Image

മൈ സ്റ്റോറി: നഷ്ടപ്രണയത്തിന്റെ വീണ്ടെടുപ്പ്

Published on 08 July, 2018
മൈ സ്റ്റോറി: നഷ്ടപ്രണയത്തിന്റെ വീണ്ടെടുപ്പ്
റോഷ്‌നി ദിനകര്‍ എന്ന പുതുമുഖ സംവിധായികയുടെ ആദ്യ ചിത്രം, എന്നു നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജും പാര്‍വതിയും ഒരുമിക്കുന്ന ചിത്രം എന്നൊക്കെയുള്ള കൗതുകവും ആകാംക്ഷയും പ്രേക്ഷക മനസില്‍ നിറച്ചു കൊണ്ടാണ് മൈ സ്റ്റോറി റിലീസ് ചെയ്തത്. രണ്ടു ചിത്രത്തിലും പ്രണയം തന്നെയാണ് പ്രമേയമെങ്കിലും ഈ ചിത്രത്തില്‍ അതിന്റെ വൈകാരിക തീവ്രത പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിച്ചതില്‍ എത്രത്തോളം വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് ചിന്തിക്കേണ്ടതാണ്.

നെഞ്ചിലേറ്റിയ പ്രണയത്തിന്റെ നഷ്ടവും നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം അത് സ്വന്തമാക്കുന്നതിന്റെയും ഇടയ്ക്കുള്ള നായകന്റെ സഞ്ചാരമാണ് സിനിമ. എന്നാല്‍ ഈ കഥ പറയാന്‍ ഇന്ത്യന്‍ ഭൂമിക തന്നെ ധാരാളമായിരുന്നില്ലേ എന്ന സംശയം പ്രേക്ഷകന്റെ മനസില്‍ ഉണ്ടാകുന്നുവെങ്കില്‍ കുറ്റം പറയാന്‍ കഴിയില്ല. കാരണം കഥയുടെ പ്രയാണത്തിന് വൈദേശിക പശ്ചാത്തലം അനിവാര്യമാകുന്ന ഒരു രംഗവും ഈ ചിത്രത്തിലില്ല എന്നതു തന്നെ.

സിനിമയ്ക്കുള്ളിലെ സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് ജയകൃഷ്ണന്‍ എന്ന ജയ്(പൃഥ്വിരാജ്). പ്രശസ്തിയുടെയും അംഗീകാരങ്ങളുടെയും കൊടുമുടിയില്‍ നില്‍ക്കുന്ന, മധ്യവയസ് പിന്നിട്ട ജയ് തന്റെ ആദ്യ പ്രണയനായികയെ തേടി യാത്ര തുടങ്ങുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. ചെറുപ്പം മുതല്‍ സിനിമയെ സ്വപ്നം കാണുകയും വര്‍ഷങ്ങളോളം അതിനായി പ്രയത്‌നിക്കുകയും ചെയ്ത അയാള്‍ക്ക് തന്റെ സുഹൃത്തായ സിദ്ദിഖ് മുഖേന പ്രമുഖ സംവിധായകന്റെ ചിത്രത്തില്‍ നായകനാകാന്‍ അവസരം ലഭിക്കുന്നു. ആ ചിത്രത്തിലെ നായികയാണ് താര(പാര്‍വതി). ഒരേ സമയം നാലു ഭാഷകളില്‍ അഭിനയിക്കുന്ന സൂപ്പര്‍താരം. ആയിരക്കണക്കിന് ആരാധകരുള്ള ഒരു നടിയായിട്ടും അവളോട് ജയ്ക്ക് ആദ്യം പ്രണയമൊന്നും തോന്നിയിരുന്നില്ല. കാരണം അവള്‍ നിര്‍മാതാവായ ഡേവിസുമായി വിവാഹം നിശ്ചയിച്ചിട്ടുള്ളതാണെന്ന് അവന്‍ അറിഞ്ഞിരുന്നു. എന്നാല്‍ ആ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതോടെ ഇരുവരും പ്രണയത്തിലാകുന്നു. തുടര്‍ന്ന് ഇരുവരുടെയും ജീവിതത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുകള്‍ ഉണ്ടാകുന്നതോടെ രണ്ടു പേരും വേര്‍പിരിയുന്നു.

നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ആദ്യ സിനിമ ചിത്രീകരിച്ച പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ അയാള്‍ എത്തുന്നത് തന്റെ പ്രണയിനിയായ താരയെ തേടിയാണ്. ഒരിക്കല്‍ താന്‍ കൈവിട്ടു കളഞ്ഞ താരയെ. അവിടെ അയാള്‍ താരയുടെ മകളായ ഹിമയെ കാണുന്നു. അമ്മയുടെ തനി പകര്‍പ്പാണ് അവള്‍. താരയുടെ ജീവിതത്തില്‍ ജയ് എന്തായിരുന്നുവെന്ന് ഹിമയുടെ വാക്കുകളിലൂടെ തന്നെ അയാള്‍ അറിയുന്നു. ഇതിനായി രണ്ടു കാലത്തെയും കഥ ഇടവിട്ട് പറയുന്ന രീതിയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫ്‌ളാഷ്ബാക്കിലൂടെ തന്നെയാണ് ചിത്രത്തിന്റെ നല്ലൊരു ഭാഗവും സഞ്ചരിക്കുന്നതും. ചില സന്ദര്‍ഭങ്ങള്‍ പ്രേക്ഷകന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം വല്ലാതെ നാടകീയമായി പോയിട്ടുണ്ട്.

വളരെ കുറച്ച് രംഗങ്ങളൊഴിച്ചാല്‍ ഏതാണ്ട് പതിഞ്ഞ താളത്തില്‍ തന്നെയാണ് കഥയുടെ സഞ്ചാരം. ജയ്‌ന്റെ ഓര്‍മകളിലൂടെയാണ് സിനിമയുടെ മുഴുവന്‍ യാത്രയും. ഒരു മനുഷ്യന്റെ ജീവിത്തിലെ ഏറ്റവും വലിയ ഭാരം അറിഞ്ഞു കൊണ്ടു ചെയ്യുന്ന തെറ്റിനെ ഓര്‍ത്തുള്ള കുറ്റബോധമാണെന്ന് അയാള്‍ പറയുന്നുണ്ട്. അതിന്റെ നെരിപ്പോടില്‍ സദാ എരിയുന്ന നെഞ്ചുമായാണ് അയാളുടെ ഓരോ ദിവസവും കടന്നു പോകുന്നത്. നഷ്ടപ്രണയത്തിന്റെയും പ്രണയിനിയുടെയും പിന്നാലെ പോകുമ്പോഴും അയാള്‍ ആഗ്രഹിക്കുന്നത് അവളോട് താന്‍ ഒരിക്കല്‍ ചെയ്ത തെറ്റ് ഏറ്റു പറയാനാണ്. കഥയില്‍ ഒട്ടും പ്രതീക്ഷിക്കാതെ ഒരു വഴിത്തിരിവുണ്ടാകുന്നുണ്ട്. അതും ഫ്‌ളാഷ് ബാക്കും വര്‍ത്തമാന കാലവും ഇടകലര്‍ത്തിയാണ് സംവിധായിക പറയുന്നത്.

പാര്‍വതിയുടെ താരയും മകളായി എത്തുന്ന ലിസ്ബണില്‍ ജനിച്ചു വളര്‍ന്ന ടോംബോയ് ലുക്കിലെത്തുന്ന പാര്‍വതിയുമാണ് കഥയില്‍ ഊര്‍ജ്ജം നിറയ്ക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ എഴുതിയ തിരക്കഥയിലെ സംഭാഷണങ്ങള്‍ പലതും നാടകീയത തുടിച്ചു നില്‍ക്കുന്നവ ആയിരുന്നെങ്കിലും പാര്‍വതിയുടെ പ്രത്യേകമായ അവതരണ ശൈലിയില്‍ അത് പരിഹരിക്കപ്പെട്ടു. ഹിമയായി എത്തിയ പാര്‍വതിയും ഗംഭീരമായി എന്നു പറയാതെ വയ്യ. അസല്‍ ടോംബോയ് സ്റ്റൈലില്‍, വിദേശ ചുവയുള്ള ഇംഗ്‌ളീഷില്‍ അസാമാന്യമായ എനര്‍ജി ലെവലുള്ള കഥാപാത്രമായി പാര്‍വതി തിളങ്ങിയിട്ടുണ്ട്.

രണ്ടു കാലങ്ങളിലെ ജയ്, അതായത് യുവാവായും മധ്യവയസ് പിന്നിട്ട വ്യക്തിയായും സ്ക്രീനിലെത്തിയ ജയ് പൃഥ്വിരാജിന്റെ കൈകളില്‍ ഭദ്രമായിരുന്നു. വൈകാരിക ഭാവങ്ങളുടെ തീവ്രത പ്രകടിപ്പിക്കുന്നതില്‍ പൃഥ്വി എന്ന നടന്റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന കഥാപാത്രമാണ് ഈ ചിത്രത്തിലെ ജയ്. മികച്ച രീതിയില്‍ തന്നെ പൃഥ്വി രണ്ടു കാലത്തെയും കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ച ഉജ്ജ്വലമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പതിഞ്ഞ ശരീരഭാഷയും സംഭാഷണ രീതിയും ചേര്‍ത്തു വച്ച സമാന സ്വഭാവമുള്ള നിരവധി മുന്‍ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ ചിത്രത്തിലെ ജയും. രണ്ടു കാലങ്ങളിലെ കഥാപാത്രങ്ങളായി എത്തുമ്പോഴും ചിത്രത്തില്‍ ഒരു ഘട്ടത്തില്‍ പോലും കഥാപാത്രങ്ങളുടെ അവതരണ ശൈലിയില്‍ മുന്‍കാലങ്ങളില്‍ നിന്നും എന്തെങ്കിലും വ്യത്യസ്തത കൊണ്ടു വരാന്‍ പൃഥ്വിരാജിനു കഴിഞ്ഞിട്ടില്ല. എന്നാല്‍ കഥയുടെ പ്രയാണത്തില്‍ ഇരുവരുടെയും ഇരുത്തം വന്ന പ്രകടനത്തിനു മുന്നില്‍ അതൊക്കെ വിസ്മരിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്.
.
ജയ്, താര, ഹിമ എന്നീ മൂന്നു കഥാപാത്രങ്ങളെ വലംവച്ചുകൊണ്ടാണ് കഥയുടെ വികാസവും വളര്‍ച്ചയും ഒടുക്കവും. അതുകൊണ്ട് മറ്റു കഥാപാത്രങ്ങള്‍ക്കൊന്നും കാര്യമായ പ്രസക്തിയില്ല. എങ്കിലും ധനാഢ്യനും അധോലോക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയുമാകുന്ന നായികയുടെ പ്രതിശ്രുത വരനായി ചിത്രത്തില്‍ എത്തുന്ന തമിഴ് നടന്‍ ഗണേഷ് വെങ്കിട്ടരാമനും മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്. കൂടാതെ സംവിധായകനായി എത്തുന്ന മനോജ് കെ.ജയന്‍, താരയുടെ അച്ഛനായി എത്തുന്ന മണിയന്‍ പിള്ള രാജു, നന്ദു എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി. ഷാന്‍ റഹ്മാന്റെ സംഗീതം ശരാശരി നിലവാരം പുലര്‍ത്തുന്നു.

ചിത്രത്തിന്റെ ഏറ്റവും വലിയ ഭംഗി അതിന്റെ ദൃശ്യപശ്ചാത്തലമാണ്. മലയാളത്തില്‍ ഇന്നു വരെ കണ്ടിട്ടില്ലാത്ത അതിമനോഹരമായ ദൃശ്യഭംഗിയാല്‍ സമ്പന്നമാണ് പല രംഗങ്ങളും. അക്കാര്യത്തില്‍ ബോളിവുഡ് സിനിമകളോട് കിടപിടിക്കാന്‍ മൈ സ്റ്റോറിക്കു കഴിയുമെന്ന് തീര്‍ച്ചയാണ്. അമിത പ്രതീക്ഷകളില്ലാതെ പോയാല്‍ സന്തോഷമായി കാണാവുന്ന ഒരു ചിത്രമാണ് മൈ സ്റ്റോറി.
മൈ സ്റ്റോറി: നഷ്ടപ്രണയത്തിന്റെ വീണ്ടെടുപ്പ്മൈ സ്റ്റോറി: നഷ്ടപ്രണയത്തിന്റെ വീണ്ടെടുപ്പ്മൈ സ്റ്റോറി: നഷ്ടപ്രണയത്തിന്റെ വീണ്ടെടുപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക