Image

കോടതി നടപടികളുടെ തത്സമയസംപ്രേക്ഷണം: കേന്ദ്രത്തിനും സുപ്രിം കോടതിക്കും യോജിപ്പ്‌

Published on 09 July, 2018
കോടതി നടപടികളുടെ തത്സമയസംപ്രേക്ഷണം: കേന്ദ്രത്തിനും സുപ്രിം കോടതിക്കും യോജിപ്പ്‌


ദില്ലി: കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനോട്‌ തത്വത്തില്‍ യോജിച്ച്‌ സുപ്രിം കോടതിയും കേന്ദ്രസര്‍ക്കാരും. കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. തത്സമയ സംപ്രേക്ഷണത്തിനുള്ള വിശദമായ മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ കോടതി അറ്റോര്‍ണി ജനറലിനോട്‌ ആവശ്യപ്പെട്ടു. ബലാത്സംഗം, വിവാഹ തര്‍ക്കം, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ ഒഴികെയുള്ള കേസുകളിലെ നടപടികള്‍ സംപ്രേക്ഷണം ചെയ്യാമെന്ന്‌ അറ്റോര്‍ണി ജനറലും കോടതിയെ അറിയിച്ചു.

ദേശീയ പ്രാധാന്യമുള്ള കേസുകളിലെ നപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗും ഒരു നിയമ വിദ്യാര്‍ത്ഥിയും നല്‍കിയ ഹര്‍ജികളിലാണ്‌ സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ മാത്രമല്ല രഹസ്യസ്വഭാവം ഉള്ള കേസുകളിലേത്‌ ഒഴികെ മറ്റെല്ലാ നടപടികളും തത്സമയ സംപ്രേക്ഷണം ചെയ്യുന്നതിനോട്‌ എതിര്‍പ്പില്ലെന്ന്‌ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വ്യക്തമാക്കി.

നടപടികള്‍ സംപ്രേക്ഷണം ചെയ്യേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നായിരുന്നു ഇതിനോട്‌ ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം. കേസ്‌ നല്‍കിയവര്‍ക്കും പൊതു ജനങ്ങള്‍ക്കും നിയമ വിദ്യാര്‍ത്ഥികള്‍ക്കും വിവരങ്ങള്‍ കൃത്യമായി അറിയാന്‍ ഇത്‌ സഹായകരമാകുമെന്ന്‌ ജസ്റ്റിസ്‌ ഡിവൈ ചന്ദ്രചൂഢ്‌ നിരീക്ഷിച്ചു. തുടര്‍ന്നാണ്‌ തത്സമയ സംപ്രേക്ഷണത്തിനുള്ള നിയന്ത്രണങ്ങള്‍, ചെലവ്‌, സാങ്കേതികവിദ്യ എന്നിവ സഹിതം മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക