Image

ദുബായില്‍ രണ്ടര കോടിയുടെ മയക്കുമരുന്ന്‌ പിടികൂടി

Published on 28 March, 2012
ദുബായില്‍ രണ്ടര കോടിയുടെ മയക്കുമരുന്ന്‌ പിടികൂടി
അബൂദബി: അന്തര്‍ദേശീയ വിപണിയില്‍ രണ്ടു കോടി 40 ലക്ഷത്തിലേറെ ദിര്‍ഹം വില വരുന്ന വന്‍ മയക്കുമരുന്ന്‌ ശേഖരം പിടികൂടി. ആഭ്യന്തര മന്ത്രാലയം ഒരു അയല്‍ രാജ്യത്തെ സുരക്ഷാ വിഭാഗവുമായി സഹകരിച്ച്‌ നടത്തിയ നീക്കത്തിലൂടെയാണ്‌ ദുബൈയില്‍ മയക്കുമരുന്ന്‌ വേട്ട നടന്നത്‌. ക്രിസ്റ്റല്‍ രൂപത്തിലുള്ള 131 കിലോഗ്രാം `മെതാംഫെറ്റാമിന്‍' എന്ന മയക്കുമരുന്നാണ്‌ പിടിച്ചത്‌. ഇതുമായി ബന്ധപ്പെട്ട്‌ ഒമ്പത്‌ ഏഷ്യക്കാരെ അറസ്റ്റ്‌ ചെയ്‌തു. പ്രതികളെ നിയമ നടപടിക്കായി വിട്ടുകൊടുത്തു.

അതിവേഗ നീക്കത്തിലൂടെയുള്ള ഓപറേഷന്‌ `ഫ്‌ളഡ്‌' എന്നാണ്‌ പേരിട്ടത്‌. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ ഇതേകുറിച്ച്‌ സൂചന ലഭിച്ചതെന്ന്‌ ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്‌റ്റനന്‍റ്‌ ജനറല്‍ സൈഫ്‌ അല്‍ ശഅ്‌ഫര്‍ പറഞ്ഞു. അയല്‍ രാജ്യത്തുനിന്ന്‌ മയക്കുമരുന്ന്‌ ദുബൈയില്‍ എത്തിച്ച ശേഷം, വിവിധ രാജ്യങ്ങളിലേക്ക്‌ അയക്കാനാണ്‌ സംഘം പദ്ധതിയിട്ടത്‌.
ആഭ്യന്തര മന്ത്രാലയം സംഘത്തിന്‍െറ നീക്കങ്ങള്‍ നിരീക്ഷിച്ചു. ലോഞ്ചില്‍ ദുബൈയില്‍ മയക്കുമരുന്ന്‌ എത്തിച്ച ശേഷം അവിടെയുള്ള ഒരു വീട്ടിലേക്ക്‌ സംഘം കാറില്‍ കൊണ്ടുപോയി. നിരവധി ചെറിയ റഫ്രിജറേറ്ററിന്‍െറ ഉള്‍ഭാഗത്ത്‌ ഒളിപ്പിച്ച്‌ വിവിധ രാജ്യങ്ങളിലേക്ക്‌ അയക്കാന്‍ ഇവര്‍ ശ്രമം തുടങ്ങി. ഇതിനുവേണ്ടി പ്രത്യേകം പ്രത്യേകം പാക്കറ്റുകളാക്കി നിരവധി തവണ പ്‌ളാസ്റ്റിക്‌ കൊണ്ട്‌ പൊതിഞ്ഞു. ഇതിനിടയിലാണ്‌ സുരക്ഷാ വിഭാഗം വീട്ടിലെത്തി സംഘത്തെ അറസ്റ്റ്‌ ചെയ്‌തത്‌.
ദുബായില്‍ രണ്ടര കോടിയുടെ മയക്കുമരുന്ന്‌ പിടികൂടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക