ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന് വില്യമിന്റെയും കേറ്റ് മിഡില്‍ടണിന്റെയും മൂന്നാമത്തെ കുട്ടി ലൂയി രാജകുമാരന്റെ മാമോദീസ ചടങ്ങ് നടത്തി. തികച്ചും സ്വകാര്യമായിരുന്നു ചടങ്ങ്. ചിത്രങ്ങള്‍ മാത്രമാണ് കൊട്ടാരം പുറത്തുവിട്ടിരിക്കുന്നത്.
11 ആഴ്ച പ്രായമായ കുട്ടിയെ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് മോസ്റ്റ് റവ. ജസ്റ്റിന് വെല്‍ബിയാണ് ജ്ഞാനസ്നാനം ചെയ്യിച്ചത്. സെന്റ് ജയിംസ് കൊട്ടാരത്തിലെ റോയല്‍ ചാപ്പലിലായിരുന്നു ചടങ്ങ്.
വില്യമിന്റെ സഹോദരന് ഹാരിയും ഭാര്യയും അടക്കം അടുത്ത ബന്ധുക്കള്‍ മാത്രമാണു ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ടിരുന്നത്. എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ് രാജകുമാരനും പങ്കെടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ നേരത്തെ തന്നെ എടുത്ത തീരുമാനമനുസരിച്ചാണിതെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. വില്യം, കേറ്റ് ദന്പതികളുടെ ബല്യകാല സുഹൃത്തുക്കളടക്കം നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