Image

ഈ രക്ഷാപ്രവര്‍ത്തനത്തിനു പ്രണാമം (പകല്‍ക്കിനാവ്- 109: ജോര്‍ജ് തുമ്പയില്‍)

Published on 11 July, 2018
ഈ രക്ഷാപ്രവര്‍ത്തനത്തിനു പ്രണാമം (പകല്‍ക്കിനാവ്- 109: ജോര്‍ജ് തുമ്പയില്‍)
ലോകത്തിന്റെ പ്രാര്‍ഥനകള്‍ സഫലമാകുന്നു. കണ്ണിമ ചിമ്മാതെ ഓരോ വാര്‍ത്തയ്ക്കും വേണ്ടി കാത്തിരുന്നതിന് ഒടുവില്‍ ഫലം കിട്ടിത്തുടങ്ങി. തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ 16 ദിവസത്തെ ശ്രമത്തിനൊടുവില്‍ രക്ഷിച്ചു. ഇതെഴുതുമ്പോള്‍ നാലു പേരെ രക്ഷിച്ചിട്ടുണ്ട്. ശേഷിക്കുന്ന, കോച്ചിനെയും എട്ടു കുട്ടികളെയും കൂടി രക്ഷിക്കുന്നതോടെ ലോകത്തിലെ വലിയൊരു രക്ഷാപ്രവര്‍ത്തനത്തിനാണ് അന്ത്യമാവുക. ലോകനിലവാരമുള്ള 18 അംഗ അതിവിദഗ്ധരുടെ സംഘമാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതില്‍ 13 പേര്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരും അഞ്ചു പേര്‍ തായ് സീല്‍ കമാന്‍ഡോകളായ മുങ്ങല്‍ വിദഗ്ധരുമായിരുന്നു. 40 തായ്‌ലന്‍ഡുകാര്‍ അടക്കം 90 അംഗ സംഘമാണു രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയത്. ഇവര്‍ക്ക് വേണ്ട പിന്തുണ നല്‍കിയതാവട്ടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പേരും. ഓരോ മിനിറ്റും ഇവിടെ എന്തു സംഭവിക്കുന്നുവെന്നു നോക്കിയിരുന്ന ലക്ഷക്കണക്കിനു പേര്‍ക്ക് ഇനി ആശ്വസിക്കാം. എല്ലാം ദൈവഹിതം!

ഗുഹയിലെത്തിയ ഡോക്ടര്‍മാര്‍ കുട്ടികളെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ദുര്‍ബലരായവരെ ആദ്യവും കൂട്ടത്തില്‍ ശക്തരായവരെ അവസാനവും പുറത്തെത്തിക്കാനായിരുന്നു തീരുമാനം. പുറത്തെത്തിക്കേണ്ടവരെ നാലു സംഘങ്ങളാക്കി തിരിച്ചാണ് രക്ഷാദൗത്യം ആവിഷ്കരിച്ചിരിച്ചത്. ആദ്യത്തെ സംഘത്തില്‍ നാലു കുട്ടികളാണുണ്ടായിരുന്നത്. തുടര്‍ന്നുള്ള സംഘങ്ങളില്‍ മൂന്നു വീതം കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. കോച്ച് അവസാനത്തെ സംഘത്തിലാണു ഉള്‍പ്പെട്ടത്. ജലത്തിലൂടെ നാലു കിലോമീറ്റര്‍ എന്ന ഭഗീരഥപ്രയത്‌നം നടത്തിയാണു കുട്ടികള്‍ പുറത്തുകടന്നത്. ഗുഹയ്ക്കുള്ളിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതും ഏതു സമയത്തും മഴ പെയ്യാമെന്നത് രക്ഷാപ്രവര്‍ത്തനത്തിനു ഭീഷണി സൃഷ്ടിച്ചതും വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാല്‍ അതൊക്കെയും മറികടക്കാനായി. ഓരോ കുട്ടിക്കുമൊപ്പം രണ്ട് ഡൈവര്‍മാര്‍ വീതമെന്ന നിലയിലാണു രക്ഷാ ദൗത്യം ക്രമീകരിച്ചത്. ഇടുങ്ങിയതും ഇരുളടഞ്ഞതും ദുര്‍ഘടവുമായ ഗുഹാവഴിയില്‍ പലയിടത്തും കയറ്റവും ഇറക്കവുമുണ്ടെന്ന് ടിവി ചാനലുകളിലെ ഗ്രാഫിക്‌സ് സൂചിപ്പിച്ചിരുന്നു. ചിലയിടത്ത് ശക്തമായ അടിയൊഴുക്കുമുണ്ടായിരുന്നു. പലയിടങ്ങളിലും വായുവിന്റെ ലഭ്യതയും കുറവാണെന്നതും ശ്രമകരമായി. ഇതു മറികടന്നാണു രക്ഷാപ്രവര്‍ത്തകര്‍ ദൗത്യം വിജയിപ്പിച്ചത്. ഇവരെ ലോകം ആദരവോടെ തന്നെ കാണുന്നു. ഇതിനായി എത്രയോ ദിനരാത്രങ്ങള്‍ ലോകം മുഴുവനായും പ്രാര്‍ത്ഥിച്ചു. അതിനാണ് ഫലം കണ്ടത്.

ജൂണ്‍ 23 നാണു 12 കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. 11 മുതല്‍ 16 വയസു വരെ പ്രായമുള്ള കുട്ടികളും 25 വയസുകാരനായ കോച്ചുമുള്‍പ്പെടുന്ന സംഘത്തെ പത്താം ദിവസമാണ് കണ്ടെത്തുന്നത്. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനുശേഷമാണു രക്ഷാമാര്‍ഗം നിശ്ചയിക്കപ്പെട്ടത്. ഗുഹയിലേക്കു തുരങ്കം തീര്‍ക്കുന്നതടക്കമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. കുട്ടികളിരുന്ന സ്ഥലം മുതല്‍ ഗുഹാമുഖം വരെ കയര്‍ വെള്ളത്തിനടിയിലൂടെ ഇട്ട് ഇതിന്റെ സഹായത്തോടെയാണു നീന്തല്‍ വിദഗ്ധരല്ലാത്ത കുട്ടികള്‍ക്കുള്ള രക്ഷാമാര്‍ഗം ഒരുക്കിയത്. നീന്തല്‍ വസ്ത്രങ്ങളും മാസ്കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റെ സഹായത്തോടെ പുറത്തേക്ക് നയിക്കുയായിരുന്നു. നീന്തലറിയാത്ത കുട്ടികള്‍ക്ക് കയറില്‍ പിടിച്ച് വെള്ളത്തിനടിയിലൂടെ നീങ്ങാന്‍ സാധിക്കും. വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനു വേണ്ട പ്രാഥമിക പരിശീലനം ഇവര്‍ക്കു നല്‍കിയിരുന്നു.

ഗുഹയ്ക്കുപുറത്തുനിന്നു കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താന്‍ അഞ്ചു മണിക്കൂറും തിരികെയെത്താന്‍ ആറു മണിക്കൂറും വേണ്ടിയിരുന്നു. ഒരാളെ പുറത്തെത്തിക്കാന്‍ ചുരുങ്ങിയത് 11 മണിക്കൂര്‍ അത്യധ്വാനമാണ് ഉണ്ടായിരുന്നത്. സൈന്യം ഒഴികെ മറ്റുള്ള എല്ലാവരെയും ഗുഹയുടെ പരിസരത്തുനിന്ന് ഒഴിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ മുങ്ങല്‍ വിദഗ്ദന്‍ ശ്വാസം മുട്ടി മരിച്ചത് ലോകം കണ്ണീരോടെയാണ് കണ്ടത്. മുങ്ങല്‍ വിദഗ്ദനായ സമാന്‍ ഗുനാനാണ് ജൂലൈ അഞ്ചിന് രാത്രി രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ചത്. ഗുഹയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

കുട്ടികളുടെ ഇരിക്കുന്ന ഭാഗത്തിന് മുകളിലായി ഒരു വിടവ് കണ്ടെത്തി അതൊരു തുരങ്കമായി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ വരെ ആലോചിച്ചിരുന്നു. എന്നാല്‍ ഇതൊരു ഭഗീരഥപ്രയത്‌നമാണെന്നു കാണുന്നവര്‍ക്ക് അറിയാം. വലിയൊരു മലയുടെ എത്രയോ അടി താഴ്ചയിലാണ് കുട്ടികള്‍ ഇരുന്നിരുന്നത്. ഗുഹയില്‍ നിന്നുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ തായ് നാവിക സേന ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നതു കാണുമ്പോള്‍ ശരിക്കും നെഞ്ചിടിപ്പ് വര്‍ദ്ധിക്കുകയായിരുന്നു. കാരണം, ഗുഹയ്ക്കുള്ളിലെ ദൃശ്യങ്ങള്‍ അത്രയ്ക്ക് ഭയാനകമായിരുന്നു. തണുപ്പിനെ അതിജീവിക്കാന്‍ ലോഹപുതപ്പുകള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ഇരുന്നത്. മഴ ശക്തമാകും മുന്‍പ് കുട്ടികളെ പുറത്തെത്തിക്കുന്നതാണ് സുരക്ഷിതം എന്നതിനാലാണ് ബഡ്ഡി ഡൈവിംഗ് എന്ന തീരുമാനത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. ഏറ്റവും അപകടകരമായ രക്ഷാപ്രവര്‍ത്തനമാണിത്. ഗുഹയിലേക്കുള്ള വഴികളെല്ലാം ഇടുങ്ങിയതും ദുര്‍ഘടമേറിയതുമാണെന്ന് തായ് സീല്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കു വച്ച വീഡിയോയില്‍ നിന്നും വ്യക്തം.. ശക്തമായ അടിയൊഴുക്കുകളും ചെളിവെള്ളം നിറഞ്ഞ കുഴികളും നിറഞ്ഞ ഭാഗത്ത് ഒരു കേബിള്‍ വലിക്കാന്‍ ബുദ്ധിമുട്ടുന്നത് കാണുമ്പോള്‍ ഈ കുട്ടികള്‍ ഇതൊക്കെ മറി കടന്നു പോയി എന്നത് മാത്രമാണ് അതിശയകരം. വായു സഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ വെള്ളത്തോടു മല്ലടിച്ച് ഇരുട്ടത്ത് നടന്നു നീങ്ങിയ അവരെ നമിച്ചേ തീരു. മരണത്തെ അതിജീവിക്കാന്‍ അവര്‍ നടത്തിയ പോരാട്ടവീര്യത്തെ, അവരെ രക്ഷിക്കാന്‍ ഒരു രാജ്യം കാണിച്ച തീവ്രപ്രയത്‌നത്തെയും ശരിക്കും പ്രണമിച്ചേ മതിയാവൂ. ഇതാണ് മാനുഷികം. ഇതാണ് ദൈവീകം. ഓരോ മനുഷ്യജീവനു വേണ്ടിയും അവസാനശ്വാസം വരെ പോരാടുന്ന ഈ രക്ഷാപ്രവര്‍ത്തനത്തിന് ഒരു നീണ്ട സല്യൂട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക