Image

ആഗ്ര നിവാസികളല്ലാത്തവര്‍ താജ്‌മഹലിനുള്ളില്‍ നിസ്‌കരിക്കരുതെന്ന്‌ സുപ്രീം കോടതി

Published on 09 July, 2018
ആഗ്ര നിവാസികളല്ലാത്തവര്‍ താജ്‌മഹലിനുള്ളില്‍ നിസ്‌കരിക്കരുതെന്ന്‌ സുപ്രീം കോടതി
താജ്‌മഹലില്‍ പ്രദേശവാസികളല്ലാത്തവര്‍ നിസ്‌കാരം നടത്തരുതെന്ന്‌ സുപ്രീ കോടതി. വിദേശികളേയും മറ്റുള്ളവരേയും താജ്‌മഹലിനുള്ളില്‍ നിസ്‌കരിക്കാന്‍ അനുവദിക്കണമെന്ന്‌ ചൂണ്ടികാണിച്ച്‌ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ്‌ കോടതിയുടെ ഇടപെടല്‍.

ലോകാത്ഭുതങ്ങളിലൊന്നായ താജ്‌മഹല്‍ ചരിത്രസ്‌മാരകമാണ്‌. താജ്‌ മഹല്‍ നിസ്‌കാരവും പ്രാര്‍ത്ഥനയുമൊന്നും അനുഷ്‌ഠിക്കേണ്ട ഇടമല്ല, അത്‌ സംരക്ഷിക്കുകയാണ്‌ വേണ്ടതെന്ന്‌ സുപ്രീം കോടതി നിരീക്ഷിച്ചു.

പ്രദേശവാസിയെന്ന്‌ തെളിയിക്കുന്ന ഐഡന്റിറ്റി പ്രൂഫിന്റെ അടിസ്ഥാനത്തില്‍ മാത്രം താജില്‍ വെള്ളിയാഴ്‌ചകളില്‍ നടക്കാറുള്ള നമസ്‌കാരത്തില്‍ ആളുകളെ അനുവദിച്ചാല്‍ മതിയെന്ന്‌ ജനുവരി 24ന്‌ ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. ലോക പൈതൃക സ്‌മാരകമായ താജ്‌മഹലിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ്‌ ഈ നടപടിയെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെയാണ്‌ ചില മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. വെള്ളിയാഴ്‌ച പ്രാര്‍ത്ഥനകള്‍ക്കായി താജ്‌ പരിസരത്ത്‌ പ്രദേശിക്കുന്നവര്‍ തങ്ങള്‍ ആഗ്ര സ്വദേശികളാണെന്ന്‌ തെളിയിക്കുന്ന ഐഡി കാര്‍ഡുകള്‍ കൂടെ കൈയില്‍ കരുതണമെന്നായിരുന്നു ജില്ലാ ഭരണകൂടം പറഞ്ഞിരുന്നത്‌.

എന്നാല്‍ പ്രദേശവാസികളല്ലാത്തവരും ബംഗ്ലാദേശികള്‍ ഉള്‍പ്പടെയുള്ള വിദേശീയരും താജിനുള്ളില്‍ നിസ്‌കാര കര്‍മം നിര്‍വ്വഹിക്കുന്നുണ്ടെന്ന്‌ അധികതര്‍ക്ക്‌ പരാതി ലഭിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക