Image

കാഴ്ച ബംഗ്ലാവ് (ചെറുകഥ-ജോസഫ് എബ്രഹാം)

ജോസഫ് എബ്രഹാം Published on 14 July, 2018
കാഴ്ച ബംഗ്ലാവ് (ചെറുകഥ-ജോസഫ് എബ്രഹാം)
നല്ല വേലികള്‍ നല്ല അയല്‍ക്കാരെ സൃഷ്ടിക്കുമെന്ന ആപ്തവാക്യവുമായി വേലികെട്ടാന്‍ പോയ ഡോണാള്‍ട് ട്രംപിനോട് വേലി കെട്ടുന്നവനല്ല പാലം പണിയുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക എന്ന് പറഞ്ഞു ഫ്രാന്‍സിസ് മാര്‍പ്പാപ്പ എതിരിടുന്നതിനും  മുന്‍പേ തന്നെ വേലികള്‍ ഇല്ലാത്ത ലോകം സ്വപ്നം കാണാന്‍  സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഞങ്ങളെ പഠിപ്പിച്ചിരുന്നു.
അങ്ങിനെ വേലിക്കെട്ടുകള്‍ ഒന്നുമില്ലാതെകാടിനോട് ചേര്‍ന്ന് അതിരുപങ്കിടുന്ന ഞങ്ങളുടെ ഗ്രാമത്തിലേക്ക്  കാട്ടുപന്നികളും  കാട്ടാനകളും കൂട്ടത്തോടെ വന്നു കൃഷികള്‍ തിന്നു നശിപ്പിച്ചുതിരികെ പോകും.ഇടയ്ക്കിടെ  വിരുന്നു പോലെ  ഒറ്റയ്ക്ക് വരുന്ന കടുവകള്‍ആട് പശു തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെയും കൊന്നു തിന്നും.

ഒരുദിവസംഞങ്ങളുടെ നാട്ടുകാരനായ കുഞ്ഞഗസ്തി സ്വന്തംപുരയിടത്തില്‍ അതിക്രമിച്ചു കടന്നു വിളകള്‍ നശിപ്പിച്ച ഒരു കാട്ടുപന്നിയെ പടക്കം വെച്ച് കൊന്നു. സര്‍ക്കാരിന്റെ സ്വത്തായ കാട്ടുപന്നിയെ കൊന്നതിനു കുഞ്ഞഗസ്തിയെ വനപാലകര്‍ പിടിച്ചുകൊണ്ടുപോയി തല്ലിച്ചതച്ചു പിന്നെ ജാമ്യമില്ലാത്ത വകുപ്പ് ചാര്‍ത്തി കോടതിയില്‍ ഹാജരാക്കി.

''പ്രതിക്ക് വല്ലതും പറയാനുണ്ടോ'' എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിനു മറുപടിയായി കുഞ്ഞഗസ്തി   ചോദിച്ചു.

'സാറെഎന്റെദേഹണ്ണംപന്നികുത്തികളഞ്ഞതിന്എന്താപരിഹാരംകിട്ടുക ?'
കുഞ്ഞഗസ്തിയുടെ ഈ ചോദ്യത്തിനു

''പതിനാല് ദിവസത്തേക്ക്  റിമാന്റ് ചെയ്തിരിക്കുന്നു'' എന്ന മറുപടി മാത്രമാണ് മജിസ്‌ട്രേറ്റ് പറഞ്ഞത്.

ഗ്രാമത്തില്‍അടുത്ത ആക്രമണം നടത്തിയത് കാട്ടാനകളാണ്.കൂട്ടമായി കാടിറങ്ങിയ ഇക്കൂട്ടര്‍കുഞ്ഞഗസ്തി അടക്കമുള്ള നാട്ടുകാരുടെ വര്‍ഷങ്ങള്‍ നീണ്ട അദ്ധ്വാനഫലമെല്ലാം ചവിട്ടി ചേറാക്കി തിരിച്ചു പോയി. തെങ്ങുകളും കവുങ്ങുകളും വാഴയും നെല്ലും എല്ലാം നശിപ്പിക്കപ്പെട്ടു.  ഇത് പലവുരു ആവര്‍ത്തിച്ചതോടെ നാട്ടുകാര്‍ മിക്കവരും തന്നെ കൃഷി ഉപേക്ഷിച്ചു മറ്റു തൊഴിലുകള്‍ നോക്കുവാന്‍ തുടങ്ങി. മറ്റൊന്നിനും കഴിയാത്തവര്‍ അവരുടെ ഭാഗ്യ പരീക്ഷണം തുടര്‍ന്നു പോന്നു.

വര്‍ഷങ്ങളുടെ അദ്ധ്വാനവും ജീവിത മാര്‍ഗ്ഗവുംതകര്‍ത്തുകളഞ്ഞ ആനകളോട് കുഞ്ഞഗസ്തിക്ക്  അടങ്ങാത്ത പകയായി. അങ്ങിനെയാണ് കുഞ്ഞഗസ്തിആനകളെ തേടി കാടു കയറുന്നത്. ഇനി ഞങ്ങളുടെ ഗ്രാമത്തിന്റെതന്നെ ഈ കഥയില്‍ നിര്‍ഭാഗ്യവശാല്‍ ഒരേസമയം നായകനും പ്രതിനായകനും ദുരന്ത കഥാപാത്രവുമായി തീരുകയാണ് കുഞ്ഞഗസ്തി. 

നീളമുള്ള കുഴലുകള്‍ ഉള്ള രണ്ടു നാടന്‍ നിര്‍മ്മിത തോക്കുകളാണ്കുഞ്ഞഗസ്തിയുടെ മുഖ്യ ആയുധം. വെടിമരുന്നും ചകിരിയുമൊക്കെയിട്ട് കുത്തിനിറയ്ക്കുന്നനാടന്‍തോക്ക്. തിരകള്‍ക്കു പകരംവാര്‍ക്കപണിക്കു ഉപയോഗിക്കുന്ന കമ്പി ചെറിയ കഷണങ്ങളായി മുറിച്ചഗ്രം കൂര്‍പ്പിച്ചുപയോഗിക്കും.ഒരു പ്രാവശ്യം നിറയൊഴിച്ചാല്‍അടുത്ത വെടി പൊട്ടിക്കണമെങ്കില്‍ തോക്ക് വീണ്ടും നിറയ്ക്കണം. 

മര്‍മ്മം നോക്കിയുള്ള ഒരൊറ്റ വെടി അതില്‍ കാട്ടുകൊമ്പന്‍ മുട്ട് കുത്തണം. അവിടെയാണ് ഒരു ആന വേട്ടക്കാരന്റെ മിടുക്ക് തെളിയുക. അതില്‍ അയാള്‍ പരാജയപ്പെട്ടാല്‍ ജീവന്‍ തന്നെ അപകടത്തിലാണ്. രണ്ടാമത്തെ തോക്കുപയോഗിച്ചു ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല. എന്നിരുന്നാലും  അത്യാവശ്യം വന്നാല്‍ ഉപയോഗിക്കാന്‍   എപ്പഴും മറ്റൊരു തോക്കുംകൂടെ കരുതും.

കാട് കയറ്റത്തില്‍കുഞ്ഞഗസ്തിയുടെ വഴികാട്ടിയും സഹായിയുമായിട്ടുള്ളത് നായ്ക്കന്‍ പൊട്ടനാണ്. ബോളന്‍ എന്നാണ് പേരെങ്കിലും സംസാരശേഷി ഇല്ലാത്തതിനാല്‍ പൊട്ടന്‍ എന്നാണ് എല്ലാവരും വിളിക്കുന്നത്. രണ്ടാമത്തെ തോക്കു ചുമന്ന് പൊട്ടന്‍ മുന്‍പേ നടക്കും. കഞ്ഞിവെക്കാനുള്ള കലം അരിസാമാനങ്ങള്‍ എന്നിവ ചുമക്കാനായി ചുമട്ടുകാരനായി കൂടെയുള്ളത് പണിയന്‍ കൈമയാണ്.


ആനക്കൂട്ടങ്ങള്‍ക്കിടയില്‍  കയറി വേട്ടയാടല്‍ സാധ്യമല്ല അതുകൊണ്ട്വേട്ടയാടാനായി കൂട്ടം തെറ്റി നടക്കുന്ന  ഒറ്റയാന്‍മാരെ തേടിപ്പിടിക്കണം അതിനായിട്ടാണ് നടപ്പുമുഴുവന്‍.ഒരൊറ്റയാനെ കണ്ടെത്തിയാല്‍ നിറയൊഴിക്കുന്നതിനും ഒരു രീതിയുണ്ട്. ദൂരെ സുരക്ഷിതമായ ഒരിടത്തിരുന്നുകൊണ്ട്  നാടന്‍ തോക്ക് ഉപയോഗിച്ച്കാട്ടാനയെ വെടിവെച്ചു വീഴ്ത്തുക  അസാധ്യമാണ്.  തൊട്ടടുത്ത് ചെന്ന് നിന്ന് അതിന്റെ മര്‍മ്മസ്ഥാനം നോക്കി നിറയൊഴിച്ചാലെ നാടന്‍ തോക്കിന്റെ പ്രയോഗത്തില്‍ കാട്ടു കൊമ്പന്‍  വീഴുകയുള്ളു.

കാട്ടിലൂടെയുള്ള നടപ്പിനിടയില്‍ ആനച്ചൂര് മൂക്കിലടിച്ചാല്‍ പൊട്ടന്‍ നടപ്പ് നിര്‍ത്തും പിന്നെചെവി വട്ടം പിടിച്ചു ചുറ്റും സൂക്ഷ്മമായുള്ള നീരിക്ഷണമാണ്. പൊട്ടന്‍ നടപ്പ് നിറുത്തി ചുറ്റും നോക്കുന്നത് കണ്ടാല്‍ കുഞ്ഞഗസ്തി തോക്ക് തോളില്‍ ചേര്‍ത്ത് പിടിച്ചു തയ്യാറെടുക്കും. ഈ സമയം കൈമ ചുമട് താഴെവച്ച് ഏതെങ്കിലും മരത്തില്‍ കയറി ഇരിപ്പുറപ്പിക്കും. തോക്കിന്റെ കുഴലില്‍ കെട്ടിയിട്ടുള്ള  നൂലിന്റെ ചലനം നോക്കി പൊട്ടന്‍ കാറ്റിന്റെ ദിശ മനസ്സിലാക്കും. മനുഷ്യന്റെ ചൂര് ആനയ്ക്ക്കിട്ടാതിരിക്കാന്‍ കാറ്റ് അടിക്കാത്ത  ദിശയിലൂടെ നിശബ്ദമായി മുന്നേറും. ഇലയനക്കവുംആനചൂരും പിടിച്ചു കാട്ടുകൊമ്പന്റെ അടുത്തെത്തി അവനെ നിരീക്ഷിക്കും.ആനയുടെ തൊട്ടു പിറകിലായി തോക്കിന്റെ കാഞ്ചിയില്‍ വിരല്‍ ചേര്‍ത്ത് ലക്ഷ്യം പിടിച്ചു  കുഞ്ഞഗസ്തി നില്‍ക്കും. കുഞ്ഞഗസ്തിയുടെ പിന്നില്‍ നിന്നുകൊണ്ട് പൊട്ടന്‍ ഉച്ചത്തില്‍ കൈകൊട്ടും.
കൈകൊട്ടിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഒറ്റയാന്‍ വിശറിപോലെ ആട്ടിക്കൊണ്ടിരിക്കുന്ന മുറം പോലുള്ള അവന്റെ ചെവിയുടെ ആട്ടം നിര്‍ത്തി വട്ടം പിടിച്ചു നിശബ്ദനാകും. ഈ സമയം കുഞ്ഞഗസ്തിയുടെ തോക്കിന്റെ കുഴല്‍ കൊമ്പന്റെ ചെവിയുടെ പിന്‍ഭാഗം ലക്ഷ്യമാക്കി ഉന്നം പിടിച്ചിരിക്കും.ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുവാനായി കാട്ടുകൊമ്പന്‍ തന്റെ വലിയ ഉടലിനൊപ്പം തലയും തിരിക്കും. കുഞ്ഞഗസ്തിയുടെ തോക്കിന്റെ കുഴല്‍ കൊമ്പന്റെ ചെവിയുടെ പിന്‍ഭാഗത്തിന് സമാന്തരമായി വരുന്ന നിമിഷം സമയം അല്പം പോലും പാഴാകാതെ വിരലുകള്‍ കാഞ്ചിയില്‍ അമരും.

വെടി പൊട്ടിക്കഴിഞ്ഞു.നിറതോക്കിലെ കൂര്‍ത്ത കമ്പി കഷണം കൊമ്പന്റെ മസ്തകത്തിലെ ഏറ്റവും ദുര്‍ബ്ബലമായ ഭാഗത്തൂടെ തലച്ചോറിലേക്ക് തുളച്ചുകയറി വിസ്‌ഫോടനം നടത്തും. അതോടെ  മഹാമേരുപോലുള്ള കരിവീരന്റെ ഉടലിന്റെ ചലനശേഷി നഷ്ടപ്പെടും. വെടി കൃത്യമായി കൊണ്ടാല്‍ അവന്‍ നിന്നിടത്തുനിന്നനങ്ങില്ല.  മുന്‍കാലുകള്‍ മടക്കി മുട്ടുകുത്തി ഇച്ചിരിപ്പോന്ന മനുഷ്യന്റെ മുന്നിലുള്ള അവന്റെ പരാജയം സമ്മതിക്കും. ജീവന്‍ പൂര്‍ണ്ണമായും വെടിയില്ലെങ്കിലും വെടിയുണ്ട തലച്ചോറില്‍ കൃത്യമായ ആഘാതം ഏല്‍പ്പിച്ചാല്‍ പിന്നെ യാതൊരു ശബ്ദവും അവനില്‍ നിന്ന് ഉണ്ടാകില്ല

മുട്ട്കുത്തിയ കൊമ്പന്റെ തുമ്പിക്കൈ പൊട്ടന്‍ കൈക്കൊടാലികൊണ്ട് വെട്ടിമാറ്റും.അപ്പോഴും ജീവന്‍ അവശേഷിക്കുന്ന കൊമ്പന്റെ മസ്തകം വെട്ടിപോളിച്ചു കൊമ്പുവലിച്ചൂരും.മസ്തകം വെട്ടിപിളരുന്ന വേദനയില്‍ ഒന്ന് പുളയുവാന്‍ പോലുമാകാത്ത നിസഹയനായ ആ സാധുജീവികണ്ണുനീര്‍ ഒഴുക്കികൊണ്ട് ദൈന്യതനിറഞ്ഞ കണ്ണുകളോടെ എന്തിനെന്നോടീ ക്രൂരത എന്ന ചോദ്യം പോലെ  ദയനീയമായികുഞ്ഞഗസ്തിയുടെ നേരെ നോക്കും. ആ നോട്ടം താങ്ങാന്‍ ആവാതെ കുഞ്ഞഗസ്തി അവിടെനിന്നു മാറിപ്പോകും.

ചിലപ്പോള്‍ വെടിയേറ്റ് മസ്തകം പിളര്‍ന്നു കാട്ടുകൊമ്പന്‍ മുട്ടുകുത്തുമെങ്കിലും ശബ്ദംനിലക്കാറില്ല. ജീവനോടെ വെട്ടിപിളര്‍ന്നു കൊമ്പ് എടുക്കുംബോള്‍ വേദന സഹിക്കവയ്യാതെ അവന്‍ ദയനീയമായി  ചിന്നം വിളിച്ചുകൊണ്ടിരിക്കും.ഹൃദയഭേദകമായി ദിക്കുകളെ നോവിച്ചുകൊണ്ടുള്ളആ മൃഗത്തിന്റെ ദീനവിലാപംവേട്ടക്കാരുടെ കാതിനെ വളരെയേറെ ദൂരം പിന്തുടരാറുണ്ട്.


കുഞ്ഞഗസ്തി കാടു കയറിയാല്‍ ഭാര്യ ഏലിയമ്മയുടെ മനസ്സില്‍ പിന്നെ തീയാണ്. ഓരോ പ്രാവശ്യവും പോയി വരുമ്പോളും ഏലിയാമ്മ പറയും.

