Image

വിവാഹേതര ബന്ധത്തില്‍ സ്‌ത്രീകളെ കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്ക്‌ കേന്ദ്രം

Published on 11 July, 2018
വിവാഹേതര ബന്ധത്തില്‍ സ്‌ത്രീകളെ കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്ക്‌ കേന്ദ്രം

ന്യൂദല്‍ഹി: വിവാഹേതര ബന്ധത്തില്‍ പുരുഷന്മാര്‍ക്കൊപ്പം സ്‌ത്രീകളേയും കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.വിവാഹിതയുമായി 'അവിഹിതബന്ധം' പുലര്‍ത്തിയാല്‍ പുരുഷനെ മാത്രം കുറ്റക്കാരാക്കുന്ന നിലവിലെ വകുപ്പ്‌ റദ്ദ്‌ ചെയ്യാതെ പുതിയ ഭേദഗതി കൊണ്ടുവരാനാണ്‌ കേന്ദ്ര തീരുമാനം.

ഭാരതീയ സംസ്‌കാരത്തില്‍ വിവാഹത്തിന്റെ സംശുദ്ധി നിലനിര്‍ത്താന്‍ വകുപ്പ്‌ അനിവാര്യമാണെന്ന്‌ സര്‍ക്കാര്‍ പറയുന്നു. സ്‌ത്രീകളെ ഇരയായിക്കണ്ട്‌ സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ്‌ കേന്ദ്ര നിലപാട്‌.

പുരുഷനോടൊപ്പം 'കുറ്റം'ചെയ്യുന്നുണ്ടെങ്കിലും സ്‌ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി കോഴിക്കോട്‌ സ്വദേശി ജോസഫ്‌ ഷൈന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ്‌ സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കിയത്‌.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പും ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 198(2) വകുപ്പും റദ്ദാക്കണമെന്ന ഹര്‍ജിയോട്‌ യോജിക്കുന്ന നിലപാടാണ്‌ സുപ്രീംകോടതി സ്വീകരിച്ചെങ്കിലും വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്‌.

'പരപുരുഷ'ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിവാഹിതയായ സ്‌ത്രീക്ക്‌ പൂര്‍ണസംരക്ഷണം നല്‍കുന്നതാണ്‌ നിലവിലെ വകുപ്പ്‌. പുരുഷന്മാരെ മാത്രമല്ല, 'മറ്റൊരാളുടെ ജീവിതപങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഏതൊരാളെയും കുറ്റക്കാരാക്കണം' എന്ന മളീമത്‌ കമ്മിറ്റിയുടെ ശുപാര്‍ശയെ ആധാരമാക്കിയാണ്‌ കേന്ദ്രം നിയമഭേദഗതിക്ക്‌ നീങ്ങുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക