Image

ഉമ്മന്‍ചാണ്ടിയെ മലര്‍ത്തിയടിക്കാന്‍ ബിജെപി; മുഖ്യമന്ത്രിപദം വാഗ്ദാനം, ആന്ധ്രയില്‍ കോണ്‍ഗ്രസിന് പാളും

Published on 15 July, 2018
ഉമ്മന്‍ചാണ്ടിയെ മലര്‍ത്തിയടിക്കാന്‍ ബിജെപി; മുഖ്യമന്ത്രിപദം വാഗ്ദാനം, ആന്ധ്രയില്‍ കോണ്‍ഗ്രസിന് പാളും
ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് വളരെ പ്രതീക്ഷയിലാണ്. ദേശീയ നേതൃത്വം കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയാണ് ആന്ധ്രയുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രീയത്തില്‍ പതിനെട്ടടവും പയറ്റി തെളിഞ്ഞ ഉമ്മന്‍ചാണ്ടി പാര്‍ട്ടി വിട്ടുപോയ പ്രമുഖ നേതാക്കളെയെല്ലാം തിരിച്ച് കോണ്‍ഗ്രസിലെത്തിക്കുന്നത് തുടരുകയാണ്.
ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ നോട്ടം വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹനിലേക്കാണ്. അദ്ദേഹത്തെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കാനുള്ള കരുക്കള്‍ നീക്കുന്നതിനിടെയാണ് ബിജെപി ശക്തമായ തിരിച്ചടിക്ക് കളമൊരുക്കിയിരിക്കുന്നത്. അവര്‍ ജഗനെ എന്‍ഡിഎ പാളയത്തിലെത്തിക്കാനുള്ള നീക്കത്തിലാണ്. ഉമ്മന്‍ ചാണ്ടിയോ ബിജെപിയോ, ആര് ജയിക്കും ആന്ധ്രയില്‍ എന്നാണ് രാഷ്ട്രീയ നേതാക്കള്‍ ഉറ്റുനോക്കുന്നത്. ആന്ധ്രയിലെ രാഷ്ട്രീയ വിശേഷങ്ങള്‍ ഇങ്ങനെ...,.
കര്‍ണാടകയില്‍ ഗൂഗ്ള്‍ ജീവനക്കാരനെ ജനക്കൂട്ടം അടിച്ചുകൊന്നു; ഖത്തറുകാരനെ മര്‍ദ്ദിച്ച് അവശനാക്കി

ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പും വരുന്നു. ഈ രണ്ട് പ്രതിസന്ധികള്‍ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രപ്രദേശിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങള്‍ പൊളിക്കാനുള്ള നീക്കത്തിലാണ് ബിജെപി.

മലയാളികള്‍ക്ക് ഇത്തവണ ആന്ധ്രയിലെ വിശേഷങ്ങള്‍ അറിയാനും കൂടുതല്‍ താല്‍പ്പര്യമുണ്ട്. അതിന് കാരണം ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുമോ എന്നതാണ്. നേരത്തെ കോണ്‍ഗ്രസ് ഭരിച്ചിരുന്ന ആന്ധ്ര പ്രദേശ് ഇന്ന് കോണ്‍ഗ്രസിന് കൈ എത്താത്ത ദൂരത്തിലാണ്.

മാറ്റങ്ങള്‍ വരുത്താനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ദൗത്യം. പഴയ പ്രമുഖരായ നേതാക്കളെയെല്ലാം ഉമ്മന്‍ ചാണ്ടി തിരിച്ചു കോണ്‍ഗ്രസിലെത്തിക്കാനുള്ള നീക്കത്തിലാണ്. ആദ്യ വിജയമെന്നോണമാണ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക് വരുന്നത്.

ആന്ധ്ര രാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാനാകാത്ത ശക്തിയാണ് ജഗന്‍. മുന്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര റെഡ്ഡിയുടെ മകന്‍. കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള വിയോജിപ്പ് കാരണം പാര്‍ട്ടി വിട്ട ജഗന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് സംസ്ഥാനത്ത് ശക്തമായ സാന്നിധ്യമാണ് അറിയിക്കുന്നത്.

ഈ സാഹചര്യം കണക്കിലെടുത്താണ് ഉമ്മന്‍ ചാണ്ടി ജഗനെ തിരിച്ച് കോണ്‍ഗ്രസിലെത്തിക്കാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസിനേക്കാള്‍ ഒരുപടി വളര്‍ന്നിരിക്കുന്നു ഇന്ന് ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇക്കാര്യം കണക്കിലെടുത്ത് കൊണ്ടുതന്നെയാണ് ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ പാര്‍ട്ടിലെത്തിക്കുന്നത്.

പ്രാഥമിക ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസും ജഗനും തീരുമാനിച്ചതായിട്ടാണ് വിവരം. ജഗനെ പാര്‍ട്ടിലെത്തിക്കുന്നതിന് പ്രേരിപ്പിക്കുന്ന ഒരു പാക്കേജ് ഉമ്മന്‍ ചാണ്ടി മുന്നോട്ട് വയ്ക്കുന്നുണ്ട്. പ്രധാന പദവികള്‍ അദ്ദേഹത്തിനും വൈഎസ്ആര്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ക്കും കൈമാറിയേക്കും. നടപടികള്‍ വേഗത്തിലാക്കവെയാണ് ബിജെപിയുടെ ഇടപെടല്‍.

വൈഎസ്ആര്‍ കോണ്‍ഗ്രസിനെ എന്‍ഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ബിജെപി. നേരിട്ടല്ല, സഖ്യകക്ഷി നേതാവ് മുഖേനയാണ് ബിജെപിയുടെ കളി. അടുത്ത തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം വിജയിച്ചാല്‍ ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പറഞ്ഞു. മുഖ്യമന്ത്രി പദത്തിന് പുറമെ കൂടുതല്‍ വാഗ്ദാനങ്ങള്‍ ്അദ്ദേഹം മുന്നോട്ട് വച്ചു.

ജഗന്റെ പാര്‍ട്ടിയുടെ പ്രധാന ആവശ്യമാണ് ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കണമെന്നത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ അനുഭാവ പൂര്‍വം പരിഗണിക്കുകയാണ്. ജഗന്‍ എന്‍ഡിഎയില്‍ ചേര്‍ന്നാണ് ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്നും രാംദാസ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പാര്‍ട്ടികളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.

ജഗന്‍ എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ അടുത്ത മുഖ്യമന്ത്രിയാകാം. ബിജെപിയെ കൂടാതെ രാംദാസ് സ്ഥാപിച്ച റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുമാണ് ആന്ധ്രയിലെ എന്‍ഡിഎയിലുള്ളത്. ജഗന്റെ പാര്‍ട്ടി കൂടി സഖ്യത്തില്‍ ചേര്‍ന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നേരത്തെ എന്‍ഡിഎയിലുണ്ടായിരുന്ന ടിഡിപി സഖ്യം വിട്ടിരുന്നു.

ചന്ദ്രബാബു നായിഡുവിനെ തിരിച്ച് എന്‍ഡിഎയിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. എല്ലാത്തിനും നേരിട്ട് ബിജെപി ഇടപെടുന്നില്ല. പകരം സഖ്യകക്ഷിയെയാണ് ഉപയോഗിക്കുന്നത്. ചന്ദ്രബാബു നായിഡുവും ജഗനും എന്‍ഡിഎയില്‍ എത്തിയാല്‍ ബിജെപിക്കും ആന്ധ്രയില്‍ അധികാരത്തിലെത്താമെന്നാണ് കണക്കുകൂട്ടല്‍.

ജഗന്‍ താല്‍പ്പര്യം കാണിച്ചാല്‍ അമിത് ഷായുമായി സംസാരിച്ച് അനുകൂല തീരുമാനമുണ്ടാക്കുമെന്ന് മന്ത്രി രാംദാസ് വ്യക്തമാക്കി. ആന്ധ്രയിലെ എല്ലാ പാര്‍ട്ടികളുടെയും പ്രധാന ആവശ്യമാണ് പ്രത്യേക സംസ്ഥാന പദവി. ചന്ദ്രബാബു നായിഡുവും ബിജെപിയും ഉടക്കിയതും ആ വിഷയത്തില്‍ തന്നെ. എന്നാല്‍ അതേ വിഷയം മുന്നോട്ട് വച്ചാണ് ജഗനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക