന്നതൊക്കെയാണ്. ഇതൊന്നും പലപ്പോഴും ടി വി കാമറയുടെ മുന്നില്‍ കാണുകയില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വേണ്ടത്ര പബ്ലിസിറ്റി കിട്ടിയെന്നും വരില്ല. പക്ഷെ അതല്ല പ്രധാനം, ദുരന്ത നിവാരണത്തെ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടോ,മുന്‍ നിരയില്‍ ഉള്ളവര്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കുന്നുണ്ടോ എന്നതൊക്കെ ആണ്.

ഈ നിപ്പ ദുരന്തത്തിന്റെ കാലത്തെ ഒരു സംഭവം പറയാം. ആരോഗ്യമേഖലയിലെ ദുരന്തങ്ങള്‍ നേരിട്ട് പരിചയമുള്ള ഏറെ മലയാളികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. എല്ലാ സമയത്തേയും പോലെ കേരളത്തില്‍ എന്ത് പ്രശ്‌നം ഉണ്ടായാലും പറ്റുന്ന പോലെ സഹായിക്കാന്‍ അവര്‍ തയ്യാറുമാണ്. കേരളത്തില്‍ നിപ്പ നിവാരണ രംഗത്ത് മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്നവരും അന്താരാഷ്ട്ര രംഗത്ത് ഇബോള മുതല്‍ പക്ഷിപ്പനി വരെ ഉള്ള ദുരന്തങ്ങള്‍ കൈകാര്യം ചെയ്തു പരിചയം ഉള്ള മലയാളികള്‍ വരെ ഉള്‍പ്പെട്ട ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആ സമയത്ത് ഞങ്ങള്‍ ഉണ്ടാക്കി. പല കാര്യങ്ങളും ചര്‍ച്ച ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്ള പല പരിമിതികളും ആശങ്കകളും ഒക്കെ ഈ കാര്യങ്ങള്‍ ഞങ്ങള്‍ ആരോഗ്യ മന്ത്രിയെ വിളിച്ചറിയിച്ചു, അതിലൊക്കെ മന്ത്രി ഉടനുടന്‍ ഇടപെട്ടു, ആരോഗ്യ സര്‍വീസ് ഡയറക്ടറെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു.

ഇനിയാണ് ശ്രദ്ധിക്കേണ്ട കാര്യം. ആദ്യമായി ആരോഗ്യമന്ത്രിയും ആയി സംസാരിച്ചു പത്തു മിനുട്ടിന് ശേഷം മുഖ്യമന്ത്രിയുടെ ഫോണ്‍ വന്നു. നിപ്പ വിഷയത്തില്‍ നല്‍കുന്ന എല്ലാ ഉപദേശങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ദുരന്ത നിവാരണത്തിന് പണമോ ഔദ്യോഗിക നൂലാമാലയോ ഒന്നും പ്രശ്‌നമാകില്ല എന്നും ആവശ്യം വന്നാല്‍ നേരിട്ട് അദ്ദേഹത്തെ വിളിക്കാമെന്നും പറഞ്ഞു. ലോകത്തെ പല രാജ്യങ്ങളില്‍ നിന്നും ഇങ്ങനെ വിളികള്‍ വരുന്നത് പരിചയമുണ്ടെങ്കിലും ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി സാങ്കേതിക വിദഗ്ദ്ധരെ ഒക്കെ നേരിട്ട് വിളിക്കുക എന്നത് പതിവുള്ള കാര്യമല്ല. എത്ര നന്നായിട്ടാണ് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ഇക്കാര്യങ്ങള്‍ സംയോജിപ്പിച്ചിരുന്നത് എന്ന് നോക്കുക. ഇതൊന്നും പുറമെ കാണുന്ന കാഴ്ചയല്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് കിട്ടുന്ന ഏത് അംഗീകാരവും അര്‍ഹതപ്പെട്ടതാണ്, അത് അനുമോദനം ആണോ അവാര്‍ഡ് ആണോ എന്നൊക്കെ ഇഴകീറി പരിശോധിക്കേണ്ട ഒരു കാര്യവും ഇല്ല. ഇതൊക്ക മുഖ്യമന്ത്രിക്ക് മാത്രമല്ല, സംസ്ഥാനത്തിന് മൊത്തം കിട്ടുന്ന അംഗീകാരം ആണ്. നമുക്കെല്ലാം അഭിമാനത്തിന്റെ നിമിഷങ്ങളും ആണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക