റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ഏഷ്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബ്ലുബെര്ഗിന്റെ സമ്പന്നരുടെ പുതിയ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാമതെത്തിയത്. ചൈനീസ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആലിബാബയുടെ ജാക്ക് മായെ മറികടന്നാണ് അംബാനിയുടെ നേട്ടം.
ബ്ലുബെര്ഗിന്റെ റിപ്പോര്‍ട്ടനുസരിച്ച് അംബാനിയുടെ മൊത്തം ആസ്തി 44.3 ബില്യണ്‍ ഡോളറാണ്. വെള്ളിയാഴ്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് റിലയന്‍സിന്റെ ഓഹരികളുടെ വില ഉയര്‍ന്നത് അംബാനിക്ക് ഗുണകരമായി. 1.6 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് റിലയന്‍സ് ഓഹരികള്‍ക്ക് ഉണ്ടായത്. അതേ സമയം, 44 ബില്യണ്‍ ഡോളറാണ് ജാക്ക് മായുടെ ആസ്തി. യു.എസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മായുടെ കമ്പനി ഓഹരികള്‍ മികച്ച പ്രകടനമല്ല വെള്ളിയാഴ്ച നടത്തിയത്.
കഴിഞ്ഞ ദിവസം 10 വര്‍ഷത്തിന് ശേഷം റിലയന്‍സിന്റെ ആസ്തി 100 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഒരു ദിവസം കൊണ്ട് റിലയന്‍സിന്റെ വിപണി മൂല്യം ആറ് ലക്ഷം കോടിയാണ് കൂടിയത്. ഇതിനിടെയാണ് ചെയര്മാന് മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായത്.