'ഇനി ഈ പണി വേണ്ട  നമുക്ക് മറ്റെന്തെങ്കിലും പണിനോക്കി  ജീവിക്കാമല്ലോ. എന്തിനാ മിണ്ടാപ്രാണികളുടെ ശാപം ഇനിയും വാങ്ങിച്ചു കൂട്ടുന്നത്'

ഏലിയാമ്മ അത് പറയുമ്പോള്‍ കുഞ്ഞഗസ്തിയുടെ കണ്ണുകള്‍ തന്റെ മകന്റെ നേരെ നീളും.  പതിനാലു വയസായെങ്കിലും നാലുവയസുകാരന്റെ ബുദ്ധിയുമായി വായിലൂടെ ഉമിനീര്‍ ഒലിപ്പിച്ചു കോലായിലൂടെ  മുഷിഞ്ഞ ട്രൌസറും ഉടുപ്പുമിട്ട് തന്റെ ലോകത്ത് ഒറ്റക്കിരുന്നു  കളിക്കുകയായിരിക്കും അവനപ്പോള്‍.ഉമിനീര്‍ ധാരയായി ഒലിച്ചിറങ്ങുന്ന അവന്റെ മുഖത്ത് ഒരു കാട്ടു കൊമ്പന്റെ നിറഞ്ഞൊഴുകുന്ന ദൈന്യതയാര്‍ന്ന കണ്ണുകള്‍ തെളിഞ്ഞു വരുന്നതായിക്കണ്ട് കുഞ്ഞഗസ്തി മുഖം തിരിച്ചുകളയും.അര്‍ത്ഥമില്ലാതെ വാക്കുകള്‍ ചേര്‍ത്ത് അവന്‍ നിഷ്‌കളങ്കമായി കൂകി വിളിച്ചാര്‍ത്തു ചിരിക്കുന്നത്  ഒരു കൊമ്പന്റെഹൃദയഭേദകമായ ദീന രോദനമായി കുഞ്ഞഗസ്തിയുടെ കരളില്‍ പതിക്കും. അപ്പോഴൊക്കെ കുഞ്ഞഗസ്തി തീരുമാനിക്കും. ഏലിയാമ്മ പറഞ്ഞപോലെ മിണ്ടാപ്രാണികളുടെ പ്രാക്ക് കിട്ടുന്ന ഈ പണി ഇനി വേണ്ട.

കാടിറങ്ങി വന്നാല്‍ കുഞ്ഞഗസ്തിയുടെ വീട്ടില്‍ പിന്നെ ഉല്‍ത്സവം പോലെയാണ്. അളിയമാരെയും കൂട്ടുകാരെയുമൊക്കെ വിളിച്ചു കള്ളുകുടിയും തീറ്റയുമാണ്. രണ്ടാഴ്ച കൊണ്ട് കയ്യില്‍ കിട്ടിയ കാശെല്ലാം തിന്നും കുടിച്ചു തീര്‍ക്കും. പിന്നെവീട്ടു ചെലവിനു   ആരോടെങ്കിലും കടം വാങ്ങണം. മിക്കവാറും കറങ്ങിത്തിരിഞ്ഞ് എത്തിപ്പെടുന്നത് ആനകൊമ്പ് കച്ചവടത്തിന്റെ ഇടനിലക്കാരന്‍ ആയ അബ്ദുള്ളയുടെ പലചരക്ക് പീടികയ്ക്ക് മുന്‍പില്‍ ആയിരിക്കും. അബ്ദുള്ളയാണ് ആനക്കൊമ്പ് വ്യാപാരിയായ കൊച്ചിക്കാരന്‍ സേട്ടിന്റെയും തിരുവനന്തപുരംകാരന്‍ ശില്പിയുടെയും പ്രധാന ഇടനിലക്കാരന്‍. കുഞ്ഞഗസ്തിയെപ്പോലെ കാട്ടില്‍ കയറി കൊമ്പ് കൊണ്ട് വരുന്നവര്‍ക്ക്  നാട്ടിലെ കച്ചവട രീതിയൊന്നും നല്ല വശം പോര, ആനക്കൊമ്പിന്റെ  വിലയെക്കുറിച്ചും വല്യ പിടിപാടൊന്നുമില്ല. ഇരുളിന്റെ മറവില്‍ കിട്ടുന്ന കുറച്ചു നോട്ടുകള്‍ക്ക് കൊമ്പ് ഇടനിലക്കാര്‍ക്ക് കൈമാറി  സ്ഥലം വിടുകയാണ് അവരുടെ പതിവ്.

കുഞ്ഞഗസ്തി കാശു കടം ചോദിക്കുമ്പോള്‍ അബ്ദുള്ള പതിവ് പല്ലവി പറയും
'ചേട്ടാ കാശിനു ഭയങ്കര ടൈറ്റാണ് ഒരു രക്ഷയുമില്ല'

അബ്ദുള്ള പറയുന്നത് നുണയാണെന്ന് കുഞ്ഞഗസ്തിക്കറിയാം.അത് കേള്‍ക്കുമ്പോള്‍ കുഞ്ഞഗസ്തി അബ്ദുള്ളയുടെവാപ്പയ്ക്ക് വിളിക്കും അന്നേരം അബ്ദുള്ള വിഷയത്തിലേക്ക് കടക്കും 

'പിന്നെ  ചേട്ടാ, ഒരു കോളുകാര് വന്നിട്ടുണ്ട് സാധനം എത്തിക്കാമെങ്കില്‍ ഞാന്‍ ആരുടെ കയ്യില്‍ നിന്നെകിലും തിരിമറി ചെയ്യാം'

അബ്ദുള്ളയുടെ കയ്യില്‍ നിന്ന് കാശുംവാങ്ങി കുഞ്ഞഗസ്തി അടുത്ത കാടു കയറ്റത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും പൊട്ടനെയും കൈമയെയും കൂട്ടി വീണ്ടും കാടു കയറും...

ഏതു കഥയ്ക്കുംഅനിവാര്യമായ ഒരു ട്വിസ്റ്റ് വേണം ഇവിടെ കുഞ്ഞഗസ്തിയുടെ കഥയും ഒരു വഴിത്തിരിവിലാണിപ്പോള്‍. ഈ കഥാ സന്ദര്‍ഭത്തില്‍ ഭൂമിയില്‍ നിന്ന് ഉയര്‍ന്നു ഒരു ഗരുഡന്റെ ചിറകുപോലെ കൈകള്‍ വിരിച്ചു കുഞ്ഞഗസ്തി വായുവില്‍ കിടക്കുകയാണ്. ഗുരുത്വാകര്‍ഷണബലത്തിനെതിരായി അങ്ങിനെ കിടക്കാന്‍  കുഞ്ഞഗസ്തിക്ക് കഴിയുമായിരുന്നില്ല പക്ഷെകഴിഞ്ഞ രാത്രി മുതല്‍ അയാള്‍ ഈ നിലയാണ് കിടക്കുന്നത്. കാടിന്റെ നടുവിലുള്ളഒരു പഴയ  ഇന്‍സ്‌പെക്ഷന്‍ബംഗ്ലാവിന്റെമേല്‍ക്കൂരയില്‍ ഉറപ്പിച്ചിരിക്കുന്ന ഒരു കപ്പിയിലൂടെ വലിച്ചു ഉയര്‍ത്തി കെട്ടിയ കയറില്‍  ഗരുഡന്‍ തൂക്കം എന്ന മര്‍ദ്ദന മുറയില്‍ ഇട്ടിരിക്കുകയാണ് കുഞ്ഞഗസ്തിയെ. പേശികളും സന്ധികളും പറിച്ചെടുക്കുന്ന പോലുള്ള അസഹ്യമായ വേദന സഹിക്കാന്‍ കഴിയാതെ കുഞ്ഞഗസ്തി വിളിച്ചു പറഞ്ഞു

''താഴെയിറക്കി എന്നെ കൊല്ലട  നായിന്റെ മക്കളെ''

കാടിന്റെ നടുക്കുള്ള ഫോറെസ്റ്റ്കാരുടെ സങ്കേതത്തില്‍ കുഞ്ഞഗസ്തിക്ക് കാവലിരിക്കുന്ന കന്നഡക്കാരായ ഫോറെസ്റ്റ് ഗാര്‍ഡ്മാര്‍ അതുകേട്ടു പരസ്പരം മുഖത്തേക്ക് നോക്കി അതില്‍ ഒരുവന്‍ കന്നഡ കലര്‍ന്ന മലയാളത്തില്‍ വിളിച്ചു പറഞ്ഞു 

'മിണ്ടാതിരിക്കട നായ് മകനെ '

സന്ധിബന്ധങ്ങള്‍ തകരുന്ന വേദന സഹിക്കാന്‍ ആവാതെ കുഞ്ഞഗസ്തി കന്നഡിയന്‍ വനപാലകരെ മലയാളത്തില്‍ തെറിവിളിച്ചു. 

'കുറച്ചു വെള്ളമെങ്കിലും താട മൈരന്‍ മാരെ'

കുഞ്ഞഗസ്തിയുടെ തെറിവിളി കേട്ട് എഴുന്നേറ്റ ഒരു ഗാര്‍ഡ് കുഞ്ഞഗസ്തിയുടെ അടുത്തുചെന്നു. 
'ബായ് മുഖു  നായെ'എന്ന് പറഞ്ഞു കയ്യിലിരുന്ന മുളവടി കൊണ്ട് കുഞ്ഞഗസ്തിയുടെ നെഞ്ചിന്  ആഞ്ഞുകുത്തി. കുത്തുകൊണ്ട കുഞ്ഞഗസ്തിയുടെ ശരീരം മുകളിലേക്ക് അല്പം ഉയര്‍ന്നു. മുകളിലേക്ക് ഉയര്‍ന്ന കുഞ്ഞഗസ്തിക്ക് ശരീരത്തിന്റെ ഭാരവും വേദനയും  അലിഞ്ഞില്ലാതായി താനൊരു പഞ്ഞിക്കെട്ടുപോലെ കൈകള്‍ വിരിച്ചു ആ കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കു താഴെ പറന്നു നില്കുന്നതായി തോന്നി.

 കെട്ടിച്ചുവിട്ട പെങ്ങളെ കാണാന്‍ ഗൂഡല്ലൂര്‍ക്ക്‌പോയതാണ് കുഞ്ഞഗസ്തി. ഗൂഡല്ലൂരില്‍ ബസ് ഇറങ്ങിയപ്പോള്‍ വല്ലാത്ത മൂത്ര ശങ്ക തോന്നി. ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരയില്‍ കയറിയാല്‍ ഓക്കാനം വരുമെന്നതിനാല്‍  റോഡരികില്‍ ആളൊഴിഞ്ഞ ഒരിടത്ത് ഒന്ന് മൂത്രം ഒഴിക്കാന്‍ ഇരുന്നതാണ്. തലയ്ക്കു പുറകില്‍ എന്തോ ഭാരമുള്ള വസ്തു വന്നിടിക്കുന്നത് പോലെ തോന്നി കുഞ്ഞഗസ്തിക്ക് പിന്നെയൊന്നും ഓര്‍മിക്കുന്നില്ല ഓര്‍മ്മവന്നപ്പോള്‍  കന്നഡ സംസാരിക്കുന്ന ആളുകളുടെ ഇടയിലാണ്. പതിയെ കുഞ്ഞഗസ്തിക്ക് എല്ലാം മനസ്സിലായി താന്‍ പിടിയിലായിരിക്കുന്നുവെന്നു്.

തെളിവുകളും തൊണ്ടി മുതലുകളും കിട്ടാനായി മൂന്നു സംസ്ഥാനക്കാര്‍ മൂന്നു ഭാഷകളില്‍ ആഴ്ചകളോളം  കുഞ്ഞഗസ്തിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. എങ്കിലും കുഞ്ഞഗസ്തി  ആരെയും ഒറ്റുകൊടുക്കുകയോ കുറ്റം എല്ക്കുകയോ ചെയ്തില്ല.
അനുഗ്രഹമായി മാറിയ ബോധക്ഷയത്തിന്റെ ഇടവേള വിട്ട് കുഞ്ഞഗസ്തി ഉണര്‍ന്നു. ഗരുഡന്‍ തൂക്കത്തിന്റെ ഉഗ്ര പീഡനയില്‍  പേശികളും സന്ധി ബന്ധങ്ങളും തകരുന്ന വേദനയിലാണിപ്പോള്‍. ശ്വാസം കഴിക്കാന്‍ തന്നെ നന്നേ ബുദ്ധിമുട്ടുന്നുണ്ട്.രാത്രിയായപ്പോള്‍ ഗാര്‍ഡുമാര്‍ ചേര്‍ന്ന് കുഞ്ഞഗസ്തിയെ താഴെയിറക്കി കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ഭക്ഷണവും നല്‍കി.
ഭക്ഷണം കഴിച്ചു കഴിഞ്ഞ കുഞ്ഞഗസ്തിയുടെ കൈകള്‍ രണ്ടു പുറകോട്ടു പിടിച്ചു കെട്ടി ഗാര്‍ഡുമാര്‍ അയാളെ പിടിച്ച് പുറത്തെ ഇരുട്ടിലേക്ക് നടത്തിച്ചു. ഇരുട്ടില്‍ കാട്ടിലൂടെയുള്ള നടത്തം. ആരും ഒന്നും മിണ്ടുന്നില്ല. കുഞ്ഞഗസ്തിയുടെ പരിക്ഷീണിതമായ മനസ്സ് ഒന്നും ആലോചിക്കുന്നുമില്ല. ഒരു യന്ത്രം പോലെ ഗാര്‍ഡ്മാര്‍ക്കൊപ്പംവേദനകൊണ്ട് നുറുങ്ങുന്ന കാലുകള്‍ വലിച്ചു വെച്ച് കുഞ്ഞഗസ്തിയും നടന്നു. കുറച്ചു നേരം അങ്ങിനെ നടന്നു  കഴിഞ്ഞപ്പോള്‍ അധികം മരങ്ങള്‍ ഇല്ലാത്ത പാറകള്‍ നിറഞ്ഞ ഒരിടെത്തെത്തി.ഗാര്‍ഡുമാരുടെ കയ്യില്‍ ഉണ്ടായിരുന്ന ടോര്‍ച് കെടുത്തിയപ്പോള്‍ ചുറ്റും അതിഭയങ്കരമായ ഇരുട്ട്. ഗാര്‍ഡുമാരില്‍ ഒരാള്‍ കുഞ്ഞഗസ്തിയുടെ കയ്യില്‍ കെട്ടിയിരുന്ന കയറിന്റെ അഗ്രം ഒരു വൃക്ഷത്തില്‍ ചേര്‍ത്ത് കെട്ടി കുഞ്ഞഗസ്തിയെ ബന്ധിച്ചു.എന്തിനാണ് തന്നെ ഇവിടെ കൊണ്ടുവന്നതെന്നു കുഞ്ഞഗസ്തിക്ക് മനസിലായില്ല.  അല്പം അകലെയുള്ള പാറയില്‍ ഇരുന്നുകൊണ്ട് ഗാര്‍ഡുമാര്‍ മദ്യപിക്കുന്നത് അരണ്ടവെളിച്ചത്തില്‍ അവ്യക്തമായി കുഞ്ഞഗസ്തി കണ്ടു. മദ്യലഹരി തലയില്‍ പിടിച്ച ഗാര്‍ഡുമാരില്‍ ഒരാള്‍ കന്നഡയില്‍  ആരെയോ തെറി വിളിച്ചുകൊണ്ടു കാലിയായ മദ്യക്കുപ്പി പാറയില്‍ എറിഞ്ഞുടക്കുന്നതിന്റെ ശബ്ദം കുഞ്ഞഗസ്തി കേട്ടു.

ബൂട്ടുകള്‍ക്കടിയില്‍ കരിയിലകളെ ഞെരിക്കുന്ന ശബ്ദത്തോടെ  ഉറക്കാത്ത ചുവടുകള്‍ തന്റെ നേരെ വരുന്നത് കുഞ്ഞഗസ്തി അവ്യക്തമായി കണ്ടു. കുഞ്ഞഗസ്തിയുടെ അടുത്തെത്തിയ ആ ബൂട്ടിന്റെ ഉടമഅയാളുടെ കയ്യിലെ കന്നാസില്‍ ഉണ്ടായിരുന്ന ദ്രാവകം കുഞ്ഞഗസ്തിയുടെ തലയിലൂടെ ഒഴിച്ചു.
മര്‍ദ്ദനമേറ്റ് ചതഞ്ഞു പൊട്ടിയ ശരീരത്തില്‍ നീറ്റല്‍ പടര്‍ത്തിക്കൊണ്ട് പെട്രോളിന്റെ ഗണ്ഡം കുഞ്ഞഗസ്തിയുടെ മൂക്കില്‍ തുളച്ചുകയറി. സംഭവിക്കാന്‍ പോകുന്നത് എന്താണെന്നു ഞെട്ടലോടെ കുഞ്ഞഗസ്തി മനസ്സിലാക്കി. മരണഭയത്തിന്റെ അതിഭയാനകമായ ചൂടില്‍ വെന്തുരുകിയ കുഞ്ഞഗസ്തി വാവിട്ട് വിളിച്ചു കരഞ്ഞു

'സാറമ്മാരെ എന്നെ കൊല്ലരുതേ'

ബുദ്ധിയുറക്കാത്ത തന്റെ മകനെയോര്‍ത്തപ്പോള്‍ കുഞ്ഞഗസ്തിയുടെ സകല നിയന്ത്രണങ്ങളും വിട്ടു പോയി. അലറിവിളിച്ചുകൊണ്ട് തന്നെ കൊല്ലരുതേ എന്ന് പറഞ്ഞു  അയാള്‍ കേണു.
ജീവനു വേണ്ടിയുള്ള കുഞ്ഞഗസ്തിയുടെ ദീനരോധനം ആ കാടിന്റെ നിശബ്ദതയില്‍ മറ്റൊലികൊണ്ടു. ബഹളം കേട്ട് മരച്ചില്ലകള്‍ക്കിടയിലൂടെ ഒരു ചീന്ത് വെളിച്ചവുമായി കുഞ്ഞഗസ്തിയെ നോക്കിയ നിലാവ്ആ കാഴ്ച്ച കണ്ടുനില്‍ക്കാനാവാതെ കാര്‍മേഘചുരുളില്‍   മുഖം പൊത്തി മാറി നിന്നു.  ഉറക്കഭംഗം വന്ന പക്ഷികള്‍ മരചില്ലകളില്‍ ഇരുന്നു ചിറകടിച്ചു ബഹളമുണ്ടാക്കി. മരണത്തിന്റെ  നിഴല്‍ വിടര്‍ത്തി  ഒരു കൂമന്‍ മരച്ചില്ലയില്‍ പറന്നിറങ്ങി.  കുഞ്ഞഗസ്തിയുടെ ദീന രോദനത്തിന്റെ മറുവാക്ക്‌പോലെ അകലെനിന്നു ഒരു ഒറ്റയാന്റെ ചിന്നം വിളി ഉയര്‍ന്നുകേട്ടു.

ജീവന്‍ യാചിച്ചുള്ള കുഞ്ഞഗസ്തിയുടെ പൊട്ടിക്കരച്ചില്‍  കേട്ടപ്പോള്‍ ഗാര്‍ഡ്മാരുടെ  മദ്യ ലഹരി  വിട്ടിറങ്ങി. ഇനി ഒന്ന് മാത്രമേ അവര്‍ക്ക് ചെയ്യേണ്ടതുള്ളൂ. കുഞ്ഞഗസ്തിയെ കെട്ടിയിട്ടിരിക്കുന്ന മരത്തിന്റെ സമീപത്തു ചെന്ന് ഒരു തീപ്പട്ടിക്കൊള്ളി കത്തിച്ചു വലിച്ചെറിയുക. പിന്നെയെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ അവസാനിക്കും.

സഹ ഗാര്‍ഡിന്റെ നിര്‍ദേശം അനുസരിച്ച് കൂട്ട് ഗാര്‍ഡ് മുന്നോട്ടു നീങ്ങി. ഇരുളില്‍ കരിയിലകള്‍ ഞെരിയുന്ന ശബ്ദം കുഞ്ഞഗസ്തിയുടെ കാതുകളില്‍ വെള്ളിടിപോലെ പതിച്ചു. കുഞ്ഞഗസ്തിയുടെ കരച്ചില്‍ ശബ്ദം പുറത്തേക്ക് വരാതെ  തേങ്ങലായി ഉള്ളില്‍ വിങ്ങി. മരണം സുനിശ്ചിതമായ നിമിഷങ്ങള്‍, ഇനി ഏതാനും നിമിഷം മാത്രം. തീപ്പട്ടി ഉരക്കുന്ന ശബ്ദം ഒരു കൊടുംകാറ്റിന്റെ ഇരമ്പല്‍ പോലെ കുഞ്ഞഗസ്തിയുടെ ചെവിയില്‍ മുഴങ്ങി. ഒറ്റയാന്റെ തലച്ചോറില്‍ കുഞ്ഞഗസ്തി തൊടുത്തുവിട്ട തീയുണ്ട തീര്‍ക്കുന്ന സ്‌ഫോടനം  പോലെ കുഞ്ഞഗസ്തിയുടെ മസ്തിഷ്‌കത്തില്‍ തീപ്പട്ടി  കമ്പു ഉരഞ്ഞു കത്തി.

തീപ്പെട്ടികൊള്ളി തീര്‍ത്ത ഇത്തിരി വെളിച്ചത്തില്‍ തനിക്കു ചുറ്റും അലറിവിളിച്ചു കൊണ്ട് തീഗോളം പോലെ നില്‍ക്കുന്ന നരകജീവികളെ കുഞ്ഞഗസ്തി കണ്ടു. ഭയാനകമായ കാഴ്ച കണ്ട കുഞ്ഞഗസ്തി അലറി വിളിച്ചെങ്കിലും ശബ്ദം തൊണ്ടയില്‍ കുരുങ്ങി ഒരു ഞരക്കംമാത്രമായി.

തീപ്പട്ടികമ്പിന്റെ ഇത്തിരി വെട്ടത്തില്‍  ജീവനുവേണ്ടി ദയനീയമായി യാചിക്കുന്ന രണ്ടു കണ്ണുകള്‍ കണ്ട ഗാര്‍ഡിന്റെ കൈകള്‍ വിറച്ചു. കൊള്ളി കത്തിയിറങ്ങി കൈ പൊള്ളിയപ്പോള്‍ അയാള്‍ അത് ഊതിക്കെടുത്തി. വിറയ്ക്കുന്ന കൈകളോടെ അയാള്‍ തീപ്പട്ടി തുറന്നു മറ്റൊരു കൊള്ളി എടുത്തു ഉരസി. വിറയ്ക്കുന്ന വിരലുകള്‍കൊണ്ട് ഉരസിയതിനാല്‍ ആകണം  കമ്പിലെ മരുന്ന് അടര്‍ന്നു പോയതല്ലാതെ കമ്പ് കത്തിയില്ല.  അയാള്‍ പലവുരു ശ്രമിച്ചുനോക്കിയെങ്കിലും അയാളുടെ വിറയ്ക്കുന്ന വിരലുകള്‍ക്ക് ഒരു തീപ്പെട്ടിക്കൊള്ളി ഉരസി കത്തിക്കാന്‍ കഴിഞ്ഞില്ല. കരിയിലയിലൂടെ ബൂട്ടിന്റെ ശബ്ദം അകന്നു പോകുന്നത് അര്‍ദ്ധപ്രജ്ഞയിലും കുഞ്ഞഗസ്തി വ്യക്തമായി കേട്ടു.

പിന്തിരിഞ്ഞു പോയ ഗാര്‍ഡു തന്റെ കൂട്ടുകാരനോട് പോയി കുഞ്ഞഗസ്തിക്ക് തീ കൊളുത്താന്‍ പറഞ്ഞു. എന്നാല്‍ അതിനുള്ള ധൈര്യം അയാള്‍ക്കും കിട്ടിയില്ല. കൃത്യം ആരു ചെയ്യണമെന്നു അവര്‍ തമ്മില്‍ തര്‍ക്കമായി.ഒരു മനുഷ്യനെ ജീവനോടെകത്തിക്കാനുള്ള ധൈര്യമൊന്നു അവര്‍ക്കില്ലായിരുന്നു.എന്നാല്‍ മേലധികാരികളുടെ ഉത്തരവ് ലംഘിക്കാനുള്ള ധൈര്യവും അവര്‍ക്കില്ലായിരുന്നു

ഗാര്‍ഡുമാര്‍ തമ്മില്‍ കശപിശ നടക്കുന്നത് അവ്യക്തമായി കുഞ്ഞഗസ്തി കേട്ടു. അല്പം സമയം കഴിഞ്ഞപ്പോള്‍ ആ രണ്ടുപേരും ചേര്‍ന്ന് തന്റെ അടുക്കലേക്കു നടന്നു വരുന്നത് ചങ്കിടിപ്പോടെ കുഞ്ഞഗസ്തി കണ്ടു നിന്നു. അവരില്‍ ഒരാള്‍ ഒന്ന് പറയതെ കുഞ്ഞഗസ്തിയെ മരത്തില്‍ ബന്ധിച്ചിരുന്ന കയര്‍  അഴിച്ചു.

അന്ന് രാത്രി വെളുക്കാറായപ്പോള്‍കുഞ്ഞഗസ്തിയുടെയുടെ വീടിനു താഴെയുള്ള ജീപ്പ് റോഡിലൂടെ വന്ന ജീപ്പില്‍ നിന്ന് എന്തോ ഒന്ന് അരികിലുള്ള കാട്ടു പോന്തയിലെക്ക് വലിച്ചെറിയുന്ന ശബ്ദം കേട്ട് ചെന്ന് നോക്കിയ നാട്ടുകാര്‍  കണ്ടത് കാട്ടുപൊന്തയില്‍ കിടന്നു ഞെരങ്ങുന്ന കുഞ്ഞഗസ്തിയെയാണ്.
കുഞ്ഞഗസ്തി പിന്നീട് കാടു കയറിയിട്ടില്ല. ഗ്രാമവാസികള്‍ എല്ലാവരും തന്നെ കൃഷി ഉപേക്ഷിച്ചെങ്കിലും ഒരു പ്രായ്ചിത്തം പോലെ അയാള്‍ തന്റെ പുരയിടത്തില്‍ എന്തെങ്കിലുമൊക്കെ നട്ടുപിടിപ്പിക്കാന്‍  തുനിയാറുണ്ട്.ഒരു കാഴ്ച ബംഗ്ലാവിന്റെ തുറസില്‍ വന്യജീവികള്‍ വിഹരിക്കുന്നത് പോലെ തന്റെ പുരയിടത്തില്‍ മേഞ്ഞുനടക്കുന്ന മൃഗങ്ങളെ  കൌതുകത്തോടെ നോക്കുന്ന തന്റെ  മകനെയും ചേര്‍ത്ത് പിടിച്ചുകൊണ്ട് ഒരു കാഴ്ച ബംഗ്ലാവിന്റെ അഴികള്‍ക്കു പിന്നില്‍ എന്നപോലെ തന്റെ ജനല്‍ അഴിയിലൂടെ നിസംഗനായി അയാള്‍ പുറത്തേക്ക് നോക്കിനില്‍ക്കും.അപ്പോഴൊക്കെ കാട്ടില്‍ എവിടെനിന്നോ ഒരു ഒറ്റയാന്റെ ദീനമായ ചിന്നം വിളി കാതില്‍ മുഴങ്ങുന്നതായി അയാള്‍ക്ക്  തോന്നും. 
Join WhatsApp News
ജോസഫ് നന്പിമഠം 2018-07-14 17:56:09
നല്ല കഥ. നല്ല രചനാശൈലി. വീണ്ടും എഴുതുക. അഭിനന്ദനങ്ങൾ 
JOSEPH ABRAHAM 2018-07-15 17:45:36
THANK YOU SIR
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക