Image

ഹരിഷ്‌മയുടെ പ്രണയം പൂവണിയാന്‍ അനാഥത്വം തടസമായില്ല

Published on 12 July, 2018
ഹരിഷ്‌മയുടെ പ്രണയം പൂവണിയാന്‍ അനാഥത്വം തടസമായില്ല


പറവൂര്‍ :ഹരിഷ്‌മയുടെയും പറവൂര്‍ സൗത്ത്‌ കൈതവളപ്പില്‍
സിംനുവിന്റെയും നീണ്ട പ്രണയം പൂവണിയാന്‍ അനാഥത്വം തടസമായില്ല

ജൂലൈ 11ന്‌ ഉദയംപേരൂര്‍ നടക്കാവ്‌ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ 10.45 നും 11.15 നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ വളര്‍ത്തച്ഛനും സംരംക്ഷകനുമായ എടത്വാ വാലയില്‍ ഇടിക്കുള ചാണ്ടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള ഹരിഷ്‌മയുടെ വലതുകരം വരന്റെ കരത്തിലേക്ക്‌ പിടിച്ചു നല്‍കിയപ്പോള്‍ ആനന്ദാശ്രുക്കളാല്‍ ഏവരുടെയും കാഴ്‌ച അല്‌പനേരത്തേക്ക്‌ മറച്ചെങ്കിലും ഹരിഷ്‌മ സനാഥയായി.

തൊഴുകൈകളുമായി മനസ്സുനിറഞ്ഞ്‌ ദൈവത്തിന്‌ നന്ദി അര്‍പ്പിച്ച ശേഷം സിംനു ഹരിഷ്‌മയുടെ കരം ഗ്രഹിച്ച്‌ ക്ഷേത്രം പ്രദക്ഷിണം വെച്ചപ്പോള്‍ ശക്തമായ മഴ പോലും അല്‌പ സമയത്തേക്ക്‌ മാറി നിന്നു.

നാല്‌ വയസ്‌ ഉള്ളപ്പോള്‍ ആണ്‌ ഹരിഷ്‌മയെ മാതാവ്‌ ഉപേക്ഷിച്ച്‌ പോയത്‌.ചില ദിവസങ്ങള്‍ക്കു ശേഷം പിതാവും ഉപേക്ഷിച്ച്‌ കടന്ന്‌ കളഞ്ഞു.പത്രവാര്‍ത്തയിലുടെ സംഭവം വായിച്ചറിഞ്ഞാണ്‌ ബെറാ ഖാ ബാലഭവന്‍ സ്ഥാപകന്‍ കൂടിയായ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള ഹരിഷ്‌മയെ ഏറ്റെടുത്തത്‌. അവിടെയുണ്ടായിരുന്ന 20 പെണ്‍കുട്ടികളുടെയും മൂത്ത ചേച്ചിയായിരുന്ന ഹരിഷ്‌മ പഠനത്തില്‍ സമര്‍ത്ഥയായിരുന്നു.

വിദ്യാഭ്യാസം പൂര്‍ത്തികരിച്ചതിന്‌ ശേഷം നേഴ്‌സിങ്ങ്‌ പഠനം നടത്തി വരവെ ആണ്‌ എം.കോം ബിരുദധാരിയായ സിംനുവുമായി  പ്രണയം മൊട്ടിട്ടത്‌.ഹരീഷ്‌മയുടെ സാഹചര്യങ്ങള്‍ എല്ലാം ബോധ്യപ്പെട്ട സിംനു പ്രണയ വിവരം മാതാപിതാക്കളെയും ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയെയും ഹരിഷ്‌മയുടെ സുഹൃത്ത്‌ എസ്‌ പത്മയെയും അറിയിച്ചു. ഇവരില്‍ നിന്നും അനുവാദം ലഭിച്ചതോടെ വിവാഹ തീയതി നിശ്ചയിക്കുക ആയിരുന്നു.

പറവൂര്‍ സൗത്ത്‌ ശ്രീ യോഗേശ്വര ഓഡിറ്റോറിയത്തില്‍ വെച്ച്‌ ക്രമികരിച്ച സത്‌ക്കാര ചടങ്ങില്‍ ജനപ്രതിനിധികള്‍ ,രാഷ്ട്രീയ സന്നദ്ധ സംഘടന ഭാരവാഹികള്‍, പൊതുപ്രവര്‍ത്തകര്‍ ,സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകര്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം പേര്‍ പങ്കെടുത്ത്‌ ഇരുവരെയും അനുഗ്രഹിച്ച്‌ ആശിര്‍വദിച്ചു.

നാഷണലിസ്റ്റ്‌ കേരള കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ കുരുവിള മാത്യൂസ്‌, ജനറല്‍ സെക്രട്ടറിമാരായ എം.എന്‍ ഗിരി , ഷാജി, സംസ്ഥാന വനിതാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ പത്മ എസ്‌ ,എറണാകുളം ജില്ലാ പ്രസിഡന്‍റ്‌ കെന്നഡി കരിമ്പുംകാല,സുഹൃത്തുക്കളായരാഹിണി,ബിന്ദു, ആതിര ,വിഷ്‌ണു, പോള്‍ ,എന്‍.ജെ.സജീവ്‌ ,മനോജ്‌ അറയ്‌ക്കപറമ്പില്‍ എന്നിവര്‍ സ്‌നോഹോപകാരങ്ങളും സിംനു വിന്റെ സുഹൃത്തുക്കള്‍ സമ്മാനങ്ങളും കൈമാറി.

പ്രണയത്തിന്റെ പേരില്‍ ദുരഭിമാന കൊലകള്‍ പോലും നടക്കുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തിന്‌ ഉത്തമ മാതൃകയായിരുന്നു ഈ വിവാഹമെന്ന്‌ പങ്കെടുത്തവര്‍ സാക്ഷ്യപെടുത്തുന്നു.

കുടുംബ ജീവിതത്തോടൊപ്പം നിരാലംബ സമൂഹത്തിനും അശരണര്‍ക്കും അത്താണിയായി നിലകൊള്ളാന്‍ ആണ്‌ ഹരിഷ്‌മയുടെ ജീവിതാഭിലാഷം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക