Image

ഗ്ലോക്കോമയും കാറ്ററാക്റ്റ്‌സും, ഒരു പഠനം (ജോസഫ് പടന്നമാക്കല്‍)

Published on 08 July, 2018
ഗ്ലോക്കോമയും കാറ്ററാക്റ്റ്‌സും, ഒരു പഠനം (ജോസഫ് പടന്നമാക്കല്‍)
നാം അറിയാതെ പോവുന്ന രണ്ടു നേത്ര രോഗങ്ങളാണ് ഗ്ലോക്കോമയും തിമിരം അഥവാ കാറ്ററാക്റ്റ്‌സും. ഗ്ലോക്കോമയെ കണ്ണിന്റെ നിശബ്ദമായ കൊലയാളിയെന്നും വിളിക്കുന്നു. നമ്മുടെ ശരീരത്തെപ്പറ്റി സ്വയം ബോധവാന്മാരെങ്കില്‍ ആരോഗ്യത്തിനെ തുരങ്കം വെക്കുന്ന പല രോഗങ്ങളില്‍നിന്നും നമുക്ക് വിമുക്തി നേടാന്‍ സാധിക്കും. നാം തന്നെയും നാം ഉള്‍ക്കൊള്ളുന്ന മനസ്സും നമ്മുടെ ശരീരവുമാണ് ഏറ്റവും നല്ല വൈദ്യനെന്നു ആരോ പറഞ്ഞിട്ടുള്ളതും ഓര്‍മ്മിക്കുന്നു. ഏകദേശം ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് അവിചാരിതമായിട്ടായിരുന്നു ഞാന്‍ എന്റെ കണ്ണുകള്‍ ന്യൂയോര്‍ക്കിലുള്ള 'ന്യൂ റോഷലിലെ' കണ്ണു ഡോക്ടറായ ഡോക്ടര്‍ മോറോല്ലോയെക്കൊണ്ട് പരിശോധിപ്പിച്ചത്. എന്റെ കണ്ണുകള്‍ക്കും ഗ്ലോക്കോമ ബാധിച്ചുവെന്ന കാര്യം അന്നാണ് തിരിച്ചറിഞ്ഞത്. അതിനുശേഷം നാളിതുവരെ വര്‍ഷത്തില്‍ രണ്ടു പ്രാവിശ്യം ഡോക്ടറെ കാണുകയും കണ്ണില്‍ ദിവസവും മരുന്നൊഴിക്കുകയും കണ്ണുകള്‍ സൂക്ഷ്മതയോടെ പരിപാലിക്കുകയും ചെയ്യുന്നു.

ഗ്ലോക്കോമ ഒരു പാരമ്പര്യ രോഗമായി കണക്കാക്കുന്നു. എന്റെ മുത്തച്ഛനും പിതാവിനും ബന്ധുജനങ്ങളില്‍ പലര്‍ക്കും കണ്ണുകളില്‍ ഗ്ലോക്കോമയുണ്ടായിരുന്നു. ഈ രോഗം മൂലം മുത്തച്ഛന്റെ കണ്ണുകള്‍ നഷ്ടപ്പെടുകയുമുണ്ടായി. കണ്ണു കാണില്ലാത്ത മുത്തച്ഛന്റെ വടിയെ പിടിച്ച് അദ്ദേഹത്തെ സഹായിച്ചിരുന്ന ബാല്യകാലങ്ങളും ഓര്‍മ്മയിലുണ്ട്. എന്റെ കണ്ണുകള്‍ ശരിയാം വിധം സംരക്ഷിച്ചിരുന്നതുകൊണ്ടു നാളിതു വരെ സര്‍ജറിയില്ലാതെ ജീവിതം തള്ളി നീക്കാന്‍ സാധിച്ചു. എന്നാല്‍ ഈ അടുത്ത ദിവസം ഓര്‍ക്കാപ്പുറത്ത് പ്രായമാകുമ്പോഴുണ്ടാകുന്ന കാറ്ററാക്റ്റ്‌സുകൂടി ബാധിച്ചപ്പോഴാണ് കണ്ണിന്റെ ഈ രണ്ടു രോഗങ്ങളെപ്പറ്റി ഒരു ലേഖനം എഴുതണമെന്നുള്ള ആശയമുണ്ടായത്. കാറ്ററാക്റ്റ്‌സിനുള്ള സര്‍ജറി ഈ മാസം ചെയ്യുകയും വേണം.

പ്രായം കഴിയുംതോറും ആരോഗ്യം ക്ഷയിക്കുകയെന്നത് പ്രകൃതിയുടെ നിശ്ചയമാണ്. ഒരുവന്റെ ജീവിതത്തിലെ കടന്നുപോവുന്ന കാലങ്ങളില്‍ വാര്‍ദ്ധക്യത്തിന്റെ നൊമ്പരങ്ങള്‍ അഭിമുഖീകരിക്കുകയും വേണം. അക്കൂടെ ഡയബീറ്റിക്‌സ്, ഹൃദയാഘാത പ്രശ്‌നങ്ങള്‍ എന്നിവകളെല്ലാം കാരണങ്ങളാകാം. അതുപോലെ പ്രായമാകുമ്പോള്‍ കണ്ണിനും രോഗം വരുകയെന്നത് സാധാരണമാണ്. പതിവായി ഡോക്ടറെ സന്ദര്‍ശിച്ച് കണ്ണുകള്‍ പരിശോധിച്ചുകൊണ്ടിരുന്നാല്‍ നമ്മുടെ കണ്ണുകളെ സംരക്ഷിക്കാന്‍ നമ്മളാല്‍ കഴിയുന്നതു ചെയ്തുവെന്ന സംതൃപ്തിയും ലഭിക്കും. ഗ്ലോക്കോമായും കാറ്ററാക്റ്റ്‌സും (തിമിരം) പ്രായമായശേഷമുള്ള കണ്ണിന്റെ മറ്റു രോഗങ്ങളും പെട്ടെന്ന് കാണപ്പെടാനോ അറിയാനോ സാധിക്കില്ല. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നത് വളരെ സാവധാനമായിരിക്കും. ഈ രോഗങ്ങള്‍ ആരംഭത്തില്‍ തന്നെ കണ്ടുപിടിച്ചാല്‍ രോഗം നിയന്ത്രിച്ചുകൊണ്ടു കണ്ണിനെ പരിപാലിക്കാന്‍ സാധിക്കും.

ഡയബീറ്റിക്‌സുള്ളവര്‍ കണ്ണുകള്‍ പരിശോധിച്ചുകൊണ്ടിരിക്കണം. കാരണം ഡയബീറ്റിക്‌സ് പെട്ടെന്ന് കണ്ണുകളെ ബാധിക്കുകയും കാറ്ററാക്റ്റ്‌സിനു വഴി തെളിയിക്കുകയും ചെയ്യും. അമേരിക്കന്‍ ഡയബെറ്റിക്‌സ് സംഘടനയുടെ സ്ഥിതിവിവര കണക്കുകളനുസരിച്ച് ഏകദേശം 22 മില്യണ്‍ രോഗികള്‍ തങ്ങള്‍ക്കു ഡയബെറ്റിക്‌സുണ്ടെന്നുള്ള വസ്തുത അറിയുന്നില്ല. കണ്ണുകള്‍ ഡോക്ടര്‍ പരിശോധിക്കുമ്പോഴാണ് ഡയബെറ്റിക്‌സ് ഉള്ള വിവരം അറിയുന്നത്. 'റേറ്റിനായില്‍' രക്ത വാഹിനിയില്‍ ഷുഗര്‍ ലവല്‍ ശേഖരിക്കുമ്പോള്‍ പ്രോട്ടീന്‍ ചോരാന്‍ സാധ്യതയുണ്ട്. അങ്ങനെ കണ്ണിന്റെ റെറ്റിനയ്ക്ക് തകരാറ് സംഭവിക്കുന്നു. ഡയബീറ്റിക്‌സ് ഉള്ളവര്‍ക്ക് കണ്ണിന്റെ കാഴ്ച കുറയാന്‍ സാധ്യതയുണ്ട്. ഓക്‌സിജനും ന്യുട്രിജനും കണ്ണില്‍ എത്താത്തതാണ് കാരണം. വര്‍ഷം തോറും കണ്ണിന്റെ പരിശോധനയ്ക്ക് പോയാല്‍ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കും. ബ്ലഡ് ഷുഗര്‍ ലെവല്‍ നിയന്ത്രിച്ച് കണ്ണിനെ രക്ഷിക്കാനും സാധിക്കും.

നാം അറിയാതെ പതിയെ നമ്മുടെ കണ്ണിനെ അന്ധമാക്കുന്ന ഒരു രോഗമാണ് ഗ്ലോക്കോമ. ഒരിക്കല്‍ കാഴ്ച കുറഞ്ഞാല്‍ പിന്നീട് പൂര്‍വ്വ സ്ഥിതിയില്‍ ഒരിക്കലും കണ്ണിനെ കൊണ്ടുവരാന്‍ സാധിക്കില്ല. ഗ്ലോക്കോമയുടെ ആരംഭത്തില്‍ നേരെയുള്ള വസ്തുക്കള്‍ വ്യക്തമായി നാം കാണുന്നുണ്ടെങ്കിലും പാര്‍ശ വശങ്ങള്‍ അദൃശ്യങ്ങളായിരിക്കും. കണ്ണിന്റെ മര്‍ദ്ദം സാധാരണ ലെവലില്‍ നിന്ന് അധികമായാല്‍ ചീകത്സ തുടങ്ങേണ്ടതാണ്. വര്‍ഷത്തില്‍ ഒന്നു രണ്ടു പ്രാവശ്യം ഡോക്ടറെ കണ്ടുകൊണ്ടിരിക്കണം. കണ്ണിലെ റെറ്റിനയുടെ ആവരണത്തില്‍ സെല്ലുകള്‍ നശിക്കുന്ന കാരണം മങ്ങിയ വെളിച്ചത്തില്‍ വസ്തുക്കള്‍ കാണാന്‍ ബുദ്ധിമുട്ടാകും. ചിലപ്പോള്‍ വസ്തുക്കളെ രണ്ടായി കാണും. രണ്ടു വശങ്ങളും സൂക്ഷ്മ ദൃഷ്ടിയോടെ കാണാന്‍ സാധിക്കാത്തതുകൊണ്ടു ഗ്ലോക്കോമയുള്ളവര്‍ െ്രെഡവ് ചെയ്യുമ്പോള്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്. കണ്ണ് വീര്‍ക്കുകയും ചുമക്കുകയും അമിതമായി കണ്ണില്‍ വെള്ളം വരുകയും ചെയ്യാം. ഗ്ലോക്കോമയുടെ ആരംഭ പ്രശ്‌നങ്ങളെല്ലാം കണ്ണില്‍ മരുന്നൊഴിച്ച് പരിഹരിക്കാനും സാധിക്കുന്നു.

ആരോഗ്യം സംരക്ഷിക്കാനുള്ള വ്യായാമങ്ങള്‍ നല്ലതു തന്നെ. എന്നാല്‍ ചില തരം വ്യായാമങ്ങള്‍ ചിലപ്പോള്‍ കണ്ണിന് തകരാറുണ്ടാക്കും. അമിതമായ ഭാരം എടുത്തുകൊണ്ടുള്ള വ്യായാമം  കണ്ണിന് നല്ലതല്ല. ഭാരം എടുത്തുകൊണ്ടു ശ്വസോച്ഛാസത്തെ നിയന്ത്രിച്ചാല്‍ കണ്ണിനെ ബാധിക്കുമെന്ന് ഗവേഷണപ്രബന്ധങ്ങളില്‍ കാണുന്നു. നീണ്ട സമയം ഭാരം ചുമക്കുന്നതുമൂലം കണ്ണിന്റെ സമ്മര്‍ദ്ദം കൂടുകയും ഗ്ലോക്കോമ, തിമിരംപോലുള്ള കണ്ണിന്റെ അസുഖങ്ങള്‍ വഷളാവുകയും ചെയ്യും. കൂടാതെ ബ്ലഡ് പ്രഷര്‍ കൂടിയാലും ഗ്ലോക്കോമയ്ക്കു വഴിയൊരുക്കും.

കണ്ണില്‍ സ്വാഭാവികമായുണ്ടാകുന്ന ദ്രാവകം ഉത്ഭാദിപ്പിക്കുകയും ആ ദ്രാവകം ഒഴുകിപോവുകയും ചെയ്യുന്ന അനുപാതം തെറ്റുമ്പോഴാണ് ഗ്ലോക്കോമ ഉണ്ടാവുന്നത്. ഒരു ബാസ്ക്കറ്റ് ബോളിന് അതിന്റെ ശരിയായ ആകൃതിക്ക് കാറ്റു നിറക്കേണ്ടത് ആവശ്യമാണ്. എങ്കിലേ അതിന്റെ വട്ടത്തിലുള്ള ആകൃതി നിലനില്‍ക്കുള്ളൂ. അതുപോലെ കണ്ണിലെ ഉണ്ണിക്ക് സ്വയം ഉണ്ടാവുന്ന ദ്രാവകം ആവശ്യമാണ്. എന്നാല്‍ മാത്രമേ അത് പന്തിന്റെ ആകൃതിയിലാവുകയും നമുക്ക് കാണാന്‍ സാധിക്കുകയുമുള്ളൂ. കണ്ണിന് എന്തെങ്കിലും തകരാറു സംഭവിച്ചാല്‍ ദ്രാവകം ഉത്ഭാദിപ്പിക്കാതെ വരുകയും ഗ്ലോക്കോമയുണ്ടാവുകയും ചെയ്യും. ശരിയായ പരിപാലനമില്ലെങ്കില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്യും.

ഗ്ലോക്കോമ സൂക്ഷിച്ചില്ലെങ്കില്‍ വളരെ വഷളാകുന്ന ഒരു കണ്ണു രോഗമാണ്. കണ്ണിനകത്തുള്ള സമ്മര്‍ദം കൂടുന്നതുകൊണ്ടാണ് ഗ്ലോക്കോമയായി രൂപാന്തരപ്പെടുന്നത്. കണ്ണിലെ ഈ രോഗം ഏതു പ്രായത്തിലുള്ളവര്‍ക്കും ഉണ്ടാകാം. രോഗം മൂര്‍ച്ഛിച്ചാല്‍ കണ്ണിന്റെ കാഴ്ച ശക്തിയും നശിക്കാം. സാധാരണ ആരോഗ്യമുള്ള ഒരു കണ്ണിന്റെ മര്‍ദ്ദം പന്ത്രണ്ടു മുതല്‍ ഇരുപതുവരെയാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ പരിധി കഴിഞ്ഞാല്‍ ഗ്ലോക്കോമ രോഗമായി മാറും. സമ്മര്‍ദം ഇരുപത്തിയഞ്ചു കഴിയുമ്പോള്‍ കണ്ണിന് ലേസര്‍ സര്‍ജറി മുതലായ പരിഹാര മാര്‍ഗങ്ങള്‍ തേടേണ്ടി വരും. പരിധി കഴിഞ്ഞുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഡോക്ടറിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് 'ലുമീഗന്‍', 'കോംബിഗന്‍' മുതലായ ഔഷധ ദ്രാവകങ്ങള്‍ കണ്ണിലൊഴിക്കേണ്ടി വരുന്നു.

കണ്ണിന്റെ ബാഹ്യമായ അറകളില്‍നിന്നും തെളിമയാര്‍ന്ന ഒരു ദ്രാവകം സാധാരണ ഊര്‍ന്നുകൊണ്ടിരിക്കും. അത് രക്തവാഹിനിക്കുഴലില്‍ നിന്നും രൂപാന്തരം പ്രാപിച്ചു വരുന്ന ദ്രാവകമാണ്. ഈ ദ്രാവകം മറുവശത്തുകൂടി പൊയ്‌ക്കൊണ്ടുമിരിക്കും. മനുഷ്യ ശരീരത്തില്‍ പ്രായമനുസരിച്ച് മര്‍ദ്ദങ്ങളുടെ മാറ്റമുണ്ടാകാം. കണ്ണിന്റെ അളവുകോലായ പന്ത്രണ്ടിനും പത്തൊമ്പതിനുമിടക്ക് മര്‍ദ്ദം നിന്നില്ലെങ്കില്‍ ദ്രാവകം അറയില്‍ ശേഖരിച്ച് കണ്ണിന്റെ ലെന്‍സിനെ പുറകോട്ടു തള്ളാന്‍ കാരണമാകും. അത് കാഴ്ച്ചയെ ബാധിക്കും.

ഗ്ലോക്കോമ കൂടാതെ കണ്ണിനെ പ്രായമാകുമ്പോള്‍ ബാധിക്കുന്ന മറ്റൊരു രോഗമാണ് കാറ്ററാക്റ്റ്‌സ് അഥവാ തിമിരം. കാറ്ററാക്റ്റ്‌സ് തന്നെ പലവിധമുണ്ട്. ഏറ്റവും പ്രധാനമായത് പ്രായത്തിനെ അടിസ്ഥാനമാക്കിയുള്ള കാറ്ററാക്റ്റ്‌സാണ്. അറുപതും എഴുപതും പ്രായമടുക്കുമ്പോള്‍ കണ്ണുകളില്‍ ഈ രോഗമുണ്ടാകാം. മറ്റൊന്ന് മുറിവുകള്‍ കൊണ്ട് പരിക്കേല്‍ക്കുമ്പോഴുള്ള കാറ്ററാക്റ്റ്‌സാണ്. അത് സാധാരണ കായിക കളി മേഖലകളില്‍ ഏര്‍പ്പെടുന്നവര്‍ക്കുണ്ടാവാം. അല്ലെങ്കില്‍ കണ്ണിനുള്ളില്‍ അപകടം സംഭവിക്കുന്ന വിധം ജോലി ചെയ്യുന്നവര്‍ക്കും വരാം. ജന്മനാലുള്ള കാറ്ററാക്റ്റ്‌സുകളുമുണ്ട്. അത് ഒരു വയസുള്ള കുഞ്ഞിനും സംഭവിക്കാം. അത്തരംകാറ്ററാക്റ്റ്‌സുകള്‍ അപൂര്‍വമാണ്. കോര്‍ട്ടികൊ സ്റ്റിറോയ്ഡ്, ഡയബീറ്റിക്‌സ്, കൂടാതെ ചില മെഡിക്കേഷന്‍ മൂലവും കാറ്ററാക്റ്റ്‌സ് അപൂര്‍വമായി സംഭവിക്കാറുണ്ട്.

കണ്ണ് ധാരാളം പ്രവര്‍ത്തിച്ചതുകൊണ്ടോ, വളരെയധികം വായിച്ചതുകൊണ്ടോ ടെലിവിഷന്‍ അമിതമായി കണ്ടതുകൊണ്ടോ നീണ്ട സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നതുകൊണ്ടോ, കുറച്ചു സമയം ഉറങ്ങിയതുകൊണ്ടോ കാറ്ററാക്റ്റ്‌സ് ഉണ്ടാവില്ല. നാം പുലര്‍ത്തുന്ന പല പാരമ്പര്യങ്ങളായ ധാരണകളും തെറ്റായ വിശ്വാസങ്ങളാണ്. കാറ്ററാക്റ്റ്‌സ് പാരമ്പര്യമായി ലഭിച്ച രോഗമാകാം. അതായത് മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ കാറ്ററാക്റ്റ്‌സ് ഉണ്ടെങ്കില്‍ അത് തലമുറകളില്‍ക്കൂടി ലഭിക്കുകയുമാവാം. കണ്ണിനു മുറിവ് പറ്റിയാലോ കണ്ണ് എവിടെയെങ്കിലും മുട്ടിയാലോ കാറ്ററാക്റ്റ്‌സിലേക്ക് നയിച്ചേക്കാം.

നിരവധി ടെസ്റ്റുകളില്‍ക്കൂടി കാറ്ററാക്റ്റ്‌സുണ്ടോയെന്നു അറിയാന്‍ സാധിക്കുന്നു. ടെസ്റ്റുകള്‍ നടത്തുന്നത് കണ്ണിന്റെ സ്‌പെഷ്യലിസ്റ്റുകളായിരിക്കും. പ്രകാശം നിറഞ്ഞ ലൈറ്റില്‍ക്കൂടി ഡോക്ടര്‍മാര്‍ കണ്ണിന്റെ 'ബാള്‍' ടെസ്റ്റ് ചെയ്യും. എന്നിട്ട് കാറ്ററാക്റ്റ്‌സ് ഉണ്ടോയെന്ന് തീരുമാനിക്കും. കണ്ണ് മുഴുവനായി ടെസ്റ്റ് ചെയ്യാതെ കാറ്ററാക്റ്റ്‌സ് നിശ്ചയിക്കുക സാധിക്കില്ല. കാറ്ററാക്റ്റ്‌സ് പഴകി പോയില്ലെങ്കില്‍, അടുത്ത നാളുകളിലാണ് കണ്ണിന്റെ കാഴ്ച്ച മങ്ങിയതെങ്കില്‍ ഭയപ്പെടേണ്ട ആവശ്യവുമില്ല.

ചിലര്‍ക്ക് കാറ്ററാക്റ്റ്‌സ് അവരുടെ സുവര്‍ണ്ണ കാലത്തു തന്നെ സംഭവിക്കുന്നു. കൂടിയതും കുറഞ്ഞതുമായ കാറ്ററാക്റ്റ്‌സുകള്‍ ഭേദപ്പെടുത്തുവാന്‍ ആധുനിക മെഡിക്കല്‍ ശാസ്ത്രത്തിന് ഇന്ന് പല പോംവഴികളുണ്ട്. എങ്കിലും കാറ്ററാക്റ്റ്‌സ് എന്തെന്ന് രോഗം ബാധിച്ചവര്‍ അറിഞ്ഞിരിക്കേണ്ടതായുമുണ്ട്. ഇത് പാരമ്പര്യ രോഗമായതുകൊണ്ടും പ്രായമായവര്‍ക്ക് ഉണ്ടാവുന്ന രോഗമായതുകൊണ്ടും അതിന്റെ വളര്‍ച്ചയെ തടയാന്‍ സാധിക്കില്ല. എങ്കിലും കണ്ണിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പലതും ചെയ്യാന്‍ സാധിക്കും. പുറത്തിറങ്ങുമ്പോള്‍ സൂര്യ താപമേല്‍ക്കേണ്ടി വരുന്നുവെങ്കില്‍, പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ കണ്ണിനെ പ്രതിരോധിക്കാന്‍ കൂളിംഗ് ഗ്‌ളാസ് ധരിക്കുന്നത് നന്നായിരിക്കും. തലയില്‍ തൊപ്പി ധരിക്കുന്നതും കണ്ണിന്റെ സുരക്ഷിതത്വത്തിനു സഹായകമാകും. അതുപോലെ വോളിബാള്‍, ഫുട്ട്ബാള്‍ കളിക്കുന്നവരും കെട്ടിട നിര്‍മാണ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരും കണ്ണിന് പരിക്കേല്‍ക്കാതെ ശ്രദ്ധിക്കണം. വേണ്ട രീതികളില്‍ കണ്ണിനെ സംരക്ഷിച്ചില്ലെങ്കില്‍ അവര്‍ക്ക് കണ്ണിന് കേടുകള്‍ സംഭവിക്കാന്‍ സാധ്യതകളുണ്ട്.

മനുഷ്യ ശരീരത്തിലെ അഞ്ച് ഇന്ദിരീയങ്ങളില്‍ കണ്ണാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഒരുവന് കാഴ്ച നഷ്ടപ്പെടുന്ന ഒരു സ്ഥിതിവിശേഷം ചിന്തിക്കാനും സാധിക്കില്ല. എല്ലാ പ്രായത്തിലുള്ളവര്‍ക്കും കണ്ണിന്റെ ലെന്‍സില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. നമ്മുടെ ജീവിത സാഹചര്യങ്ങളായ പുകവലി, മദ്യപാനം കൊണ്ടും കണ്ണിലെ മൂടല്‍ അനുഭവപ്പെടാം. പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതിന്റ ദുരിത ഫലം അനുഭവിക്കുന്നതും നമ്മുടെ കണ്ണുകളാണ്. പുകവലിയും പ്രായം ഏറെയാകുന്നതും കാറ്ററാക്റ്റ്‌സിനു കാരണമാകും. പുകവലി നിര്‍ത്തുന്നവരില്‍ കാറ്ററാക്റ്റ്‌സ് കുറവെന്നും കാണുന്നു. കുടിയന്മാര്‍ക്കും കാലക്രമത്തില്‍ ഈ രോഗം ബാധിക്കാം. രോഗം ബാധിക്കുന്നത്
കുടിക്കുന്ന കാലഘട്ടത്തിലായിരിക്കില്ല. കള്ളുകുടിയുടെ അളവ് കുറയ്ക്കുന്നതു ആരോഗ്യത്തിനും കണ്ണിനും നല്ലതായിരിക്കും. ഭക്ഷണം ശരിക്കു കഴിക്കാതിരുന്നാലും സ്റ്റിറോയ്ഡ് പോലുള്ള മെഡിക്കേഷന്‍ എടുക്കുന്നവര്‍ക്കും കണ്ണിന്റെ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. ചുവന്ന വൈന്‍ മിതമായി കുടിക്കുന്നത് കാറ്ററാക്റ്റ്‌സ് ഉണ്ടാകാതിരിക്കാന്‍ നല്ലതെന്നും പറയപ്പെടുന്നു. ഒരിക്കലും കുടിക്കാത്തവര്‍ക്കും അല്പം ചുവന്ന വൈന്‍ ആരോഗ്യത്തിനു നല്ലതു തന്നെ. കണ്ണിനു ശരിയാം വിധം സുരക്ഷിതത്വം നല്‍കാതെ സൂര്യ പ്രകാശത്തില്‍ നടന്നാലും കൂടുതല്‍ സമയം നട്ടുച്ചകളില്‍ സമയം ചെലവഴിച്ചാലും കണ്ണിന്റെ ആരോഗ്യം നശിച്ചേക്കാം.

കാറ്ററാക്റ്റ്‌സ് മൂലം കാഴ്ച്ചയുടെ പ്രശ്‌നമുണ്ടാവുന്നെങ്കില്‍ ആദ്യം കണ്ണിനുള്ളില്‍ മഴക്കാറുകള്‍ പോലെ കാണുക മാത്രമല്ല തീര്‍ത്തും ദൃശ്യങ്ങള്‍ അവ്യക്തവുമായിരിക്കും. അതിന്റെ കാരണം കാറ്ററാക്റ്റ്‌സിനു
ആവശ്യമുള്ള പ്രോട്ടീന്‍ ഒരു പ്രത്യേക സ്ഥലത്ത് കൂടിയിരിക്കുന്നതുകൊണ്ടാണ്. കാറ്ററാക്റ്റ്‌സ് കൂടുതോറും പുറമെയുള്ള വസ്തുക്കള്‍ മഞ്ഞ നിറത്തിലോ ബ്രൗണ്‍ നിറത്തിലോ കണ്ണുകളില്‍ കാണപ്പെടും. ശരിയായി കണ്ണുകളുടെ സുരക്ഷിതത്വം പാലിക്കാത്തവര്‍ ഈ രോഗം മൂലം കണ്ണിനെ അന്ധമാക്കും.

കാറ്ററാക്റ്റ്‌സിന്റെ ലക്ഷണങ്ങളെന്തെന്നും ഭാവിയില്‍ കാറ്ററാക്റ്റ്‌സ് എങ്ങനെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും അറിയേണ്ടിയിരിക്കുന്നു. കാറ്ററാക്റ്റ്‌സ് അനുഭവപ്പെടുന്നത് കണ്ണിനു മൂടല്‍ വരുകയോ, കാണുന്ന വസ്തുക്കള്‍ അവ്യക്തമായി കാണുമ്പോഴാണ്. ആരംഭത്തില്‍ ഇടയ്ക്കിടെ മാത്രം മങ്ങലുകള്‍ അനുഭവപ്പെടാം. െ്രെഡവിംഗ് സമയത്തോ ജോലി ചെയ്യുമ്പോഴോ മൂടലിനെപ്പറ്റി ശ്രദ്ധിച്ചേക്കാം. വളരെ സാവധാനം കണ്ണിന്റെ കാഴ്ച്ച മങ്ങുകയും ചെയ്യുന്നു. മനുഷ്യരുടെ മുഖം തിരിച്ചറിയാനും കാറോടിക്കാനും പ്രയാസമായി വരുകയും ചെയ്യും. രാത്രിയില്‍ വസ്തുക്കള്‍ തിരിച്ചറിയാനും കാണാനും ബുദ്ധിമുട്ടായിരിക്കും. കാരണം, കാറ്ററാക്റ്റ്‌സ് കണ്ണിന്റെ കാഴ്ച്ച ഇരുട്ടാക്കുന്നു. കാറ്ററാക്റ്റ്‌സിന്റെ ആരംഭത്തില്‍, പകല്‍സമയങ്ങളില്‍ കാഴ്ചയ്ക്ക് അധികം പ്രശ്‌നങ്ങള്‍ ഉണ്ടാവുകയില്ല. രാത്രികാലങ്ങളില്‍ വണ്ടികള്‍ ഓടിക്കുന്നവര്‍ക്ക് കാറ്ററാക്റ്റ്‌സുമൂലം കാണാന്‍ സാധിക്കാതെ അപകടങ്ങളുണ്ടാകാം.

പ്രായേണ ആരോഗ്യമുള്ള ഒരു വ്യക്തിക്ക് കണ്ണിലേക്ക് ലൈറ്റ് വരുമ്പോള്‍ പെട്ടെന്നു കണ്ണിന് അസ്വസ്ഥത അനുഭവപ്പെടുക സാധാരണമാണ്. അതുപോലെ ഇരുട്ടുമുറിയില്‍ നിന്നും പ്രകാശത്തിലേക്ക് പോവുമ്പോഴും കണ്ണിന് മഞ്ചലുണ്ടാവുന്നു. കണ്ണിലേക്ക് ഫഌഷ് ലൈറ്റ് വന്നടിക്കുമ്പോഴും കണ്ണ് അറിയാതെ അടച്ചുപോകും. ലൈറ്റില്‍ നിന്നും പെട്ടെന്നു ഭവിക്കുന്ന പ്രതിഫലനം മാറി പോവുകയും ചെയ്യും. എന്നാല്‍ കാറ്ററാക്റ്റ്‌സുള്ളവര്‍ക്കു ലൈറ്റില്‍ നിന്നുള്ള പ്രകാശവും പ്രതിഫലനങ്ങളും കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുന്നു. ചിലപ്പോള്‍ അവര്‍ക്ക് വെളിച്ചം വേദനാജനകവും ആയിരിക്കും. കഴിഞ്ഞ കാലത്തേക്കാളും പ്രകാശത്തോട് കൂടുതല്‍ അലര്‍ജിയുണ്ടാവുകയും ചെയ്യും.

കത്തി നില്‍ക്കുന്ന ഒരു ബള്‍ബിനു ചുറ്റും കണ്ണുകള്‍ക്ക് വ്യത്യസ്തമായി ദീപ്തി വലയം കാണുന്നുവെങ്കില്‍ കാറ്ററാക്റ്റ്‌സുണ്ടന്നു അനുമാനിക്കാം. അങ്ങനെയുള്ളവര്‍ക്ക് രാത്രിയില്‍ െ്രെഡവ് ചെയ്യുമ്പോള്‍ എതിരെയുള്ള കാറിന്റെ പ്രകാശ വലയം അപകടത്തിലേക്ക് വലിച്ചിഴക്കാന്‍ കാരണമാകാം. പ്രത്യേകിച്ച് പട്ടണത്തില്‍ കൂടി ഓടിക്കുമ്പോള്‍ കൂടുതല്‍ അപകട സാധ്യതകളും തെളിയും.

പുതിയ പുതിയ കണ്ണടകളും കോണ്ടാക്റ്റ് ലെന്‍സുകളും മാറി മാറി ആവശ്യം വരുന്നതും കാറ്ററാക്റ്റ്‌സിന്റെ ലക്ഷണമാണ്. സാധാരണ കണ്ണടയിലുള്ള ഗ്ലാസ്സുകള്‍ക്ക് മാറ്റങ്ങളാവശ്യം വരുന്നത് മൂന്നും നാലും വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും. ഏതാനും മാസങ്ങള്‍ക്കുള്ളിലോ ഒരു വര്‍ഷത്തിനു ശേഷമോ കണ്ണടകള്‍ മാറ്റേണ്ട ആവശ്യം വരില്ല. കണ്ണടകള്‍ കൂടെക്കൂടെ മാറേണ്ട ആവശ്യം വരുന്നുവെങ്കില്‍ കണ്ണിന്റെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമായി വരുന്നു. കാറ്ററാക്റ്റ്‌സ് അല്ലെങ്കില്‍ കണ്ണിന് മറ്റെന്തെങ്കിലും പ്രശ്‌നവുമാകാനും സാധ്യതയേറും.

കണ്ണുകള്‍ കൊണ്ട് നോക്കുമ്പോള്‍ ഒരു വസ്തുവിനെ രണ്ടായി കാണുന്നതും കാറ്ററാക്റ്റ്‌സിന്റെ അടയാളമാണ്. കണ്ണിന്റെ ലെന്‍സിനു ചുറ്റും പ്രോട്ടീന്‍ സമാഹരിക്കുന്നതുകൊണ്ടാണ് കാറ്ററാക്റ്റ്‌സ് ബാധിച്ചവര്‍ക്കു കാണുവാന്‍ ബുദ്ധിമുട്ടാകുന്നത്. അത്തരം അടയാളങ്ങള്‍ കണ്ണിനു വീര്‍പ്പോ, നീരോ, സ്‌ട്രോക്കോ, തലച്ചോറിന് ക്യാന്‍സറോ വന്നവര്‍ക്കും വരാം.

കാറ്ററാക്റ്റ്‌സ് രൂപീകരിക്കുന്ന ആദ്യഘട്ടത്തില്‍ കണ്ണുകള്‍ക്കു കാണാന്‍ ബുദ്ധിമുട്ടു വരണമെന്നില്ല. എന്നാല്‍ പ്രായമാകുംതോറും കണ്ണിലെ പ്രോട്ടീന്‍ വളരെയധികം ക്ഷയിക്കും. സാവധാനമേ കണ്ണില്‍ ഈ രോഗം വളരുകയുള്ളൂ. ചിലപ്പോള്‍ കാറ്ററാക്റ്റ്‌സ് തുടങ്ങി പൂര്‍ണ്ണ വളര്‍ച്ചയെടുക്കാന്‍ വളരെ വര്‍ഷങ്ങള്‍ വേണ്ടി വരും. ചില സന്ദര്‍ഭങ്ങളില്‍ കണ്ണിന്റെ ഈ രോഗം ബാധിക്കുന്നതു ഒരുവന്റെ എഴുപതും എണ്‍പതും വയസുകള്‍ കഴിഞ്ഞ കാലഘട്ടങ്ങളിലായിരിക്കാം. ഒരു വസ്തു കാണുമ്പോള്‍ ചില ഭാഗങ്ങള്‍ അദൃശ്യങ്ങളായിരിക്കാം. നിറങ്ങളും മങ്ങിയതായി മാത്രമേ കാണാന്‍ സാധിക്കുള്ളൂ.

ആരോഗ്യ പരിപാലനത്തിന് ധാരാളം വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യത്തിനുള്ള വ്യായാമവും വേണം. നടക്കുകയും ഓടുകയും നീന്തുകയും മുതലായ വ്യായാമങ്ങള്‍ ആരോഗ്യത്തിന് ഉത്തമമാണ്. ആരോഗ്യം മെച്ചമായിരിക്കുന്നടത്തോളം നമ്മുടെ കണ്ണുകളും ആരോഗ്യമായി തന്നെ നിലകൊള്ളും. പോഷകാംശമുള്ള ഭക്ഷണങ്ങള്‍ കഴിച്ചുകൊണ്ടിരുന്നാല്‍ പ്രായമാകുമ്പോഴുളള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ശമനം വരാം. കണ്ണിന്റെ ആരോഗ്യ രക്ഷയ്ക്ക് വിറ്റാമിന്‍ എ.സി.ഇ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സഹായകമെന്നു ഗവേഷകരുടെ കുറിപ്പുകളില്‍ കാണുന്നു. ഈ വിറ്റാമിനുകള്‍ പഴവര്‍ഗങ്ങളിലും പച്ചക്കറികളിലും ഉണ്ട്. ബ്രോക്കളിയും ഓറഞ്ചും ക്യാരറ്റും കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായകമാണ്. ക്യാരറ്റുകള്‍ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമെന്നു പഴമക്കാരും പറയാറുണ്ട്. ശരീര ഭാരം അധികം കൂടാതെ വ്യായാമത്തില്‍ക്കൂടി ഡയബീറ്റിക്‌സിനെയും നിയന്ത്രിച്ചാല്‍ കണ്ണിന്റെ ആരോഗ്യം നില നിര്‍ത്താന്‍ സാധിക്കും. പ്രായം കൂടുംതോറും കണ്ണില്‍ പലയിടത്തും അന്ധമാകാനുള്ള ലക്ഷണങ്ങളുമുണ്ടാകും. മറ്റൊരാളിന്റെ മുഖം തന്നെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ടുകളുമുണ്ടാകാം.

കാറ്ററാക്റ്റ്‌സ് മൂര്‍ച്ഛിക്കുമ്പോള്‍ സര്‍ജറി വേണ്ടി വരും. സര്‍ജറിയില്‍ക്കൂടി മൂടിക്കിടക്കുന്ന കണ്ണിന്റെ സ്വാഭാവിക ലെന്‍സിനെ നീക്കം ചെയ്തശേഷം അതേ സ്ഥാനത്ത് കൃത്രിമമായ മറ്റൊരു ലെന്‍സ് സ്ഥാപിക്കുന്നു. ഓരോ വര്‍ഷവും അമേരിക്കയില്‍ നാലു മില്യണ്‍ കാറ്ററാക്റ്റ്‌സ് സര്‍ജറികള്‍ നടത്തപ്പെടാറുണ്ട്. ഇത്തരം സര്‍ജറികള്‍ അമേരിക്കയില്‍ സര്‍വ്വ സാധാരണമാണ്. കാറ്ററാക്റ്റ്‌സ് രോഗത്തെ സ്വാഭാവിക രീതിയില്‍ തടയാന്‍ സാധിക്കില്ല. സര്‍ജറിയില്‍ക്കൂടി മാത്രമേ മങ്ങിക്കിടക്കുന്ന കണ്ണിനു രോഗ നിവാരണം നടത്താന്‍ സാധിക്കുള്ളൂ.

കാറ്ററാക്റ്റ്‌സിനുള്ള സര്‍ജറി നടത്തിയ ഭൂരിഭാഗം പേരും സര്‍ജറിയില്‍ തൃപ്തരും അത് ആവശ്യമെന്നു കരുതുകയും ചെയ്യുന്നു. തങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും രോഗ നിവാരണത്തിന് സര്‍ജറിയുടെ ആവശ്യകതയെപ്പറ്റി ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു. ഭൂരിഭാഗം പേര്‍ക്കും പിന്നീട് കണ്ണട വെക്കേണ്ട ആവശ്യം വരില്ല. ഇത് അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ സര്‍ജറിയായിട്ടാണ് കരുതുന്നത്. എന്നിരുന്നാലും പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. അണുബാധ, വ്രണം, പഴുപ്പ് മുതലായവകള്‍ കണ്ണിനെ ബാധിക്കാം. സര്‍ജറിക്കുമുമ്പ് സര്‍ജറി ചെയ്യുന്ന ഡോക്ടര്‍ സംഭവിക്കാവുന്ന ഭവിഷ്യത്തുകള്‍ നേരത്തെ തന്നെ രോഗിയെ അറിയിക്കുകയും ചെയ്യും.

കാറ്ററാക്റ്റ്‌സിനു പല രീതികളിലുള്ള ചീകത്സാസമ്പ്രദായങ്ങളുണ്ട്. കൂടുതലും കേസുകളില്‍ സര്‍ജറി വേണ്ടി വരും. കാറ്ററാക്റ്റ്‌സ് നീക്കം ചെയ്തിട്ട് അവിടെ കൃത്രിമമായ ലെന്‍സ് വെക്കുന്നു. സര്‍ജറിക്ക് മുമ്പ് ഏതു തരം ലെന്‍സാണ് അനുയോജ്യമെന്ന് ഡോക്ടര്‍ തീരുമാനിക്കും. സര്‍ജറി മൂലം എസ്റ്റിമാറ്റിസം പോലുള്ള കണ്ണിന്റെ പ്രശ്‌നവും ഒപ്പം പരിഹരിക്കാന്‍ സാധിക്കും. അതായത് ദൂരെയുള്ള കാഴ്ചകള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ സര്‍ജറിയില്‍ക്കൂടി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. സര്‍ജറിയല്ലാതെ കാറ്ററാക്റ്റ്‌സിന്റെ രോഗനിവാരണത്തിനായി പ്രത്യേകമായ ഒരു മെഡിക്കേഷനും മാര്‍ക്കറ്റിലില്ല.

സാധാരണ കാറ്ററാക്റ്റ്‌സ് സര്‍ജറിയ്ക്ക് ഹോസ്പിറ്റലില്‍ കിടക്കേണ്ട ആവശ്യമില്ല. ലോക്കല്‍ അനസ്‌തേഷ്യ തരും. അതിനുശേഷം അന്നേ ദിവസം തന്നെ വീട്ടില്‍ പോവാനും സാധിക്കുന്നു. സര്‍ജറിയുടെ എല്ലാ നടപടി ക്രമങ്ങളും അപ്പോള്‍ത്തന്നെ പൂര്‍ത്തിയാക്കുകയും ചെയ്യും. സര്‍ജറിയുടെ ചിട്ടകള്‍ വളരെ ലളിതമാണെങ്കിലും സര്‍ജറി എപ്പോഴും ഗൗരവമേറിയതു തന്നെയാണ്. ഡോക്ടര്‍മാരുമായി ഇതേപ്പറ്റി വിശദമായ ഒരു ചര്‍ച്ചയും സര്‍ജറിക്ക് മുമ്പ് ആവശ്യമാണ്. അതുപോലെ ഏറ്റവും അനുയോജ്യമായ സമയം നോക്കി സര്‍ജറി നടത്തുകയും ചെയ്യണം.
ഗ്ലോക്കോമയും കാറ്ററാക്റ്റ്‌സും, ഒരു പഠനം (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക