Image

ഉപ്പും മുളകും സംവിധായകനെതിരെ ഗണേഷ്‌കുമാര്‍

Published on 10 July, 2018
ഉപ്പും മുളകും സംവിധായകനെതിരെ  ഗണേഷ്‌കുമാര്‍
ഉപ്പും മുളകും സീരിയല്‍ ലൊക്കേഷനില്‍ സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തിയ നടി നിഷ സാരംഗിനെ പിന്തുണച്ച്‌ ടെലിവിഷന്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ്‌ കെ.ബി ഗണേഷ്‌ കുമാര്‍. വൈകാതെ ഉപ്പും മുളകും എന്ന പരമ്‌ബര അവസാനിപ്പിക്കുകയും പകരം ചപ്പും ചവറും എന്ന പേരില്‍ മറ്റൊരു സംവിധായകനെ വെച്ച്‌ സീരിയല്‍ പുനരാരംഭിക്കപ്പെടുന്നതിനും സാധ്യതകളുണ്ടെന്നും ഗണേഷ്‌കുമാര്‍ പരിഹാസരൂപേണ പറഞ്ഞു.

നിഷയെ അപമാനിക്കാനും പുറത്താക്കാനും നടത്തിയ ഹീനശ്രമങ്ങളെ ആത്മ അപലപിക്കുന്നതായും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഗണേഷ്‌കുമാര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കെ.ബി ഗണേഷ്‌കുമാറിന്റെ പത്രക്കുറിപ്പ്‌:

ഫ്‌ലവേഴ്‌സ്‌ ചാനലില്‍ സംപ്രേക്ഷണം ചെയ്‌തുവരുന്ന' ഉപ്പും മുളകും' സീരിയല്‍ ലൊക്കേഷനില്‍ സംവിധായകനില്‍ നിന്നും ഉണ്ടായ വളരെ മോശമായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന്‌ നടി നിഷാ സാരംഗിനെ അപമാനിക്കുന്നതിനും തന്ത്രപൂര്‍വം പുറത്താക്കുന്നതിനും നടക്കുന്ന ഹീനശ്രമങ്ങളെ ' ആത്മ ' അതിശക്തമായി അപലപിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. 13 വര്‍ഷക്കാലമായി ഈ മേഖലയിലുള്ള നടീനടന്മാരുടെ ക്ഷേമത്തിനും പൊതുവായ ജീവകാരുണ്യ സേവനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന 'ആത്മ' യുടെ മുന്നില്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ ഒരു വിഷയം എത്തുന്നത്‌.

എങ്കിലും ഇത്‌ കേവലം ഒറ്റപ്പെട്ട സംഭവമായി കാണുവാന്‍ കഴിയില്ല. ഓരോ ആര്‍ട്ടിസ്റ്റിനും അഭിമുഖീകരിക്കേണ്ടി വരാനിടയുള്ള ഭീഷണിയും വെല്ലുവിളിയും ആയിട്ടാണ്‌ 'ആത്മ' നിഷയുടെ അനുഭവങ്ങളെ കാണുന്നത്‌. മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരും കലാകാരികളും തൊഴില്‍ മേഖലയില്‍ അഭിമുഖീകരിച്ചുവരുന്ന മറ്റ്‌ ഒട്ടനവധി പ്രതിബന്ധങ്ങള്‍ സംബന്ധിച്ച്‌ ആശങ്ക അറിയിച്ചും , അവ ആവര്‍ത്തിക്കാതിരിക്കാന്‍ ആത്മാര്‍ഥതയുള്ള നടപടികള്‍ ആവശ്യപ്പെട്ടും കേരളാ ടെലിവിഷന്‍ ഫ്രറ്റേണിറ്റിയ്‌ക്കും ചില ചാനല്‍ മേധാവികള്‍ക്കും 'ആത്മ' മുന്‍പ്‌ കത്ത്‌ നല്‍കിയിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അവരില്‍ ഒരാളും ഒരു മറുപടി നല്‍കാന്‍ പോലും തയ്യാറാകാതെ അങ്ങേയറ്റം അവഗണനാപരമായ സമീപനവും ഉത്തരവാദിത്യരാഹിത്യവും ആണ്‌ കാട്ടിയത്‌. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ വിഷയത്തിലുള്ള അവരുടെ നിലപാടും, തന്ത്രപരമായ ഒരു സമീപനമായിട്ടാണ്‌ കാണേണ്ടിവരുന്നത്‌.

നടിയെ നിലനിര്‍ത്തുന്നതായി പ്രഖ്യാപിക്കുകയും, കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 'ഉപ്പും മുളകും ' അവസാനിപ്പിക്കുകയും ചെയ്‌തതിനുശേഷം പിന്നീട്‌ 'ചപ്പും ചവറും' എന്നോ മറ്റോ വേറൊരു പേരില്‍ അതേ സംവിധായകനെ വച്ച്‌ സീരിയല്‍ പുനരാരംഭിക്കപ്പെടുന്നതിനും, നടി ഒഴിവാക്കപ്പെടുന്നതിനും ഉള്ള സാദ്ധ്യതകളും ഈ അനുഭവങ്ങളില്‍ നിന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള നീതികേടുകള്‍ യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്നും, ആര്‍ട്ടിസ്റ്റുകള്‍ക്ക്‌ നീതി ഉറപ്പുവരുത്തുന്നതിന്‌ എല്ലാ നടീനടന്മാര്‍ക്കും ഒപ്പം 'ആത്മ' അതിശക്തമായി നിലകൊള്ളുമെന്നും അറിയിക്കുന്നു. ആത്മാര്‍ഥതയോടെ, 'ആത്മ'യ്‌ക്ക്‌ വേണ്ടി

കെ. ബി. ഗണേഷ്‌ കുമാര്‍. എം. എല്‍. എ.
(പ്രസിഡന്റ്‌)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക