Image

സംസ്ഥാനത്ത്‌ തിങ്കഴാഴ്‌ച മുതല്‍ ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം

Published on 28 March, 2012
സംസ്ഥാനത്ത്‌ തിങ്കഴാഴ്‌ച മുതല്‍ ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത്‌ തിങ്കഴാഴ്‌ച മുതല്‍ ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ്‌ തീരുമാനിച്ചു. രാവിലെയും വൈകിട്ടുമായി ആറിനും പത്തിനും ഇടയ്‌ക്കായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക.

ഇന്നലെ മുതല്‍ തന്നെ മെട്രോ നഗരങ്ങളിലൊഴികെ ബാക്കി എല്ലായിടത്തും അരമണിക്കൂര്‍ അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ്‌ ഏര്‍പ്പെടുത്തിത്തുടങ്ങിയിരുന്നു.

സംസ്ഥാനത്ത്‌ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലെത്തിയതോടെ സര്‍ക്കാരിന്‌ മറ്റു മാര്‍ഗമില്ലാതാവുകയായിരുന്നു. വൈദ്യുതി ബോര്‍ഡ്‌ ഈ നിര്‍ദ്ദേശം നേരത്തെ തന്നെ മുന്നോട്ടു വച്ചിരുന്നുവെങ്കിലും എസ്‌ എസ്‌ എല്‍ സി പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ ഇതി ല്‍ തീരുമാനമെടുക്കാതെ മുന്നോട്ടു പോകുകയായിരുന്നു.

പ്രതിദിനം 63.5 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിയാണ്‌ ഇപ്പോള്‍ കേരളത്തില്‍ ഉപയോഗിക്കുന്നത്‌. ഇതിന്റെ മൂന്നിലൊന്നു മാത്രമാണ്‌ ഇപ്പോള്‍ സംസ്ഥാനത്ത്‌ ഉത്‌പാദിപ്പിക്കുന്നത്‌. മുന്‍വര്‍ഷ ങ്ങളിലൊക്കെ കടുത്ത വേനല്‍ക്കാലത്തു പോലും വൈദ്യുതി ഉപയോഗം 59 ദശലക്ഷം യൂണിറ്റ്‌ പോലും കടന്നിരുന്നില്ല.കായംകുളം എന്‍ ടി പി സിയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മറ്റും വൈദ്യുതി വാങ്ങുന്നതിന്‌ വന്‍ തുക ഇലക്ട്രിസിറ്റി ബോര്‍ഡ്‌ ഇപ്പോള്‍ ചെലവൊഴിക്കുന്നുണ്ട്‌. കേന്ദ്രത്തില്‍ നിന്ന്‌ അടിയന്തിരമായി 200 മെഗാവാട്ട്‌ വൈദ്യുതി ലഭിച്ചെങ്കില്‍ മാത്രമെ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാനാവു.

എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നില നില്‍ക്കുന്നതിനാല്‍ ഇത്‌ ലഭിക്കാനുള്ള സാധ്യത വിരളമാണ്‌. കേന്ദ്രത്തില്‍ നിന്ന്‌ മുന്നൂറ്‌ മെഗാവാട്ട്‌ വൈദ്യുതി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അതിനുള്ള മറുപടി പോലും ലഭിച്ചിട്ടില്ല. ഇക്കണക്കിനു പോയാ ല്‍ ഒരാഴ്‌ച കൂടി കടന്നാല്‍ സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലാകും.

കായംകുളത്തെ എന്‍ ടി പി സിയില്‍ നിന്നും വൈദ്യുതി വാങ്ങുന്നത്‌ സംസ്ഥാനത്ത്‌ വൈദ്യുതി ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. ഇത്‌ അധികകാലം തുടര്‍ന്നാല്‍ സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക്‌ വന്‍തോതില്‍ ഉയര്‍ത്തേണ്ടി വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക