Image

`കര്‍ദ്ദിനാള്‍ വിതയത്തില്‍ ഫൗണ്ടേഷന്‍' ഉദ്‌ഘാടനവും അനുസ്‌മരണ സമ്മേളനവും ഏപ്രില്‍ ഒന്നിന്‌

Published on 28 March, 2012
`കര്‍ദ്ദിനാള്‍ വിതയത്തില്‍ ഫൗണ്ടേഷന്‍' ഉദ്‌ഘാടനവും അനുസ്‌മരണ സമ്മേളനവും ഏപ്രില്‍ ഒന്നിന്‌
കൊച്ചി: സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായിരുന്ന കാലംചെയ്‌ത കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്‌മരണയ്‌ക്കായി സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന്‌ രൂപം നല്‍കിയിരിക്കുന്ന ``കര്‍ദ്ദിനാള്‍ വിതയത്തില്‍ ഫൗണ്ടേഷ''ന്റെ ഉദ്‌ഘാടനവും അനുസ്‌മരണ സമ്മേളനവും ഏപ്രില്‍ ഒന്നാം തീയതി ഉച്ചകഴിഞ്ഞ്‌ 3.30ന്‌ എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി നിര്‍വ്വഹിക്കുന്നതാണ്‌. കര്‍ദ്ദിനാള്‍ വിതയത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ അധ്യക്ഷത വഹിക്കും. `കര്‍ദ്ദിനാള്‍ വിതയത്തില്‍-ജീവിതവും ദര്‍ശനവും' അനുസ്‌മരണ പ്രഭാഷണപരമ്പരയില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌, യാക്കോബായ സഭ സൂനഹദോസ്‌ സെക്രട്ടറി അഭിവന്ദ്യ മാര്‍ ജോസഫ്‌ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്താ, കേരള പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്‌.രാധാകൃഷ്‌ണന്‍ എന്നിവര്‍ ``മതസൗഹാര്‍ദ്ദത്തിന്റെ വേറിട്ട ചിന്തകള്‍'', ``ക്രൈസ്‌തവകൂട്ടായ്‌മകളുടെ ദര്‍ശനവും ഉള്‍ക്കാഴ്‌ചയുയും'', ``സാമൂഹ്യ പരിവര്‍ത്തനത്തിന്റെ നിശ്ചയദാര്‍ഡ്യങ്ങള്‍'' എന്നീ തലങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ദിവ്യരക്ഷകസഭ ലിഗോരി പ്രൊവിന്‍സ്‌ കേരള പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ.ഡോ.ജോയി പൂണേലില്‍, മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം വി.വി.അഗസ്റ്റിന്‍, വൈദീകസമിതി എറണാകുളം-അങ്കമാലി അതിരൂപതാ സെക്രട്ടറി റവ.ഡോ.ജോയിസ്‌ കൈതക്കോട്ടില്‍, എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.ബിനു ജോണ്‍ മൂലന്‍, എകെസിസി എറണാകുളം-അങ്കമാലി അതിരൂപതാ പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ വടശ്ശേരി, വിതയത്തില്‍ ചാരിറ്റീസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ വിതയത്തില്‍ എന്നിവര്‍ ആശംസകള്‍ നേരും. പ്രൊഫ.വി.ജെ.പാപ്പു കര്‍ദ്ദിനാള്‍ വിതയത്തില്‍ ഫൗണ്ടേഷന്‍ ആമുഖം അവതരിപ്പിക്കും. ഫൗണ്ടേഷന്‍ വൈസ്‌ ചെയര്‍മാന്‍ റവ.ഡോ.ആന്റണി കരിയില്‍ സ്വാഗതവും, കര്‍ദ്ദിനാള്‍ വിതയത്തില്‍ ഫൗണ്ടേഷന്‍ കണ്‍വീനര്‍ അഡ്വ.ജോസ്‌ വിതയത്തില്‍ നന്ദിയും പ്രകാശിപ്പിക്കും.

സഭയ്‌ക്കും സമൂഹത്തിനും കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നല്‍കിയ സംഭാവനകള്‍ വരുംതലമുറകള്‍ക്ക്‌ പകര്‍ന്ന്‌ നല്‍കുകയെന്നതാണ്‌ ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്‌. അദ്ദേഹത്തെകുറിച്ചുളള പുസ്‌തകങ്ങളും ഡോക്യുമെന്ററികളും പ്രസിദ്ധീകരിക്കുക, ഉചിതമായ സ്‌മാരകങ്ങള്‍ നിര്‍മ്മിക്കുക, പഠന ഗവേഷണകേന്ദ്രം സ്ഥാപിക്കുക, ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നിവയായിരിക്കും ഫൗണ്ടേഷന്റെ മുഖ്യപ്രവര്‍ത്തനപരിപാടികള്‍.

കര്‍ദ്ദിനാള്‍ വിതയത്തിലിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്നാണ്‌ കര്‍ദ്ദിനാള്‍ വിതയത്തില്‍ ഫൗണ്ടേഷന്‌ രൂപം നല്‍കിയത്‌. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറക്കല്‍ ചെയര്‍മാനും, രാജഗിരി എന്‍ജിനീയറിങ്ങ്‌ കോളേജ്‌ ഡയറക്‌ടര്‍ റവ.ഡോ.ആന്റണി കരിയില്‍ വൈസ്‌ ചെയര്‍മാനും കെ.സി.ബി.സി.അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍ കണ്‍വീനറുമായി പന്ത്രണ്ടംഗ നിര്‍വാഹക സമിതിയും രൂപീകരിച്ചു.

അഡ്വ.ജോസ്‌ വിതയത്തില്‍
കണ്‍വീനര്‍
`കര്‍ദ്ദിനാള്‍ വിതയത്തില്‍ ഫൗണ്ടേഷന്‍' ഉദ്‌ഘാടനവും അനുസ്‌മരണ സമ്മേളനവും ഏപ്രില്‍ ഒന്നിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക